സാമ്പത്തിക രംഗത്തെ കണക്കുകള്‍ കണ്ണടച്ച് വിശ്വസിക്കരുത്; ബൈഡനില്‍ ആവേശം, ചരക്കുനീക്കം കുറയുന്നു

അമേരിക്കയിൽ നിന്നു നല്ല വാർത്ത; ബിഹാറിൽ നിന്ന് ആശങ്കയുടെ സൂചന. ദീപാവലിയിലേക്ക് എത്തുന്ന ആഴ്ച ഓഹരി വിപണിയെ സ്വാധീനിക്കുന്ന രണ്ടു പ്രധാന കാര്യങ്ങളാണിവ. ഓഹരി സൂചികകൾ സർവകാല റിക്കാർഡിനു മുകളിലേക്കു കയറാനുള്ള ശ്രമത്തിലാണ്. ബിഹാർ മാത്രമാണ് അതിനു ഭീഷണി ആകാവുന്നത്. സ്വർണ വില ഔൺസിനു 2000 ഡോളറിനു മുകളിലേക്ക് നീങ്ങും.

നിഫ്റ്റി റിക്കാർഡിൽ നിന്ന് 167 പോയിൻ്റും സെൻസെക്സ് 380 പോയിൻറും താഴെയാണ്. നിഫ്റ്റിക്ക് 12,320-12,375 തലത്തിൽ തടസമുണ്ട്. അതു മറികടന്നാൽ റിക്കാർഡായ 12,430 കടന്നിട്ടേ വിശ്രമിക്കൂ. സെൻസെക്സിനും പുതിയ റിക്കാർഡാണു ലക്ഷ്യം.

രാവിലെ എസ് ജി എക്സ് നിഫ്റ്റി ഒന്നര ശതമാനം ഉയർന്നു നിഫ്റ്റി യുടെ റിക്കാർഡ് നിലയ്ക്കു മുകളിലായി. നിക്കൈ അടക്കം ഏഷ്യൻ സൂചികകളും നല്ല ഉയരത്തിലാണ്.

* * * * * * * *


ആവേശം, ആശങ്ക

അമേരിക്കൻ അനിശ്ചിതത്വം ഒടുവിൽ ആവേശത്തിനു വഴിമാറി. അഞ്ചു ലക്ഷം ഇന്ത്യക്കാർക്കു യുഎസ് പൗരത്വം കിട്ടാനും വീസ വിഷയത്തിലെ ആശങ്കകൾ അകറ്റാനും ജോ ബൈഡൻ്റെ വിജയത്തിനു കഴിയും. ഇന്ത്യ - അമേരിക്ക ബന്ധത്തിലെ ഊഷ്മളത തുടരുമെന്നും സൈനിക സഹകരണം വർധിക്കുമെന്നും ഉറപ്പായി.

ഇതിനിടെയാണു ബിഹാറിൽ ബിജെപി-ജെഡിയു സഖ്യത്തിനു പരാജയം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്. നാളെയാണ് അവിടെ വോട്ടെണ്ണൽ. എക്സിറ്റ് പോൾ പോലെ കാര്യങ്ങൾ വന്നാൽ ബിജെപിക്ക് അതു വലിയ തിരിച്ചടിയാകും. നിതിഷ് കുമാറിൻ്റെ ദീർഘകാല ഭരണത്തോടുള്ള എതിർപ്പ് എന്ന നിലയിൽ വ്യാഖ്യാനിച്ചു മുഖം രക്ഷിക്കാൻ ബിജെപി ശ്രമിക്കും.


* * * * * * * *

ബൈഡനിൽ ഇന്ത്യക്കു പ്രതീക്ഷിക്കാൻ ഏറെ


വേണ്ടത്ര രേഖകളില്ലാതെ എത്തിയ 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള നടപടികൾ സ്ഥാനമേറ്റാൽ ഉടനേ തുടങ്ങുമെന്ന് ബൈഡൻ പറഞ്ഞിട്ടുള്ളതാണ്. ഈ നടപടി അഞ്ചുലക്ഷം ഇന്ത്യക്കാർക്കു തുണയാകും.

എച്ച് വൺ ബി അടക്കം തൊഴിൽ വീസകൾക്കു ട്രംപ് ഭരണകൂടം കൊണ്ടുവന്ന നിയന്ത്രണം ഗണ്യമായി കുറയ്ക്കാൻ ബൈഡൻ തയാറാകും. ഇന്ത്യൻ ഐടി സർവീസ് കമ്പനികൾക്കു നല്ല കാലമാകും. ഗ്രീൻ കാർഡുകാർക്കു പൂർണ പൗരത്വം നൽകാനും ബൈഡൻ വഴി തുറക്കും.


