റിലയന്‍സ് ഓഹരി വില താഴ്ന്നതിന്റെ പിന്നില്‍, രൂപയെ വലിച്ച് താഴ്ത്തുന്നതാര്, വാഹന വില്‍പ്പനയിലെ പ്രതീക്ഷയ്ക്ക് തിരിച്ചടി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നു രാത്രി നടക്കാനിരിക്കെ വിപണികള്‍ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച നല്ല നേട്ടത്തോടെ യുഎസ് സൂചികകള്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഫ്യൂച്ചേഴ്‌സും ഉയര്‍ന്നു തന്നെ. എസ് ജി എക്‌സ് നിഫ്റ്റി നല്‍കുന്ന സൂചന ഉയര്‍ന്ന തുടക്കത്തിന് ഇന്ത്യന്‍ വിപണി തയാറാണെന്നാണ്. മറ്റ് ഏഷ്യന്‍ വിപണി സൂചികകളും ഉയരത്തിലാണ്.

ക്രൂഡ് ഓയ്ല്‍, സ്വര്‍ണം എന്നിവയും അല്പം ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് ബ്രെന്റ് ഇനം വീപ്പയ്ക്ക് 38.9 ഡോളറിലേക്കും ഡബ്‌ള്യു ടി ഐ ഇനം 36.78 ഡോളറിലേക്കും കയറി. സ്വര്‍ണ വില ഔണ്‍സിന് 1894 ഡോളറായി. ഡോളര്‍ സൂചിക 94 നു മുകളില്‍ തുടരുകയാണ്. രൂപ ഇന്നും ക്ഷീണിച്ചേക്കും.

* * * * * * * *

റിലയന്‍സിന്റെ രണ്ടാം പാദ റിസല്‍ട്ട് വിദേശബ്രോക്കറേജ് മക്വാറീക്കു ഒരു നെഗറ്റീവ് വിശകലനത്തിനു വഴിയൊരുക്കി. കമ്പനിയുടെ ലാഭം 15 ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ പ്രതീക്ഷയിലും താണ പ്രകടനം (under perform) എന്നു വിലയിരുത്തി. ഓഹരി വില പ്രതീക്ഷ 1195 രൂപയിലേക്കു താഴ്ത്തി. വെള്ളിയാഴ്ചത്തെ 2054 രൂപയില്‍ നിന്നു 42 ശതമാനം കുറവ്.

റിലയന്‍സിന്റെ ഓഹരി കുത്തനെ ഇടിയുമെന്നു പറയാന്‍ മക്വാറീയെ പ്രേരിപ്പിച്ച ഘടകം ഇതാണ്: എതിരാളികളെ മറികടന്നു ലാഭം പരിരക്ഷിക്കാന്‍ തക്ക സാഹചര്യം കമ്പനിക്കുണ്ടെന്നു തോന്നുന്നില്ല.

മറ്റു പ്രധാന ബ്രോക്കറേജുകളൊന്നും ഇത്രയും നിഷേധാത്മക വിശകലനം നടത്തിയിട്ടില്ല. ഗോള്‍ഡ്മാന്‍ സാക്‌സ്2330 രൂപ ലക്ഷ്യമിട്ട് വാങ്ങല്‍ ശിപാര്‍ശയാണു നലകിയത്. ജിയോ, റീറ്റെയ്ല്‍ഓഹരി വില്‍പ്പന വഴി കമ്പനിക്കു കിട്ടിയ ഉണര്‍വ് ഇനി കിട്ടില്ല എന്ന് അവരും പറയുന്നു. സി എല്‍ എസ് എ ഔട് പെര്‍ഫോം എന്നു വിശേഷിപ്പിച്ച് 2250 രൂപ വില ലക്ഷ്യമിട്ടിരുന്നു. എഡല്‍വൈസും എം കേ ഗ്ലോബലും റിലയന്‍സ് ഓഹരി കൈയില്‍ വയക്കാനാണു ശിപാര്‍ശ ചെയ്തത്.

