ആശ്വാസറാലി കാത്തു വിപണി; ബാങ്കുകളിൽ ആശങ്ക; ഫാക്ടറികൾ ഉണരാത്തത് എന്തുകൊണ്ട്? ക്രൂഡിൽ ആശ്വാസം

കോവിഡ് വ്യാപനവും മഹാരാഷ്ട്രയിലെ ലോക്ക് ഡൗണും വിപണിയെ വലിച്ചു താഴ്ത്തി. വിദേശ നിക്ഷേപകർ വിപണിയിൽ വിൽപനക്കാരാകുന്നതും ഇടിവിനു കാരണമാണ്.

ഇന്ത്യൻ വിപണി നിക്ഷേപകരുടെ 2.1 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തി ഇന്നലെ യൂറോപ്യൻ, അമേരിക്കൻ ഓഹരികൾ ഉയരങ്ങളിലേക്കു കയറി. ഡൗ ജോൺസും നാസ്ഡാകും റിക്കാർഡ്കുറിച്ചു. ഇന്നു രാവിലെ ഏഷ്യൻ വിപണി കളും ഉയരത്തിലാണ്. എസ് ജി എക്സ് നിഫ്റ്റി ആദ്യ സെഷനിൽ 14,749-ലെത്തിയിരുന്നു. ഇന്നു രാവിലെ എസ് ജി എക്സ് നിഫ്റ്റി താഴോട്ടു നീങ്ങി. ഇതു സൂചിപ്പിക്കുന്നത് വിപണിയുടെ മനോഭാവം ആവേശത്തിൻ്റേതല്ലെന്നാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സപ്പോർട്ട് കണക്കാക്കിയിരുന്ന തലങ്ങൾക്കു കീഴെയായി സൂചികകൾ. ഇന്ന് ആശ്വാസ റാലി ഉണ്ടായില്ലെങ്കിൽ കൂടുതൽ താഴ്ചയിലേക്കാകും സൂചികകളുടെ ഹ്രസ്വകാല ഗതി.
മഹാമാരി വീണ്ടും പടരുന്നത് സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്ക പ്രബലമാണ്. ബാങ്കുകൾക്കു കൂടുതൽ കടങ്ങൾ കിട്ടാക്കട ങ്ങളായി മാറുമെന്ന ഭയവും നിക്ഷേപകർക്കുണ്ട്.
നാളെ റിസർവ് ബാങ്ക് പണനയ അവലോകനത്തിൽ സ്വീകരിക്കുന്ന സമീപനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പലിശനിരക്ക് പെട്ടെന്നു കൂടില്ലെന്നും നിരക്കു താഴ്ത്തി നിർത്താൻ റിസർവ് ബാങ്ക് നടപടി എടുക്കുമെന്നും ധാരണ പരന്നിട്ടുണ്ട്. ഇന്നലെ 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം 6.121 ശതമാനത്തിലേക്കു കുറഞ്ഞത് ഇതിൻ്റെ ഫലമാണ്.
രൂപയ്ക്ക് ഇന്നലെ ക്ഷീണമായിരുന്നു. ഡോളർ 18 പൈസ ഉയർന്ന് 73.3 രൂപയിലെത്തി.
സ്വർണ വില ലോക വിപണിയിൽ വലിയ മാറ്റമില്ലാതെയാണു തിങ്കളാഴ്ച നീങ്ങിയത്. 1720-1728 ഡോളർ മേഖലയിലായിരുന്നു വ്യാപാരം. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വില 1735 ഡോളറിലേക്കു കയറി.