* * * * * * * *

സൈനികബന്ധം ഉലയില്ല


അമേരിക്കയുടെ 46-ാമത്തെ പ്രസിഡൻ്റ് മുമ്പ് ഒബാമയുടെ കീഴിൽ വൈസ് പ്രസിഡൻ്റായിരുന്നു. അന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് സേനാ സാന്നിധ്യം സംബന്ധിച്ച ആലോചനകളിൽ ഇന്ത്യയോടും ബന്ധപ്പെട്ടിരുന്നു. ട്രംപ് ഭരണകൂടം അഫ്ഗാനിൽ നിന്നു സേനയെ പിൻവലിച്ചപ്പോഴും താലിബാനുമായി ചർച്ച തുടങ്ങിയപ്പോഴും ഇന്ത്യയെ അറിയിച്ചില്ല.

രണ്ടു ഭരണകൂടങ്ങളും തമ്മിൽ ഈ വ്യത്യാസം തുടരും. ട്രംപിൻ്റെ ഒറ്റയാൻ നയമല്ല ബൈഡൻ തുടരുക. വ്യക്തിനിഷ്ടവും പ്രവചനാതീതവുമായിരുന്നു ട്രംപിൻ്റെ നടപടികൾ. ബൈഡൻ നയതന്ത്ര മര്യാദകൾ പാലിച്ചാകും തീരുമാനങ്ങൾ എടുക്കുക.

ഇന്ത്യക്ക് അമേരിക്കയുമായി വളരെ അടുത്ത സൈനിക സഹകരണം ട്രംപിൻ്റെ കാലത്തുണ്ടായി. ഉപഗ്രഹ ചിത്രങ്ങൾ തത്സമയം പങ്കുവയ്ക്കാനും അതിനൂതന സാങ്കേതിക വിദ്യയും യുദ്ധോപകരണങ്ങളും ഇന്ത്യക്കു നൽകാനും ട്രം പ് തയാറായി.

ഇന്ത്യയെ ചൈനയ്‌ക്കെതിരേ മുൻ നിര സഖ്യരാജ്യമായി കണക്കാക്കിയാണ് ട്രംപ് ഇതെല്ലാം ചെയ്തത്. ബൈഡനും ഈ നയം തുടരും - ജോർജ് ബുഷ് ആണവ കാര്യത്തിൽ ഇന്ത്യയോടു കാണിച്ച താൽപര്യം ഒബാമ തുടർന്നതു പോലെ.

കാലാവസ്ഥാമാറ്റം തടയാനുള്ള പാരീസ് ഉടമ്പടിയിൽ നിന്നു പിന്മാറിയ ട്രംപിൻ്റെ നടപടി ബൈഡൻ തിരുത്തുമെന്നു പ്രതീക്ഷയുണ്ട്.

വ്യാപാര കാര്യത്തിൽ ട്രം പിൻ്റെ പിടിവാശികൾ ബൈഡന് ഉണ്ടാവില്ല. ലോക വ്യാപാര സംഘടന (ഡബ്ള്യു ടിഒ) യെ ദുർബലമാക്കിയ ട്രംപ് നയം ബൈഡൻ തിരുത്തും. നിയമാധിഷ്ടിത ലോകവ്യാപാര ക്രമമാണു പുതിയ ഭരണകൂടം ലക്ഷ്യമിടുന്നത്.

ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം ബൈഡൻ റദ്ദാക്കും. യു.എൻ.ഒയുമായുള്ള തർക്കങ്ങളും പരിഹരിക്കും. നയതന്ത്രത്തിൽ ട്രംപ് കുറുക്കുവഴികൾ തേടിയ സ്ഥാനത്തു പരമ്പരാഗത ചാനലുകൾക്ക് ബൈഡൻ പ്രാധാന്യം നൽകും.

* * * * * * * *


ഡോളർ പ്രവാഹം

നവംബറിലെ ആദ്യ ആഴ്ച വിദേശ നിക്ഷേപകർ 8381 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചത്. 6564 കോടി ഓഹരികളിലും 1817 കോടി കടപ്പത്രങ്ങളിലും. ഈയാഴ്ചകളിലും വിദേശ പണമൊഴുക്ക് തുടരുമെന്നാണു പ്രതീക്ഷ. താഴ്ന്ന പലിശനിരക്ക് തുടരുന്ന യു എസ് ഫെഡ് നയം ഡോളറിനെ താഴ്ത്തി നിർത്തുന്നു. അപ്പോൾ കൂടുതൽ ആദായം തേടി ഡോളർ വികസ്വര രാജ്യങ്ങളിലേക്കു നീങ്ങുന്നു.

