2019 മിഡ് കാപുകളുടെയും സ്‌മോള്‍ കാപുകളുടെയും വര്‍ഷം

വളരെയേറെ കഠിനമായൊരു വര്‍ഷമായിരുന്നു 2018. മിഡ് കാപ് ഓഹരികളിലെ നിക്ഷേപം തെറ്റായിപ്പോയെന്നും ഇനി ബ്ലൂചിപ് ഓഹരികളിലാണ് നിക്ഷേപിക്കേണ്ടതെന്നും ചിന്തിക്കുന്ന നിരവധി ആളുകളുണ്ട്.

ഈ സമയത്ത് സ്‌മോള്‍ ആന്‍ഡ് മിഡ് കാപ് ഓഹരികള്‍ വാങ്ങരുതെന്ന് നിര്‍ദേശിക്കുന്നവര്‍ വളരെ ബുദ്ധിമാന്മാരാണെന്ന് തോന്നാം. എന്നാല്‍ തെറ്റായൊരു സമയത്ത് നല്‍കുന്ന തെറ്റായൊരു നിര്‍ദേശമായിരിക്കാം അത്.

ഓഹരി വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഇല്ലാത്ത മള്‍ട്ടി ബാഗര്‍ സ്‌റ്റോക്ക് വളരെ അപൂര്‍വ്വമായിരിക്കും. സൈദ്ധാന്തപരമായി നോക്കുമ്പോള്‍ റിസ്‌ക്കായി കണക്കാക്കുന്ന ഈയൊരു ചാഞ്ചാട്ടമാണ് ചില ഓഹരികളെ മള്‍ട്ടി ബാഗറാക്കി കൂടി മാറ്റുന്നത്!

അതിനാല്‍ നിങ്ങളുടെ സമീപനത്തില്‍ സ്ഥിരതയുണ്ടായിരിക്കണം. മിഡ് കാപ് പോര്‍ട്ട്‌ഫോളിയോയില്‍ വലിയൊരു ഇടിവുണ്ടായതിനെ തുടര്‍ന്ന് മികച്ച ലാര്‍ജ് കാപ് ഓഹരികളിലേക്ക് മാറാന്‍ തീരുമാനിക്കുന്ന നിക്ഷേപകനാണ് നിങ്ങളെങ്കില്‍ അതൊരു ശരിയായ നടപടി ആയിരിക്കണമെന്നില്ല.

മിഡ് കാപുകളുടെയും സ്‌മോള്‍ കാപുകളുടെയും ഒരു വര്‍ഷമായിരിക്കും 2019 എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം 2018ലെ സംഭവ വികാസങ്ങളാല്‍ അവയുടെ വില വളരെ ആകര്‍ഷകമായ നിലവാരത്തിലേ ക്കെത്തിയിട്ടുണ്ട്.

എല്ലാ ലാര്‍ജ് കാപ് ഓഹരികളും ഒരു സമയത്ത് സ്‌മോള്‍ കാപോ മിഡ് കാപോ ആയിരുന്നവയാണ്. 1993ല്‍ ഇന്‍ഫോസിസിന്റെ ഓഹരി ഞാന്‍ ആദ്യമായി വാങ്ങുമ്പോള്‍ അതൊരു മൈക്രോ കാപായിരുന്നു. അതിനാല്‍ സ്‌മോള്‍ കാപുകള്‍ വാങ്ങരുതെന്ന് പറയുന്നത് തെറ്റായിരിക്കും.

മിഡ് കാപില്‍ അവസരങ്ങള്‍ ധാരാളം

എല്ലാവര്‍ക്കും വ്യത്യസ്ത നിക്ഷേപശൈലികളാണുള്ളത്. ചില ആളുകള്‍ ബ്ലൂചിപ് കമ്പനികളില്‍ മാത്രമേ നിക്ഷേപിക്കൂ. പ്രതിവര്‍ഷം 10-15 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ വളരെ സുരക്ഷിത നേട്ടമുണ്ടാക്കുന്ന മികച്ചൊരു നിക്ഷേപ മാര്‍ഗമാണത്. അവര്‍ക്ക് വലിയ ചഞ്ചാട്ടമുണ്ടാകില്ല. അത് ഒരുതരം നിക്ഷേപശൈലിയാണെങ്കിലും അത് മാത്രമല്ല നിക്ഷേപശൈലിയായിട്ടുള്ളത്. പ്രതിവര്‍ഷം 25-30 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനും വലിയ കമ്പനികളായി വളരാനും സാധ്യതയുള്ള അനേകം മിഡ് കാപ്ബിസിനസുകള്‍ ഇപ്പോഴും നിലവിലുണ്ട്. പക്ഷെ 2013ലെ അത്രത്തോളം അവസരങ്ങള്‍ ഇല്ലെന്ന് മാത്രം.

കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലും കോര്‍പ്പറേറ്റ് ഗവേണന്‍സിലും ഉണ്ടാകുന്ന പുരോഗതിയെക്കുറിച്ച് ഞാന്‍ വാദിച്ചിരുന്നു. എന്നാല്‍ നിരവധി മാനേജ്‌മെന്റുകള്‍ പതിവ് തട്ടിപ്പുകള്‍ തുടരുകയും പണം നഷ്ടപ്പെടുത്തുന്നതിനുള്ള പഴുതുകള്‍ കണ്ടെത്തുകയും ചെയ്തുവെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

മിഡ് കാപുകളിലെ സെന്റിമെന്‍സും ലിക്വിഡിറ്റിയും ഇപ്പോള്‍ വളരെയേറെ കുറഞ്ഞിരിക്കുകയാണ്. ലിക്വിഡിറ്റിയും സെന്റിമെന്റ്‌സും തിരിച്ചെത്തുമ്പോള്‍ അത് ഓഹരികള്‍ വാങ്ങുന്നതിനല്ല മറിച്ച് വില്‍ക്കുന്നതിനുള്ള സമയമായിരിക്കും. എപ്പോഴാണോ ലിക്വിഡിറ്റിയും സെന്റിമെന്റ്‌സും കുറഞ്ഞിരിക്കുന്നത് അപ്പോള്‍ 300 രൂപയുടെ ഒരു ഓഹരി 100 രൂപക്ക് നിങ്ങള്‍ക്ക് കിട്ടും.

2013ല്‍ പൊതുവെ ഓഹരികള്‍ വാങ്ങാന്‍ ആരും താല്‍പ്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ നിരവധി കമ്പനികളുടെ പി.ഇ റേഷ്യോ അഞ്ചും ആറുമൊക്കെ ആയിരിക്കുമ്പോഴും ഞാന്‍ അവയില്‍ നിക്ഷേപിക്കുമായിരുന്നു. വലിയൊരു ഇടിവിന് ശേഷവും അത്തരം ഓഹരികളില്‍ മിക്കതും ഇപ്പോള്‍ അഞ്ചും പത്തും ഇരട്ടിയായെന്ന് മാത്രല്ല ചില ഓഹരികള്‍ 20-30 ഇരട്ടിയായും വര്‍ദ്ധിച്ചിട്ടുണ്ട്.

ബിസിനസ് മോഡലിലും അതിന്റെ വളര്‍ച്ചയിലും നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ സെന്റിമെന്റ്‌സ് താണിരിക്കുമ്പോള്‍ ദൃഢവിശ്വാസത്തോടെ മിഡ് കാപുകളും സ്‌മോള്‍ കാപുകളും വാങ്ങുക. അപ്പോള്‍ ലിക്വിഡിറ്റിയും കുറഞ്ഞിരിക്കുകയാണെങ്കില്‍ അതൊരു അധിക നേട്ടമാകും. ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സോ മറ്റുള്ളവരോ അതിനെ പിന്തുടരാത്തതിനാല്‍ നിങ്ങള്‍ക്കവ എളുപ്പത്തില്‍ വാങ്ങാനാകും.

പരിഗണിക്കാം, സിമന്റ് കമ്പനികള്‍

ഇപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ തകര്‍ന്നടിഞ്ഞു കിടക്കുന്നൊരു മേഖലയാണ് സിമന്റ്. ഈ വ്യവസായത്തിന് രണ്ട് സുപ്രധാന ഘടകങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. മിഡ് കാപ് സിമന്റ് കമ്പനികള്‍ വന്‍ തകര്‍ച്ച നേരിടുക മാത്രമല്ല എന്റര്‍പ്രൈസ് വാല്യൂ ടണ്ണിന് 45-50 ഡോളര്‍ എന്ന നിരക്കില്‍ അവ ലഭ്യമാണ്. സിമന്റിനുള്ള ജി.എസ്.ടിയാകട്ടെ 28 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്.

