Top

എണ്ണ വില താഴേക്ക്, ജിഎസ്ടി പിരിവിലെ ആവേശം എത്ര നാള്‍; റിലയന്‍സ് നല്‍കുന്ന സൂചനകള്‍, ഐഒസി വന്‍ ലാഭം എങ്ങനെ ഉണ്ടാക്കി?

കോവിഡ് വ്യാപനത്തിന്റെ തോത് കൂടുന്നതിന്റെ ആശങ്ക; യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ആരാകും ജേതാവ് എന്നതിന്റെ ഉദ്വേഗം; ബിഹാറില്‍ എന്‍ ഡി എ യുടെ വിജയം അനായാസമല്ലെന്ന പുതിയ സൂചനകള്‍ വളര്‍ത്തുന്ന അനിശ്ചിതത്വം: വിപണിക്കു ദിശാബോധം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണിവ.

സാങ്കേതിക വിശകലനക്കാര്‍ പറയുന്നതും സൂചികകള്‍ അനിശ്ചിതത്വം സൂചിപ്പിക്കുന്നെന്നാണ്. നിഫ്റ്റി 150 മുതല്‍ 200 വരെ പോയിന്റ് കയറുകയോ ഇറങ്ങുകയോ ചെയ്യാതെ ഗതി പ്രവചിക്കാനാവില്ലത്രെ. ഇന്നു സൂചികകള്‍ താഴോട്ടു പോകുമെന്നാണു സൂചന. ക്രൂഡ് ഓയ്ല്‍, സ്വര്‍ണ വിപണികളും ഈ അനിശ്ചിതത്വം മൂലം താഴോട്ടു പോയി.

യു എസ് തെരഞ്ഞെടുപ്പ് നാളെയാണ്. ബുധനാഴ്ച വൈകുന്നേരത്തോടെ ഫലമറിയേണ്ടതാണ്. ഇത്തവണ നേരത്തേ വോട്ട് ചെയ്തവര്‍ വളരെ കൂടുതലായതിനാല്‍ ഫലമറിയാന്‍ വൈകിയേക്കും. പ്രസിഡന്റാകുന്നയാളുടെ പാര്‍ട്ടിക്കു സെനറ്റില്‍ ഭൂരിപക്ഷം കിട്ടുമോ എന്നതില്‍ ഈ ദിവസങ്ങളില്‍ ആശങ്ക വളര്‍ന്നിട്ടുണ്ട്. സെനറ്റാണു പ്രധാന സാമ്പത്തിക നടപടികളും നിയമനങ്ങളും അംഗീകരിക്കേണ്ടത്. അവിടെ ഭൂരിപക്ഷമില്ലെങ്കില്‍ പ്രസിഡന്റിനു പല കാര്യങ്ങളിലും വിട്ടുവീഴ്ച വേണ്ടി വരും.

* * * * * * * *

ക്രൂഡ്, സ്വര്‍ണം താഴെ

കോവിഡ് വ്യാപിക്കുന്നതോടെ പല രാജ്യങ്ങളും ലോക് ഡൗണും മറ്റു നിയന്ത്രണങ്ങളും നടപ്പാക്കി വരികയാണ്. ഇതു സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. ക്രൂഡ് ഓയ്ല്‍ ആവശ്യം കുറയുകയും ചെയ്യും. ക്രൂഡ്, സ്വര്‍ണം വിലകള്‍ തിങ്കളാഴ്ച താഴ്ന്ന നിലയിലേക്കു നീങ്ങുന്നത് ഈ ആശങ്കയിലാണ് .

