റിയൽ എസ്‌റ്റേറ്റ്, വാഹന രംഗം തളരുന്നു , ടിയർ 2 ബോണ്ടിലെ നിക്ഷേപം വീണ്ടും അപകടത്തിൽ , ജിഡിപി കണക്ക് എത്രമാത്രം സ്വാധീനിക്കും

എല്ലാ കണ്ണും കാതും ഇന്നു പുറത്തു വരുന്ന ജിഡിപി കണക്കിലാണ്. അതേ ചൊല്ലിയുള്ള ആശങ്ക വിപണിയില്‍ ഉണ്ടാകും.

യൂറോപ്യന്‍ ഓഹരികളെ തുടര്‍ന്ന് ഏഷ്യന്‍ ഓഹരികള്‍ ഇന്നു രാവിലെ താഴോട്ടു നീങ്ങി. അമേരിക്കയില്‍ ഇന്നലെ അവധിയായിരുന്നു. എങ്കിലും അമേരിക്കന്‍ സൂചികകളുടെ അവധി വ്യാപാരം താഴോട്ടാണ്.

ഇന്ത്യന്‍ ഓഹരികള്‍ ബുധനാഴ്ചത്തെ നഷ്ടത്തിന്റെ 60 ശതമാനത്തിലേറെ ഇന്നലെ തിരിച്ചുപിടിച്ചു. നിഫ്റ്റി വ്യാപാരത്തിനിടെ 13,000നു മുകളില്‍ കയറിയെങ്കിലും അതു നിലനിര്‍ത്താനായില്ല. സെന്‍സെക്‌സിനു 44,000 നു മുകളില്‍ ക്ലോസ് ചെയ്യാനായി.


* * * * * * * *

ഹ്രസ്വകാല തിരിച്ചടി ഉണ്ടാകാം

വിപണി തുടര്‍ ഉയരങ്ങള്‍ തേടുമെങ്കിലും ചില ഹ്രസ്വകാല തിരിച്ചടികള്‍ ഉണ്ടാകും. ആഗോളതലത്തില്‍ ഓഹരികളുടെ കുതിപ്പ്' അതിരു കടന്നെന്ന ചില നിക്ഷേപ വിദഗ്ധരുടെ വിലയിരുത്തലാണു കാരണം. ജിഡിപി കണക്കു പ്രോത്സാഹ ജനകമായാല്‍ അടുത്തയാഴ്ച ബുള്‍ തരംഗം മുന്നോട്ടു പോകും.

അസ്ട്രസെനക്കയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിലെ ചില പിഴവുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വീണ്ടും പരീക്ഷണത്തിനൊരുങ്ങുകയാണു കമ്പനി. വാക്‌സിന്‍ പകര്‍ന്ന ആവേശത്തിന് ഇതു മങ്ങല്‍ ഏല്‍പ്പിച്ചു.


* * * * * * * *


മൂന്നാം പാദത്തെപ്പറ്റി ആശങ്ക

ജൂലൈ സെപ്റ്റംബര്‍ പാദത്തിലെ ജിഡിപി പത്തു ശതമാനത്തോളം താഴ്ച കാണിക്കുമെന്നാണു നിരീക്ഷകര്‍ കണക്കാക്കുന്നത്. 7.8 ശതമാനം മുതല്‍ 12.6 ശതമാനം വരെ താഴ്ചയാണു വിവിധ പ്രവചനങ്ങളിലുള്ളത്.

ഒന്നാം പാദത്തില്‍ 23.9 ശതമാനം ഇടിവാണുണ്ടായത്. രണ്ടാം പാദത്തില്‍ ജനങ്ങളുടെ ഉപഭോഗം വര്‍ധിച്ചത് തളര്‍ച്ച കുറച്ചെന്ന് എല്ലാവരും സമ്മതിക്കുന്നു. ഇത് ഒക്ടോബറിലെ ഉത്സവകാലത്തേക്കു നീണ്ടു നിന്നു. ഉത്സവകാല വില്‍പനയും യാത്രകളും വലിയ ഉണര്‍വ് കാണിച്ചു. പക്ഷേ നവംബറായപ്പോള്‍ അതു പിന്നോട്ടു പോയെന്നാണു പല സൂചകങ്ങളും കാണിക്കുന്നത്.

