കാത്തിരിക്കാം, കണക്കുകള്‍ വരുന്നു: ധനലക്ഷ്മിയില്‍ ഗുര്‍ബക്‌സാനി വീണ്ടും വന്നേക്കും, വിദേശ നിക്ഷേപം ഒഴുകുന്നു

ദീപാവലി മൂലം തിങ്കളാഴ്ച അവധിയായതിനാല്‍ നാലു ദിവസം മാത്രമേ ഈയാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കൂ. രാജ്യത്തെ ഒക്ടോബറിലെ മൊത്ത വില സൂചിക, ജപ്പാന്റെ മൂന്നാം പാദ ജിഡിപി കണക്ക്, യു എസ് വ്യവസായ ഉല്‍പാദന കണക്ക്, ചൈനയുടെ വ്യവസായ ഉല്‍പാദന കണക്ക് തുടങ്ങിയവ ഈയാഴ്ച പുറത്തു വരാനുണ്ട്.


* * * * * * * *


വിദേശപണം ഒഴുകുന്നു

നവംബറില്‍ രണ്ടാഴ്ച കൊണ്ട് 29,436 കോടി രൂപയാണു വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്. 2020-ലെ പ്രതിമാസ വിദേശ നിക്ഷേപത്തില്‍ രണ്ടാം സ്ഥാനത്താണിത്. ഈ പ്രവണത തുടര്‍ന്നാല്‍ വിദേശ നിക്ഷേപത്തില്‍ റിക്കാര്‍ഡാകും ഈ മാസം. ഒപ്പം സൂചികകള്‍ വലിയ ഉയരങ്ങളിലെത്തുകയും ചെയ്യും. ഡോളര്‍ സൂചിക താഴോട്ടു പോരുന്നത് വികസ്വര രാജ്യങ്ങളിലേക്കു കൂടുതല്‍ പണമൊഴുകുമെന്നു സൂചിപ്പിക്കുന്നു.


* * * * * * * *

ഗ്ലാന്‍ഡ് ഫാര്‍മ

ഗ്ലാന്‍ഡ് ഫാര്‍മ ഓഹരികള്‍ വാരാന്ത്യത്തില്‍ ലിസ്റ്റ് ചെയ്‌തേക്കും. ഇന്ത്യന്‍ ഫാര്‍മ കമ്പനികളില്‍ നിന്നുള്ള ഏറ്റവും വലിയ ഐ പി ഒ ആണ് ഗ്ലാന്‍ഡിന്റേത്. 6480 കോടി രൂപ ഐ പി ഒ യില്‍ നേടി.


* * * * * * * *

സാങ്കേതിക വിശകലനം


നിഫ്റ്റി 12,850-12,900 മേഖലയിലെ തടസം മറികടന്നാല്‍ ഇപ്പാഴത്തെ ബുള്‍ തരംഗത്തിന്റെ തുടര്‍ച്ചയാണ് സാങ്കേതിക വിശകലനക്കാര്‍ കാണുന്നത്. എന്തെങ്കിലും തടസം നേരിട്ടാല്‍ മാത്രമേ ലാഭമെടുക്കല്‍ വിപണിയെ വലിച്ചു താഴ്ത്തു.


* * * * * * * *

ധനലക്ഷ്മിയില്‍ ഗുര്‍ബക്‌സാനി വീണ്ടും വന്നേക്കും

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് കടുത്ത നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 90 ശതമാനം ഓഹരി ഉടമകള്‍ എതിരായതിനെ തുടര്‍ന്നു രാജി സമര്‍പ്പിച്ച സുനില്‍ ഗുര്‍ബക്‌സാനിയെ എംഡിയും സിഇഒയും ആയി വീണ്ടും നിയമിക്കുമെന്നാണു മാധ്യമ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ നിയമിതനായ ഇദ്ദേഹത്തിന്റെ നിയമനം കഴിഞ്ഞ മാസമാണ് ഓഹരി ഉടമകള്‍ നിരാകരിച്ചത്.

ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ 10 ബിബി വകുപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. കമ്പനീസ് ആക്റ്റിന്റെ വ്യവസ്ഥകള്‍ക്ക് മുകളിലാണു ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബാങ്കിലെ വലിയ ഇടപാടുകാരുടെ കൈ ഗുര്‍ബക്‌സാനിയെ നിരാകരിച്ചതിനു പിന്നില്‍ ഉണ്ടോ എന്നും റിസര്‍വ് ബാങ്ക് അന്വേഷിക്കുന്നുണ്ട്. ഗുര്‍ബക് സാനി നല്കിയ രാജിക്കത്ത് റിസര്‍വ് ബാങ്ക് ഇതുവരെ സ്വീകരിച്ചിട്ടില്ല. ബാങ്കിലെ ചീഫ് ജനറല്‍ മാനേജര്‍ പി.മണികണ്ഠനെ റിസര്‍വ് ബാങ്ക് ഇടപെട്ട് നീക്കം ചെയ്തിരുന്നു. പിന്നീട് റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ഡി.കെ.കശ്യപിനെ ധനലക്ഷ്മിയില്‍ ഡയറക്ടര്‍ ആയി നിയമിച്ചിരുന്നു.

ഗൂര്‍ബക്‌സാനിയെ വീണ്ടും ബാങ്കില്‍ എത്തിക്കുന്നതു കടുത്ത ശുദ്ധീകരണ നടപടികളുടെ തുടക്കമായി കാണാം.


* * * * * * * *

ഓഹരി നിക്ഷേപം പൊലിച്ചു; മുഹൂര്‍ത്തവ്യാപാരം തിളങ്ങി

സംവത്സരം (സംവത്) 2077 ന് പ്രാരംഭമായ മുഹൂര്‍ത്ത വ്യാപാരം നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 43,830.93 വരെ കയറിയിട്ട് 43,657.98-ല്‍ ക്ലോസ് ചെയ്തു. 194.98 പോയിന്റ് ( 0.45 ശതമാനം) ഉയര്‍ച്ച. നിഫ്റ്റി 12,828.70 പോയിന്റ് വരെ കയറിയിട്ട് 12,780.25-ല്‍ ക്ലോസ് ചെയ്തു. നേട്ടം 60.30 പോയിന്റ് ( 0.47) ശതമാനം.

സംവത്സരം 2076 സമാപിച്ചത് സെന്‍സെക്‌സില്‍ 10.54 - ഉം നിഫ്റ്റി യില്‍ 9.26 - ഉം ശതമാനം നേട്ടത്തോടെയാണ്. 2075-ലെ നേട്ടത്തില്‍ നിന്നു നേരിയ കുറവു മാത്രമാണു കഴിഞ്ഞ വര്‍ഷമുണ്ടായത്. വിലക്കയറ്റ നിരക്ക് തലേവര്‍ഷത്തെ തോതില്‍ (നാലു ശതമാനത്തിനടുത്ത് ) നിന്നിരുന്നെങ്കില്‍ വളരെ മികച്ച നേട്ടം എന്നു പറയാമായിരുന്നു. എങ്കില്‍ പോലും ബാങ്കു നിക്ഷേപങ്ങളോ കമ്പനികടപ്പത്രങ്ങളോ നലകിയതിനേക്കാള്‍ ഗണ്യമായി കൂടിയ നേട്ടം ഓഹരികളിലുണ്ടായി.


* * * * * * * *


ഡോളര്‍ ഒഴുകിയെത്തും; ജിഡിപി ഇരട്ടയക്കത്തില്‍ വളരും

പുതിയ വര്‍ഷവും അതേപോലെ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷ മുഹൂര്‍ത്ത വ്യാപാരത്തില്‍ ദൃശ്യമായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്കു കൂടുതല്‍ ഡോളര്‍ കൊണ്ടുവരുമെന്നതാണ് ശുഭപ്രതീക്ഷയുടെ അടിസ്ഥാനം. വികസിത രാജ്യങ്ങളിലെ ഉത്തേജക പദ്ധതികളും കേന്ദ്ര ബാങ്കുകള്‍ പണമൊഴുക്കുന്നതും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലേക്ക് പണപ്രവാഹം കൂട്ടും.

അടുത്ത ധനകാര്യ വര്‍ഷം ഇന്ത്യക്കു റിക്കാര്‍ഡ് നിലവാരത്തിലുള്ള ജിഡിപി വളര്‍ച്ച ഉണ്ടാകുമെന്നും നിക്ഷേപകര്‍ കണക്കാക്കുന്നു. 2020-21 ലെ കനത്ത ഇടിവിന്റെ ഫലമാണിത്. 2021-ല്‍ ജിഡിപി വളര്‍ച്ച പത്തു ശതമാനത്തിലേറെയാകാന്‍ എല്ലാ സാധ്യതയുമുണ്ട്. വളര്‍ച്ച കണക്കാക്കുന്നത് തലേ വര്‍ഷത്തെ ജിഡിപി യില്‍ നിന്നാണല്ലോ. അതു വളരെ താഴെയാകുമ്പോള്‍ ഒരു ശരാശരി ജിഡിപി ഉല്‍പ്പാദനം പോലും ശതമാനക്കണക്കില്‍ വളരെ വലുതാകും. ഇരട്ടയക്കത്തിലെ തകര്‍ച്ച ഇട്ടയക്കത്തിലെ ഉയര്‍ച്ചയിലേക്കു നയിക്കുമെന്നു ചുരുക്കം.