നൊമുറ, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് തുടങ്ങിയവയും റിലയന്‍സ് ഓഹരി വാങ്ങാനാണു നിര്‍ദേശിച്ചത്. ജെഎം ഫിനാന്‍ഷ്യല്‍, പ്രഭുദാസ് ലിലാധര്‍ തുടങ്ങിയവയും വാങ്ങല്‍ ശിപാര്‍ശക്കാരായിരുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലിയും ജെപി മോര്‍ഗനും വാങ്ങാന്‍ പറഞ്ഞില്ലെങ്കിലും വില്‍ക്കാന്‍ നിര്‍ദേശിച്ചില്ല. എന്നാല്‍ തിങ്കളാഴ്ച സംഭവിച്ചത് എളുപ്പം വിശദീകരണമില്ലാത്ത കാര്യമാണ്. തുടക്കത്തില്‍ തന്നെ റിലയന്‍സ് ഓഹരി വില അഞ്ചു ശതമാനത്തോളം താണു. വിപണി ക്ലോസ് ചെയ്യുമ്പോള്‍ താഴ്ച 8.62 ശതമാനമായിരുന്നു. 177.05 രൂപ താഴ്ന്ന് 1877.45-ല്‍ ക്ലോസ് ചെയ്തു.

മക്വാറീ റിപ്പോര്‍ട്ട് മാത്രമാണോ ഈ അസാധാരണ വിലയിടിവിനു പിന്നില്‍? റിലയന്‍സും ആമസോണുമായുള്ള പോര് ഇന്നലത്തെ തകര്‍ച്ചയ്ക്കു കാരണമായിട്ടുണ്ടോ? ചോദ്യങ്ങള്‍ പലതും ഉയരും. മുകേഷ് അംബാനിയുടെ ആരോഗ്യനിലയെപ്പറ്റിയും വിപണിയില്‍ ചിലതെല്ലാം പ്രചരിക്കുന്നുണ്ടെന്ന് ഒരു ബിസിനസ് പത്രത്തിന്റെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് വരികയുണ്ടായി.

ഏതായാലും റിലയന്‍സിന്റെ വിപണി മൂല്യം 1.1 ലക്ഷം കോടി രൂപ കുറഞ്ഞു. 50.49 ശതമാനം ഓഹരി കൈവശമുള്ള അംബാനി കുടുംബത്തിനാണ് ഇതിന്റെ പകുതി നഷ്ടം. ലോക സമ്പന്നരുടെ പട്ടികയില്‍ ആറാം സ്ഥാനത്തു നിന്ന് അംബാനി ഒന്‍പതാമതാവുകയും ചെയ്തു.

ഒരു വര്‍ഷത്തിനുള്ളില്‍ 867.44 രൂപ വരെ താഴുകയും2368.8രൂപ വരെ കയറുകയും ചെയ്തിട്ടുണ്ട് റിലയന്‍സ് ഓഹരി. കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് 13 ശതമാനം ഇടിവുണ്ടായതാണ് ഒരു ദശകത്തിനിടയില്‍ റിലയന്‍സ് ഓഹരിയിലുണ്ടായ ഏറ്റവും വലിയ തകര്‍ച്ച.

* * * * * * * *

വില്‍പനക്കണക്കുകള്‍ പൊളിയുമ്പോള്‍

വാഹന വില്‍പന റിക്കാര്‍ഡ് വേഗത്തില്‍ കുതിക്കുകയാണെന്നു കാണിക്കാന്‍ വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞ രണ്ടു മാസം മത്സരിക്കുകയായിരുന്നു. എന്നാല്‍ കമ്പനികളില്‍ നിന്നു ഡീലര്‍മാരുടെ പക്കലേക്കു കൂടുതല്‍ വാഹനങ്ങള്‍ പോയത് വില്‍പ്പന വര്‍ധിച്ചതിന്റെ തെളിവല്ലെന്ന് ഇതേ പംക്തിയില്‍ ഒന്നിലേറെ തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഒക്ടോബറിലെ കണക്കിലും അതു തന്നെ തെളിയുന്നു.