രണ്ടാം പാദത്തില്‍ കാണുന്ന ഉണര്‍വ് മൂന്നാം പാദത്തില്‍ ഉണ്ടായില്ലെങ്കില്‍ വാര്‍ഷിക ജിഡിപി പ്രതീക്ഷയിലും താഴെപ്പോകും. മൂന്നാം പാദത്തില്‍ നേരിയ ഇടിവും നാലാം പാദത്തില്‍ ചെറിയ വളര്‍ച്ചയുമാണ് റിസര്‍വ് ബാങ്കും വിവിധ റേറ്റിംഗ് ഏജന്‍സികളും കണക്കാക്കുന്നത്. അതിനല്ല വഴിതെളിയുന്നതെങ്കില്‍ വിപണിക്കു തിരിച്ചടിയാകും.


* * * * * * * *


ഉപഭോഗം കൂടുന്നില്ല

കണ്‍സ്യൂമര്‍ ഉല്‍പന്ന (എഫ് എം സി ജി) വില്‍പന 2020ല്‍ മൂന്നു ശതമാനം വരെ താഴുമെന്നു വിപണി ഗവേഷണ സ്ഥാപനമായ നീല്‍സന്‍ പറയുന്നു. ഇതുവരെയുള്ള നിരീക്ഷണങ്ങളെ തിരുത്തുന്നതാണ് ഇക്കാര്യം. ഏപ്രില്‍ - ജൂണില്‍ 19 ശതമാനമാണ് വില്‍പ്പന കുറഞ്ഞത് . അടുത്ത പാദത്തില്‍ വലിയ വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്ത് വെറും ഒരു ശതമാനമാണ് വളര്‍ച്ച. അടുത്ത വര്‍ഷം സെപ്റ്റംബര്‍ പാദത്തോടെ മാത്രമേ ശരിയായ വളര്‍ച്ച സോപ്പ് മുതല്‍ അലക്കു പൊടിയും സൗന്ദര്യ സംവര്‍ധകങ്ങളും അടങ്ങിയ ഉല്‍പന്ന മേഖലയ്ക്ക് ഉണ്ടാകൂ എന്നു നീല്‍സന്‍ പറയുന്നു. ഇതു പ്രതീക്ഷകള്‍ തകിടം മറിക്കുന്നതാണ്.


* * * * * * * *


ക്രൂഡിനു ചെറിയ ഇടിവ്

ക്രൂഡ് ഓയില്‍ വില ഇന്നലെ ഒരു ഡോളര്‍ താണു. യു എസ് സ്‌റ്റോക്ക് കൂടിയതാണു പ്രധാന കാരണം. തിങ്കളാഴ്ച ഒപെക് ചേരുമ്പോള്‍ ഉല്‍പാദന നിയന്ത്രണം തുടരുന്നതിന് എതിര്‍പ്പുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും വിപണിയെ സ്വാധീനിച്ചു.ബ്രെന്‍് ഇനം വീപ്പയ്ക്ക് 48 ഡോളറിനു താഴെയായി.

സ്വര്‍ണവില ഔണ്‍സിന് 1810 ഡോളറിനു ചുറ്റും കറങ്ങുകയാണ്.

ഡോളര്‍ ഇന്‍ഡെക്‌സ് ഇന്നലെ 92 ഡോളറിനു മുകളില്‍ കയറിയിട്ടു തിരിച്ചു പോയി. രൂപ ഇന്നലെ ചെറിയ നേട്ടമുണ്ടാക്കി.


* * * * * * * *


എല്‍വിബി ഓഹരി ഉടമകള്‍ക്ക് ആശ്വാസമില്ല

ലക്ഷ്മി വിലാസ് ബാങ്കി (എല്‍വിബി) നെ ഡിബിഎസ് ബാങ്ക് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനെതിരേ കോടതിയെ സമീപിച്ച ഓഹരി ഉടമകള്‍ക്കും പഴയ പ്രൊമോട്ടര്‍മാര്‍ക്കും ആശ്വാസം കിട്ടിയില്ല. ഹര്‍ജി ഡിസംബര്‍ 14ലേക്കു നീട്ടി.

