ഈ വര്‍ഷം റബ്ബര്‍ വിലയില്‍ എന്തുസംഭവിക്കും? വിലയെ സ്വാധീനിക്കാവുന്ന ഘടകങ്ങള്‍

2022 ല്‍ ആഗോള റബ്ബര്‍ ഉല്‍പ്പാദനം 4.8 ശതമാനം കണ്ട് വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ ആകെ ഉല്‍പ്പാദനം 14.6 ദശലക്ഷം ടണ്‍ ആകും. വിളവെടുപ്പിന് പാകമായ റബ്ബര്‍ മരങ്ങളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനയാകും ഉല്‍പ്പാദനം കൂടാന്‍ പ്രധാന കാരണമാകുക.

2022 ഓടെ 2.5 ലക്ഷം ഹെക്ടറിലെ റബ്ബര്‍ മരങ്ങള്‍ ടാപ്പിംഗിന് പാകമാകും. ഏഴ് വര്‍ഷം മുമ്പ് നട്ട മരങ്ങള്‍ മൂപ്പെത്തുന്നതോടെയാണിത്. 2022 ല്‍ ആഗോള ഉപഭോഗം 4 മുതല്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്ന് 17.7 ദശലക്ഷം ടണ്‍ ആകും.

സന്തുലിതമായ ഡിമാന്‍ഡ്-സപ്ലൈ സ്ഥിതിയാണ് 2022 ല്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ മരങ്ങളില്‍ നിന്ന് വിളവെടുപ്പ് തുടങ്ങുന്നതോടെ സപ്ലൈയില്‍ ഉണ്ടാകുന്ന വര്‍ധന ഡിമാന്‍ഡ് ഉയരുന്നതിലൂടെ സന്തുലിതമാക്കാനാകും.

ഉല്‍പ്പാദനത്തിന് പ്രധാന തടസ്സമായി വരാവുന്നത് കാലാവസ്ഥാ വ്യതിയാനമാണ്. ടാപ്പിംഗ് ദിവസങ്ങള്‍ കുറയുന്നതും പാല്‍ കുറയുന്നതും ഇതിന് കാരണമാകാം. കോവിഡ് 19 വ്യാപനം തുടരുകയാണെങ്കില്‍ സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവ് വൈകുന്നതും ഡിമാന്‍ഡില്‍ കുറവു വരുത്താം.

ഡിമാന്‍ഡ്-സപ്ലൈ എന്നതിലുപരി റബ്ബര്‍ വിലയെ ബാധിക്കാവുന്ന മറ്റു മൂന്നു കാര്യങ്ങള്‍ ഇവയാണ്:

പണപ്പെരുപ്പം വര്‍ധിച്ചു വരുന്നതിലെ സമ്മര്‍ദ്ദം മൂലം വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ 2022 ന്റെ ആദ്യ പകുതിയില്‍ പലിശ നിരക്കില്‍ വര്‍ധന വരുത്തിയേക്കാം. വായ്പകള്‍ ചെലവേറിയതാകുമ്പോള്‍ കമ്മോഡിറ്റികളിലെ നിക്ഷേപം സാമ്പത്തികമായി ആകര്‍ഷകമല്ലാതായി മാറും എന്നതിനാലാണിത്.

അടുത്ത വര്‍ഷം ജൂണോടെ യുഎസ് ഫെഡറല്‍ റിസര്‍വ് വന്‍തോതിലുള്ള ബോണ്ട് വാങ്ങല്‍ അവസാനിപ്പിക്കുകയും പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഫലമായി ഡോളര്‍ കരുത്താര്‍ജ്ജിക്കും. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് കമോഡിറ്റികളിലെ നിക്ഷേപം നിരുത്സാഹപ്പെടുത്തും.

ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി ജനുവരിയില്‍ പിന്‍വലിക്കുന്നതോടെ ക്രൂഡ് ഓയില്‍ വില വര്‍ധന നിലയ്ക്കുകയും 2022 ല്‍ ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് ശരാശരി 70 ഡോളറാകുമെന്നുമാണ് യുഎസ് എനര്‍ജി ഇന്‍ഫോര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ 2021 ഡിസംബറില്‍ പുറത്തിറക്കിയ 'ഷോര്‍ട്ട് ടേം എനര്‍ജി ഔട്ട്‌ലുക്കി'ല്‍ ചൂണ്ടിക്കാട്ടുന്നത്.

2021 ല്‍ ശരാശരി 70.60 ഡോളറായിരുന്നു വില. കൃത്യമായി പറഞ്ഞാല്‍ ക്രൂഡ് ഓയില്‍ വില വര്‍ധന നല്‍കുന്ന പിന്തുണ സ്വാഭാവിക റബ്ബറിന് പുതുവര്‍ഷത്തില്‍ ലഭിച്ചേക്കില്ല.

സന്തുലിതമായ സപ്ലൈ-ഡിമാന്‍ഡ് സ്ഥിതിയാകും പുതു വര്‍ഷത്തില്‍ റബ്ബര്‍ വില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുക. നിലവിലെ സപ്ലൈ-ഡിമാന്‍ഡ് സാഹചര്യത്തില്‍ വലിയൊരു കുതിപ്പിനോ താഴ്ചയ്‌ക്കോ സാധ്യതയില്ല.

പുതുവര്‍ഷത്തെ ആദ്യ പകുതിയേക്കാള്‍ മികച്ച വില രണ്ടാം പകുതിയില്‍ ലഭിക്കാം. കാരണം, കേന്ദ്ര ബാങ്കുകളുടെ നയങ്ങള്‍, വായ്പാ ചെലവ് വര്‍ധന, ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് തുടങ്ങിയ സാഹചര്യങ്ങള്‍ ആദ്യപകുതിയില്‍ റബ്ബര്‍ വിലയെ ബാധിക്കും.

2022 ന് ശേഷം വിളവെടുപ്പ് പ്രദേശങ്ങളിലുണ്ടാകുന്ന കുറവ് 2023 മുതല്‍ ആഗോളതലത്തില്‍ റബ്ബര്‍ സപ്ലൈ കുറക്കും. 2016 മുതല്‍ റബ്ബര്‍ കൃഷിയില്‍ ഉണ്ടായിരിക്കുന്ന കുറവ് 2023 മുതലാകും ഉല്‍പ്പാദനത്തില്‍ പ്രതിഫലിക്കുക.

(ആഗോള റബ്ബര്‍ ഇന്‍ഡസ്ട്രി അനലിസ്റ്റും എഎന്‍ആര്‍പിസിയുടെ മുന്‍ സീനിയര്‍ ഇക്കണോമിസ്റ്റുമാണ് ലേഖകന്‍)

Jom Jacob
Jom Jacob - Global Rubber Industry Analyst & Former senior economist at ANRPC  
Related Articles
Next Story
Videos
Share it