സ്വര്‍ണം ഔണ്‍സിന് 1873 ഡോളര്‍ വരെ താണ ശേഷം 1875 ഡോളറിന്റെ പരിസരത്താണു തിങ്കളാഴ്ച രാവിലെ. ക്രൂഡ് ഓയ്ല്‍ ബ്രെന്റ് ഇനം വീപ്പയ്ക്ക് 34.1 ഡോളറും ഡബ്‌ള്യു ടി ഐ ഇനം 36.2 ഡോളറും വരെ താഴ്ന്നാണ് ഏഷ്യന്‍ വിപണിയിലെ വ്യാപാരം. ഊഹക്കച്ചവടക്കാരില്‍ പരിഭ്രാന്തി പ്രകടമാണ്.

എങ്കിലും ഏഷ്യന്‍ വിപണികള്‍ മിക്കതും രാവിലെ തളര്‍ച്ചയിലായത് ഇന്ത്യയിലും ദുര്‍ബല തുടക്കത്തിനു കാരണമാകും. ജപ്പാനില്‍ നിക്കൈ സൂചിക ഒരു ശതമാനം ഉയരത്തിലായതു മാത്രമാണ് വ്യത്യസ്തം. ചൈനയിലെ ഷാങ്ഹായ് കോംപസിറ്റ് സൂചിക ഒന്നര ശതമാനം താഴെയാണ്.

* * * * * * * *

കാര്‍ വില്‍പനയില്‍ ആവേശം

ഒക്ടോബറിലെ ജി എസ് ടി പിരിവും കാര്‍ വില്‍പ്പനയും കൂടിയത് സാമ്പത്തിക തളര്‍ച്ച മാറിയതിന്റെ തെളിവായി കേന്ദ്രം എടുത്തു പറയുന്നു. കമ്പനികളില്‍ നിന്നു ഡീലര്‍മാരിലേക്കു നീക്കിയ കാറുകളുടെ കണക്കാണ് ഇതിനാധാരം. ഇതിനനുസരിച്ച് യഥാര്‍ഥ വില്‍പ്പന നടക്കുന്നില്ലെന്ന് മുന്‍ മാസങ്ങളില്‍ കണ്ടതാണ്. ഉത്സവ സീസണ്‍ പ്രമാണിച്ചുള്ള വില്‍പ്പന പ്രതീക്ഷിച്ചാണു കമ്പനികള്‍ ഡീലര്‍മാര്‍ക്ക് വാഹനങ്ങള്‍ അയച്ചുകൊടുത്തത്. ഈ ആവേശം വരും മാസങ്ങളില്‍ പ്രതീക്ഷിക്കാന്‍ ഡീലര്‍മാര്‍ പോലും തയാറില്ല. തലേ ഒക്ടോബറിലേക്കാള്‍ 17 ശതമാനം അധികമാണു കമ്പനികള്‍ നല്‍കുന്ന വില്‍പനക്കണക്ക്.

* * * * * * * *

ജിഎസ്ടി പിരിവിലെ ആവേശത്തിനു കാര്യമുണ്ടോ?

ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി പിരിവ് ഒരു ലക്ഷം കോടി രൂപയിലധികമായി. ഫെബ്രുവരിക്കു ശേഷം ആദ്യമാണു പരോക്ഷ നികുതി ഒരു ലക്ഷത്തിനു മുകളിലായത്. തലേ ഒക്ടോബറിനെ അപേക്ഷിച്ചു പത്തു ശതമാനം അധികമാണ് ഈ ഒക്ടോബറിലെ 1,05,155 കോടി രൂപ.