ഈ ലോക്ക് ഡൗൺ വിനാശകാരിയല്ല

കോവിഡ് വ്യാപനത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കയറിയത് വിപണിയെ ആശങ്കയിലാക്കി. മഹാരാഷ്ട്രയിൽ ഈ 30 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഹരിയാന അടക്കം മറ്റു ചില സംസ്ഥാനങ്ങളിലും സഞ്ചാര നിയന്ത്രണമടക്കമുള്ള കാര്യങ്ങൾ വീണ്ടും വരുന്നു. കഴിഞ്ഞ വർഷത്തെ വിനാശകരമായ ലോക്ക് ഡൗണിൽ നിന്നു പാഠം പഠിച്ചതു കൊണ്ട് വ്യവസായങ്ങൾക്കും സാമ്പത്തിക പ്രവർത്തനങ്ങൾക്കും വലിയ തടസം വരുത്താതെയാണ് പുതിയ ലോക്ക് ഡൗൺ. ഹോട്ടൽ, ടൂറിസം, ഗതാഗതം തുടങ്ങിയവയ്ക്കാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾ മൂലം തടസം ഉണ്ടാവുക. ഫാക്ടറികളും മറ്റും പ്രവർത്തിക്കും. ചരക്കുനീക്കത്തിനും തടസമില്ല. കഴിഞ്ഞ വർഷം എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും ഒറ്റയടിക്കു നിശ്ചലമാക്കിക്കൊണ്ടായിരുന്നു ലോക്ക് ഡൗൺ. ഒന്നാം പാദത്തിൽ ജിഡിപി 24.4 ശതമാനം ഇടിയാൻ അതു കാരണമായി. ഇത്തവണ ലോക്ക് ഡൗൺ വളർച്ചയിൽ ചെറിയ കുറവേ വരുത്തൂ.
അതു കൊണ്ടാണ് ഇന്നലെ സൂചികകൾ രണ്ടര ശതമാനം വരെ ഇടിഞ്ഞിട്ട് കുറേ തിരിച്ചു കയറിയത്. ഹോട്ടലുകൾ, മൾട്ടിപ്ളെക്സുകൾ, വ്യോമയാനം തുടങ്ങിയ മേഖലകളാണു കാര്യമായ ആഘാതമേൽക്കുക.
മാളുകളുടെ പ്രവർത്തനത്തിനു നിയന്ത്രണങ്ങൾ വരുമെങ്കിലും ഗൃഹോപകരണങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, ടോയലറ്റ് സാമഗ്രികൾ തുടങ്ങിയവയുടെ വിൽപനയിൽ തടസം പ്രതീക്ഷിക്കുന്നില്ല.
ആശുപത്രികൾ, മെഡിക്കൽ ഡയഗ് നോസ്റ്റിക് കമ്പനികൾ തുടങ്ങിയവയ്ക്ക് ബിസിനസ് വർധിക്കുമെന്നു വിപണി കണക്കാക്കുന്നു.

ഫാക്ടറി ഉൽപാദനത്തിൽ മാന്ദ്യം

മാർച്ചിലെ ഫാക്ടറി ഉൽപാദനത്തിൽ ക്ഷീണമുള്ളതായി നിക്കെെെ- ഐഎച്ച്എസ് മാർക്കിറ്റ് പിഎംഐ കാണിച്ചു.ഫെബ്രുവരിയിൽ 57.5 ആയിരുന്ന സൂചിക മാർച്ചിൽ 55.4 ആയി. ഫാക്ടറി ഉൽപാദനം വർധിച്ചെങ്കിലും വർധനയുടെ നിരക്ക് കുറഞ്ഞെന്നാണ് ഇതു കാണിക്കുന്നത്.
കയറ്റുമതി ഓർഡറുകൾ വർധിച്ചു വെങ്കിലും മൊത്തം ഡിമാൻഡ് കുറയുകയായിരുന്നു. ഏഴു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലായി മാർച്ചിലെ ഉൽപാദനം. ഏപ്രിലിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണു സർവേയിലെ നിഗമനം.
കോവിഡ് വ്യാപനവും ലോഹങ്ങൾ അടക്കമുള്ളവയുടെ വിലക്കയറ്റവും വ്യവസായങ്ങൾക്കു വെല്ലുവിളി ഉയർത്തുന്നതായും സർവേ കണ്ടെത്തി.
ആറു മാസത്തിനിടയിൽ ഏറ്റവുമധികം ലേ ഓഫുകൾ ഉണ്ടായത് മാർച്ചിലാണെന്നും സർവേ പറയുന്നു.