വാഹന രജിസ്‌ട്രേഷന്റെ കണക്കു വച്ച് ഐ സി ഐ സി ഐ സെക്യൂരിറ്റീസ് റിസര്‍ച്ച് തയാറാക്കിയ റിപ്പോര്‍ട്ട് അവകാശവാദങ്ങളുടെ പൊള്ളത്തരം കാണിക്കുന്നു. ഒക്ടോബറില്‍ കാര്‍ വില്‍പന 11.6 ശതമാനം കുറവാണ്. ടൂ വീലര്‍ വില്‍പന തലേ ഒക്ടോബറിനെ അപേക്ഷിച്ച് 28.9 ശതമാനം കുറഞ്ഞു. വാണിജ്യ വാഹന വില്‍പനയാകട്ടെ 25.8 ശതമാനം താഴോട്ടു പോയി. പാവപ്പെട്ടവരുടെ വാഹനമായ ഓട്ടോറിക്ഷകളുടെ വില്‍പന 65 ശതമാനം ഇടിഞ്ഞു.

കഴിഞ്ഞ വര്‍ഷം ദീപാവലിയും ഒക്ടോബറിലായിരുന്നു. ഇത്തവണ ദീപാവലി നവംബര്‍ പകുതിക്കാണ്. വില്‍പന കുറയാന്‍ അതും കാരണമാണത്രെ. സെപ്റ്റംബറില്‍ കാര്‍ വില്‍പന 10 ശതമാനം കൂടിയെന്നു രജിസ്‌ട്രേഷന്‍ വച്ചുള്ള കണക്കുകള്‍ കാണിച്ചതാണ്. അതിനു ശേഷം ഉത്സവ സീസണ്‍ കുടുതല്‍ മെച്ചമായി എന്ന കമ്പനികളുടെയും സര്‍ക്കാരിന്റെയും അവകാശവാദമാണ് ഇപ്പോള്‍ പൊളിയുന്നത്.

* * * * * * * *

തൊഴിലില്ലായ്മ വീണ്ടും കൂടി

സെപ്റ്റംബറില്‍ തൊഴില്‍ ലഭ്യത വര്‍ധിക്കുകയും തൊഴിലില്ലായ്മ നിരക്ക് കുറയുകയും ചെയ്തിരുന്നു. രാജ്യം ആശ്വാസത്തോടെയാണു സിഎംഐഇ (സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി ) യുടെ കണക്ക് ശ്രദ്ധിച്ചത്. എന്നാല്‍ ഒക്ടോബറിലെ അവരുടെ കണക്ക് ആശ്വാസം ഇല്ലാതാക്കി. തൊഴിലില്ലായ്മ 6.67-ല്‍ നിന്ന് 6.98 ശതമാനമായി ഉയര്‍ന്നു. ഉത്സവകാലത്തു താല്‍ക്കാലിക തൊഴിലുകള്‍ അടക്കം തൊഴില്‍ ലഭ്യത കൂടേണ്ടതായിരുന്നു. അതിനു പകരം ഇടിവുണ്ടായത് ആശങ്കാജനകമാണ്.

* * * * * * * *

എച്ച്ഡിഎഫ്‌സി കാണിക്കുന്നത്

ഭവനവായ്പാ രംഗത്ത് ഒന്നാം സ്ഥാനത്തുള്ള എച്ച് ഡി എഫ് സി രണ്ടാം പാദത്തില്‍ 28 ശതമാനം കുറവ് അറ്റാദായമേ നേടിയുള്ളു. ലാഭം കുറഞ്ഞതു മുഖ്യ ബിസിനസിലല്ലെന്നും നിക്ഷേപങ്ങളിലാണെന്നും സിഇഒ കേകി മിസ്ത്രി പറയുന്നതു മുഖവിലയ്ക്കു സ്വീകരിക്കാം. അറ്റ പലിശ വരുമാനം (കിട്ടിയ പലിശയില്‍ നിന്നു കൊടുത്ത പലിശ കിഴിച്ച ശേഷമുള്ളത്) 21 ശതമാനം വര്‍ധിച്ചതു ബിസിനസ് മികച്ചതാണെന്നു കാണിക്കുന്നു. ചരിത്രത്തില്‍ രണ്ടാമത്തെ ഏറ്റവുമധികം വായ്പാ വിതരണം നടന്നത് ഈ ഒക്ടോബറിലാണെന്നും മിസ്ത്രി പറഞ്ഞു. മുംബൈയില്‍ രജിസ്‌ട്രേട്രേഷന്‍ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് പാര്‍പ്പിട വില്‍പന കഴിഞ്ഞ മാസം 49 ശതമാനം വര്‍ധിച്ചതും വായ്പാ വര്‍ധനയുമായി അടുത്ത ബന്ധമുണ്ട്.