കോവിഡിന്റെ ക്ഷീണമെല്ലാം മാറി, നികുതി പിരിവ് പഴയ തോതിലേക്കുയരുന്നു എന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യു സെക്രട്ടറി രംഗത്തുവന്നു കഴിഞ്ഞു. ജി എസ് ടി യില്‍ കുറേ മാസങ്ങളായി ക്രമമായ ഉയര്‍ച്ച വരുന്നുണ്ടെന്നും ഇനി പേടിക്കാനില്ലെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. ഏപ്രിലില്‍ 32,172 കോടി മാത്രമായിരുന്നു ജി എസ് ടി പിരിവ്. മേയില്‍ 62,157 കോടി, ജൂണില്‍ 90,917 കോടി, ജൂലൈയില്‍ 87,422 കോടി, ഓഗസ്റ്റില്‍ 86,449 കോടി, സെപ്റ്റംബറില്‍ 95,480 കോടി എന്നിങ്ങനെയായിരുന്നു ഈ സാമ്പത്തിക വര്‍ഷത്തെ ജി എസ് ടി പിരിവ്. ജൂലൈയില്‍ തലേവര്‍ഷത്തേക്കാള്‍ 14 ശതമാനം കുറവായിരുന്ന നികുതി പിരിവ് ഓഗസ്റ്റില്‍ എട്ടു ശതമാനം കുറവിലേക്കു ചുരുങ്ങി. സെപ്റ്റംബറില്‍ അഞ്ചു ശതമാനം വര്‍ധന ഉണ്ടായി. കഴിഞ്ഞ മാസം 10 ശതമാനവും കൂടി.

എന്നാല്‍ ഇതില്‍ അധികം ആവേശം കൊള്ളുന്നതിനു ന്യായമില്ല. സെപ്റ്റംബറിലെ വ്യാപാരത്തിന്റേതാണ് ഒക്ടോബറിലെ പിരിവ്. സെപ്റ്റംബറില്‍ പാദാവസാനം പ്രമാണിച്ചു വ്യാപാരം കൂട്ടിക്കാണിക്കാന്‍ വലിയ കമ്പനികള്‍ ശ്രമിക്കും. ഒക്ടോബര്‍ - നവംബര്‍ ഉത്സവ സീസണില്‍ ജനം കാര്യമായി കച്ചവടം നടത്തുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ സാധനങ്ങള്‍ വ്യാപാരികളും സമാഹരിക്കും. ഇതിനപ്പുറം യഥാര്‍ഥ വ്യാപാരം വര്‍ധിച്ചോ എന്ന് ഒരു മാസം കൂടി കഴിഞ്ഞേ അറിയാനാകൂ. അതു വരെ ആവേശം കൊള്ളാതിരിക്കുന്നതാണു യുക്തി.

ചരക്കുനീക്കത്തിനുള്ള ഇ-വേ ബില്ലുകള്‍ 21 ശതമാനം വര്‍ധിച്ചെന്നും ഇ -ഇന്‍വോയിസുകള്‍ പ്രതിദിനം 29 ലക്ഷത്തിലേക്ക് ഉയര്‍ന്നെന്നും ഇവ വ്യാപാര ഉണര്‍വിന്റെ തെളിവാണെന്നും റവന്യു സെക്രട്ടറി പറയുന്നുണ്ട്.

* * * * * * * *

വരുമാനത്തകര്‍ച്ച ചെറുതല്ല

കേന്ദ്ര സര്‍ക്കാരിന്റെ അര്‍ധവാര്‍ഷിക നികുതി വരുമാനത്തിലെ ഇടിവ് വളരെ ഗുരുതരമാണ്. ഏപ്രില്‍- സെപ്റ്റംബറില്‍ പ്രത്യക്ഷ നികുതി വരുമാനം 22 ശതമാനവും ജി എസ് ടി 20 ശതമാനവും കുറഞ്ഞു. 2019-20 നെ അപേക്ഷിച്ചു 12 ശതമാനം നികുതി വര്‍ധനയാണു കേന്ദ്ര ബജറ്റ് ഇക്കൊല്ലത്തേക്കു കണക്കാക്കിയത്. അതില്‍ നിന്നാണ് ഈ ഇടിവ്.

കമ്പനി നികുതിയില്‍ 26 ശതമാനവും ആദായ നികുതിയില്‍ 16 ശതമാനവും ആണ് ഇടിവ്. 2.65 ലക്ഷം കോടി രൂപ കമ്പനി നികുതിയായും 2.34 ലക്ഷം കോടി ആദായ നികുതിയായും ലഭിച്ചു. ജി എസ് ടി 5.59 ലക്ഷം കോടിയേ ലഭിച്ചുള്ളൂ.

