ആളുകള്‍ അകത്തിരിക്കുമ്പോള്‍ ചാനലുകള്‍ക്കും സ്ട്രീമിംഗ് സൈറ്റുകള്‍ക്കുമൊക്കെ നല്ല കാലം

കൊറോണ ഭീതിയെത്തുടര്‍ന്ന് നഗരങ്ങളും ഷോപ്പിംഗ് മാളുകളുമൊക്കെ വിജനമാകുമ്പോള്‍ ടിവി ചാനലുകള്‍ക്കും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമൊക്കെ കാഴ്ചക്കാര്‍ കൂടുന്നു. ഗെയ്മിംഗ് ഇന്‍ഡസ്ട്രിയും അതിവേഗത്തില്‍ വളരുന്നതായി റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ളിക്‌സ് പോലുള്ള സ്ട്രീമിംഗ് സൈറ്റുകളുടെ വരിക്കാരുടെ എണ്ണത്തിലും കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.

സ്‌കൂളുകള്‍ക്ക് അവധിക്കാലമാണെങ്കിലും ഷോപ്പിംഗ് മാളിലോ പാര്‍ക്കിലോ ഒന്നും പോകാനാകാത്ത അവസ്ഥയാണിപ്പോള്‍. തീയറ്ററുകളും പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ടെലിവിഷന്‍ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് വീട്ടിലിരിക്കുന്നവര്‍ക്ക് സമയം കളയാനുള്ള വഴി. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യയുടെ കണക്കുപ്രകാരം പല മലയാളം ചാനലുകളുടെയും റ്റിആര്‍പി റേറ്റിംഗ് കഴിഞ്ഞ ആഴ്ചയില്‍ കൂടിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധന ഉണ്ടായിട്ടുണ്ട്.

ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനം നല്‍കുന്ന കമ്പനികളാകട്ടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ അവസരം മുതലാക്കി ഡിസ്‌കൗണ്ടുകളും സൗജന്യ ട്രയലുകളും നല്‍കുകയാണ്. കഴിഞ്ഞയാഴ്ച ഗ്ലോബല്‍ സ്ട്രീമിംഗ് സേവനങ്ങളുടെ ഉപയോഗം 20 ശതമാനം കൂടിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതുപോലെ ഇവ ആളുകള്‍ കാണുന്ന സമയവും കൂടിയിട്ടുണ്ട്

മൊബീല്‍ ഗെയിം നിര്‍മാണ കമ്പനികളാകട്ടെ കോടികളുടെ നേട്ടമാണ് ഇക്കാലയളവില്‍ ഉണ്ടാക്കുന്നത്. സറ്റീമിന്റെ ഡേറ്റ അനുസരിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് 20,313,476 പേരാണ് ഒരേസമയം ഗെയിം കളിച്ചത്. സ്റ്റീം ഡേറ്റാബേസ് ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. കുട്ടികളും യുവാക്കളും തന്നെയാണ് ഗെയ്മുകളുടെ പ്രധാന ഉപഭോക്താക്കളെങ്കിലും വിവിധ പ്രായക്കാരെ ആകര്‍ഷിക്കാനാകുന്നുണ്ടെന്ന് ഗെയ്മിംഗ് കമ്പനികള്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it