Top

ഇന്ത്യയില്‍ ഇപ്പോള്‍ എന്തുകൊണ്ട് നിക്ഷേപിക്കണം? എവിടെ നിക്ഷേപിക്കണം?

പൊറിഞ്ചു വെളിയത്ത്
ഇന്ത്യ ഉണരുകയാണ്. കോവിഡ്, ആഗോളതലത്തില്‍ തന്നെ ടെക്നോളജി ഡിസ്റപ്ഷന് ആക്കം കൂട്ടി. മാത്രമല്ല, ചൈനയ്ക്ക് ബദലായുള്ള ഒരു വിശ്വസ്ത പങ്കാളിയായി ഇന്ത്യയെ രാജ്യാന്തരതലത്തിലേക്ക് ഉയര്‍ത്താനും ഇത് ഏറെ സഹായിച്ചു. മറ്റെന്നത്തേക്കാളും കൂടുതലായി മൂലധനവും അവസരങ്ങളും നമ്മളിലേക്ക് ഇപ്പോള്‍ വരുന്നു. കോവിഡും അതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളും കേന്ദ്ര ധനമന്ത്രിയെ, ഇന്ത്യയില്‍ മറ്റൊരിക്കലും കാണാത്ത വിധത്തിലുള്ള ഉദാരമായ ധനവിനിയോഗത്തിന് നിര്‍ബന്ധിതമാക്കുകയും ചെയ്തു. ഇതിന്റെയെല്ലാം പരിണിതഫലങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ഇനി വരുന്ന നിരവധി വര്‍ഷങ്ങളില്‍ ഇരട്ടയക്ക ജിഡിപി വളര്‍ച്ചയ്ക്ക് നാം സാക്ഷ്യം വഹിക്കുക തന്നെ ചെയ്യും.
ഏഴ് ദശാബ്ദങ്ങള്‍ നീണ്ട പരാജയപ്പെട്ട സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ , കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. മുന്‍പെന്നത്തേക്കാളേറെ ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ സ്വതന്ത്ര വിപണിയെയും സ്വകാര്യ സ്ഥാപനങ്ങളെയും കുറിച്ച് തുറന്ന് സംസാരിക്കുന്നത് തന്നെ ഇത് സ്പഷ്ടമാക്കുന്നു. വെല്‍ത്ത് ക്രിയേഷന്‍, അഥവാ സമ്പത്ത് ആര്‍ജ്ജിക്കുന്നതിനെ ചുറ്റിപറ്റിയുള്ള പൊതുമനോഭാവത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുന്നതിനാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇതോടൊപ്പം നിശ്ചയദാര്‍ഢ്യത്തോടെയുള്ള പരിഷ്‌കരണ നടപടികള്‍, ഫ്യൂച്ചറിസ്റ്റിക്കായ നയങ്ങള്‍, ആത്മവിശ്വാസം നിറയുന്ന ഭൂമിരാഷ്ട്രതന്ത്രം - അന്താരാഷ്ട്ര രാഷ്ട്രീയ കാലാവസ്ഥ, കാലങ്ങളായി പരിഹാരം കാണാതെ കിടന്ന പ്രശ്നങ്ങള്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരിഹരിക്കപ്പെടുന്നത് തുടങ്ങിയവയെല്ലാം ഇന്ത്യയെ പുതിയൊരു വളര്‍ച്ചാ ഓര്‍ബിറ്റിലേക്ക് കുതിച്ചുകയറാന്‍ സഹായിച്ചിട്ടുണ്ട്.
ഉത്തരവാദിത്ത ബോധമുള്ള ആഗോള സൂപ്പര്‍പവറായി ഉദിച്ചുയരാനുള്ളതെല്ലാം പുനര്‍ചൈതന്യം ലഭിച്ച ഇന്നത്തെ ഇന്ത്യയ്ക്കുണ്ട്. ഭൂരിഭാഗം മലയാളികള്‍ക്കും ഇന്നത്തെ കേന്ദ്ര ഭരണകൂടത്തോട് രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടാകാമെങ്കിലും രാഷ്ട്രീയത്തിന് അതീതമായി ബിസിനസ് പരിതസ്ഥിയില്‍ വരുന്ന കാതലായ മാറ്റം ഉള്ളുതുറന്ന് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ഗ്രോത്ത് സ്റ്റോറിയില്‍ അതിനിര്‍ണായക ഘടകം തന്നെ ഇതാണ്. എല്ലാത്തിനുമുപരി, ബിസിനസിന് രാഷ്ട്രീയമില്ല.
ഓഹരി വിപണിയില്‍ എന്ത് സംഭവിക്കുന്നു?