വാര്‍ഷിക നികുതി പിരിവ് ലക്ഷ്യം 24.23 ലക്ഷം കോടിയാണ്. അര്‍ധ വര്‍ഷം കിട്ടിയത് 10.54 ലക്ഷം കോടി മാത്രം. ശിഷ്ടകാലത്ത് ഈ ഇടിവ് മറികടക്കാനുള്ള മാന്ത്രിക വടിയൊന്നും നിര്‍മല സീതാരാമന്റെ പക്കല്‍ ഇല്ല.

* * * * * * * *

റിലയന്‍സ് നല്കുന്ന സൂചനകള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ രണ്ടാം പാദ റിസല്‍ട്ട് ഓഹരി വിപണിക്കു മാത്രമല്ല രാജ്യത്തിനാകെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. പോളിസ്റ്റര്‍ വസ്ത്രങ്ങളിലൂടെ ജനങ്ങള്‍ പരിചയപ്പെട്ട റിലയന്‍സ് ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യമുറപ്പിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യത്തെ ജിഡിപിയുടെ മൂന്നു ശതമാനത്തിലേറെ വിറ്റുവരവുള്ള റിലയന്‍സ് ഊര്‍ജ - പെട്രോ കെമിക്കല്‍ കമ്പനിയില്‍ നിന്നു റീറ്റെയ്ല്‍ -ടെലികോം -മീഡിയ - എന്റര്‍ടെയിന്‍മെന്റ് മേഖലകളിലേക്കാണ് നിക്ഷേപം നീക്കുന്നത്. ഇനി ധനകാര്യ സേവന രംഗത്തും അംബാനി പ്രവേശിക്കാന്‍ പോകുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയ്ല്‍ സംസ്‌കരണ കോംപ്ലക്‌സ് നടത്തുന്ന റിലയന്‍സ് അതേ തോതില്‍ ടെലികോമിലും റീറ്റെയ്‌ലിലും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലും അടിസ്ഥാന സൗകര്യം ഒരുക്കുകയാണ്. അതിന്റെ തുടര്‍ച്ചയായി ധനകാര്യ സേവന രംഗത്തു പുതുമകള്‍ ഒരുക്കാനും നീക്കമുണ്ട്.

ചൈനയ്ക്കു വെളിയില്‍ 40 കോടിയിലേറെ ഉപയോക്താക്കള്‍ ഉള്ള ഏക മൊബൈല്‍ സര്‍വീസ് കമ്പനിയാണു റിലയന്‍സ് ജിയോ ഇപ്പോള്‍. സെപ്റ്റംബര്‍ പാദത്തില്‍ ജിയോയുടെ വരുമാനം 34.4 ശതമാനവും അറ്റാദായം 187 ശതമാനവും വര്‍ധിച്ചു. മറ്റു ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കമൊന്നും ജിയോയെ അലട്ടുന്നില്ല. എതിരാളികള്‍ പണമില്ലാതെ വിഷമിക്കുന്ന ഈ സമയത്തു തന്നെ 5 ജി സ്‌പെക്ട്രം വാങ്ങി വിപണിയിലെ നായകസ്ഥാനം വര്‍ധിപ്പിക്കാനാണു മുകേഷ് അംബാനി ശ്രമിക്കുന്നത്.

റീറ്റെയ്ല്‍ രംഗത്ത് ഓണ്‍ലൈനിലും ഓഫ് ലൈനിലും റിലയന്‍സ് ആധിപത്യത്തിനാണു നീങ്ങുന്നത്. ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെയും മത്സരം അംബാനി കാര്യമാക്കുന്നില്ല. പണ്ടു പെട്രോ കെമിക്കല്‍സില്‍ ഡുപോണ്ട്, ഡൗ ജോണ്‍സ് തുടങ്ങിയവയുടെ ഇന്ത്യന്‍ മോഹങ്ങള്‍ തല്ലിച്ചതച്ചതു പോലെ എളുപ്പമാവില്ലെങ്കിലും വിദേശ ഭീഷണി മറികടക്കാന്‍ റിലയന്‍സിനു വഴികള്‍ പലതുണ്ട്.

