Top

ബാങ്കിംഗില്‍ ആവര്‍ത്തിക്കുന്ന ദുരന്ത കഥ; ധനലക്ഷ്മിയ്ക്ക് മുന്നറിയിപ്പ് , തിരിച്ചുവരവിന്റെ വേഗം കുറഞ്ഞെന്ന് നൊമുറ, വിപണിയില്‍ തിരുത്തലുണ്ടാകുമോ?

അമേരിക്കന്‍, യൂറോപ്യന്‍ വിപണികള്‍ പിന്നോട്ടു പോയി. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും ചാഞ്ചാട്ടത്തിലാണ്. ഇന്ത്യന്‍ വിപണിയില്‍ ചെറിയ കയറ്റത്തോടെയുള്ള തുടക്കം പ്രതീക്ഷിക്കാം.

നിക്ഷേപകര്‍ കരുതലോടെ നീങ്ങേണ്ട സമയമാണിത്. നിഫ്റ്റിക്ക് 12,900-ലെ തടസം മറികടക്കാനായാല്‍ 13,500 വരെയുള്ള കുതിപ്പിനു വഴിതെളിയും അതുണ്ടായില്ലെങ്കില്‍ വില്‍പ്പന സമ്മര്‍ദവും ലാഭമെടുക്കലുമാകും ഹ്രസ്വകാലത്ത്.

സ്വര്‍ണം, ക്രൂഡ് ഓയില്‍, ഡോളര്‍ തുടങ്ങിയവ ചെറിയ കയറ്റിറക്കങ്ങളോടെ തുടരുന്നു.


* * * * * * * *

ലക്ഷ്മി വിലാസിലെ മോറട്ടോറിയം

പ്രതിസന്ധിയിലായ ലക്ഷ്മി വിലാസ് ബാങ്കിനെ (എല്‍വിബി) ഡിബിഎസ് ബാങ്ക് ഇന്ത്യയില്‍ ലയിപ്പിക്കും. എല്‍വിബി യില്‍ ഒരു മാസത്തേക്കു മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരമാണു നടപടി. സിംഗപ്പുരിലെ ഡവലപ്‌മെന്റ് ബാങ്ക് ഓഫ് സിംഗപ്പുരിന്റെ (ഡിബിഎസ്) ഇന്ത്യന്‍ ഉപ കമ്പനിയാണ് ഡി ബി എസ് ബാങ്ക് ഇന്ത്യ.

സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 369.99 കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് എല്‍വിബി. കമ്പനിയുടെ വായ്പകളില്‍ 24.45 ശതമാനം ഗഡുവും പലിശയും മുടങ്ങിയ നിഷ്‌ക്രിയ ആസ്തികളാണ്.

ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ പിരിച്ചുവിട്ട് കനറ ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ ടി.എന്‍. മനോഹരനെ അഡ്മിനിസ്‌ട്രേറ്റര്‍ ആക്കി. മോറട്ടോറിയം കാലത്തു നിക്ഷേപകര്‍ക്ക് 25,000 രൂപ വരെയേ പിന്‍വലിക്കാനാവൂ.

എല്‍വിബിയില്‍ പണം മുടക്കാനും ബാങ്കിനെ ഏറ്റെടുക്കാനും ക്ലിക്‌സ് കാപിറ്റല്‍ താല്‍പര്യമെടുത്തിരുന്നു. അക്കാര്യത്തില്‍ ചര്‍ച്ച നടന്നു വരികയായിരുന്നു. നേരത്തേ ഇന്ത്യാ ബുള്‍സ് ഗ്രൂപ്പ് ബാങ്കിനെ ഏറ്റെടുക്കാന്‍ പരസ്യമായി സന്നദ്ധത പ്രഖ്യാപിച്ചെങ്കിലും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയില്ല. അതിനിടെ എല്‍ വി ബി ഡയറക്ടര്‍ ബോര്‍ഡിലെ അസ്വസ്ഥതകള്‍ രൂക്ഷമായി. എംഡിയുടെയും കുറെ ഡയറക്ടര്‍മാരുടെയും നിയമനം ഓഹരി ഉടമകളുടെ പൊതുയോഗത്തില്‍ അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്നു റിസര്‍വ് ബാങ്ക് മൂന്നു ഡയറക്ടര്‍മാരുടെ കമ്മറ്റിക്ക് ഭരണച്ചുമതല നല്‍കി.

