സുനാമി പോലെ വിദേശനിക്ഷേപം; രൂപയ്‌ക്കെതിരേ യുഎസ് ധനമന്ത്രാലയം; 'ടുലിപ് മാനിയ' ബിറ്റ് കോയിനിലും?

വിദേശ നിക്ഷേപകര്‍ ദിവസേന ആയിരക്കണക്കിനു കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നു. സൂചികകള്‍ കുതിച്ചു കയറുന്നു. ഓഹരി വിപണിയുടെ ഈ ബുള്‍ തരംഗം വിദേശികള്‍ നിക്ഷേപം തുടരുന്ന കാലത്തോളം ഉണ്ടായിരിക്കും.

അമേരിക്കന്‍ ഓഹരി സൂചികകള്‍ ഇന്നലെ പുതിയ റിക്കാര്‍ഡ് ഉയരങ്ങളിലെത്തി. യൂറോപ്പും ഉയര്‍ച്ചയിലാണ്. യു എസ് ഉത്തേജക പദ്ധതിയെപ്പറ്റിയുള്ള ചര്‍ച്ച വീണ്ടും തടസപ്പെട്ടതിനാല്‍ യു എസ് ഫ്യൂച്ചേഴ്‌സ് താഴോട്ടാണ്. പക്ഷേ ഇന്ത്യയെ അതു ബാധിക്കില്ല.

2020ല്‍ ഇതുവരെ വിദേശികള്‍ ഇന്ത്യന്‍ ഓഹരികളില്‍ 1,54,470 കോടി രൂപ നിക്ഷേപിച്ചു. ഇതില്‍ 1.25 ലക്ഷം കോടി ഒക്ടോബര്‍ ഡിസംബര്‍ കാലയളവിലാണ്. ഡിസംബറില്‍ ഇതുവരെ 40,225 കോടി രൂപ നിക്ഷേപിച്ചു.

അമേരിക്ക പലിശ താഴ്ത്തുകയും കണക്കില്ലാതെ ഡോളര്‍ വിപണിയിലൊഴുക്കുകയും ചെയ്യുന്ന കാലത്തോളം ഓഹരിയിലേക്കു നിക്ഷേപം തുടരും. വില കൂടും.

ക്രൂഡ് ഓയിലും സ്വര്‍ണവും ഉയര്‍ന്ന തലത്തില്‍ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് 52 ഡോളറിനു മുകളിലേക്കു കയറാന്‍ ശ്രമം തുടരും. സ്വര്‍ണം 1890 വരെ കയറിയിട്ട് 1880 ഡോളറിലേക്കു താണു.

* * * * * * * *


രൂപയുടെ കാര്യത്തില്‍ നിങ്ങള്‍ക്കെന്താ കാര്യം?



ഇങ്ങനെയൊരു ചോദ്യം അമേരിക്കയുടെ ധനമന്ത്രാലയത്തോടു ചോദിക്കാന്‍ ഡല്‍ഹിയില്‍ ആരെങ്കിലും വേണ്ടതാണ്. രൂപയുടെ വിനിമയ നിരക്ക് ഇന്ത്യ താഴ്ത്തി നിര്‍ത്തുകയാണെന്ന് ആരോപിച്ചാണു യുഎസ് ട്രഷറി വകുപ്പ് നമുക്കെതിരേ തിരിഞ്ഞിരിക്കുന്നത്. റിസര്‍വ് ബാങ്ക് വിപണിയിലെത്തുന്ന ഡോളര്‍ വാങ്ങിക്കൂട്ടുന്നതു മൂലം രൂപയുടെ നിരക്ക് കൂടുന്നില്ല. കറന്‍സി നിരക്ക് ഇങ്ങനെ കൃത്രിമമായി താഴ്ത്തി നിര്‍ത്തുന്നവരുടെ ഗണത്തില്‍ ഇന്ത്യയെ ട്രംപ് ഭരണകൂടം പെടുത്തി.