* * * * * * * *

ടാറ്റാ സ്റ്റീലിലും എയര്‍ടെലിലും ഉത്സാഹം

യൂറോപ്പിലെ ചില യൂണിറ്റുകള്‍ വിറ്റ് കടം കുറയ്ക്കാന്‍ ടാറ്റാ സ്റ്റീല്‍ ബോര്‍ഡ് യോഗം വെള്ളിയാഴ്ച തീരുമാനിച്ചത് മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരി വില കൂടാന്‍ കാരണമായി. റിലയന്‍സ് ജിയോയെക്കാള്‍ വരിക്കാരെ ചേര്‍ത്ത ഭാരതി എയര്‍ടെലിന്റെ ഓഹരികളും നേട്ടമുണ്ടാക്കി. ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാടിനെപ്പറ്റിയുള്ള അനിശ്ചിതത്വം റിലയന്‍സിനു കാര്യമായ നേട്ടമുണ്ടാകുന്നതിനു തടസമായി.

എച്ച് ഡി എഫ് സി ബാങ്ക്, ഐടിസി, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ബജാജ് ഫിന്‍ സെര്‍വ്, സണ്‍ ഫാര്‍മ തുടങ്ങിയവ മുഹൂര്‍ത്തവ്യാപാരത്തില്‍ നേട്ടമുണ്ടാക്കി.

വിവിധ വ്യവസായ മേഖലകളിലും ഉത്സാഹമാണു ദൃശ്യമായത്. ഉപ സൂചികകളെല്ലാം നേട്ടത്തില്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.84 ശതമാനവും മിഡ് ക്യാപ് സൂചിക 0.62 ശതമാനവും ഉയര്‍ന്നു.

ദീവാളി ബലി പ്രതിപദ പ്രമാണിച്ചു തിങ്കളാഴ്ച ബി എസ് ഇ യും എന്‍ എസ് ഇ യും അവധിയാണ്.


* * * * * * * *


ചൈന നേതാവായി ആര്‍ സി ഇ പി സഖ്യമായി

ഏഷ്യ- പസഫിക്കിലെ 15 രാജ്യങ്ങള്‍ ഉള്‍പ്പെട്ട റീജണല്‍ കോംപ്രിഹെന്‍ സീവ് ഇക്കണോമിക് പാര്‍ട്‌നര്‍ഷിപ്പ് (ആര്‍സി ഇ പി) ഇന്നലെ നിലവില്‍ വന്നു. വിയറ്റ്‌നാമില്‍ നടന്ന വര്‍ച്വല്‍ യോഗത്തിലാണു ചൈനയുടെ നേതൃത്വത്തിലുള്ള ഈ വിശാലമായ സ്വതന്ത്രവ്യാപാര സഖ്യം രൂപം കൊണ്ടത്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ടേലിയ, ന്യൂസിലന്‍ഡ് എന്നിവയും ആസിയാന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, കംബോഡിയ, ലാവോസ് , തായ് ലന്‍ഡ്, വിയറ്റ്‌നാം, ബ്രൂണെയ്, മലേഷ്യ, സിംഗപ്പുര്‍, ഫിലിപ്പീന്‍സ്, ഇന്‍ഡോനേഷ്യ എന്നിവയും ചേര്‍ന്നതാണ് ആര്‍സി ഇ പി.

അംഗരാജ്യങ്ങളുടെ ജിഡിപി എടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ സഖ്യമാണിത്. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതും സാമ്പത്തിക കരുത്ത് കൂട്ടുന്നതുമാണു സഖ്യം .

ലോക ജി ഡി പി യുടെ 30 ശതമാനം ആര്‍ സി ഇ പി രാജ്യങ്ങളിലാണ്. ലോകജനതയുടെ 30 ശതമാനവും ഈ സത്യത്തില്‍ വരുന്നു. 220 കോടി ജനങ്ങളുണ്ട് സഖ്യത്തില്‍ .


* * * * * * * *

ഇന്ത്യ വിട്ടു നില്‍ക്കുന്നു.