ലക്ഷ്മി വിലാസിന്റെ നഷ്ടങ്ങളും കിട്ടാക്കട ബാധ്യതകളും മൂലം മൂലധനം മുഴുവനായും തീര്‍ന്നിരുന്നു. 2500 കോടി രൂപ മൂലധനത്തിലേക്കു ചേര്‍ക്കാന്‍ ഡിബിഎസ് മാതൃ കമ്പനി തയാറാകും. 22 നഗരങ്ങളിലായി 33 ശാഖകള്‍ ഉള്ള ഡിബിഎ സിന് 569 ശാഖകള്‍ ഉള്ള ഒരു ബാങ്ക് ശൃംഖല ഇതു വഴി ലഭ്യമാകും.


* * * * * * * *

ബാങ്കിംഗില്‍ ആവര്‍ത്തിക്കുന്ന ദുരന്ത കഥ; ധനലക്ഷ്മിക്കു മുന്നറിയിപ്പ്

ചെറുകിട പരമ്പരാഗത ബാങ്കുകളെ നാശത്തിലേക്കു നയിക്കുന്ന പതിവു വഴി തന്നെയാണ് ലക്ഷ്മി വിലാസ് ബാങ്കും പോയത്. തമിഴ്‌നാട്ടിലെ കാരൂര്‍ ആസ്ഥാനമായി 1925 മുതല്‍ പ്രവര്‍ത്തിക്കുന്നതാണു ബാങ്ക്. 1960-കളിലും 70-കളിലും ചെറുകിട പ്രാദേശിക ബാങ്കുകളെ ഏറ്റെടുത്തു വലുതായി.

റാന്‍ബാക്‌സിയുടെ പഴയ ഉടമകളും റെലിഗാര്‍ ഫിനാന്‍സ്, ഫോര്‍ട്ടിസ് ഹെല്‍ത്ത് എന്നിവയുടെ പ്രൊമോട്ടര്‍മാരുമായിരുന്ന മാള്‍വീന്ദര്‍ സിംഗ്, ശിവീന്ദര്‍ സിംഗ് എന്നിവരുമായുള്ള വന്‍ ഇടപാടുകളാണു ബാങ്കിനെ തകര്‍ച്ചയിലേക്കു നയിച്ചത്. അവരുടെ 794 കോടി രൂപ ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ ഈടില്‍ 720 കോടി കടം നല്‍കി. കടം തിരിച്ചു കിട്ടിയില്ല. എഫ്ഡി വസൂലാക്കിയപ്പോള്‍ ബാങ്കിനെതിരെ വിശ്വാസ വഞ്ചനക്കേസായക്കേസായി.

തമിഴ്‌നാട്ടിലെ ചെറുകിട ബിസിനസുകാര്‍ക്കും കര്‍ഷകര്‍ക്കും തുണയായിരുന്ന ഒരു ബാങ്ക് കൊക്കിലൊതുങ്ങാത്തതു വിഴുങ്ങാന്‍ ശ്രമിച്ച് അസ്തിത്വം ഇല്ലാതാക്കി. ലോഡ് കൃഷ്ണ ബാങ്ക്, നെടുങ്ങാടി ബാങ്ക് തുടങ്ങിയവയ്ക്കു സംഭവിച്ച ദുരന്തം തന്നെ എല്‍ വി ബി യിലും ആവര്‍ത്തിച്ചു.

എല്‍വിബി യിലെ റിസര്‍വ് ബാങ്ക് - കേന്ദ്ര സര്‍ക്കാര്‍ നടപടി ധനലക്ഷ്മി ബാങ്കിനും മുന്നറിയിപ്പാണ്. എല്‍വി ബി പോലെ സാമ്പത്തിക പ്രതിസന്ധി ധനലക്ഷ്മിക്ക് ഇല്ല. കിട്ടാക്കടങ്ങളും കുറവ്. എന്നാല്‍ ഭരണപരമായ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് നീങ്ങാനുള്ള സാധ്യത വര്‍ധിക്കുകയാണ്.

മൂന്നാമത്തെ പ്രതിസന്ധി, പുതിയ ചികിത്സ

സമീപകാലത്തെ മൂന്നാമത്തെ ബാങ്കിംഗ് പ്രതിസന്ധിയാണു ലക്ഷ്മി വിലാസ് ബാങ്കിലേത്. മഹാരാഷ്ട്രയിലെ പഞ്ചാബ്- മഹാരാഷ്ട കോ ഓപ്പറേറ്റീവ് (പി എം സി ) ബാങ്ക് തകര്‍ച്ചയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല. 10,727 കോടി രൂപ നിക്ഷേപമുള്ള ബാങ്കിനു 2019- 20-ല്‍ 6835 കോടി നഷ്ടം വന്നു. ഒരു വര്‍ഷത്തിലേറെയായി ബാങ്ക് പ്രവര്‍ത്തനരഹിതമാണ്.