റിലയന്‍സ് 200 നഗരങ്ങളില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പലചരക്കു വ്യാപാരം - ജിയോ മാര്‍ട്ട് - ഇപ്പോള്‍ പ്രതിദിനം നാലു ലക്ഷം ഓര്‍ഡറുകള്‍ നേടുന്നു. ബിഗ് ബാസ്‌കറ്റ്, ഗ്രോഫേഴ്‌സ്, ആമസോണ്‍ പാന്‍ട്രി തുടങ്ങിയവയെ അഞ്ചുമാസം മുമ്പു തുടങ്ങിയ ജിയോ മാര്‍ട്ട് പിന്നിലാക്കി. ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത് ഓണ്‍ലൈന്‍ പലചരക്കു വ്യാപാരത്തില്‍ പകുതിയും ഒന്നു രണ്ടു വര്‍ഷത്തിനകം ജിയോ മാര്‍ട്ടിന്റേതാകുമെന്നാണ്.

ഓഫ് ലൈന്‍ റീറ്റെയ്‌ലില്‍ 12,000-ഓളം സ്റ്റോറുകളിലായി 300 ലക്ഷം ചതുരശ്ര അടി വ്യാപാര സ്ഥലമുണ്ട് റിലയന്‍സിന്. കോവിഡ് മാന്ദ്യവും നിയന്ത്രണങ്ങളും ഉണ്ടായിട്ടും കഴിഞ്ഞ പാദത്തില്‍ റിലയന്‍സ് റീറ്റെയ്ല്‍ 40,000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കി.

ഒച്ചപ്പാടില്ലാതെ ധനകാര്യ സേവന മേഖലയിലേക്കു റിലയന്‍സ് പ്രവേശിച്ചു കഴിഞ്ഞു. ഇതിന്റെ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് പാദം മുതലാണ് റിസല്‍ട്ടിന്റെ കൂടെ ധനകാര്യ സേവന വിഭാഗത്തിന്റെ കണക്ക് പെടുത്തിയത്. സെപ്റ്റംബര്‍ അവസാനം ആ വിഭാഗത്തിന്റെ ആസ്തി 1.08 ലക്ഷം കോടി രൂപയായി. ആലിബാബയുടെ ജായ്ക്ക് മാ പുതുതലമുറ ധനകാര്യ സേവനങ്ങള്‍ നല്‍കാന്‍ രൂപം കൊടുത്ത ആന്റി (Ant) നെയാകും അംബാനി മാതൃകയാക്കുക എന്നു കരുതപ്പെടുന്നു. തുടക്കത്തില്‍ ജിയോയുടെയും റീറ്റെയ്‌ലിന്റെയും ഉപയോക്താക്കള്‍ക്കാണ് ഈ ധനകാര്യ സേവനങ്ങള്‍ നല്‍കുക. പരമ്പരാഗതമല്ലാത്ത ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, പേമെന്റ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും റിലയന്‍സ് ധനകാര്യത്തില്‍ നിന്നു പ്രതീക്ഷിക്കാം. ബാങ്കിംഗ്, പേമെന്റ് വമ്പന്മാര്‍ ജാഗ്രതൈ!

* * * * * * * *

ഐഒസിക്കു ലാഭം കൂടിയ വഴി; റബറിനു ഭീഷണിയും

ഇന്ത്യന്‍ ഓയ്ല്‍ കോര്‍പറേഷന്‍ (ഐഒസി) സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം 17 മടങ്ങാക്കി. 370 കോടിയില്‍ നിന്ന് 6165 കോടിയിലേക്ക്. എങ്ങനെയാണ് ലാഭം 'ഇത്ര വര്‍ധിച്ചത്?

