Begin typing your search above and press return to search.
കമ്പനികളുടെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ഇന്ററസ്റ്റ് കവറേജ് റേഷ്യോ
എന്താണ് ഒരു കമ്പനിയുടെ ഇന്ററസ്റ്റ് കവറേജ് റേഷ്യോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
നിലവിലെ വായ്പകളുടെ പലിശ ബാദ്ധ്യത വീട്ടാന്‍ കമ്പനിക്ക് സാമ്പത്തികശേഷിയുണ്ടോയെന്ന് വ്യക്തമാക്കുന്ന ഒരു മാനദണ്ഡമെന്ന് ഇന്ററസ്റ്റ് കവറേജ് റേഷ്യോയെ വിശേഷിപ്പിക്കാം. ഇന്ററസ്റ്റ് കവറേജ് റേഷ്യോ ഉയര്‍ന്ന നിലവാരത്തിലാണെങ്കില്‍ കമ്പനിയുടെ സാമ്പത്തികസ്ഥിതി മെച്ചമാണെന്നും പലിശ ബാദ്ധ്യത നിറവേറ്റാന്‍ പ്രതിബന്ധങ്ങളില്ലെന്നും അത് ചൂണ്ടിക്കാട്ടുന്നു. ഇന്ററസ്റ്റ് കവറേജ് റേഷ്യോ കുറവാണെങ്കിലോ, കമ്പനിയുടെ സമ്പദ്സ്ഥിതി മെച്ചമല്ലെന്നും വ്യക്തം.
ഓരോ കമ്പനിയുടെയും ഇന്ററസ്റ്റ് കവറേജ് റേഷ്യോ അത് പ്രതിനിധാനം ചെയ്യുന്ന വ്യാവസായിക/സേവന/വാണിജ്യമേഖലയ്ക്ക് അനുസൃതമായി വ്യത്യസ്തമായിരിക്കും. എങ്കിലും, പൊതുവേ ഇന്ററസ്റ്റ് കവറേജ് റേഷ്യോ 1.5 അല്ലെങ്കില്‍ 2ന് മുകളിലാണെങ്കില്‍ സാമ്പത്തികസ്ഥിതി ഭദ്രമെന്ന് കരുതാം.
ഇന്ററസ്റ്റ് കവറേജ് റേഷ്യോ ഉയര്‍ന്ന് നിന്നാല്‍ അത് കമ്പനിക്ക് വലിയ ആത്മവിശ്വാസം നല്‍കും. മാത്രമല്ല, നിക്ഷേപകര്‍ക്കും കമ്പനിക്കുമേലുള്ള വിശ്വാസം മികച്ചതായിരിക്കും. കമ്പനിക്ക് വായ്പ നല്‍കിയവര്‍ക്കും നിരീക്ഷകര്‍ക്കും കമ്പനിക്കുമേലുള്ള മതിപ്പും മികച്ചതാകും. ഇന്ററസ്റ്റ് കവറേജ് റേഷ്യോ കുറവാണെങ്കില്‍ സ്ഥിതി നേരേ മറിച്ചുമായിരിക്കും.
ഇനി നമുക്ക് ഇന്ററസ്റ്റ് കവറേജ് റേഷ്യോ എങ്ങനെ കണക്കാക്കുന്നു എന്ന് നോക്കാം.
കമ്പനിയുടെ പലിശയ്ക്കും നികുതിക്കും മുമ്പുള്ള പ്രവര്‍ത്തന വരുമാനത്തെ (Earnings Before Interest and Taxes/EBIT) പലശച്ചെലവ് (Interest Expenses) കൊണ്ട് ഹരിച്ചാല്‍ ഇന്ററസ്റ്റ് കവറേജ് റേഷ്യോ കണക്കാക്കാം. ഉദാഹരണം നോക്കാം:
എക്‌സ്.വൈ.ഇസഡ് ലിമിറ്റഡ് എന്ന കമ്പനിക്ക് 10 ലക്ഷം രൂപ എബിറ്റ് (EBIT) ഉണ്ടെന്ന് കരുതുക, രണ്ടുലക്ഷം രൂപ പലിശബാദ്ധ്യതയും (Interest Expenses).