ചില ബിസിനസ് ഗ്രൂപ്പുകളുടെ പിന്തുണയുള്ള ഏതാനും പേര്‍ പി എം സി ബാങ്കിനെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയത് 7000 കോടി രൂപ ഒന്നിച്ചു മുടക്കിയാലേ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനാകൂ.

പുതിയ തലമുറ ബാങ്ക് ആയ യെസ് ബാങ്ക് തകര്‍ച്ചയുടെ വക്കിലായപ്പോള്‍ എസ് ബി ഐ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ 10,000 കോടി രൂപ മുടക്കിയാണ് രക്ഷപ്പെടുത്തിയത്. ഏതെങ്കിലും ബാങ്കില്‍ ലയിപ്പിക്കുന്നതു കൂടുതല്‍ ചെലവേറിയതാകുമായിരുന്നു.

ലക്ഷ്മി വിലാസിനെ വിദേശ ബാങ്കിന്റെ സബ്‌സിഡിയറിയില്‍ ലയിപ്പിക്കുന്നതു പുതിയ പരീക്ഷണമാണ്. കുഴപ്പത്തിലാകുന്നവയെ പൊതുമേഖലാ ബാങ്കില്‍ ലയിപ്പിക്കുന്നതായിരുന്നു പഴയ രീതി.


* * * * * * * *

വളര്‍ച്ചപ്രതീക്ഷ ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്‌സ്


കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വളര്‍ച്ച അനുമാനം ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്‌സ്. 2020-21-ലെ ജിഡിപി 14.8 ശതമാനം കുറയുമെന്ന മുന്‍ പ്രവചനം മാറ്റി. 10.3 ശതമാനമേ കുറയൂ എന്നാണു പുതിയ പ്രവചനം. 2021-22 ല്‍ 13 ശതമാനം വളരുമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നു. നേരത്തേ പ്രതീക്ഷിച്ചിരുന്നത് 10.9 ശതമാനം വളര്‍ച്ചയാണ്.

കഴിഞ്ഞയാഴ്ച മൂഡീസും ജിഡിപി പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. 2020 ജനുവരി-ഡിസംബറില്‍ 9.6 ശതമാനം ചുരുങ്ങും എന്നത് 8.9 ശതമാനം ചുരുങ്ങും എന്നാക്കി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ ധനകാര്യ വര്‍ഷം ഇന്ത്യന്‍ ജിഡിപി 9.5 ശതമാനം ചുരുങ്ങുമെന്നാണ് പറയുന്നത്. ഐ എം എഫ് വിലയിരുത്തലില്‍ ഈ വര്‍ഷം ജിഡിപി 10.1 ശതമാനം കുറയും.


* * * * * * * *


തിരിച്ചുവരവിനു ബ്രേക്ക് എന്നു നൊമുറ

രാജ്യത്തെ ബിസിനസുകള്‍ സാധാരണ നിലയിലാകുന്നതിന്റെ വേഗം കുറഞ്ഞെന്നു നൊമുറ. ജാപ്പനീസ് ബ്രോക്കറേജ് ആയ നൊമുറ ഇന്ത്യന്‍ വ്യവസായ മേഖല കോവിഡിനു മുന്‍പത്തെ നിലയിലേക്കു നീങ്ങുന്നതിന്റെ ഒരു പ്രതിവാര സൂചിക തയാറാക്കുന്നുണ്ട്.(നൊമുറ ഇന്ത്യ ബിസിനസ് റിഡംഷന്‍ ഇന്‍ഡെക്‌സ്). നവംബര്‍ എട്ടിന് 85.8 ലായിരുന്ന സൂചിക 15 ന് 85.3 ലേക്കു താണു. സൂചിക 100 ആകുമ്പോഴേ കോവിഡിനു മുമ്പത്തെ നിലയിലാകൂ.

തൊഴില്‍ വിപണിയിലാണു വലിയ തിരിച്ചടി. തൊഴിലാളി പങ്കാളിത്ത അനുപാതം രണ്ടാഴ്ച കൊണ്ട് 41.2 ശതമാനത്തില്‍ നിന്നു 39.5 ശതമാനമായി കുറഞ്ഞു.