* * * * * * * *

അതിവേഗ വളര്‍ച്ച കാണിച്ചു പി എം ഐ

രാജ്യത്തു വ്യാവസായിക ഉല്‍പാദനവും ഡിമാന്‍ഡും ഒക്ടോബറില്‍ 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വര്‍ധിച്ചെന്ന് ഐഎച്ച് എസ് മാര്‍ക്കിറ്റിന്റെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പി എം ഐ) സര്‍വേ. ഒട്ടൊക്കെ അവിശ്വസനീയമാണു സര്‍വേ ഫലം. സെപ്റ്റംബറിലെ 56.8-ല്‍ നിന്ന് 58.9 ലേക്ക് ഒക്ടോബറിലെ പി എം ഐ കയറി. 2007 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണു സൂചിക കാണിച്ചത്. നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഉത്പാദനത്തിനുള്ള തടസങ്ങള്‍ നീങ്ങിയതും ഡിമാന്‍ഡ് വര്‍ധിച്ചതുമാണു സൂചിക ഉയരാന്‍ കാരണമെന്നു സംഘാടകര്‍ വിശദീകരിക്കുന്നു.

എന്നാല്‍ ഇത്ര കണ്ട് ഉന്മേഷം വ്യവസായ മേഖലയില്‍ ഉണ്ടോ എന്ന സംശയം ബാക്കി നില്‍ക്കും. കമ്പനികള്‍ ഉല്‍പാദന സാമഗ്രികള്‍ വാങ്ങിക്കൂട്ടുന്ന തോതും സ്റ്റോക്ക് വര്‍ധിപ്പിക്കുന്നതും വരും മാസങ്ങളില്‍ ഡിമാന്‍ഡ് കൂടുമെന്ന ബോധ്യം ഉള്ളതായി കാണിക്കുന്നു എന്നാണു സര്‍വേ സ്ഥാപനത്തിന്റെ ഇക്കണോമിക്‌സ് അസോസ്യേറ്റ് ഡയറക്ടര്‍ പോള്യാന ഡി ലിമ പറയുന്നത്.

സാമ്പത്തിക രംഗം തിരിച്ചു വരുന്നു എന്നു പറയുന്ന സര്‍വേ മറ്റൊരു വൈരുധ്യം എടുത്തുകാണിക്കുന്നുമുണ്ട്. സ്ഥാപനങ്ങള്‍ തുടര്‍ച്ചയായ ഏഴാമത്തെ മാസം ജീവനക്കാരുടെ എണ്ണം കുറച്ചെന്നതാണത്. അസാധാരണ ഉല്‍പാദന വര്‍ധനയും ജോലിക്കാരെ കുറയ്ക്കലും തമ്മില്‍ പൊരുത്തപ്പെടില്ല.

ജി എസ് ടി യുടെ ഇ-ഇന്‍വോയിസ് സംഖ്യയിലെ വര്‍ധനയും റെയില്‍വേ ചരക്കുനീക്കത്തിന്റെ തോതു കൂടിയതും കുടി കണക്കിലെടുത്താണ് പി എം ഐ തയാറാക്കിയത്. നൊമുറ ഇന്ത്യ ബിസിനസ് റിസംപ്ഷന്‍ ഇന്‍ഡെക്‌സ് നവംബര്‍ ഒന്നിനവസാനിച്ച ആഴ്ചയില്‍ 84.4 ലേക്ക് ഉയര്‍ന്നു. തലേ ആഴ്ച 83.3 ആയിരുന്നു.

ലോക്ക് ഡൗണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സൂചികയാണിത്. അതേ സമയം ഊര്‍ജ ആവശ്യം തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും കുറഞ്ഞതായി ഇതേ സര്‍വേ കാണിക്കുന്നു. തലേ ആഴ്ച നാലു ശതമാനവുംഈയാഴ്ച 2.3 ശതമാനവുമാണ് വൈദ്യുതി കാര്യത്തില്‍ ഡിമാന്‍ഡ് കുറഞ്ഞത് .സര്‍വേകള്‍ നല്‍കുന്ന ചിത്രങ്ങള്‍ പരസ്പരം പൊരുത്തപ്പെടുന്നില്ല എന്നു ചുരുക്കം.

