കളി ബിസിനസാകുമ്പോള്‍: കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് ടര്‍ഫുകൾക്ക് സംഭവിച്ചത്!

ഒരു സിനിമ ഹിറ്റായാല്‍ അതേ ചേരുവയില്‍ നിരവധി സിനിമകളൊരുക്കി പരാജയത്തിലേക്ക് നീങ്ങുന്ന മലയാളിയുടെ സ്വഭാവം ബിസിനസിലും അപൂര്‍വമല്ല. കോഴിക്കോട് ബൈപ്പാസില്‍ കൂണുപോലെ മുളച്ചു പൊങ്ങിയ റെസ്റ്റൊറന്റുകള്‍ തന്നെ ഉദാഹരണം.

ഒടുവില്‍ നിലനില്‍ക്കാനാകാതെ അവയില്‍ ഭൂരിഭാഗവും പൂട്ടിപ്പോകുകയാണ് ചെയ്തത്. ഇപ്പോഴിതാ സ്‌പോര്‍ട്‌സ് ടര്‍ഫുകളൊരുക്കി സംരംഭകര്‍ വീണ്ടും ആ സ്വഭാവം പുറത്തെടുത്തിരിക്കുന്നു. കോഴിക്കോട് നഗരത്തിനകത്ത് മാത്രം ഒരു വര്‍ഷത്തിനിടെ ഉയര്‍ന്നു വന്നത് 100 ലേറെ സ്‌പോര്‍ട്‌സ് ടര്‍ഫുകളാണ്. രാജ്യത്ത് തന്നെ ഒരു നഗരത്തിലെ ഏറ്റവും കൂടുതല്‍ എണ്ണമാണിത്.

ഒരു വര്‍ഷം മുമ്പ് ആദ്യത്തെ സ്‌പോര്‍ട്‌സ് ടര്‍ഫ് ഇവിടെ വരുമ്പോള്‍ കോഴിക്കോട്ടുകാര്‍ക്കത് പുതുമയായിരുന്നു. ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്ത് വെച്ചിരുന്ന അവര്‍ക്ക് മികച്ച പ്രതലത്തില്‍ എല്ലാ സൗകര്യങ്ങളോടെയും ഒഴിവു സമയം കിട്ടുന്ന രാത്രികളില്‍ ഏറെ വൈകിയും കളിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങിയത്.

ലാഭം വാരിയ തുടക്ക നാളുകള്‍

നാലോ അഞ്ചോ ടര്‍ഫുകള്‍ മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. ഒരു ടര്‍ഫ് ഒരുക്കാന്‍ 30 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ചെലവ് വരും. ഏഴോ എട്ടോ മണിക്കൂര്‍ ഓരോ ദിവസവും അന്ന് വാടകയ്ക്ക് നല്‍കിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ മണിക്കൂറിന് 2000 രൂപയും മറ്റു ദിവസങ്ങളില്‍ 1500 രൂപയുമായിരുന്നു വാടക. മാസം ശരാശരി മൂന്ന്-നാല് ലക്ഷം രൂപയുടെ വരുമാനമാണ് അന്നുണ്ടായിരുന്നത്. പലരും ഗ്രൗണ്ട് ലീസിന് എടുത്താണ് ടര്‍ഫ് ഒരുക്കിയിരുന്നത്.

50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വാടകയാണ് ഗ്രൗണ്ടിന് വാടകയായി നല്‍കേണ്ടിയിരുന്നത്. അറ്റകുറ്റപ്പണികള്‍, ശമ്പളം, വൈദ്യുതി ചാര്‍ജ് എല്ലാം കൂട്ടി 1.5 ലക്ഷം രൂപയാണ് ഒരു മാസം ചെലവ് വരിക. ബാക്കിയുള്ളതൊക്കെ ലാഭമായിരുന്നു. അന്ന് ഒന്നു രണ്ടു വര്‍ഷം കൊണ്ടു തന്നെ മുടക്കു മുതല്‍ തിരിച്ചു കിട്ടാവുന്ന സ്ഥിതിയിലായിരുന്നു.

നഷ്ടത്തിലേക്ക്

എന്നാല്‍ ടര്‍ഫില്‍ നിന്ന് ലാഭം കൊയ്യുന്നവരെ കണ്ട് കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് വന്നു. സ്വര്‍ണ വായ്പയായും മറ്റും സംഘടിപ്പിച്ച പണം നിക്ഷേപിച്ച് 10-15 പേരുടെ കൂട്ടായ്മയിലാണ് ടര്‍ഫുകളില്‍ മിക്കതും വന്നത്. നഗരത്തിനകത്ത് കൂണുപോലെ മുളച്ചു പൊങ്ങിയ ടര്‍ഫുകള്‍ക്ക് വേണ്ടത്ര ഉപഭോക്താക്കളെ കിട്ടാതായി. ഇപ്പോള്‍ 2-3 മണിക്കൂറുകള്‍ മാത്രമാണ് ഓരോ ദിവസവും വാടകയ്ക്ക് പോകുന്നതെന്ന് മലാപ്പറമ്പില്‍ ഇത്തരത്തിലുള്ള ടര്‍ഫ് നടത്തുന്ന ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇന്‍സ്ട്രക്റ്ററും ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീം കോച്ചുമായ

സി.എം ദീപക് പറയുന്നു.