അതേപോലെ ഊര്‍ജ ആവശ്യം 5.6 ശതമാനം കുറഞ്ഞു.

ഒക്ടോബറില്‍ ഉത്സവ സീസണ്‍ പ്രമാണിച്ചു കണ്ടതിലും വളര്‍ച്ച നവംബറില്‍ ഉണ്ടാകുമെന്ന് ഒരാഴ്ച മുമ്പ് നൊമുറ എഴുതിയിരുന്നു. എന്നാല്‍ നവംബര്‍ രണ്ടാം വാരത്തില്‍ കാര്യങ്ങള്‍ വീണ്ടും താഴോട്ടു നീങ്ങി.

* * * * * * * *

സെന്‍സെക്‌സ് ഒരു വര്‍ഷത്തിനകം 50,000 കടക്കുമെന്നു മോര്‍ഗന്‍ സ്റ്റാന്‍ലി

ഇന്ത്യന്‍ നിക്ഷേപക സമൂഹത്തിനു വലിയ ആവേശം പകരുന്നതാണ് മോര്‍ഗന്‍ സ്റ്റാന്‍ലി നടത്തിയ പ്രവചനം. 2021 ഡിസംബറോടെ സെന്‍സെക്‌സ് 50,000 കടക്കും എന്നാണ് അവര്‍ പറയുന്നത്. അടുത്ത ജൂണോടെ സെന്‍സെക്‌സ് 37,300 ആകുമെന്ന പഴയ പ്രവചനം തിരുത്തിയാണ് ഇത്.

ഇന്നലെ സെന്‍സെക്‌സ് 43,952.71 ലാണു ക്ലോസ് ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞ് 50,000 - ല്‍ എത്താന്‍ 13.75 ശതമാനം വളര്‍ന്നാല്‍ മതി. അതത്ര പ്രയാസമുള്ള കാര്യമല്ല. പല വര്‍ഷങ്ങളിലും സെന്‍സെക്‌സ് 12 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ഈ വര്‍ഷം തന്നെ മാര്‍ച്ച് 24 ലെ താഴ്ന്ന നിലയായ 25,638.90-ല്‍ നിന്ന് 71.43 ശതമാനം ഉയരത്തിലാണ് ഇന്നലെ സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയും സമാന ഉയര്‍ച്ച കൈവരിച്ചു.

ശക്തമായ ബുള്‍ തരംഗം ഉണ്ടായാല്‍ സെന്‍സെക്‌സ് 59,000 കടക്കുമെന്നാണു മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത്. 30 ശതമാനം സാധ്യതയാണ് ഇതിനുള്ളത്. ഇനി ബുള്ളുകളെ തള്ളിയിട്ട് കരടികള്‍ വിപണി കീഴടക്കിയാല്‍ സെന്‍സെക്‌സ് 37,000 - ലേക്കു താഴാമെന്നും അവര്‍ കണക്കാക്കുന്നു. അതിന് 20 ശതമാനം സാധ്യതയേ കാണുന്നുള്ളൂ.

നിക്ഷേപ ബാങ്കും ധനകാര്യ സേവന സ്ഥാപനവുമായ മോര്‍ഗന്‍ സ്റ്റാന്‍ലി 72,000 കോടി ഡോളറിന്റെ ആസ്തികള്‍ മാനേജ് ചെയ്യുന്നുണ്ട്. ന്യൂയോര്‍ക്കിലാണ് ആസ്ഥാനം.


* * * * * * * *


ഇന്നത്തെ വാക്ക് : മോറട്ടോറിയം


ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനമോ നിയമത്തിന്റെയോ ഉടമ്പടിയുടെയോ നടത്തിപ്പോ നിശ്ചിത കാലത്തേക്കു മരവിപ്പിക്കുന്നതാണു മോറട്ടോറിയം. ബാങ്കില്‍ മോറട്ടോറിയം പ്രഖ്യാപിച്ചാല്‍ നിക്ഷേപം പിന്‍വലിക്കല്‍, വായ്പ എടുക്കല്‍ തുടങ്ങിയവ സാധിക്കില്ല. അതേ സമയം ബാങ്ക് നല്കിയ വായ്പയുടെ ഗഡുക്കള്‍ തിരിച്ചടയ്ക്കാം. വായ്പയ്ക്കു മോറട്ടോറിയം പ്രഖ്യാപിക്കുമ്പോള്‍ പലിശയും ഗഡുവും അടയ്ക്കുന്നതിന് സാവകാശം ലഭിക്കുകയാണു ചെയ്യുക.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it