* * * * * * * *

രൂപ എങ്ങോട്ട്?

കഴിഞ്ഞ വ്യാഴാഴ്ച ഡോളറിന് 23 പൈസ വര്‍ധിച്ച് 74.10 രൂപയായി. ഇന്നലെ ഡോളറിനു വീണ്ടും കയറ്റം. ഒരു ഡോളറിന് 74.42 രൂപ. ഡോളര്‍ - രൂപ വിനിമയ നിരക്ക് ഡോളറിന് അനുകൂലമായി നീങ്ങിക്കോട്ടെ എന്നൊരു നിലപാട് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും കൈക്കൊള്ളുന്നതായി സംശയിക്കത്തക്കവിധമാണ് കാര്യങ്ങള്‍. വിദേശ നിക്ഷേപകര്‍ പിന്‍വലിയുകയോ ഇറക്കുമതി അധികം കുടുകയോ ചെയ്യുന്നില്ല. മുഖ്യ ഇറക്കുമതി ഉല്‍പന്നമായ ക്രൂഡ് ഓയില്‍ വില ഒരാഴ്ചയ്ക്കുള്ളില്‍ പത്തു ശതമാനത്തിലേറെ താണു. വാണിജ്യ-നിക്ഷേപ ഘടകങ്ങളൊന്നും രൂപ ഇടിയുന്നതിനു പിന്നിലില്ലെന്നു വ്യക്തം. നേരത്തേ ചെയ്തിരുന്നതു പോലെ വരുന്ന ഡോളറില്‍ വലിയ ഭാഗവും റിസര്‍വ് ബാങ്ക് വാങ്ങിക്കൂട്ടുക തന്നെയാണ് ഇപ്പോഴും ചെയ്യന്നത്. വിദേശനാണ്യശേഖരം ഉയരുന്നതില്‍ നിന്നു മനസിലാക്കേണ്ടത് അതാണ്.

രൂപ അല്‍പം താഴട്ടെ എന്ന് ഗവണ്മെന്റും റിസര്‍വ് ബാങ്കും കണക്കാക്കുന്നുണ്ടാകും. കയറ്റുമതിയില്‍ നേട്ടം ഉണ്ടാക്കാന്‍ അതാവശ്യമാണ്.

വിദേശനാണ്യ വിപണി ഇതിനപ്പുറം ചില കാര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നുണ്ടാകണം. വിദേശ ഇന്ത്യക്കാരില്‍ നിന്നുള്ള വരവില്‍ ഗണ്യമായ കുറവ് ഇനിയുള്ള കാലത്തു പ്രതീക്ഷിക്കണം. പശ്ചിമേഷ്യയിലും മറ്റും അവസരങ്ങള്‍ കുറയുന്നതിന്റെ ഫലമാണത്. ഈ കണക്കുകൂട്ടല്‍ വിപണിയെ നിയന്ത്രിച്ചാല്‍ കഴിഞ്ഞ ജൂണില്‍ സോളര്‍ എത്തിയ 76.39 രൂപയുടെ റിക്കാര്‍ഡ് ഭേദിച്ചേക്കാം.

* * * * * * * *

ഇന്നത്തെ വാക്ക്: ഡെറിവേറ്റീവ് -7 ഷോര്‍ട്ട്

ഓഹരിയോ ഓപ്ഷനോ കൈയിലില്ലാതെ വില്‍ക്കുന്നതിനെയാണു ഷോര്‍ട്ട് (Short) ചെയ്യുക എന്നു പറയുന്നത്. വില കുറയും എന്നു പ്രതീക്ഷിക്കുന്നവരാണ് ഇങ്ങനെ ചെയ്യുന്നത്. നിശ്ചിത തീയതിയാകുമ്പോള്‍ കുറഞ്ഞ വിലയ്ക്ക് ഓഹരി വാങ്ങി ഇടപാട് തീര്‍ത്തു ലാഭമുണ്ടാക്കാം എന്ന് അവര്‍ കരുതുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it