വിനിമയ നിരക്ക് കൂടിയാല്‍ കയറ്റുമതി കുറയും. അതു കൊണ്ടാണ് നിരക്ക് കൂടാന്‍ അനുവദിക്കാത്തത്. റിസര്‍വ് ബാങ്ക് ഇടപെട്ടില്ലെങ്കില്‍ രൂപയുടെ നിരക്ക് വലിയ തോതില്‍ ചാഞ്ചാടും. അതു വലിയ സാമ്പത്തിക കുഴപ്പങ്ങള്‍ക്കു കാരണമാകും.

അമേരിക്കന്‍ ട്രഷറി വേറേ കുറേ രാജ്യങ്ങളെയും ഈ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയവ അതില്‍ പെടുന്നു. ചൈന മുമ്പേ തന്നെ ഈ പട്ടികയിലാണ്.

* * * * * * * *


23,000 കടന്ന് ബിറ്റ്‌കോയിന്‍; ഓര്‍ക്കാം ടുലിപ് ഭ്രമം



ഗൂഢകറന്‍സി ബിറ്റ് കോയിന്‍ ബുള്‍ മുന്നേറ്റത്തില്‍ 23,000 ഡോളര്‍ കടന്നു. ഇന്നലെ മാത്രം ഒമ്പതു ശതമാനം ഉയര്‍ച്ച. 23,256.92 ല്‍ എത്തിയ ശേഷം അല്‍പം താണു.

വില ഇനിയും കയറുമെന്നാണ് ഗുഗ്ഗന്‍ ഹൈം ഇന്‍വെസ്റ്റ്‌മെന്റ്‌സിലെ സ്‌കോട്ട് മിനേര്‍ഡ് പറയുന്നത്. നാലു ലക്ഷം ഡോളറാണു മിനേര്‍ഡ് പ്രവചിക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് (ഫെഡ്) കണക്കില്ലാതെ ഡോളര്‍ വിപണിയിലിറക്കുമ്പോള്‍ ബിറ്റ് കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളിലേക്കു നിക്ഷേപം തിരിയുമെന്നാണു വാദം.

ഒരിടത്തും നിയമപരമല്ലാത്ത ഗൂഢ കറന്‍സിയില്‍ വലിയ നിക്ഷേപ ഫണ്ടുകള്‍ പണമിറക്കുന്നതാണു കുതിപ്പിനു കാരണം. വണ്‍ റിവര്‍ ഡിജിറ്റല്‍ എന്ന അസറ്റ് മാനേജ്‌മെന്റ് കമ്പനി ഇതിനകം 60 കോടി ഡോളര്‍ ബിറ്റ് കോയിനില്‍ നിക്ഷേപിച്ചു. ഇനി 40 കോടി ഡോളര്‍ കൂടി നിക്ഷേപിക്കുമത്രെ.

പതിനേഴാം നൂറ്റാണ്ടില്‍ ഡച്ച് സുവര്‍ണ യുഗത്തില്‍ അരങ്ങേറിയ ടുലിപ് ഭ്രമ (Tulip mania) ത്തോടാണു ബിറ്റ് കോയിന്‍ ഭ്രമത്തെ ചിലര്‍ താരതമ്യപ്പെടുത്തുന്നത്. ടുലിപ് എന്ന പൂച്ചെടിയുടെ കിഴങ്ങിന് 4000 ഗില്‍ഡര്‍ വരെ 1637 ല്‍ വില വന്നു. അന്നത്തെ ഏറ്റവും കൂടിയ വാര്‍ഷിക ശമ്പളം 400 ഗില്‍ഡര്‍ ആയിരുന്നു. ഒരു കിഴങ്ങിനു പകരമായി 12 ഏക്കര്‍ ഭൂമി കൊടുത്തവരുമുണ്ട്. ടുലിപ് ചെടിയുടെ വിത്തിനു മറ്റു യാതൊരു ഉപയോഗവുമില്ലാതിരുന്നിട്ടും ജനം ഭ്രാന്തമായി അതു വാങ്ങാന്‍ ഓടിക്കൂടി.