കൂടുതൽ ഇന്ത്യൻ കമ്പനികളെ ഉൾപ്പെടുത്തിയും ഇന്ത്യയുടെ പ്രാതിനിധ്യം വർധിപ്പിച്ചും മോർഗൻ സ്റ്റാൻലി എം എസ് സി ഐ എമേർജിംഗ് മാർക്കറ്റ് സൂചിക ഇന്നു പരിഷകരിക്കും. ഇതും ഇന്ത്യൻ ഓഹരികളിലേക്ക് ഡോളർ പ്രവാഹം കൂട്ടും.


* * * * * * * *

മ്യൂച്വൽ ഫണ്ടുകൾ വിൽപനയിൽ

മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ മാസം ഓഹരികളിൽ നിന്നു 14,344 കോടി രൂപ പിൻവലിച്ചു. ഇതോടെ ജൂൺ മുതൽ അവ പിൻവലിച്ച തുക 37,498 കോടി രൂപയായി.

നിക്ഷേപകർ പണം പിൻ വലിച്ചതും ലാഭമെടുപ്പുമാണ് ഫണ്ടുകൾ പണം പിൻവലിക്കാൻ കാരണം.

ജനുവരി- മേയ് കാലത്തു ഫണ്ടുകൾ 40,000 കോടിയിലധികം രൂപ ഓഹരികളിൽ നിക്ഷേപിച്ചിരുന്നു. ഇതിൽ 30,285 കോടിയും മാർച്ചിലാണു നിക്ഷേപിച്ചത്. വിപണി വലിയ തകർച്ച നേരിട്ട സമയമാണത്. പിന്നീടു ഫണ്ടുകളുടെ എൻഎ വി വർധിച്ചപ്പോൾ നിക്ഷേപകർ പിന്മാറാൻ തുടങ്ങി. അതാണു ഫണ്ടുകൾ വിൽപനക്കാരാകാൻ കാരണം.

* * * * * * * *

സ്വർണം കയറുന്നു

സ്വർണ വില കയറ്റത്തിലാണ്‌. ഡോളർ താഴ്ന്നു നിൽക്കുമെന്ന പ്രതീക്ഷയിലാണിത്. വെളളിയാഴ്ച ഔൺസിന് 1961 ഡോളർ വരെ കയറിയിട്ട് 1951-ലേക്കു താണ സ്വർണ വില ഇന്നു രാവിലെ 1956-ലായി. ഈയാഴ്ച തന്നെ 2000 ഡോളറിനു മുകളിലാകാനാണു ശ്രമം.

ക്രൂഡ് ഓയിൽ ഇന്നു രാവിലെ ഉണർവിലാണ്. ബ്രെൻ്റ് ഇനം വീപ്പയക്കു 40 ഡോളറിനു മുകളിലെത്തി.

ഡോളർ വെള്ളിയാഴ്ച 74.20 രൂപയായി കുറഞ്ഞിരുന്നു. രാജ്യത്തെ വിദേശ നാണ്യശേഖരം 56,000 കോടി ഡോളർ കവിഞ്ഞിട്ടുണ്ട്.


* * * * * * * *

കണക്കല്ലേ, സൂക്ഷിക്കണം


കണക്കിലെ കളികൾ അപാരമാണ്. ആടിനെ പട്ടിയാക്കുന്ന തരം ഇടപാടുകൾ അതിൽ അനായാസം. അതു കൊണ്ടാണ് ' നുണ, കല്ലുവച്ച നുണ, പിന്നെ സ്റ്റാറ്റിസ്റ്റിക്സും' എന്ന പറച്ചിൽ തന്നെ ഉണ്ടായത്. കണക്കുദ്ധരിച്ച് സത്യം വിഴുങ്ങുന്നതിൻ്റെ നല്ലൊരു ഉദാഹരണം റിസർവ് ബാങ്കിൻ്റെ ഒരു പതിവ് റിപ്പോർട്ടിനെ ആധാരമാക്കിയുള്ള ഒരു വാർത്തയിൽ കാണാം.

രാജ്യത്തു ബാങ്ക് വായ്പകളിലെ വളർച്ച ഇപ്പോഴും കുറവാണെന്നാണു വാർത്ത. തലേവർഷം ഇതേ ആഴ്ചയെ അപേക്ഷിച്ച് 5.1 ശതമാനം വളർച്ചയേ ബാങ്ക് വായ്പകളിൽ ഉള്ളൂ. അതു ശരിയാണ്.