ഓരോ ടര്‍ഫിനും പ്രതിമാസം അര ലക്ഷം മുതല്‍ ഒരു ലക്ഷം രൂപ വരെ വരുമാനത്തില്‍ ഇടിവുണ്ടായതായി അദ്ദേഹം പറയുന്നു. അഞ്ചു വര്‍ഷം കൊണ്ട് 70 ശതമാനം ടര്‍ഫുകളും അപ്രത്യക്ഷമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു. അഞ്ചു വര്‍ഷത്തേക്ക് ഭൂമി ലീസിനെടുത്ത് നടത്തുന്നവര്‍ പിന്‍വാങ്ങാനുള്ള

സാധ്യതയാണുള്ളത്.

വൈവിധ്യം

ഫുട്‌ബോള്‍ മാത്രമല്ല, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കളികള്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട് ഇവിടത്തെ ടര്‍ഫുകള്‍. മാത്രമല്ല, കൃത്രിമ മഴ, വലിയ സ്‌ക്രീന്‍, കളിയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ആവശ്യക്കാര്‍ക്ക് നല്‍കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഒരുക്കുന്നവരുമുണ്ട്. രാജ്യത്തെ മെട്രോ നഗരങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ എത്തിയ കൃത്രിമ ടര്‍ഫുകളുടെ ചെറു പതിപ്പുകള്‍ കോഴിക്കോട്ടാണ് കേരളത്തില്‍ ആദ്യമായി അവതരിച്ചത്.

എങ്ങനെ ഒരുക്കണം എന്നതു സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ഉണ്ടെങ്കിലും പലരും നിബന്ധനകളൊന്നും പാലിക്കാതെ തട്ടിക്കൂട്ടുകയാണ് ചെയ്യുന്നത്. തുടക്കത്തില്‍ മികച്ച മുതല്‍ മുടക്കില്‍ ഒരുക്കിയ ടര്‍ഫുകള്‍ ഇപ്പോള്‍ 25 ലക്ഷം രൂപയ്ക്ക് വരെ ഒരുക്കുന്നുണ്ട്. ഭൂമി കുഴിച്ച് അതില്‍ വിവിധ അളവിലുള്ള കരിങ്കല്‍ കഷണങ്ങള്‍ അടുക്കി മുകളില്‍ എം സാന്‍ഡ് നിരത്തുന്നു. അതിനു മുകളില്‍ വിദേശത്ത് നിന്ന് എത്തിക്കുന്ന ടര്‍ഫ് വിരിച്ച് സിലിക്ക സാന്‍ഡും റബര്‍ ഗ്രാന്യൂളും നിരത്തുന്നു.

ചുരുങ്ങിയത് 16 ലൈറ്റുകള്‍, 10 മുതല്‍ 14 മീറ്റര്‍ വരെ ഉയരത്തില്‍ ചുറ്റും നെറ്റ്, ഡ്രെസ്സിംഗ് റൂം, വാഷ് റൂം, ഓഫീസ്, കഫ്തീരിയ എന്നിവയും ഒരുക്കേണ്ടതുണ്ട്. എന്നാല്‍ ചെലവ് ചുരുക്കാനായി പലരും ഇന്റര്‍ലോക്ക് ഇട്ട് അതിന് മുകളില്‍ ടര്‍ഫ് വിരിക്കുന്നുണ്ട്. ഇത് കളിക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കും.

കൂട്ടായ്മയിലൂടെ നേരിടാം

മത്സരം മുറുകിയതോടെ ഗ്രൗണ്ടുകള്‍ വാടക കുറച്ചാണ് ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. 900 രൂപ വരെയായി ഇപ്പോള്‍ വാടക. കളിക്കാരെയും 100 ടര്‍ഫുകളായി വിഭജിക്കപ്പെട്ടതോടെ നാമമാത്രമായ വരുമാനമേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ. നിലവില്‍ ടര്‍ഫ് ഉടമകളുടെ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. MATFA എന്ന പേരിലുള്ള സംഘടന നിലവില്‍ പൊതുവായ പ്രശ്‌നങ്ങളിലാണ് ഇടപെടുന്നത്. എന്നാല്‍ കൂട്ടായ്മയിലൂടെ വാടക നിരക്ക് വര്‍ധിപ്പിച്ചാല്‍ മാത്രമേ ഈ സംരംഭത്തിന് നിലനില്‍പ്പുണ്ടാവുകയുള്ളൂവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it