ലോക്ഡൗണ്‍ കാലത്ത് സംരംഭകരെ തീര്‍ച്ചയായും പ്രചോദിപ്പിക്കും ഈ 5 മലയാള സിനിമകള്‍

കോവിഡ് 19 ന്റെ സമൂഹ വ്യാപനം തടയാന്‍ രാജ്യം മുഴുവനും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സംരംഭങ്ങള്‍ പലതും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയലകപ്പെട്ടപ്പോഴാണ് ഇരുട്ടടി പോലെ കോവിഡും. കോവിഡ് കാലം സംരംഭകത്വത്തെ പോലും മാറ്റി വരച്ചേക്കാം എന്നാണ് പല വിദഗ്ധരും പറയുന്നത്. കൊറോണയ്ക്ക് മുമ്പും ശേഷവും എന്ന് സംരംഭങ്ങളെ മാറ്റി പറയേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. സംരംഭകര്‍ പലരും വീട്ടിലിരുന്നു തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയോടെ ചിന്തിക്കുകയും പുതിയ പദ്ധതികള്‍ തയ്യാറാക്കുകയുമാണ്. പലരും വര്‍ക്ക് ഫ്രം ഹോമും സൂം മീറ്റിംഗുകളുമെല്ലാമായി വീട്ടില്‍ ഇരുന്നു തന്നെ പരമാവധി ഔദ്യോഗിക ജോലികള്‍ ചെയ്തു തീര്‍ക്കുന്നു. എങ്കിലും ധാരാളം സമയം ഈ ദിവസങ്ങളില്‍ നമുക്ക് ലഭിക്കും. വീട്ടില്‍ ഇരുന്നും വളരെ പോസിറ്റീവ് ആയി തന്നെ ഈ ദിവസങ്ങളിലെ ഒഴിവു സമയങ്ങള്‍ ചെലവഴിക്കാവുന്നതാണ്. കുക്കിംഗ്, ഹോബികള്‍, ഓണ്‍ലൈന്‍ പഠനം, ഹോം വര്‍ക്കൗട്ടുകള്‍, സിനിമാ കാണല്‍ അങ്ങനെ സ്വയം ഉത്സാഹത്തോടെ ഇരിക്കാന്‍ പല വഴികള്‍ കണ്ടെത്താം. ഇതാ സിനിമാ കാണാന്‍ താല്‍പര്യമുള്ളവര്‍ക്കും പ്രചോദന കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും കാണാന്‍ അഞ്ച് മികച്ച സിനിമകള്‍. ഈ കോവിഡ് കാലത്ത് പുത്തന്‍ ആശയങ്ങളുടെ ചുവടുപിടിച്ച് സ്വയം കരുത്താര്‍ജിക്കാന്‍ ഈ സിനിമകള്‍ സഹായിക്കും. കണ്ടിട്ടുള്ളവര്‍ക്ക് ഇവ ഒന്നു കൂടി കാണുകയുമാകാം. കാരണം ഓരോ തവണ കാണുമ്പോഴും അവ നിങ്ങള്‍ക്ക് പുതിയൊരു പാഠം നല്‍കും എന്നതില്‍ സംശയമില്ല.

1. ജോമോന്റെ സുവിശേഷങ്ങള്‍

ഒരു സംരംഭകനെന്ന നിലയിലും വ്യക്തിയെന്ന നിലയില്‍ ഏറെ പ്രചോദിപ്പിക്കാവുന്ന ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ ഈ ചിത്രം. നിവധി സംരംഭങ്ങളുള്ള ഒരു വലിയ ബിസിനസുകാരന്റെ അലമ്പനായ മകന്‍ അച്ഛന്റെ ബിസിനസുകള്‍ ഓരോന്നായി തകരുന്നത് കണ്ട് ജീവിതത്തിലെ പുതിയ പാഠങ്ങള്‍ പഠിക്കുകയും സംരംഭകനെന്ന നിലയില്‍ വളരെ ചെറിയ തോതില്‍ ബിസിനസ് ആരംഭിച്ച് വളര്‍ന്നു വരുന്നതുമാണ് ചിത്രം. പല സ്ഥലങ്ങളിലും എംഎസ്എംഇ സംരംഭങ്ങളുടെ പ്രതിസന്ധികളെല്ലാം ചിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ്. ജോമോനായെത്തുന്ന ദുല്‍ഖറും അച്ഛന്റെ റോളിലെത്തുന്ന മുകേഷും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം.