ആസിയാനുമായും ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയുമായും സ്വതന്ത്രവ്യാപാരകരാര്‍ ഉള്ള ഇന്ത്യ ആര്‍സിഇപി യില്‍ ചേര്‍ന്നിട്ടില്ല. കഴിഞ്ഞ വര്‍ഷാവസാനം വരെ ഇന്ത്യ ഇതിന്റെ ചര്‍ച്ചകളില്‍ സജീവമായി ഉണ്ടായിരുന്നു. കര്‍ഷക സംഘടനകളും ബി ജെ പി യെ തുണയ്ക്കുന്ന സ്വദേശി ജാഗരണ്‍ മഞ്ചും ചില മേഖലകളിലെ വ്യവസായികളും ഒടുവില്‍ ആര്‍ എസ് എസും എതിരായതോടെ ഇന്ത്യ ചര്‍ച്ചയില്‍ നിന്നു പിന്മാറി. ചൈനീസ് ഉല്‍പപ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണി കൈയടക്കുമെന്ന ഭീതിയാണ് കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ചത്.

ഇന്ത്യ ഇപ്പോഴും ചര്‍ച്ചകളില്‍ നിരീക്ഷക പദവിയോടെ പങ്കെടുക്കുന്നുണ്ട്. വിയറ്റ്‌നാമിലെ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോയിലൂടെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഭാവിയില്‍ ഇന്ത്യ സഖ്യത്തില്‍ വരുമെന്നാണ് ആസിയാന്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആര്‍ സി ഇ പി രാജ്യങ്ങള്‍ സേവന മേഖല തുറന്നു തന്നാല്‍ മാത്രമേ സഖ്യത്തില്‍ ചേരുന്നതു കൊണ്ട് പ്രത്യേക നേട്ടമുണ്ടാകൂ. ഇന്ത്യയുടെ പ്രഫഷണലുകള്‍ക്ക് ആ രാജ്യങ്ങളില്‍ പ്രഫഷണല്‍ സേവനം നടത്താന്‍ കഴിയുമെങ്കില്‍ സഖ്യം പ്രയോജനകരമാകൂ. അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, കമ്പനി സെക്രട്ടറിമാര്‍ തുടങ്ങി വിവിധ പ്രഫഷണല്‍ സേവനതുറകളിലുള്ളവര്‍ക്ക് അതു വലിയ അവസരമൊരുക്കും.


* * * * * * * *


ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വ്യാപാരത്തിലേക്കും റിലയന്‍സ്


ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഏറ്റെടുക്കുന്നതു നിയമക്കുരുക്കിലായെങ്കിലും റിലയന്‍സ് റീറ്റെയ്ല്‍ മുന്നോട്ടു തന്നെ. കഴിഞ്ഞയാഴ്ച മറ്റൊരു ഓണ്‍ലൈന്‍ റീറ്റെയ്‌ലറെ മുകേഷ് അംബാനിയുടെ കമ്പനി സ്വന്തമാക്കി.

ബെംഗളൂരു ആസ്ഥാനമായുള്ള അര്‍ബന്‍ ലാഡര്‍ റിലയന്‍സിന്റെ സ്വന്തമായി. കമ്പനിയുടെ 96 ശതമാനം ഓഹരി 182 കോടി രൂപയ്ക്കു റിലയന്‍സ് റീറ്റെയ്ല്‍ വാങ്ങി.

ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വില്‍പ്പനക്കാരാണ് അര്‍ബന്‍ ലാഡര്‍. ആശിഷ് ഗോയല്‍, രാജീവ് ശ്രീവാസ്തവ എന്നിവര്‍ 2012-ല്‍ തുടങ്ങിയ കമ്പനി വര്‍ഷങ്ങളായി നഷ്ടത്തിലാണ്. 2019 -ല്‍ 434 കോടി രൂപ വിറ്റുവരവില്‍ 49.41 കോടി നഷ്ടമുണ്ടാക്കി.

ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ബിസിനസില്‍ 75 കോടി രൂപ കൂടി മുടക്കാന്‍ ഉദ്ദേശിക്കുന്നതായും റിലയന്‍സ് അറിയിച്ചു. ഐകിയ പോലുള്ള വിദേശഭീമന്മാര്‍ക്ക് പ്രവേശനാനുമതി ഇല്ലാത്ത ഒരു ബിസിനസിലാണു റിലയന്‍സിന്റെ ഈ അരങ്ങേറ്റം.