ഓഹരി വിപണി 2020 മാര്‍ച്ചില്‍ സാക്ഷ്യം വഹിച്ച വില്‍പ്പനപ്പൂരം തീര്‍ച്ചയായും എടുത്തുചാടി വളരെ പെട്ടെന്ന് സംഭവിച്ച ഒന്നായിരുന്നു. അതുകൊണ്ട് തന്നെ, വിപണിയുടെ തിരിച്ചുകയറ്റവും ഒട്ടും അത്ഭുതപ്പെടുത്താത്ത വിധം അതിവേഗത്തില്‍ തന്നെയുള്ളതായി. സമീപഭാവിയില്‍ ഓഹരി വിപണി എങ്ങോട്ട് നീങ്ങുമെന്ന പ്രവചനത്തിന് മുതിരുന്നത് നിഷ്ഫലമായ കാര്യമാണ്. സൂചികയുടെ പ്രകടനത്തെ പറ്റി ആശങ്കപ്പെടുന്നവരുണ്ടെങ്കില്‍, അവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. നാല് ശതമാനം പലിശയോടെ നിഫ്റ്റി 15,000 തലത്തില്‍ നില്‍ക്കുമ്പോള്‍, അത് എട്ട് ശതമാനം പലിശയോടെ നിഫ്റ്റി 13,000 എന്ന തലത്തില്‍ നില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കാണ്. വാല്വേഷന്‍ ഒരു താരതമ്യഘടകമാണ്. മാക്രോ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് വേണം അത് നിര്‍ണയിക്കാന്‍.
തീര്‍ച്ചയായും ലാര്‍ജ്കാപ് ബ്ലൂചിപ്പ് ഓഹരികളുടെ വാല്വേഷന്‍ കൂടുതല്‍ തന്നെയാണ്. അതേസമയം, നിരവധി സ്മോള്‍കാപ് ബ്ലൂചിപ്പുകള്‍ ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ ലഭ്യമാണ്. അതിന് നന്ദി പറയേണ്ട്ത് മ്യൂച്വല്‍ ഫണ്ടുകളോടാണ്. 2018 മുതല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഇത്തരം ഓഹരികള്‍ മൂല്യം കാണാതെ വലിച്ചെറിയുകയും അതുമൂലം വിശാല വിപണിയിലെ വാല്വേഷന്‍ ആകര്‍ഷകമായ തലത്തില്‍ എത്തുകയും ചെയ്തു. എന്റെ അഭിപ്രായത്തില്‍, നമ്മളിപ്പോള്‍
"Sell Index", "Buy - stocks"
വിപണിയിലാണ്. കഴിഞ്ഞ കാലത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിനെ വീക്ഷിക്കുമ്പോള്‍, ഈ പ്രവണത കുറച്ചുകാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ വാരിക്കൂട്ടിയ വ്ന്‍ ഓഹരികളുടെ വാല്വേഷനും ഫണ്ടുകള്‍ വലിച്ചെറിഞ്ഞ നല്ല ഓഹരികളുടെ വാല്വേഷനും തമ്മിലുള്ള അന്തരം, അവഗണിക്കാനാകാത്ത വിധം ഏറെ വലുതാണ്!
അടുത്ത 2-3 വര്‍ഷങ്ങള്‍ വാല്യു ഇന്‍വെസ്റ്ററെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങള്‍ സമ്മാനിക്കുന്നതാകും. ഓര്‍ക്കുക, സെന്‍സിബ്ളായ എല്ലാ നിക്ഷേപങ്ങളും വാല്യു ഇന്‍വെസ്റ്റിംഗ് തന്നെയാണ്. മൂല്യമുള്ള സ്മോള്‍കാപ് ഓഹരികള്‍ രണ്ട് മൂന്ന് ആഴ്ചകള്‍ കൊണ്ട് ഇരട്ടി വിലവര്‍ധന നേടുന്ന വിപണിയാണിത്. വാല്യു ഇന്‍വെസ്റ്റേഴ്സിന്റെ റിസ്‌ക് എടുക്കാനുള്ള ശേഷി അനുസരിച്ച് ഒട്ടനവധി സ്മോള്‍ കാപ് അവസരങ്ങള്‍ ഇപ്പോഴും വിപണിയിലുണ്ട്. പുതിയ അവസരങ്ങള്‍ കയ്യിലുള്ളവയുമായി നിരന്തരം താരതമ്യം ചെയ്തുകൊണ്ടേയിരിക്കുക. അതിനുശേഷം മാത്രം വിറ്റ് വാങ്ങുന്നതിനെ പറ്റി തീരുമാനമെടുക്കുക.


Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it