ചിത്രത്തെക്കുറിച്ച് :

ഫുള്‍ മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് 'ജോമോന്റെ സുവിശേഷങ്ങള്‍'. ഡോ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ രാജേഷ്, മുകേഷ്, ഇന്നസെന്റ്, ഗ്രിഗറി, മുത്തുമണി, ഇന്ദു തമ്പി തുടങ്ങിയവര്‍ അഭിനേതാക്കളായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

2. ഉസ്താദ് ഹോട്ടല്‍

പരമ്പരാഗത ബിസിനസ് നടത്തുന്ന മുത്തച്ഛന്റെ അടുത്തേക്ക് എത്തുന്ന പാചകം പാഷനാക്കിയ ചെറുമകന്റെ കഥയാണിത്. തൊഴില്‍ നഷ്ടപ്പെട്ടുപോയേക്കാവുന്ന നിരവധി പേര്‍ക്ക് താങ്ങായി നിന്നു കൊണ്ട് എങ്ങനെ വ്യത്യസ്തമായ സംരംഭത്തെ വിജയകരമാക്കാം എന്ന ചിത്രം കാണിച്ചു തരും. ഹോട്ടല്‍ ബിസിനസുകളുടെ മറ്റൊരു മുഖമാണ് ഇതിലൂടെ നമ്മള്‍ കാണുന്നത്. മറ്റുള്ളവരെ സഹായിച്ചു കൊണ്ട് എങ്ങനെ ഒരു സാമൂഹ്യ സംരംഭം വിജയകരമാക്കാമെന്നും ഈ ചിത്രം കാട്ടിത്തരും. പണത്തെക്കാളും മൂല്യമുള്ള പലതും സംരംഭകന് കരുത്താണെന്ന് ചിത്രത്തിന്റെ പല സീനുകളും നമ്മോട് പറയുന്നു.

ചിത്രത്തെക്കുറിച്ച് :

വെപ്പുകാരന്‍ കരീമിന്റെ (തിലകന്‍) മകന്റെ മകനായ ഫൈസിയുടേ ആഗ്രഹം മികച്ച ഒരു ഷെഫായി ലണ്ടനിലെ ഒരു വലിയ റസ്റ്റോറന്റില്‍ ജോലി ചെയ്യണമെന്നായിരുന്നു. ആ ആഗ്രഹത്തിനു എതിരു നിന്ന ഉപ്പ അബ്ദു റസാഖു(സിദ്ദിഖ്) മായി പിണങ്ങിപ്പിരിഞ്ഞ് ഉപ്പൂപ്പയുടേ ഹോട്ടലില്‍ ജോലിയെടുക്കുന്നു. ആളുകളുടെ വിശപ്പു മാറ്റി വയറും മനസ്സും നിറക്കുന്ന കരീമിക്കയുടേ പാചകത്തിന്റെ രസക്കൂട്ട് സ്വായത്തമാക്കുകയും വിദേശ ജോലി നിരാകരിച്ച് ചുറ്റുമുള്ള ജീവിതങ്ങളെ മനസ്സിലാക്കി അവര്‍ക്കൊപ്പം പാചകത്തിന്റെ കൈപ്പുണ്യവുമായി വിജയിത്തിലേക്കെത്തുന്ന ഫൈസി (ദുല്‍ഖര്‍ സല്‍മാന്‍) എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് മുഖ്യ പ്രമേയം. കഥയും തിരക്കഥയും സംഭാഷണവും അഞ്ജലി മേനോന്‍. അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിച്ച ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മിച്ചത്.