* * * * * * * *


നികുതിപിരിവ് കുറഞ്ഞു; ഡിസംബറില്‍ അല്‍പം പ്രതീക്ഷ


മുന്‍കൂര്‍ നികുതി സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നല്ല സൂചികയായാണു കണക്കാക്കുന്നത്. ഡിസംബര്‍ 15ലെ നിലവച്ച് കമ്പനികളുടെ മുന്‍കൂര്‍ നികുതി അടവ് വളരെ മികച്ചതാണെന്നു സര്‍ക്കാര്‍ പറയുന്നു.

മൂന്നാം പാദത്തിലെ കമ്പനികളുടെ മുന്‍കൂര്‍ നികുതി അടവ് കഴിഞ്ഞ വര്‍ഷത്തേതിലും 50 ശതമാനത്തോളം കൂടുതലാണ്. 73,000 കോടിയുടെ സ്ഥാനത്ത് 1.1 ലക്ഷം കോടി.

ഇതു വലിയ കുതിച്ചു ചാട്ടമാണെന്നു പറഞ്ഞ് ആഹ്ലാദിക്കേണ്ടതില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഗഡു മുന്‍കൂര്‍ നികുതി കുറവായത് നികുതി നിരക്ക് സര്‍ക്കാര്‍ കുറച്ചതു മൂലമാണ്. നിരക്ക് കുറച്ചപ്പോള്‍ ആദ്യ രണ്ടു ഗഡുക്കളിലെ അധിക തുക മൂന്നാം ഗഡുവില്‍ കുറച്ചു. അപ്പോള്‍ ഡിസംബറിലെ അടവ് വളരെ കുറഞ്ഞു. ഡിസംബര്‍ ഗഡുക്കള്‍ തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നു ചുരുക്കം. എല്ലാം ശരിയായി വരുന്നെന്നു കാണിക്കാനുള്ള തത്രപ്പാടിലാണ് 50 ശതമാനം വളര്‍ച്ച പോലുള്ള തമാശക്കണക്കുകള്‍ ഇറക്കുന്നത്.

കമ്പനികള്‍ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ അടച്ച മുന്‍കൂര്‍ നികുതി 2.39 ലക്ഷം കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 2.51 ലക്ഷം കോടിയും. ഈ വര്‍ഷം 4.8 ശതമാനം കുറവ്.

വ്യക്തിഗത ആദായനികുതിയുടെ മുന്‍കൂര്‍ അടവ് ഇക്കാലത്ത് 10.4 ശതമാനം കുറഞ്ഞു. കമ്പനികളുടെ ലാഭം കുറഞ്ഞതിനേക്കാള്‍ ഉയര്‍ന്ന തോതിലാണു ജനങ്ങളുടെ വരുമാനം കുറഞ്ഞത്. നാട്ടില്‍ വലിയതോതില്‍ ജോലി നഷ്ടവും ശമ്പളം കുറയ്ക്കലും ഉണ്ടായി എന്നു ചുരുക്കം.

മുന്‍കൂര്‍ നികുതി അടക്കം മൊത്തം പ്രത്യക്ഷനികുതി പിരിവിലുള്ള കുറവ് ഇതിലും കൂടുതലാണ്. റീഫണ്ടുകള്‍ക്കു ശേഷമുള്ള അറ്റ നികുതി പിരിവ് 6.75 ലക്ഷം കോടിയില്‍ നിന്ന് 5.89 ലക്ഷം കാേടിയായി താണു. 13 ശതമാനം ഇടിവ്. ഈ വര്‍ഷം 13.19 ലക്ഷം കോടി രൂപയാണു പ്രത്യക്ഷ നികുതിയില്‍ നിന്നു ലക്ഷ്യമിട്ടിരുന്നത്. അതിന്റെ 45 ശതമാനമേ ഇതുവരെ ലഭിച്ചിട്ടുള്ളു. കമ്പനികളുടെ ആദായ നികുതിയും വ്യക്തിഗത ആദായ നികുതിയും ചേര്‍ന്നതാണു പ്രത്യക്ഷ നികുതി.

