Begin typing your search above and press return to search.
ഇനി വായിച്ചല്ല, കേട്ട് വളരും മലയാളികള്‍; ഓഡിയോ ബുക്കുകള്‍ക്ക് പ്രിയമേറുന്നു
വ്യായാമത്തിനിടയല്‍, പാചകം ചെയ്യുമ്പോള്‍, യാത്രക്കിടയില്‍ എല്ലാം അവനവന്റെ സൗകര്യത്തിന് അനുസരിച്ച് കേള്‍ക്കാം എന്നതാണ് ഓഡിയോ ബുക്കുകളെ പ്രിയപ്പെട്ടതാക്കുന്നത്
ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയുംറേഡിയോ കമന്ററി കേട്ട് ആവേശം കൊണ്ടിരുന്ന ഒരു തലമുറ കേരളത്തില്‍ ഉണ്ടായിരുന്നു. അതൊക്കെ കടന്ന് വിര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്തേക്കുള്ള യാത്രയിലാണ് നമ്മള്‍. അതിനൊപ്പം ചില ശീലങ്ങളിലും മാറ്റങ്ങള്‍ വരുകയാണ്. അതിലൊന്നാണ് ഓഡിയോ ബുക്കുകളുടെ കടന്നുവരവ്.
തെരക്കുപിടിച്ച ജീവിതചര്യയില്‍ പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ വായന ശീലം ഓഡിയോ ബുക്കുകളിലൂടെ കേട്ടിട്ടാണെങ്കിലും തിരിച്ചുകിട്ടിയെന്ന് പറയുന്നവര്‍ ഉണ്ട്. വ്യായാമത്തിനിടയല്‍, പാചകം ചെയ്യുമ്പോള്‍, യാത്രക്കിടയില്‍ എല്ലാം അവനവന്റെ സൗകര്യത്തിന് അനുസരിച്ച് കേള്‍ക്കാം എന്നതാണ് ഓഡിയോ ബുക്കുകളെ പ്രിയപ്പെട്ടതാക്കുന്നത്. കൂടാതെ കാഴ്ച പരിമിതി ഉള്ളവര്‍ക്കും ഓഡിയോ ബുക്ക് പ്രയോജനകരമാണ്.
ആമസോണ്‍, സ്‌റ്റോറിടെല്‍, സ്‌പോട്ടിഫൈ, ഗൂഗിള്‍ പ്ലേബുക്ക് തുടങ്ങി നിരവിധി ആപ്പുകളാണ് സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ഇന്ന് ഇന്ത്യയില്‍ ഓഡിയോ ബുക്ക് സേവനം നല്‍കുന്നത്. ലോയല്‍, പ്രതിലിപി തുടങ്ങി സൗജന്യമായി ഓഡിയോബുക്ക് സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകളും ഉണ്ട്.
2020ല്‍ ആഗോള തലത്തില്‍ 4 ബില്യണ്‍ ഡോളറിന്റെ വിപണിയുണ്ടായിരുന്നു ഓഡിയോ ബുക്കിന്. 2030 ഓടെ അത് 20 ബില്യണ്‍ ഡോളര്‍ ആയി മാറുമെന്നാണ് കണക്കുകള്‍. ഈ വളര്‍ച്ച ഇന്ത്യയിലും കാണാം. രാജ്യത്തെ പുസ്തക വിപണിയില്‍ ഓഡിയോ, ഇ- ബുക്കുകളുടെ സാന്നിധ്യം 8 മുതല്‍ 10 ശതമാനം വരെയാണ്. ഇ-ബുക്കുകളോടൊപ്പം ഇനി ഓഡിയോ ബുക്കും പ്രസാദകരുടെ പ്രധാന വരുമാനമാര്‍ഗമായി മാറും എന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ ഓഡിയോ ബുക്ക് വിപണി
ഇന്ത്യയില്‍ ആകെ പ്രകടമായ വളര്‍ച്ച, ഓഡിയോ ബുക്ക് വിപണിയില്‍ കേരളത്തിലും പ്രതിഫലിച്ചു. ഓഡിയോ ബുക്ക് ആപ്പുകളുടെ വരവിന് മുമ്പ് തന്നെ പ്രശസ്തമായ പല നോവലുകളും യൂട്യൂബിലൂടെ ഓഡിയോ രൂപത്തില്‍ ഇറങ്ങിയിരുന്നു. പോഡ്കാസ്റ്റുകള്‍ക്കും മറ്റും കിട്ടുന്ന പിന്തുണ മുന്നില്‍ കണ്ട് മലയാള മനോരമ ഉള്‍പ്പടെയുള്ളവര്‍ ആഴ്ചപതിപ്പിലെ നോവലുകളും ഓഡിയോ രൂപത്തില്‍ വായനക്കാരിലേക്ക് എത്തിച്ചു. സംസ്ഥാനത്ത് ആദ്യമായി ഓഡിയോ ബുക്കുകള്‍ വിപണിയില്‍ എത്തിയച്ചത് 2016ല്‍ കേരളാ ബുക്ക് സ്റ്റോര്‍ ആയിരുന്നു.
