ആഗോള സൂചന അവഗണിച്ചു ബുള്ളുകൾ

ആഗോള സൂചനകളുടെ ചുവടു പിടിച്ച് നഷ്ടത്തോടു കൂടിയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ബുള്ളുകൾ എളുപ്പം വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. കാൽ ശതമാനം നഷ്ടത്തിൽ തുടങ്ങിയ മുഖ്യ സൂചികകൾ പിന്നീടു നേട്ടത്തിലെത്തി.

ബാങ്ക്, ഫിനാൻസ്, ഐടി, മെറ്റൽ ഓഹരികളുടെ തളർച്ചയാണു വിപണിയെ താഴ്ത്തിയത്. അതേസമയം മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു. വാഹന ഓഹരികളും നല്ല നേട്ടമുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിടിവ് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ വില നാലു ശതമാനത്തോളം ഉയർത്തി.

പേമെൻ്റ് അഗ്രഗേറ്റർ ലൈസൻസിനു പുതുതായി അപേക്ഷ നൽകണമെന്ന റിസർവ് ബാങ്ക് നിർദേശത്തെ തുടർന്ന് പേയ്ടിഎം ഓഹരികൾ രണ്ടു ശതമാനത്തിലധികം താണു. അപ്പോളോ ടയേഴ്സ്, ജെകെ ടയേഴ്സ് തുടങ്ങിയ ടയർ കമ്പനികൾ ഏഴു ശതമാനം വരെ ഉയർന്നു. ബ്രോക്കറേജുകൾ നല്ല റിപ്പോർട്ടുകൾ നൽകിയതിനെ തുടർന്നാണ് ഈ കുതിപ്പ്.

15 വർഷത്തിലധികം പഴക്കമുളള ഗവണ്മെൻ്റ് വാഹനങ്ങൾ സ്ക്രാപ്പ് ആക്കുമെന്ന പ്രഖ്യാപനം ടാറ്റാ മോട്ടോഴ്സും അശോക് ലെയ്ലൻഡും അടക്കം വാഹന കമ്പനികളെ സഹായിച്ചു. വാഹന വില ഡിസംബർ ഒന്നിനു വർധിപ്പിക്കുമെന്ന അറിയിപ്പ് ഹീറോ മോട്ടോ കോർപ് ഓഹരിയെ രണ്ടു ശതമാനം ഉയർത്തി.വാഹന വില 1500 രൂപ വരെയാണു വർധിപ്പിക്കുക.

രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. ഡോളർ സൂചിക ഉയർന്നതാണു കാരണം. ഡോളർ 81.82 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 81.70 ലേക്കു താണു. ലോക വിപണിയിൽ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 81.2 ഡോളറായി കുറഞ്ഞു. സ്വർണം രാജ്യാന്തര വിപണിയിൽ 1747 ഡോളർത്തി. കേരളത്തിൽ പവനു വില മാറ്റമില്ലാതെ 38,840-ൽ തുടർന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it