ലോക്ക് ഡൗണ്‍ കാലത്തു വളരെ താഴ്ന്ന വിലയ്ക്കു വാങ്ങിയ ക്രൂഡ് സംസ്‌കരിച്ച് ഉണ്ടായ ഉല്‍പ്പന്നങ്ങള്‍ (പെട്രോളും ഡീസലും മറ്റും) ഉയര്‍ന്ന വിലയ്ക്കു വിറ്റു. ഒരു വീപ്പ ക്രൂഡ് ഓയ്‌ലില്‍ നിന്ന് 8.62 ഡോളര്‍ (637 രൂപ) വീതം ലാഭം കിട്ടി. റിലയന്‍സ് ഒരു വീപ്പയില്‍ നിന്ന് 5.7 ഡോളര്‍ മാത്രം ലാഭമുണ്ടാക്കിയപ്പോഴാണ് പൊതുമേഖലാ എണ്ണ കമ്പനി കൊള്ളലാഭമെടുത്തത്.

ക്രൂഡ് വില കൂടുന്നതിനനുസരിച്ചു വില കൂട്ടുന്ന എണ്ണ കമ്പനികള്‍ വിലക്കുറവിന്റെ ആനുകൂല്യം നാട്ടുകാര്‍ക്കു നല്‍കാറില്ലെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഐഒസിയുടെ ഈ ലാഭക്കണക്ക്. ബിപിസിഎലും ഇതേ രീതിയില്‍ ലാഭം വര്‍ധിപ്പിച്ചിരുന്നു.

ഇങ്ങനെ ക്രൂഡ് വിലയിലെ വര്‍ധന മൂലം മാത്രം ഐഒസിക്കു കിട്ടിയ അധികവരുമാനം സെപ്റ്റംബര്‍ പാദത്തില്‍ 7400 കോടി രൂപയാണ്. ഡോളര്‍ വിനിമയനിരക്കിലെ വ്യത്യാസം മൂലം മറ്റൊരു 672 കോടി രൂപ കൂടി ഐ ഒ സി ക്കു കിട്ടി.

ഇങ്ങനെ വെറുതേയിരുന്നു ലഭിച്ച ലാഭം കമ്പനി പുതിയ മൂലധന നിക്ഷേപത്തിന് ഉപയോഗിക്കുകയാണ്. 5000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. അതില്‍ പ്രധാനം ഹരിയാനയിലെ പാനിപ്പത്തില്‍ 1200 കോടി മുടക്കില്‍ പോളി ബ്യൂട്ടാഡിയന്‍ റബര്‍ (കൃത്രിമ റബര്‍) നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതാണ്. ടയര്‍ നിര്‍മാതാക്കള്‍ക്ക് കൃത്രിമ റബര്‍ ലഭ്യത വര്‍ധിക്കും.

* * * * * * * *

ഐസിഐസിഐ ബാങ്ക് സിഇഒയുടെ കാലാവധി നീട്ടുന്നതിനു പിന്നില്‍

ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്ദീപ് ബക്ഷിയുടെ സേവന കാലാവധി രണ്ടു വര്‍ഷം നീട്ടി. 2018ല്‍ സ്ഥാനമേറ്റ ബക്ഷി അടുത്ത വര്‍ഷം വിരമിക്കേണ്ടതായിരുന്നു. 2023 വരെ കാലാവധി നീട്ടാനാണു തീരുമാനം.

ചന്ദാ കോച്ചറുടെ നാണം കെട്ട പടിയിറക്കത്തിനു ശേഷം ബാങ്കിന്റെ സാരഥ്യമേറ്റ ബക്ഷി താരപ്പൊലിമയും ഘോഷങ്ങളും ഇല്ലാതെ ബാങ്കിനെ മികച്ച രീതിയില്‍ നയിക്കുന്നതിനുള്ള അംഗീകാരമാണിത്. ബാങ്കിന്റെ സെപ്റ്റംബര്‍ പാദ റിസല്‍ട്ട് ബക്ഷി ബാങ്കിനെ മികവിന്റെ വഴിയിലാക്കിയതിനു തെളിവാണ്.