അപ്പോള്‍ ഇന്ററസ്റ്റ് കവറേജ് റേഷ്യോ = 10 ലക്ഷം/2 ലക്ഷം = 5
അതായത്, എക്‌സ്.വൈ.ഇസഡ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇന്ററസ്റ്റ് കവറേജ് റേഷ്യോ 5 ആണ്. ഇത് മികച്ച ഇന്ററസ്റ്റ് കവറേജ് റേഷ്യോ ആയതിനാല്‍, കമ്പനിയുടെ സാമ്പത്തികശേഷി മെച്ചമാണെന്ന് വിലയിരുത്താം.
കമ്പനികളുടെ കറന്റ് റേഷ്യോ എന്താണ്?
ഒരു കമ്പനിയുടെ നിലവിലുള്ള ഹ്രസ്വകാല ബാദ്ധ്യത (Short-term liabilities) ഹ്രസ്വകാല ആസ്തി (Short-term Assets) ഉപയോഗിച്ച് വീട്ടാനുള്ള കഴിവിനെയാണ് കറന്റ് റേഷ്യോ (Current Ratio) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുവര്‍ഷത്തിന് താഴെ കാലയളവുള്ള വായ്പകള്‍ അടക്കമുള്ള ബാദ്ധ്യതകള്‍ വീട്ടാനുള്ള ശേഷിയാണ് കറന്റ് റേഷ്യോ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇന്ററസ്റ്റ് കവറേജ് റേഷ്യോ പോലെ കറന്റ് റേഷ്യോയും കമ്പനിയുടെ സാമ്പത്തികശേഷിയുടെ അളവുകോലാണ്. നിക്ഷേപകര്‍, വായ്പ നല്‍കുന്നവര്‍, നിരീക്ഷകര്‍ എന്നിവരുടെ വിശ്വാസം നേടാന്‍ ഇന്ററസ്റ്റ് കവറേജ് റേഷ്യോ പോലെ കറന്റ് റേഷ്യോയും മികച്ച തലത്തിലായിരിക്കേണ്ടത് അനിവാര്യമാണ്.
കറന്റ് റേഷ്യോയും കമ്പനി പ്രതിനിധാനം ചെയ്യുന്ന മേഖലയ്ക്ക് അനുസൃതമായി വ്യത്യസ്തമായിരിക്കും. എങ്കിലും, പൊതുവേ ഇത് 1ന് മുകളിലാണെങ്കില്‍ സ്ഥിതി മെച്ചമാണെന്ന് വിലയിരുത്താം. ഇനി എങ്ങനെയാണ് കറന്റ് റേഷ്യോ കണക്കാക്കുന്നതെന്ന് നോക്കാം:
കമ്പനിയുടെ നിലവിലെ ആസ്തിയെ നിലവിലുള്ള ഹ്രസ്വകാല ബാദ്ധ്യതകൊണ്ട് ഹരിച്ചാല്‍ കറന്റ് റേഷ്യോ ലഭിക്കും. ഉദാഹരണം നോക്കാം.
എ.ബി.സി ലിമിറ്റഡ് എന്ന കമ്പനിക്ക് ഒരുകോടി രൂപയുടെ ഹ്രസ്വകാല ആസ്തിയുണ്ടെന്ന് കരുതുക. ഹ്രസ്വകാല ബാദ്ധ്യത 50 ലക്ഷം രൂപയും.
അപ്പോള്‍ കറന്റ് റേഷ്യോ = ഒരുകോടി/50 ലക്ഷം = 2
അതായത്, എ.ബി.സി ലിമിറ്റഡിന്റെ കറന്റ് റേഷ്യോ 2 ആണ്. ഇത് പൊതുവേ മികച്ചതായതിനാല്‍ നിലവിലെ ഹ്രസ്വകാല ബാദ്ധ്യതകള്‍ വീട്ടാന്‍ കമ്പനിയുടെ സാമ്പത്തികശേഷി ഭദ്രമാണെന്ന് വിലയിരുത്താം.
Next Story
Videos