ഓണ്‍ലൈന്‍ കാരംസ് ടൂര്‍ണമെന്റ് വരുന്നു

എതിരാളിയെ നേരില്‍ കാണാതെ ചെസും കാരംസും ഓണ്‍ലൈനില്‍ കളിച്ച് പ്രശസ്തി നേടുന്നതോടൊപ്പം ലക്ഷങ്ങള്‍ സമ്മാനമായി നേടാനും അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ മള്‍ട്ടി-പ്ലേയര്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ശ്രദ്ധേയമാകുന്നു.

ഈ രംഗത്തു തിളക്കം കൈവരിച്ച എം.പി.എല്‍ (മൊബൈല്‍ പ്രീമിയര്‍ ലീഗ്) ഈയിടെ ഓണ്‍ലൈന്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 12 മണിക്കൂറിലധികം നീണ്ടുനിന്ന ഈ ഗെയിമില്‍ 90,472 പേര്‍ പങ്കെടുത്തു, 12 ലക്ഷം ഗെയിമുകള്‍ പൂര്‍ത്തിയായി. ഈ ആവേശമുള്‍ക്കൊണ്ട് കാരം ടൂര്‍ണമെന്റ് നടത്താന്‍ ഒരുങ്ങുകയാണിപ്പോള്‍ എംപിഎല്‍.

പഴയ ബോര്‍ഡ് ഗെയിമുകളില്‍ ജനങ്ങള്‍ക്കുള്ള നിലയ്ക്കാത്ത അഭിനിവേശമാണ് ഓണ്‍ലൈന്‍ യുദ്ധക്കളമൊരുക്കാന്‍ തങ്ങള്‍ക്കു പ്രേരകമാകുന്നതെന്ന് എം.പി.എല്‍ സഹസ്ഥാപകനും സിഇഒയുമായ സായ് ശ്രീനിവാസ് കിരണ്‍ ജി പറഞ്ഞു.ശ്രീനിവാസിന്റെ അഭിപ്രായത്തില്‍ ടൂര്‍ണമെന്റ് നടത്തുമ്പോള്‍ സമ്മാനം എല്ലായ്‌പ്പോഴും പ്രധാനപ്പെട്ട ഘടകമാണ്. നല്ല സമ്മാനപ്പണം മത്സരാത്മകത വര്‍ദ്ധിപ്പിക്കുന്നു. ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും 18 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ്. കോയമ്പത്തൂരില്‍ നിന്നുള്ള 18 കാരനായ പ്രൊഫഷണല്‍ കളിക്കാരന്‍ രത്നവേല്‍ ആയിരുന്നു വിജയി.

ഫെബ്രുവരിയില്‍ ആമസോണിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗെയിം ഓണ്‍ മാസ്റ്റേഴ്‌സ് ഇന്ത്യ ടൂര്‍ണമെന്റ് ഈ രംഗത്തെ സാധ്യതകള്‍ പുറത്ത് കൊണ്ടുവന്നിരുന്നു. ലുഡോ, റിയല്‍ കാരം പോലുള്ള മൊബൈല്‍ ഗെയിമുകളായിരുന്നു ടൂര്‍ണമെന്റിന്റെ ഭാഗമായത്.ഡല്‍ഹിയിലായിരുന്നു ഫൈനല്‍ മാമാങ്കം. ഇതിന്റെ ചുവടു പിടിച്ച് പി.യു.ബി.ജി മൊബൈല്‍, ആസ്ഫാള്‍ട്ട് 9 ഗെയിമുകള്‍ക്കപ്പുറമായി പരമ്പരാഗത കളികള്‍ക്കും ഓണ്‍ലൈനില്‍ ലഹരി പടര്‍ത്താനാകുമെന്നു തെളിയിക്കുകയാണ് എംപിഎല്‍.

Related Articles

Next Story

Videos

Share it