ലാഭം ആറു മടങ്ങാക്കി. അറ്റ പലിശ വരുമാനം 16 ശതമാനം വര്‍ധിച്ചു. ബാങ്കിന്റെ മൂലധന പര്യാപ്തത 19.33 ശതമാനമാക്കി. നെറ്റ് എന്‍ പി എ ഒരു ശതമാനമായി കുറച്ചു. സുപ്രീം കോടതി വിധി പ്രകാരം എന്‍ പി എ ആയി പ്രഖ്യാപിക്കാത്തവയെ കണക്കിലെടുത്താലും 1.12 ശതമാനമേ വരൂ.

വായ്പകളില്‍ 65.8 ശതമാനവും റീറ്റെയ്ല്‍ വിഭാഗത്തിലാണ്. ആഭ്യന്തര വായ്പകള്‍ 10 ശതമാനം വര്‍ധനയും കാണിച്ചു..

* * * * * * * *

വിദേശജോലിയില്‍ വന്‍ ഇടിവ്

കോവിഡ് പശ്ചിമേഷ്യ അടക്കം എല്ലാ മേഖലകളിലെയും രാജ്യങ്ങളില്‍ തൊഴിലവസരം കുറച്ചു. ഉള്ള തൊഴിലുകള്‍ നഷ്ടപ്പെട്ടു രാജ്യത്തേക്കു മടങ്ങിയവര്‍ ലക്ഷക്കണക്കാണ്. ഒപ്പം വിദേശത്തു തൊഴില്‍ നേടി പോകുന്നവരുടെ എണ്ണവും താണു.

2020 ജനുവരി- സെപ്റ്റംബറില്‍ 84,585 പേര്‍ക്കു മാത്രമാണ് ഇന്ത്യയില്‍ നിന്നു വിദേശത്തു ജോലിക്കു പോകാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കിയത്. തലേ വര്‍ഷം ഇതേ കാലയളവില്‍ 2,59,168 പേര്‍ക്കു ക്ലിയറന്‍സ് നല്‍കിയിരുന്നു.

ഇതിന്റെ പ്രത്യാഘാതങ്ങള്‍ പലതാണ്. പുറത്ത് പോകാന്‍ അവസരം കിട്ടാത്തവര്‍ കൂടി ഇവിടെ തൊഴിലിനു ശ്രമിക്കുമ്പോള്‍ തൊഴിലര്‍ഥികളുടെ എണ്ണം വളരെ കൂടും. മടങ്ങി വന്നവരും തൊഴിലര്‍ഥികളായി മാറും.

വിദേശ തൊഴില്‍ കുറയുമ്പോള്‍ വിദേശത്തു നിന്ന് ഇങ്ങോട്ടുള്ള പണം വരവ് കുറയും. രാജ്യത്തെ വരുമാന നിലവാരവും തൊഴിലവസരവും കുറയാനാണ് ഇതു വഴി തെളിക്കുക.

* * * * * * * *

ഇന്നത്തെ വാക്ക് : ഡെറിവേറ്റീവ് - 6 ലോംഗ്

ഓപ്ഷന്‍സിലും ഓഹരി വിപണനത്തിലും ഒരാള്‍ ലോംഗ് (Long) ആണെന്നു പറഞ്ഞാല്‍ അയാള്‍ ഓപ്ഷനോ ഓഹരിയോ വാങ്ങി വച്ചിട്ടുണ്ടെന്ന് അര്‍ഥം. വില കയറും എന്ന പ്രതീക്ഷയിലാണ് ആളുകള്‍ ലോംഗ് ആകുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it