എന്നാല്‍ അടുത്തകാലത്ത് തന്നെ ഈ നിരക്ക് കുറക്കുമെന്ന വ്യക്തമായ സൂചനയുണ്ട്. എന്റര്‍പ്രൈസ് വാല്യൂ ടണ്ണിന് 50-60 ഡോളര്‍ നിലയില്‍ ഈ മേഖല നിക്ഷേപത്തിനു സുരക്ഷിതമാണ്. ഇന്ന് സിമന്റ് വ്യവസായത്തിലെ റീപ്ലെയ്‌സ്‌മെന്റ് കോസ്റ്റ് പരിശോധിച്ചാല്‍ അത് എന്റര്‍പ്രൈസ് വാല്യൂ ടണ്ണിന് 100 ഡോളറില്‍ അധികമാണെന്ന് മനസിലാകും.

ബ്ലൂചിപ് സിമന്റ് കമ്പനികള്‍ പോലും ഇപ്പോള്‍ 80-90 ഡോളറിന് ലഭിക്കും. മികച്ച രീതിയില്‍ മാനേജ് ചെയ്യപ്പെടുന്ന മിഡ് കാപ് സിമന്റ് കമ്പനികളുടെ വാല്യുവേഷന്‍ ടണ്ണിന് 50-60 ഡോളര്‍ നിലയില്‍ 2019ല്‍ അവയിലെ നിക്ഷേപം സുരക്ഷിതമായിരിക്കും.

പ്രതീക്ഷിക്കാം, ബുള്‍ സൈക്കിള്‍

2019ലെ തെരെഞ്ഞെടുപ്പ് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യ സാക്ഷ്യം വഹിച്ച വമ്പന്‍ പരിഷ്‌ക്കാരങ്ങളായ കറന്‍സി പിന്‍വലിക്കല്‍, ജി.എസ്.ടി, ഐ.ബി.സി എന്നിവയുടെ പശ്ചാത്തലത്തില്‍ വേണം അതിനെ കാണേണ്ടത്.

ഇന്ത്യയെന്നത് വളരെ വിശാലവും വൈവിധ്യവും അതോടൊപ്പം ഒട്ടേറെ പരിമിതികളുമുള്ള ഒരു സമ്പദ്ഘടനയായതിനാല്‍ ജി.എസ്.ടി പോലുള്ള ഒരു പരിഷ്‌ക്കാരം നടപ്പാക്കുകയെന്നത് സുഗമമായൊരു കാര്യമല്ല. അതിനാലാണ് അതിന്റെ ആശയരൂപീകരണം മുതല്‍ നടപ്പാക്കല്‍ വരെ പതിറ്റാണ്ടുകള്‍ നമുക്ക് വേണ്ടിവന്നത്.

കള്ളപ്പണം ഇല്ലാതാക്കുകയും ഔദ്യോഗിക സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തുകയും ഉയര്‍ന്ന വളര്‍ച്ചക്കുള്ള അടിത്തറ സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനാണ് ഇത്തരം പരിഷ്‌ക്കരണ നടപടികളിലൂടെ ഗവണ്‍മെന്റ് ശ്രമിച്ചത്.

ഒരു രാഷ്ട്രമെന്ന നിലയില്‍ ജനാധിപത്യപരമായി വേണ്ടത്ര പക്വത നമ്മള്‍ ഇനിയും നേടിയിട്ടില്ല. ഉത്തരവാദിത്വവും ദീര്‍ഘവീക്ഷണവുമില്ലാത്ത രാഷ്ട്രീയക്കാര്‍ ആരെയും എന്തിനെയും വിശ്വസിക്കുന്ന വോട്ടര്‍മാരെ കൈയ്യിലെടുക്കുന്നതിനായി മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നതിലൂടെ രാജ്യത്തിന് ദോഷം വരുത്തിവക്കുകയാണെന്ന വസ്തുത നമ്മള്‍ മനസിലാക്കുന്നില്ല.

തിരിഞ്ഞുനോക്കുമ്പോള്‍ 2004, 2009 & 2014 എന്നീ വര്‍ഷങ്ങളിലെ പൊതു തെരെഞ്ഞെടുപ്പു കളെല്ലാം ഒരു ബുള്‍ സൈക്കിളിന്റെ തുടക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇത്തവണയും അത് വ്യത്യസ്തമാകില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആശങ്കകളെ നമ്മള്‍ പിന്നിലാക്കി കഴിഞ്ഞു.

Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles
Next Story
Videos
Share it