ഓഹരി വിലകള്‍ താഴേക്ക്, സ്വര്‍ണ വില കുറയുന്നു; സ്വര്‍ണ വായപയ്ക്ക് ഡിമാന്‍ഡ് കൂടും

പ്രതിദിന കോവിഡ് രോഗബാധയുടെ എണ്ണം നാലര ലക്ഷത്തിലേക്ക് ഉയര്‍ന്നു. കോവിഡ് ബാധിതരുടെ മൊത്തം എണ്ണം നാലരക്കോടിയിലേക്കടുക്കുന്നു.

പ്രതിദിനകോവിഡ് രോഗബാധയുടെ എണ്ണം നാലര ലക്ഷത്തിലേക്ക് ഉയര്‍ന്നു. കോവിഡ് ബാധിതരുടെ മൊത്തം എണ്ണം നാലരക്കോടിയിലേക്കടുക്കുന്നു. കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നു യൂറോപ്യന്‍ - അമേരിക്കന്‍ രാജ്യങ്ങളില്‍ ആശങ്ക. ലോകമെങ്ങും ഓഹരികള്‍ ഇടിയുകയാണ്.

അനിവാര്യമായ തിരുത്തലിലേക്ക് ഇന്ത്യന്‍ വിപണികള്‍ നീങ്ങുമെന്നാണ് സൂചന. എസ്ജി എക്‌സ് നിഫ്റ്റി 100 പോയിന്റിലേറെ താഴ്ന്നു നില്‍ക്കുന്നത് ഇന്ത്യന്‍ വിപണിയുടെ തുടക്കം താഴ്ന്നാകുമെന്ന സൂചന നല്കുന്നു. 11,600-നു താഴേക്കു നീങ്ങിയാല്‍ കൂടുതല്‍ വലിയ തിരുത്തല്‍ പ്രതീക്ഷിക്കാം.

ഇന്നലെ ഇന്ത്യന്‍ സൂചികകള്‍ ഒന്നര ശതമാനത്തോളം താണപ്പോള്‍ യൂറോപ്പ് മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു. അമേരിക്കയിലും ഇടിവ് ആ തോതിലായിരുന്നു.

ഇന്നു രാവിലെ ഏഷ്യന്‍ സൂചികകള്‍ നല്ല താഴ്ചയിലാണ്. ഡൗ ജോണ്‍സ് ഫ്യൂച്ചേഴ്‌സും താഴോട്ടാണ്.

* * * * * * * *

ക്രൂഡ്, സ്വര്‍ണം ഇടിഞ്ഞു.

കോവിഡ് വ്യാപനം സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന ഭീതിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 39 ഡോളറിനു താഴെയായി. ഡബ്‌ള്യു ടി ഐ ഇനം 37 ഡോളറിനടുത്തായി.
സ്വര്‍ണം താഴുകയാണ്. ഡോളറിന്റെ കരുത്താണു കാരണം.1878 ഡോളറിലാണ് ഒരൗണ്‍സ് സ്വര്‍ണം.

* * * * * * * *

ഡോളര്‍ കയറി

ഇന്ത്യന്‍ രൂപയ്ക്ക് ഇന്നലെയും ക്ഷീണമായിരുന്നു. ഡോളറിന് 16 പൈസ കൂടി 73.87 രൂപയായി.

* * * * * * * *

ഹീറോയ്ക്ക് അപ്രതീക്ഷിത ലാഭം

നിരീക്ഷകരെ ഞെട്ടിച്ചു കൊണ്ട് വരുമാനവും അറ്റാദായവും ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോ കോര്‍പിനു കഴിഞ്ഞു. കനത്ത നഷ്ടം പ്രതീക്ഷിച്ച സ്ഥാനത്ത് രണ്ടാം പാദത്തില്‍ 8.99 ശതമാനം വര്‍ധനയോടെ 953.45 കോടി രൂപയുടെ അറ്റാദായമുണ്ടാക്കി. മൊത്തവരുമാനം 24 ശതമാനം വര്‍ധിച്ച് 9367 കോടി രൂപയായി.
ടൂ വീലര്‍ വിപണിയില്‍ നല്ല മുന്നേറ്റം നടത്തുന്ന കമ്പനി ഹാര്‍ലി ഡേവിഡ് സണുമായി കഴിഞ്ഞ ദിവസം സഖ്യമുണ്ടാക്കിയിരുന്നു. ഹാര്‍ലി ഡേവിഡ് സണ്‍ ബൈക്കുകളുടെ വില്‍പനയും സര്‍വീസും ഇനി ഹീറോയാണു നടത്തുക.

* * * * * * * *

ഡോ. റെഡ്ഡീഡീസിനും ടൈറ്റനും ലാഭം കുറഞ്ഞു

ഔഷധ നിര്‍മാണ കമ്പനി ഡോ.റെഡ്ഡീസ് ലബോറട്ടറീസിനു വില്‍പന കൂടിയെങ്കിലും രണ്ടാം പാദത്തില്‍ ലാഭംം കുത്തനെ കുറഞ്ഞു. വിറ്റുുവരവ് 20 ശതമാനംം വര്‍ധിച്ചപ്പോള്‍ അറ്റാാദായം 30 ശതമാനം കുറഞ്ഞു. റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ലൈസന്‍സ് നേടിയ കമ്പനി മാര്‍ച്ച് അവസാനത്തോടെ വാക്‌സിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കാമെന്നു കരുതുന്നു. അതിനിടെ മറ്റു പാശ്ചാത്യ വാക്‌സിനുകള്‍ എത്തുമെന്ന് സൂചനയുണ്ട്. ഡോ. റെഡ്ഡീസിനു ശുഭകരമല്ല സൂചനകള്‍.