ലയനത്തിനും ഓഹരികള്‍ എഴുതിത്തള്ളിയതിനും എതിരെയാണു ഹര്‍ജി. ബാങ്കിന്റെ അറ്റമൂല്യം മൈനസ് ആയതിനാല്‍ ഓഹരികള്‍ക്ക് ഒന്നും കിട്ടാനില്ലെന്നു റിസര്‍വ് ബാങ്ക് വാദിച്ചു.

ഓഹരി മാത്രമല്ല, ബാങ്കിന്റെ ടിയര്‍2 ബോണ്ടുകളും എഴുതിത്തള്ളി. മൂലധനത്തിനു തുല്യമായി പരിഗണിച്ചിരുന്നതാണ് ഈ ബോണ്ടുകള്‍. അതേ സമയം ബാങ്കിലെ നിക്ഷേപകര്‍ക്ക് മുഴുവന്‍ പണവും കിട്ടും.

* * * * * * * *

വളര്‍ച്ച തുടരുമോയെന്നു ഗവര്‍ണര്‍ ദാസിനു സംശയം

സാമ്പത്തിക വളര്‍ച്ച അതിവേഗം തിരിച്ചുവരവിന്റെ പാതയിലായെങ്കിലും അത് എത്ര കണ്ട് തുടരാനാകുമെന്നതില്‍ സംശയം പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. വിദേശ നാണയ കൈമാറ്റക്കാരുടെ സംഘടന (ഫെഡായി) യുടെ വാര്‍ഷിക ദിനത്തിലെ പ്രസംഗത്തിലാണു ഗവര്‍ണര്‍ ശക്തികാന്ത ദാസ് സംശയം ഉന്നയിച്ചത്. കോവിഡ് ബാധ വര്‍ധിക്കുന്നതും ഉത്സവ സീസണ്‍ കഴിയുമ്പോള്‍ ഡിമാന്‍ഡ് കുറയുന്നതും ആണ് അദ്ദേഹത്തിന്റെ സംശയത്തിന് അടിസ്ഥാനം.

സെപ്റ്റംബറിലും ഒക്ടോബറിലും സാമ്പത്തിക സൂചകങ്ങള്‍ അതിവേഗം തിരിച്ചു കയറി. പക്ഷേ പിന്നീട് അവ കയറിയ വേഗത്തില്‍ താഴോട്ടു പോയി എന്നു ഗവര്‍ണര്‍ പറഞ്ഞു.

ഇതാദ്യമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പോലെ സമുന്നത പദവിയിലുള്ള ഒരാള്‍ മൂന്നാം പാദത്തിലെ വളര്‍ച്ചയെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നത്.

* * * * * * * *

സൂചകങ്ങള്‍ താണെന്ന് എച്ച് എസ് ബി സി

രണ്ടാം പാദത്തിലും ഒക്ടോബറിലും സാമ്പത്തിക രംഗത്തുണ്ടായ ഉണര്‍വ് നവംബറില്‍ കാണുന്നില്ലെന്ന് എച്ച് എസ് ബി സി ബാങ്കിന്റെ റിപ്പോര്‍ട്ട്. വൈദ്യുതി ഉപയോഗം, തൊഴിലാളികളുടെ എണ്ണം, ഇവേ ബില്ലുകളുടെ വളര്‍ച്ച തുടങ്ങിയവയിലെല്ലാം ഇടിവു സംഭവിച്ചതായി ബാങ്ക് പറയുന്നു. ഉത്സവ സീസണിലെ ഡിമാന്‍ഡും മാറ്റിവച്ച ആവശ്യങ്ങളും നിറവേറിക്കഴിയുമ്പോള്‍ വളര്‍ച്ച യഥാര്‍ഥ വെല്ലുവിളി നേരിടുമെന്ന് അവര്‍ വിലയിരുത്തി.

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 7.9 ശതമാനം മാത്രം ചുരുങ്ങിയെന്നാണ് എച്ച് എസ് ബി സി കരുതുന്നത്.