* * * * * * * *


കയറ്റുമതി കുറഞ്ഞെങ്കിലും നല്ല സൂചനകള്‍ പലത്

സെപ്റ്റംബറിലെ കയറ്റുമതി വളര്‍ച്ച തുടരാനാവാതെ ഒക്ടോബര്‍. മാസാരംഭത്തിലെ പ്രാഥമിക കണക്കെടുപ്പിലെ 5.4 ശതമാനം കുറവ് ഉണ്ടായില്ല എന്നു മാത്രം ആശ്വാസം . 512 ശതമാനമാണ് ഒക്ടോബറിലെ ഇടിവ്.

ഇറക്കുമതിയിലും കുറവുണ്ട്. 2489 കോടി ഡോളറിന്റെ കയറ്റുമതി നടന്നപ്പോള്‍ ഇറക്കുമതി 3361 കോടി ഡോളറായി. ഇറക്കുമതിയിലെ ഇടിവ് 11.53 ശതമാനം. ഇതോടെ ഒക്ടോബറിലെ വാണിജ്യ കമ്മി 25 ശതമാനം കുറഞ്ഞ് 871 കോടി ഡോളറായി.

ഒക്ടോബര്‍ കയറ്റുമതി കുറവായെങ്കിലും ഒരു പോസിറ്റീവ് കാര്യമുള്ളതു ശ്രദ്ധിക്കാതെ പറ്റില്ല. പെട്രോളിയം ഉല്‍പ്പ ന്നങ്ങളും ആഭരണങ്ങളും ഒഴികെയുള്ള ഇനങ്ങളില്‍ കയറ്റുമതി 6.51 ശതമാനം വര്‍ധിച്ചതാണ് ശ്രദ്ധേയ കാര്യം.

പാശ്ചാത്യ - വികസിത രാജ്യങ്ങളില്‍ കോവിഡ് വീണ്ടും വ്യാപകമായതോടെ പല രാജ്യങ്ങളിലും പ്രാദേശികമായും ദേശീയ മായും ലോക്ക് ഡൗണുകള്‍ ഏര്‍പ്പെടുത്തിയതാണു കയറ്റുമതിയെ ബാധിച്ചത്.

ഇറക്കുമതിയിലെ ഏറ്റവും വലിയ ഇടിവ് ക്രൂഡ് ഓയ്‌ലിലാണ്. ഇത് വിലയിടിവ് മൂലം സംഭവിച്ചതാണ്. 2019 ഒക്ടോബറില്‍ ബാരലിന് 59 ന് ഡോളറിനു മുകളിലായിരുന്നു ബ്രെന്റ് ഇനം ക്രൂഡിനു വില. കഴിഞ്ഞ മാസമാകട്ടെ 40 ഡോളറിനടുത്തും. എന്നിട്ടും എണ്ണ ഇറക്കുമതിച്ചെലവ് 38.52 ശതമാനമേ കുറഞ്ഞുള്ളൂ. ഇറക്കുമതിയുടെ അളവ് കൂടി എന്നു വ്യക്തം.

പെട്രോളിയം അല്ലാത്ത ഇനങ്ങളുടെ ഇറക്കുമതി 2.24 ശതമാനമേ കുറഞ്ഞുള്ളൂ. ഇതു ശുഭോദര്‍ക്കമാണ്. ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് വരുന്നു എന്നു വേണം ഇതില്‍ നിന്ന് അനുമാനിക്കാന്‍. അതു നല്ലതാണ്.


* * * * * * * *

ഇന്നത്തെ വാക്ക് : വാണിജ്യ മിച്ചം/കമ്മി


വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളുടെ ശിഷ്ട നില. കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമായിരുന്നാല്‍ വാണിജ്യമിച്ചം (Trade sur plus), മറിച്ചായാല്‍ വാണിജ്യ കമ്മി (Trade Deficit).

മുന്‍ കാലത്തു സേവന മേഖലയിലെ കയറ്റുമതിയും ഇറക്കുമതിയും കാര്യമായി ഇല്ലായിരുന്നു. അപ്പോള്‍ ഉല്‍പ്പന്ന വ്യാപാരം മാത്രമേ കണക്കാക്കിയിരുന്നുള്ളു. ഇപ്പോള്‍ സേവന വ്യാപാരം വലിയ തോതിലുണ്ട്. ഇന്ത്യയുടെ ഐടി സേവന കയറ്റുമതി ഉല്‍പ്പന്ന വ്യാപാരത്തിലെ കമ്മി മറികടക്കാന്‍ സഹായിക്കുന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it