ഉയര്‍ന്ന സാക്ഷരതയും സാഹിത്യത്തിന് നല്‍കുന്ന പ്രധാന്യവുമാണ് പല ഓഡിയ ബുക്ക് കമ്പനികളെയും കേരളത്തിലേക്ക് എത്തിച്ചത്. ആമസോണിന്റെ ഓഡിബിള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തുണ്ടെങ്കിലും ഓഡിയോ ബുക്ക് വിപണിയില്‍ സംസ്ഥാനത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്‌റ്റോറിടെല്‍ ആണ്. ഡിസി ബുക്ക്‌സുമായി സഹകരിക്കുന്ന സ്വീഡിഷ് കമ്പനിയാണ് സ്റ്റോറിടെല്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്നുള്ള സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഗണ്യമായി വര്‍ധിച്ചെന്ന് സ്‌റ്റോറിടെല്‍ മലയാളം കൊമേഴ്‌സ്യല്‍ മാനേജര്‍ ഹരികൃഷ്ണന്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തം ആരംഭിച്ച സ്റ്റോറിടെല്ലിന്റെ രാജ്യത്തെ മൂന്നാമത്തെ വലിയ വിപണിയാണ് മലയാളം. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മറാത്തിയും തമിഴുമാണ്.
സ്റ്റോറിടെല്ലിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ ഏറ്റവും അധികം കേള്‍വിക്കാരുള്ളത് കൊച്ചിയിലാണ്. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം എന്നീ നഗരങ്ങളാണ് പിന്നാലെ. നിലവില്‍ വളരെ കുറച്ച് പ്ലാറ്റ്‌ഫോമുകളെ ഓഡിയോ ബുക്ക് വിപണിയില്‍ ഉള്ളു. അതിനാല്‍ തന്നെ മത്സരം കുറവാണ്. എന്നാല്‍ ആളുകള്‍ കൂടുതലായി ഓഡിയോ ബുക്കിലേക്ക് മാറുമ്പോള്‍ സേവന ദാതാക്കള്‍ ഈ മേഖലയിലേക്ക് എത്തും. അത് കുറെകൂടി മെച്ചപ്പെട്ട സേവനങ്ങള്‍ കേള്‍വിക്കാര്‍ക്ക് ലഭിക്കാന്‍ അവസരം ഒരുക്കുമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.
പുതുതലമുറ എഴുത്തുകാര്‍ക്ക് നേരിട്ട് പുസ്‌കങ്ങള്‍ ലിസ്റ്റ് ചെയ്യാനുള്ള അവസരങ്ങളും പല ഓഡിയോ ബുക്ക് ആപ്പുകളും നല്‍കുന്നുണ്ട്. കമന്റ് ബോക്‌സില്‍ നേരിട്ട് ഇടപെഴകാം എന്നുള്ളതും ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമുകള്‍ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു.
കൂടാതെ മൊബൈല്‍ സ്‌ക്രീനിന്റെ ഉപയോഗം കുറയ്ക്കാനും മറ്റും ഓഡിയോ ബുക്ക്, ക്ലബ് ഹൗസ്, ട്വിറ്റര്‍ സ്‌പെയ്‌സ്,പോഡ്കാസ്റ്റുകള്‍ എന്നിവയിലേക്ക് തിരിഞ്ഞ ആളുകളും കേരളത്തില്‍ ഉണ്ട്. ഇത്തരക്കാരും ടെക്‌നോളജിയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന പുതു തലമുറ പുസ്തക പ്രേമികളും എത്തുന്നതോടെ വലിയ വളര്‍ച്ചയാണ് മലയാളം ഓഡിയോ ബുക്ക് വിപണി പ്രതീക്ഷിക്കുന്നത്.
Next Story
Videos