3. ജേക്കബിന്റെ സ്വര്‍ഗരാജ്യം

തന്റെ തന്നെ സുഹൃത്തിന്റെ ജീവിതത്തില്‍ നിന്നും തന്നെ പ്രചോദിപ്പിച്ച ദുരിതകാലത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് വിനീത് ശ്രീനിവാസന്‍ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്ന പേരില്‍ സിനിമയാക്കിയത്. 2008ല്‍ അമേരിക്കയില്‍ ആരംഭിച്ച് ലോകമാകെ പടര്‍ന്നു പിടിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ജേക്കബിന്റെയും കുടുംബത്തിന്റെയും കഥ പറയുകയാണ് വിനീത്. ജേക്കബായി രണ്‍ജി പണിക്കരും, നാലു മക്കളില്‍ ഒരാളായ ജെറിയായി നിവിന്‍ പോളിയും എത്തുന്നു. ദുബായില്‍ ബിസിനസുകാരനായ ജേക്കബിനെ വിശ്വസിച്ചു കൂടെക്കൂട്ടിയ ഒരാള്‍ സാമ്പത്തികമായി ചതിക്കുന്നു. അതിന്റെ ആഘാതത്തില്‍ നിന്നും കരകയറും മുമ്പേ സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട് ബിസിനസ് മരവിക്കുന്നു. കടക്കാരെ പേടിച്ച് മറ്റൊരു രാജ്യത്തേയ്ക്ക് പോകേണ്ടി വരുന്ന ജേക്കബിന് തന്റെ സ്വര്‍ഗമായ ഭാര്യയെയും മക്കളെയും പിരിയേണ്ടി വരുന്നു. ഇതോടെ ഉത്തരവാദിത്തം മുഴുവനും സ്വന്തം ചുമലിലേല്‍ക്കുന്ന മകന്‍ ജെറി, അച്ഛനെ തിരികെ കൊണ്ടുവരാനും, കടങ്ങള്‍ തീര്‍ക്കാനുമായി നടത്തുന്ന പരിശ്രമങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ശേഷം ഭാഗം.

ചിത്രത്തെക്കുറിച്ച്:

നിവിന്‍ പോളി, ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി, ദിനേശ്, സായി കുമാര്‍, ടി.ജി.രവി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. നോബ്ള്‍ മാത്യു തോമസ് നിര്‍മിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍. ജോമോന്‍ ടി ജോണാണ് ഛായാഗ്രാഹകന്‍.
പ്രവാസി സംരംഭകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.

4. വിജയ് സൂപ്പറും പൗര്‍ണമിയും

ഇന്നത്തെ യുവജനതയുടെ രണ്ട് വെര്‍ഷനുകളാണ് ഈ ചിത്രത്തിലെ വിജയും പൗര്‍ണമിയും. സംരംഭകനാകാന്‍ മോഹിച്ച് നടക്കുന്ന വിജയും സംരംഭം എല്ലാം തുടങ്ങി പരാജയപ്പെട്ട് പോയ പൗര്‍ണമിയും അവിചാരിതമായി കണ്ടുമുട്ടുകയും പിന്നീട് സുഹൃത്തുക്കളും സംരംഭത്തിന്റെ പാര്‍ട്‌ണേഴ്‌സും പിന്നീട് ജീവിത പങ്കാളികളാകുകയും ചെയ്യുന്ന സിനിമയില്‍ പൗര്‍ണമി പറയാതെ പറഞ്ഞു തരുന്ന ഒരു പാഠമുണ്ട്, പരാജയം തീര്‍ച്ചയായും വിജയത്തിലേക്കുള്ള ചവിട്ടുപടി തന്നെയാണ്. ഒരു ട്രൂ സ്റ്റോറി അടിസ്ഥാനമാക്കിയ കഥയാണെന്ന് പറയുന്നിടത്ത് ചിത്രം പലര്‍ക്കും ഒരു പ്രോത്സാഹനം കൂടിയാവും.

പുതിയ പ്രതീക്ഷകളും കാഴ്ചപ്പാടുകളും യുവ സമൂഹത്തിലേക്ക് എത്തിക്കാന്‍ സിനിമ എവിടെയൊക്കെയോ കൊച്ചു കൊച്ചു ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നായകനേക്കള്‍ പക്വത പുലര്‍ത്തുന്ന, നായകന്റെ സ്വഭാവത്തില്‍ പലപ്പോഴും അസ്വസ്ഥയ്യാകുന്ന നായികാ കഥാപാത്രമായി ഐശ്വര്യ ലക്ഷ്മി പൗര്‍ണമിയായി എത്തുമ്പോള്‍, ദിശ അറിയാതെ പറക്കുന്ന ഒരു ശരാശരി മലയാളി യുവാവായി ആസിഫ് അലിയുടെ വിജയ് എത്തുന്നു. എന്നാല്‍ ഒരുമിച്ചു നിന്ന് രണ്ട് വ്യക്തികളുടെ രണ്ട് കഴിവുകള്‍ ചേര്‍ന്നാല്‍ വിജയം വരുമെന്ന് സിനിമയിലൂടെ പറയാതെ പറയുന്നു സംവിധായകന്‍.