എന്നാൽ പ്രധാനപ്പെട്ട കാര്യം അതല്ല. ഈ സാമ്പത്തിക വർഷം ഏഴു മാസം കഴിയാറായ ഒക്ടോബർ 23-ലെ കണക്കാണു വാർത്തയ്ക്ക് ആധാരം. ഈ സാമ്പത്തിക വർഷം വാണിജ്യ മേഖലയ്ക്കുള്ള വായ്പ വർധിച്ചിട്ടില്ല; കുറയുകയാണു ചെയ്തത്. ഒക്ടോബർ 23-ലെ നിലവച്ച് വാണിജ്യ മേഖലയക്കുളള വായ്പ 46,903 കോടി രൂപ കണ്ട് കുറഞ്ഞു. ജൂലൈയിലും ഓഗസ്റ്റിലും ബാങ്ക് വായ്പയിലെ കുറവ് ഒന്നേമുക്കാൽ ലക്ഷം കോടിയിലധികമായിരുന്നു. അതിനേക്കാൾ മെച്ചമാണു നില.


മാർച്ചിലെ നിലയിലേക്കു വായ്പകൾ ഇനിയും എത്തിയിട്ടില്ല എന്നതാണു പറയേണ്ട കാര്യം. അതു പറഞ്ഞാൽ സമ്പദ് രംഗം തിരിച്ചുവരവിലായി എന്ന പ്രചാരണം തെറ്റാണെന്നു വരും. അങ്ങനെയാണു യാഥാർഥ്യമെന്നു പറയാൻ ആരും തയാറാകുന്നില്ല.


* * * * * * * *

തുറമുഖങ്ങളിൽ ചരക്കുനീക്കം കുറയുമ്പോൾ


രാജ്യത്തിൻ്റെ വിദേശ വ്യാപാരം ഇനിയും തിരിച്ചു കയറിയിട്ടില്ല. മേജർ തുറമുഖങ്ങൾ ഒക്ടോബറിൽ കൈകാര്യം ചെയ്ത ചരക്കിൻ്റെ അളവ് തലേ ഒക്ടോബറിലേക്കാൾ കുറവായി. തുടർച്ചയായ ഏഴാം മാസമാണ് തുറമുഖങ്ങളിലെ ചരക്കുനീക്കം കുറയുന്നത്.

ഏപ്രിൽ- ഒക്ടോബർ കാലയളവിൽ മേജർ തുറമുഖങ്ങളിലെ മൊത്തം ചരക്കുനീക്കം തലേവർഷത്തെ അപേക്ഷിച്ച് 12.43 ശതമാനം കുറവായി. 40.52 കോടി ടൺ കൈകാര്യം ചെയ്ത സ്ഥാനത്ത് 35.48 കോടി ടൺ മാത്രം.

കയറ്റുമതി കുറയുന്നത് വിദേശ രാജ്യങ്ങളിൽ ഉൽപന്നങ്ങൾക്ക് ആവശ്യം കുറയുമ്പോഴാണ്. ഇറക്കുമതി കുറയുന്നത് രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിക്കുമ്പോഴാണ്. രാജ്യത്തെ മാന്ദ്യവും വിദേശത്തെ ഞെരുക്കവും മാറിയിട്ടില്ലെന്നു ചുരുക്കം.


* * * * * * * *

ഇന്നത്തെ വാക്ക് : മേജർ തുറമുഖം


മാസം ഒരു ലക്ഷം ടണ്ണിലേറെ ചരക്കു കൈകാര്യം ചെയ്യാവുന്നതും രണ്ടു ബെർത്ത് എങ്കിലും ഉള്ളതും വേണ്ടത്ര ഗോഡൗൺ - സ്റ്റോക്ക് യാർഡ് സൗകര്യമുള്ളതുമായ തുറമുഖങ്ങളാണ് മേജർ തുറമുഖം എന്നു വിശേഷിപിക്കപ്പെടുന്നത്. ഇന്ത്യയിൽ സർക്കാരിൻ്റെ വക പന്ത്രണ്ടും സർക്കാർ പങ്കാളിത്തമുള്ള കമ്പനിയുടെ ഒന്നും അടക്കം 13 മേജർ തുറമുഖങ്ങൾ ഉണ്ട്. ചെന്നൈക്കു വടക്ക് എന്നോറിലുള്ള കാമരാജർ തുറമുഖമാണ് കമ്പനി വക മേജർ തുറമുഖം.

കാണ്ട് ല (ഗുജറാത്ത്), ജവഹർലാൽ നെഹ്റു പോർട്ട് (നവ ഷേവ, മഹാരാഷ്ട്ര), മുംബൈ, വിശാഖപട്ടണം, ചെന്നൈ, മർമുഗാവ് (ഗോവ), പോർട്ട് ബ്ലെയർ, കോൽക്കത്ത, പാരദീപ് (ഒഡീഷ), തൂത്തുക്കുടി, കൊച്ചി, പനമ്പുർ ( മംഗലാപുരം) എന്നിവയാണ് മറ്റു മേജർ തുറമുഖങ്ങൾ.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it