ധോണിയും കോലിയും രാഹുലും അടിച്ചുതകര്‍ക്കുന്ന പിച്ചിലേക്ക് ഇതാ രവിശാസ്ത്രിയും!

കളിയില്‍ നിന്ന് വിരമിച്ചിട്ടും ക്രിക്കറ്റ് കളിക്കളത്തില്‍ നിന്ന് മാറിയിട്ടില്ല രവിശാസ്ത്രി. കോവിഡ് മൂലം ലോകമെമ്പാടുമുള്ള കളിക്കളങ്ങളില്‍ ആരവമൊഴിഞ്ഞപ്പോള്‍ ഒരു നിമിഷം അടങ്ങിയിരിക്കാത്ത ക്രിക്കറ്റെന്ന വിശേഷമുള്ള രവിശാസ്ത്രി പുതിയ റോള്‍ ഏറ്റെടുത്തു. ഇപ്പോള്‍ ക്രിക്കറ്റ് കളത്തിനകത്തും ബിസിനസ് രംഗത്തും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ ക്ലബില്‍ കൂടി രവിശാസ്ത്രി ഇടം നേടിയിരിക്കുന്നു.

അല്‍പ്പം ലേറ്റായാണ് സംരംഭകനായതെങ്കിലും ഒരു വാര നീട്ടിയെറിഞ്ഞാണ് രവിശാസ്ത്രി ബിസിനസിന്റെ കളത്തിലിറങ്ങിയിരിക്കുന്നത്. സാധാരണ ക്രിക്കറ്റ് പിച്ചിന്റെ നീളം 22 യാര്‍ഡാണ്. രവിശാസ്ത്രിയുടെ ബിസിനസ് സംരംഭത്തിന്റെ പേര് 23യാര്‍ഡ്‌സ് എന്നും. പേര് സൂചിപ്പിക്കും പോലെ ഒരു വാര കടന്ന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉല്‍പ്പന്നങ്ങളാണ് രവിശാസ്ത്രി വിപണിയിലെത്തിക്കുന്നത്. അഡോര്‍ മള്‍ട്ടി പ്രൊഡക്റ്റ്‌സുമായുള്ള പങ്കാളിത്തത്തിലൂടെ പുരുഷന്മാര്‍ക്കുള്ള ബോഡി വാഷ്, ഷേവിംഗ് ജെല്‍, ഡിയോഡറന്റ്, സാനിറ്റൈസര്‍ എന്നിവയെല്ലാം രവിശാസ്ത്രിയുടെ സംരംഭം വിപണിയിലെത്തിക്കുന്നു. നിലവില്‍ ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പന

ബിസിനസിലും നായകന്‍ കോഹ്‌ലി തന്നെ!

ക്രിക്കറ്റിലെന്ന പോലെ ബിസിനസിലും അടിച്ചുതകര്‍ക്കുന്നത് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയാണ്. ഫാഷന്‍ ബ്രാന്‍ഡായ Wrogn ല്‍ കോഹ്‌ലിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എഫ് സി ഗോവയുടെ ഉടമസ്ഥരില്‍ ഒരാളാണ്. ജിം ശൃംഖല ചിസല്‍, സ്റ്റാര്‍ട്ടപ്പുകളായ സ്‌പോര്‍ട്ട് കോണ്‍വോ, സ്‌റ്റെപാത്തലോണ്‍ കിഡ്‌സ് എന്നിവയിലും നിക്ഷേപമുണ്ട്.

സെവന്‍ എന്ന ഫിറ്റ്‌നസ്, ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡിന്റെ സഹ ഉടമയായ മഹേന്ദ്ര സിംഗ് ധോണി ഫിറ്റ്‌നസ് ക്ലബ്, സ്‌പോര്‍ട്‌സ്ഫിറ്റ് എന്നിവയുടെ നടത്തിപ്പിലും പങ്കാളിയാണ്.

മുന്‍കാലങ്ങളിലും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ ബിസിനസുകളുമായി സഹകരിച്ചിരുന്നുവെങ്കിലും അവ പരമ്പരാഗത രീതികളിലുള്ളവ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സ്ഥാപനങ്ങളും പ്രൊഫഷണലുകളും കടന്നുവന്നതോടെ കൂടുതല്‍ വൈവിധ്യമാര്‍ന്ന മേഖലകളിലേക്കാണ് അതിസമ്പന്നരായ സ്‌പോര്‍ട്‌സ് താരങ്ങള്‍ സംരംഭങ്ങളുമായി കടന്നെത്തുന്നത്.

കോഹ്്‌ലിയുടെ പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നത് അത്്‌ലറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ കോര്‍ണര്‍സ്‌റ്റോണാണ്. ധോണിയുടേത് റിതി സ്‌പോര്‍ട്‌സും. മറ്റൊരു പ്രമുഖ താരമായ കെ എല്‍ രാഹുല്‍ അപ്പാരല്‍ ബ്രാന്‍ഡായ ഗള്ളിയുമായാണ് പങ്കാളിത്തത്തിലേര്‍പ്പെട്ടിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ലോകകപ്പിന് മുന്നോടിയായ യൂസ് വേന്ദ്ര ചാഹല്‍ തന്റെ സ്വന്തം ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ CheQmate അവതരിപ്പിച്ചിരുന്നു. ക്രിക്കറ്റ് കളിക്കാരിലെ പ്രമുഖ നിക്ഷേപകരില്‍ ഒരാള്‍ യുവരാജ് സിംഗ് തന്നെയാണ്. നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.

താരത്തിളക്കമുണ്ടെങ്കിലും ബിസിനസിന്റെ പിച്ചില്‍ പലര്‍ക്കും അടിപതറിയിട്ടുമുണ്ട്. പലതും ഇപ്പോഴും ലാഭപാതയിലെത്തിയിട്ടില്ല. രവിശാസ്ത്രിയുടെ സംരംഭം അവിടെ തിളങ്ങുമോ മങ്ങുമോയെന്ന് കണ്ടറിയണം.

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it