ടൈറ്റനു രണ്ടാം പാദത്തില്‍ വില്‍പനയും ലാഭവും കുറഞ്ഞു. വില്‍പന രണ്ടു ശതമാനം കുറഞ്ഞപ്പോള്‍ ലാഭം 38 ശതമാനമാണ് ഇടിഞ്ഞത്. ജനങ്ങള്‍ കാര്യമായി പണം ചെലവാക്കുന്ന മൂന്നാം പാദം മെച്ചമാകുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു.

ഉപഭോക്താക്കള്‍ മാറിനില്‍ക്കുന്നുവെന്നു മാരികോയുടെ റിസല്‍ട്ടും കാണിച്ചു. ആദ്യ പാദത്തേക്കാള്‍ 3. 32 ശതമാനം വര്‍ധനയേ വിറ്റുവരവില്‍ ഉള്ളൂ. അറ്റാദായം 30 ശതമാനത്തോളം കുറഞ്ഞു.

* * * * * * * *

സ്വര്‍ണപ്പണയ വായ്പ ഇനി ഉയരും

സ്വര്‍ണപ്പണയ വായ്പയ്ക്ക് ഈ വര്‍ഷം ആവശ്യം കൂടുമെന്നു റേറ്റിംഗ് ഏജന്‍സി ക്രിസില്‍. 15 മുതല്‍ 18 വരെ ശതമാനം വര്‍ധനയാണു ക്രിസില്‍ പ്രതീക്ഷിക്കുന്നത്. വ്യക്തികളും സൂക്ഷ്മ - ലഘു- ചെറുകിട സംരംഭങ്ങളും ആണു സ്വര്‍ണപ്പണയവുമായി ബാങ്കിതര ധനകാര്യ കമ്പനി (എന്‍ബിഎഫ്‌സി) കളെ സമീപിക്കുക.

ഒന്നാം പാദത്തില്‍ എന്‍ബി എഫ് സി കളുടെ വായ്പാ വിതരണം കുറവായിരുന്നു. ലോക്ക് ഡൗണായിരുന്നു പ്രശ്‌നം. രണ്ടാം പാദത്തില്‍ സ്വര്‍ണപ്പണയ ബിസിനസില്‍ വലിയ വളര്‍ച്ച ഉണ്ടായെന്നാണു ക്രിസിലിന്റെ കണ്ടെത്തല്‍.

* * * * * * * *

വില കൂടുതല്‍, 5 ജി ഇപ്പോള്‍ വേണ്ടെന്ന് എയര്‍ടെല്‍

അടുത്ത വര്‍ഷം 5 ജി സ്‌പെക്ട്രം ലേലം ചെയ്താല്‍ പങ്കെടുക്കില്ലെന്ന് ഭാരതി എയര്‍ടെല്‍. വില വളരെ കൂടുതലായതാണു കാരണം.

5 ജിക്കുള്ളതടക്കം 8644 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണു ലേലം ചെയ്യുക. ഇതിനു ട്രായി വച്ചിട്ടുള്ള മിനിമം വില 4.9 ലക്ഷം കോടി രൂപയാണ്.

റിലയന്‍സ് ജിയോയും വോഡഫോണ്‍ ഐഡിയയും വിലകൂടുതലാണെന്നു പരസ്യമായി പറഞ്ഞിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വോഡഫോണ്‍ ഐഡിയ ലേലത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

റിലയന്‍സ് ജിയോ വില കൂടുതലാണെന്നു പറയുമ്പോള്‍ തന്നെ ലേലം വേഗം നടത്തണമെ ന്ന് ആവശ്യപ്പെടുന്നു. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും വിട്ടുനില്‍ക്കുന്ന ഒരു ലേലം സര്‍ക്കാരിനു വലിയ നഷ്ടം വരുത്തിയേക്കും. 4 ജി യെ അപേക്ഷിച്ചു വളരെയേറെ വേഗമുള്ള 5 ജി റിലയന്‍സ് ജിയോ മാത്രം അവതരിപ്പിച്ചാല്‍ ടെലികോമിലെ കുത്തകവല്‍ക്കരണത്തിനു വേഗം കുടും.

* * * * * * * *

ഇന്നത്തെ വാക്ക് : ഡെറിവേറ്റീവ് - 4 കോള്‍ ഓപ്ഷന്‍

ഓപ്ഷന്‍ വ്യാപാരത്തിലെ ഒരിനം. കോള്‍ (calI) ഓപ്ഷനില്‍ ഓപ്ഷന്‍ വാങ്ങുന്നയാള്‍ക്ക് കരാര്‍ പ്രകാരമുള്ള ആസ്തി വാങ്ങാന്‍ അവകാശമുണ്ടെങ്കിലും വാങ്ങിക്കണമെന്നു ബാധ്യതയില്ല. വാങ്ങിയ ആള്‍ നിശ്ചിത തുക ( പ്രീമിയം ) നല്‍കി ഇടപാട് പൂര്‍ത്തിയാക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it