* * * * * * * *

വാഹനമേഖലയും ആശങ്കയില്‍

ലോക്ക് ഡൗണ്‍ കഴിഞ്ഞതോടെ എല്ലാം പഴയ നിലയിലേക്കു വന്നെന്നു പ്രചരിപ്പിക്കുന്നവരുടെ വായടപ്പിക്കുന്നതാണു ബജാജ് ഓട്ടോ എംഡി രാജീവ് ബജാജിന്റെ ഒരു പ്രസ്താവന. ''കഴിഞ്ഞ മൂന്നു മാസം വാഹന വില്‍പന കഴിഞ്ഞ വര്‍ഷത്തെ തോതില്‍ കഷ്ടിച്ച് എത്തുന്നതേ ഉള്ളൂ. ഉത്സവ സീസണ്‍ കഴിഞ്ഞു. ഡിസംബര്‍ മുതല്‍ എന്താകും നില എന്നോര്‍ത്തു ഞാന്‍ ആശങ്കയിലാണ്. ഇപ്പോള്‍ വില്‍പന മൂന്നു ശതമാനം കുറവാണ്. ജനുവരി മുതല്‍ ഇരട്ടയക്ക വര്‍ധന ഉണ്ടായാലേ കാര്യമുള്ളൂ'' അദ്ദേഹം ഒരു ടി വി അഭിമുഖത്തില്‍ ഇന്നലെ പറഞ്ഞു.


* * * * * * * *

പാര്‍പ്പിട വില്‍പന 40 ശതമാനം ഇടിയുമെന്ന്

കോവിഡ് ഈ ധനകാര്യ വര്‍ഷം രാജ്യത്തെ പാര്‍പ്പിട വില്‍പനയില്‍ 40 ശതമാനം ഇടിവുണ്ടാക്കുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്. ആവശ്യം കുറയുന്നതിനൊപ്പം വായ്പാലഭ്യത കുറയുന്നതും ബില്‍ഡര്‍മാരെ വിഷമത്തിലാക്കുന്നു.

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഒന്നാം നിര കമ്പനികള്‍ മാത്രമേ നേട്ടമുണ്ടാക്കുന്നുള്ളൂ.ഏപ്രില്‍ സെപ്റ്റംബര്‍ അര്‍ധ വര്‍ഷം പാര്‍പ്പിട വില്‍പന കുത്തനെ ഇടിഞ്ഞപ്പോഴും ഒന്നാം നിര ബില്‍ഡര്‍മാര്‍ക്ക് 13 ശതമാനം ഇടിവേ ഉണ്ടായുളളു. ഇവര്‍ക്കു പോലും കാഷ് ഫ്‌ളോ പ്രശ്‌നം വര്‍ധിച്ചു. അര്‍ധ വര്‍ഷ പ്രവര്‍ത്തന ലാഭത്തില്‍ 46 ശതമാനം ഇടിവാണ് മുന്‍നിര ബില്‍ഡര്‍മാര്‍ക്ക് ഉണ്ടായത്: ഇന്ത്യ റേറ്റിംഗ്‌സ് ചൂണ്ടിക്കാട്ടി.

* * * * * * * *

നാണക്കേടിന്റെ ഒന്നാം സ്ഥാനം ഇന്ത്യക്ക്

എല്ലാം സുതാര്യമാണെന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ വെറുതെയാണെന്നു വ്യക്തമാക്കുന്നു രാജ്യത്തെ അഴിമതി സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട്. ട്രാന്‍സ്‌പേരന്‍സി ഇന്റര്‍നാഷണലിന്റെ ഗ്ലോബല്‍ കറപ്ഷന്‍ ബാരോമീറ്റര്‍ ഏഷ്യയില്‍ ഇന്ത്യയാണ് നാണക്കേടിന്റെ ഒന്നാം സ്ഥാനത്ത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ട രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ കൈക്കൂലിത്തോത് 39 ശതമാനം.