ക്രൂഡ് ഓയിൽ വില താഴോട്ട്

ഇന്ത്യയിലെ കോവിഡ് വ്യാപനവും ചില രാജ്യങ്ങളിലെ ഗതാഗത - വ്യോമയാന നിയന്ത്രണവും ക്രൂഡ് ഓയിൽ ഉപയോഗം കുറയ്ക്കുമെന്ന ആശങ്ക വിപണിയിൽ ഉണ്ടാക്കി. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ലോകവിപണിയിൽ ക്രൂഡ് വില നാലു ശതമാനത്തിലേറെ താണു. ബ്രെൻറ് ഇനം വീപ്പയ്ക്ക് 61.7 ഡോളർ വരെയായിരുന്നു താഴ്ച. ഇന്നു രാവിലെ വില 62.31 ഡോളറിലേക്കു കയറി.
അമേരിക്കയും ഇറാനും തമ്മിൽ ആണവ ഉടമ്പടി സംബന്ധിച്ച് അടുത്തയാഴ്ച ചർച്ച നടത്തും. ഇറാനെതിരായ ഉപരോധത്തിൽ അയവ് വരാനുള്ള സാധ്യത വിപണി കാണുന്നുണ്ട്. ഇറാൻ്റെ എണ്ണ കൂടി വിപണിയിലെത്തുമെങ്കിൽ വില ഇനിയും കുറയും.

മഹാരാഷ്ട്ര ലോക്ക് ഡൗണിൽ നഷ്ടമാകുക 40,000 കോടി

മഹാരാഷ്ട്രയിൽ ഏപ്രിൽ 30 വരെ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രാജ്യത്തെ മൊത്തം മൂല്യവർധന (ജിവിഎ) യിൽ 0.32 ശതമാനം ഇടിവ് വരുത്തുമെന്ന് കെയർ റേറ്റിംഗ്സ്. (രാജ്യത്തെ ഒരു വർഷത്തെ ഉൽപാദനത്തിൻ്റെയും സേവനങ്ങളുടെയും വിലയാണു ജിവിഎ. ജിഡിപിയോടു സബ്സിഡികൾ കൂട്ടുകയും പരോക്ഷ നികുതികൾ കുറയ്ക്കുകയും ചെയ്യുമ്പോൾ ഇതു ലഭിക്കും.)
രാജ്യത്തെ ജിവിഎയുടെ 15 ശതമാനം മഹാരാഷ്ട്രയിൽ ആണ്. അവിടെ ഒരു മാസം ലോക്ക് ഡൗൺ ആകുമ്പോൾ 40,000 കോടി രൂപയുടെ ഉൽപാദന നഷ്ടമാണു പ്രതീക്ഷിക്കുന്നത്.
ഈ ധനകാര്യ വർഷം ഇന്ത്യയുടെ ജിവിഎ 10.24 ശതമാനം വർധിക്കുമെന്നാണ് കെയർ റേറ്റിംഗ്സ് കഴിഞ്ഞ മാസം കണക്കാക്കിയിരുന്നത്. രാജ്യത്തെ ജിവിഎ 137.8 ലക്ഷം കോടി രൂപയാകുമെന്ന് അന്നു കണക്കാക്കി. അതിൽ മഹാരാഷ്ട്രയുടെ പങ്ക് 20.7 ലക്ഷം കോടി രൂപയാണ്.
വ്യാപാരം, ഹോട്ടൽ ഗതാഗതം എന്നിവയുൾപ്പെട്ട മേഖലയിൽ 15,772 കോടിയുടെ നഷ്ടം റേറ്റിംഗ്സ് ഏജൻസി കണക്കാക്കി. ധനകാര്യ സേവന, റിയൽ എസറ്റേറ്റ്, പ്രൊഫഷണൽ സർവീസസ് മേഖലയിൽ 9885 കോടിയുടെ നഷ്ടം പ്രതീക്ഷിക്കുന്നു. സർക്കാർ സേവന മേഖലയിൽ 8192 കോടി രൂപ കുറയും. ഫാക്ടറി ഉൽപാദന നഷ്ടം 2931 കോടി, നിർമാണ മേഖലയുടെ നഷ്ടം 2584 കോടി, വൈദ്യുതി മേഖലയുടെ നഷ്ടം 406 കോടി എന്നിങ്ങനെയാണു വിലയിരുത്തൽ.
രാജ്യത്തിൻ്റെ ജിവിഎ 9.92 ശതമാനമേ ഈ വർഷം വളരൂ എന്നാണു കെയർ കരുതുന്നത്. ജിഡിപി വളർച്ച 10.7-നും 10.9 ശതമാനത്തിനും ഇടയിലാകും. മറ്റു സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ ഉണ്ടായാൽ ജിഡിപി വളർച്ച വീണ്ടും താഴും.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it