* * * * * * * *


വില കൂട്ടിയാല്‍ വാഹന വിപണി തളരുമെന്നു ഫിച്ച്



മാരുതി സുസുകി അടക്കം വാഹന നിര്‍മാതാക്കള്‍ വിലകൂട്ടാന്‍ ഉദ്ദേശിക്കുന്നു. ജനുവരിയോടെയാണു വര്‍ധന നടപ്പാക്കുക. സ്റ്റീല്‍ അടക്കം വാഹന നിര്‍മാണത്തിനു വേണ്ട ഘടകങ്ങള്‍ക്കെല്ലാം വില ഗണ്യമായി കൂടിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

എന്നാല്‍ വില കൂട്ടല്‍ വാഹന വിപണിയെ ക്ഷീണിപ്പിക്കുമെന്നു ഫിച്ച് റേറ്റിംഗ്‌സ് മുന്നറിയിപ്പ് നല്‍കി. ലോക്ക്ഡൗണ്‍ കാലത്തു നടത്താന്‍ പറ്റാതെ പോയ വ്യാപാരങ്ങളും ഉത്സവകാല വ്യാപാരങ്ങളും ഒക്കെയായി സെപ്റ്റംബര്‍ നവംബര്‍ കാലത്ത് വാഹന വിപണി ഉണര്‍വ് കാണിച്ചിരുന്നു. അതിന്റെ കാലം കഴിഞ്ഞു. മൊത്തത്തില്‍ വരുമാനക്കുറവുള്ളത് വാഹന വിപണിയെ വീണ്ടും വലയ്ക്കാന്‍ തുടങ്ങുന്ന സമയമാണിത്. അപ്പോള്‍ വില കൂട്ടിയാല്‍ ഡിമാന്‍ഡ് വീണ്ടും ഇടിയുമെന്നു ഫിച്ച് പറയുന്നു.

കാര്‍ വിപണി ഒക്ടോബറില്‍ 14 ശതമാനം വളര്‍ന്ന സ്ഥാനത്തു നവംബറില്‍ അഞ്ചു ശതമാനമേ വളര്‍ന്നുള്ളൂ. മാറ്റി വച്ച വാങ്ങല്‍ സംഭവിച്ചു കഴിഞ്ഞു. ഇനി പുതിയ ആവശ്യക്കാര്‍ വരണം. അതിനു തടസമാകും വിലവര്‍ധന എന്നാണു ഫിച്ച് പറയുന്നത്.

വാണിജ്യവാഹന വില്‍പന ഇനിയും ഉണര്‍വ് കാണിച്ചിട്ടില്ല. വില കൂട്ടിയാല്‍ അതു കൂടുതല്‍ വൈകും.

ടൂ വീലര്‍ വില്‍പനയിലും ഉണര്‍വ് ഉണ്ടായിട്ടില്ല. താഴ്ന്ന ഇടത്തരക്കാരുടെയും ചെറുകിട സംരംഭകരുടെയും വരുമാനം കൂടാത്തതാണ് ടൂ വീലര്‍ വില്‍പനയെ പിന്നോട്ടടിക്കുന്നത്.