ജൂണ്‍ - ജൂലൈയിലാണ് ഇതിനുള്ള സര്‍വേ നടത്തിയത്. പങ്കെടുത്തവരില്‍ 50 ശതമാനം പേരോടും കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തി ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി കാര്യം സാധിച്ചവരാണു 32 ശതമാനം. 2000 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. അഴിമതിയെപ്പറ്റി പരാതിപ്പെട്ടാല്‍ പ്രതികാരമുണ്ടാകുമെന്നാണ് 63 ശതമാനം പേര്‍ പറഞ്ഞത്.

സര്‍ക്കാരിലെ അഴിമതി വലിയ പ്രശ്‌നമാണെന്ന് 89 ശതമാനം പേര്‍ കരുതുന്നു. വോട്ടിനു പണം നല്‍കുന്നതിനെപ്പറ്റി 18 ശതമാനം പേര്‍ക്ക് അറിയാം. 11 ശതമാനം പേര്‍ ലൈംഗിക ചൂഷണത്തിനു വിധേയരായിട്ടുണ്ട്.

കംബോഡിയ (37 ശതമാനം), ഇന്‍ഡോനേഷ്യ (30) എന്നിവയാണ് ഇന്ത്യക്കു തൊട്ടുപിന്നില്‍. ഏറ്റവും താഴെയാണു ജപ്പാന്‍ (രണ്ടു ശതമാനം).


* * * * * * * *


നിയന്ത്രണം വരുമെന്നു കിംവദന്തി; ബിറ്റ്‌കോയിനു തകര്‍ച്ച

ഗൂഢകറന്‍സികളില്‍ തിരിച്ചടി. ഇവയില്‍ ഒന്നാം സ്ഥാനത്തുള്ള ബിറ്റ് കോയിന്‍ ഇന്നലെ 13 ശതമാനം ഇടിഞ്ഞു. റിക്കാര്‍ഡ് വിലയായ 19511 നു തൊട്ടു താഴെ എത്തിയിട്ടായിരുന്നു തകര്‍ച്ച. മറ്റു ചില ഗൂഢ കറന്‍സികള്‍ 27 ശതമാനം വരെ താണു.

ഈ വര്‍ഷം ബിറ്റ് കോയിന്‍ 250 ശതമാനം വില വര്‍ധന നേടിയ ശേഷമാണ് ഈ നാടകീയ ഇടിവ്. യുഎസ് ഭരണകൂടം ഗൂഢകറന്‍സികള്‍ക്ക് കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന കിംവദന്തിയാണ് വിലത്തകര്‍ച്ചയ്ക്കു കാരണം.

കംമ്പ്യൂട്ടര്‍ പ്രാേഗ്രാമില്‍ മാത്രം അധിഷ്ഠിതമാണു ഗൂഢ കറന്‍സികള്‍. ബിറ്റ് കോയിന്‍ ആരാണു നിയന്ത്രിക്കുന്നതെന്നോ ഇവയുടെ വിലയായി നല്കുന്ന നല്ല പണം എങ്ങോട്ടാണു പോകുന്നതെന്നോ ആര്‍ക്കുമറിയില്ല. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് അടക്കം കേന്ദ്ര ബാങ്കുകള്‍ ഇവയ്‌ക്കെതിരേ മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ട്. എങ്കിലും അതു വകവയ്ക്കാതെ ധാരാളം പേര്‍ ബിറ്റ്‌കോയിനില്‍ ചൂതാട്ടം നടത്തുന്നുണ്ട്.

* * * * * * * *


ഇന്നത്തെ വാക്ക് : ജിഡിപി

രാജ്യത്ത് ഒരു കാലയളവില്‍ നടക്കുന്ന ഉല്‍പാദനത്തിന്റെയും സേവനങ്ങളുടെയും മൊത്തം വിലയാണ് ജിഡിപി ( Gross Domestic Product). ഇന്ത്യക്കാര്‍ വിദേശത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം ഇതില്‍ വരില്ല. ഓരോ െ്രെതമാസത്തിലുമാണു ജിഡിപി കണക്ക് പുറത്തുവിടുന്നത്. സ്ഥിര വിലയിലും വിപണി വിലയിലും ഇവ തയാറാക്കുന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it