ചിത്രത്തെക്കുറിച്ച്:

സിദ്ധിഖ്, ദേവന്‍, രഞ്ജി പണിക്കര്‍, ശാന്തികൃഷ്ണ എന്നിവരും നായകന്റെ ആത്മമിത്രങ്ങളുടെ വേഷത്തിലെത്തുന്ന ബാലു വര്‍ഗ്ഗീസും ആര്‍ ജെ ജോസഫ് അന്നംകുട്ടി ജോസും പ്രധാന കഥാപാത്രങ്ങളാകുന്നു. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ. കെ. സുനില്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.പ്രിന്‍സ് ജോര്‍ജാണ് സംഗീതസംവിധാനം.

5. വിക്രമാദിത്യന്‍

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും മുഖ്യ വേഷത്തിലഭിനയിച്ച വിക്രമാദിത്യന്‍ ഈ കോവിഡ് കാലത്ത് മികച്ച ഒരു പ്രചോദനാത്മക കഥയാണ് നിങ്ങളെ ഓര്‍മിപ്പിക്കുക. ജീവിതത്തില്‍ മൂന്ന് തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്നു ചെറുപ്പക്കാര്‍ ഈ സിനിമയില്‍ കടന്നു വരുന്നു. പ്രധാന കഥാപാത്രങ്ങളായ വിക്രമനും ആദിത്യനും ഒപ്പം ആദിത്യന്റെ ജീവിതത്തില്‍ അവിചാരിതമായ വഴിത്തിരിവാകുന്ന ലോകേഷ് എന്ന നിവിന്‍ പോളിയുടെ അതിഥി കഥാപാത്രവും. ആദിയും വിക്രമും ചെറുപ്പം മുതല്‍ പരസ്പരം വാശിയോടെ മത്സരിക്കുന്നവര്‍. ദീപിക എന്ന തങ്ങളുടെ കൂട്ടുകാരിയെ പോലും സ്വന്തമാക്കാന്‍ അവര്‍ക്കിടയില്‍ ഒരു വാശിയാണ് ഉള്ളത്.

ഒന്നിമില്ലായ്മയില്‍ നിന്നും ജീവിതത്തിന്റെ ഒളിച്ചോട്ടങ്ങളിലേക്കല്ല, പകരം ജീവിതം ഒരുക്കി വെച്ചിരിക്കുന്ന നല്ല കാലഘട്ടം എത്തിപ്പിടിക്കാന്‍ പ്രയത്‌നിക്കണമെന്ന് ചിത്രം പറയാതെ പറയുന്നുണ്ട്. എങ്കിലും എനിക്ക് ഈ സിനിമ വീണ്ടും കാണുമ്പോള്‍ തോന്നിയത് മറ്റൊന്നാണ്. ആദിയുടെ ജീവിതത്തില്‍ വഴിത്തിരിവായ ലോകേഷ് ആകണം നമ്മള്‍ പലപ്പോഴും. കഴിവുണ്ടായിട്ടും സാഹചര്യങ്ങള്‍ കൊണ്ട് പരാജിതരാകുന്നവര്‍ക്കൊപ്പം ചെറിയൊരു കൈത്താങ്ങായി മാറിയാല്‍ അവരില്‍ അത്ഭുത കരമായ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന്. ഈ കോവിഡ് കാലം പല ജീവിത സത്യങ്ങളും മനുഷ്യരെ ഓര്‍മിപ്പിക്കുന്നു. പണവും പ്രശ്‌സ്തിയുമെല്ലാം ഒരു വൈറസിന് മുന്നില്‍ വെറുതെയാവുന്നിടത്ത് മാനുഷിക മൂല്യങ്ങളും സഹായ മനോഭാവവും നിരവധി പേര്‍ക്ക് പുതു ജീവിതമേകും.

ചിത്രത്തെക്കുറിച്ച്:

2014 ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് വിക്രമാദിത്യന്‍. അനൂപ് മേനോന്‍,ലെന,സാദിഖ്,ജോയ് മാത്യു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.സംഗീതം ബിജിബാലിന്റേതാണ്. ലാല്‍ ജോസിന്റെ ഉടമസ്ഥതയിലുളള എല്‍.ജെ ഫിലിംസാണ് 2014 ജൂലൈ 25 നു പുറത്തിറങ്ങിയ ഈ വിജയചിത്രത്തിന്റെ വിതരണക്കാര്‍.

Courtesy: ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന എല്ലാ സിനിമാ പോസ്റ്ററുകളും സിനിമയുടെ പ്രമോഷന്‍ ആവശ്യങ്ങള്‍ക്ക് വിവിധ ടീമുകള്‍ നിര്‍മിച്ചത്.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it