* * * * * * * *


പൊതുമേഖലാ കമ്പനികള്‍ വാങ്ങാന്‍ പണച്ചാക്കുമായി വേദാന്ത



സര്‍ക്കാര്‍ കമ്പനികള്‍ വാങ്ങിക്കൂട്ടുന്നതില്‍ വൈദഗ്ധ്യമുള്ള വേദാന്ത ഗ്രൂപ്പ് തലവന്‍ അനില്‍ അഗര്‍വാള്‍ വീണ്ടും പണച്ചാക്കുമായി ഇറങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് 21 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ആ വില്‍പനയില്‍ പരമാവധി വാങ്ങിക്കാനാണ് വേദാന്ത ഗ്രൂപ്പ് ഉന്നം വയ്ക്കുന്നത്.

ഇതിനായി 74,000 കോടി രൂപ അഗര്‍വാള്‍ സമാഹരിക്കുന്നുണ്ട്. സെന്‍ട്രിക്കസ് അസറ്റ് മാനേജ്‌മെന്റ് എന്ന നിക്ഷേപ സ്ഥാപനമാണ് അഗര്‍വാളിനു വേണ്ട പണം നല്‍കുക.

ബാല്‍കോ, ഹിന്ദുസ്ഥാന്‍ സിങ്ക് എന്നീ പൊതുമേഖലാ കമ്പനികളെ വാങ്ങി തന്റെ ബിസിനസ് വമ്പനാക്കിയതാണ് അഗര്‍വാളിന്റെ ആഗോള വളര്‍ച്ചയ്ക്കു കാരണം. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് അഗര്‍വാള്‍ ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്. അതു വരെ സ്‌റ്റെര്‍ലൈറ്റ് എന്ന അലൂമിനിയം ചെമ്പ് റിഫൈനറിയും വ്യാവസായിക ലോഹങ്ങളുടെ വിദേശ വ്യാപാരവും മാത്രമാണ് അഗര്‍വാളിനുണ്ടായിരുന്നത്. വലിയ ആസ്തിയും സ്വന്തം ഖനികളും ഉള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ അഗര്‍വാളിന് ആഗോള വളര്‍ച്ചയ്ക്കു വേണ്ട സാമ്പത്തിക അടിത്തറയുണ്ടാക്കി. ഇന്നു വ്യാവസായിക ലോഹങ്ങളുടെ ഖനനം, ശുദ്ധീകരണം എന്നിവയില്‍ ആഗോള ഭീമനാണു വേദാന്ത ഗ്രൂപ്പ്.

ഇപ്പോള്‍ ലോഹങ്ങള്‍ക്കു പുറമെ വൈദ്യുതി, പെട്രോളിയം, പ്രകൃതി വാതകം, ഇരുമ്പയിര് എന്നിവയിലും വേദാന്തയ്ക്കു ബിസിനസുണ്ട്. ബിപിസിഎല്‍ വാങ്ങാന്‍ വേദാന്ത താല്‍പ്പര്യമെടുത്തിട്ടുണ്ട്.

* * * * * * * *


ഇന്നത്തെ വാക്ക് : മുന്‍കൂര്‍ നികുതി


കമ്പനികളുടെയും വ്യക്തികളുടെയും ആദായ നികുതി നാലു ഗഡുക്കളായി മുന്‍കൂര്‍ (Advance) അടയ്ക്കണം. ജൂണ്‍ 15നകം ഒന്നാം ഗഡു. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന നികുതി ബാധ്യതയുടെ 15 ശതമാനം അപ്പോള്‍ അടയ്ക്കണം. സെപ്റ്റംബര്‍ 15നകം അടുത്ത 30 ശതമാനവും ഡിസംബര്‍ 15നകം അടുത്ത 30 ശതമാനവും അടയ്ക്കണം. ബാക്കി മാര്‍ച്ച് 15 നകം അടയ്ക്കണം. 10,000 രൂപയില്‍ കൂടുതല്‍ നികുതി ബാധ്യത വരുന്നവരാണ് മുന്‍കൂര്‍ നികുതി അടയ്‌േേക്കണ്ടത്. 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരര്‍ക്ക് ഈ ബാധ്യത ഇല്ല.








T C Mathew
T C Mathew  

Related Articles

Next Story

Videos

Share it