സ്ഥിരജോലി എന്തിന്? ഫ്രീലാന്‍സിംഗിന് പിന്നാലെ പുതുതലമുറ

മുന്‍കാലങ്ങളേതിനെക്കാള്‍ ഫ്രീലാന്‍സ് ജോലികള്‍ പുതിയ തലമുറയ്ക്ക് പ്രിയങ്കരമാകുന്നു.

മുന്‍കാലങ്ങളേതിനെക്കാള്‍ ഫ്രീലാന്‍സ് ജോലികള്‍ പുതിയ തലമുറയ്ക്ക് പ്രിയങ്കരമാകുന്നു. സ്ഥിരജോലികള്‍ വിട്ട് യുവാക്കള്‍ ഏറെക്കാലം ഫ്രീലാന്‍സ് സ്റ്റാറ്റസ് തുടരുന്നതായി ആറാമത് വാര്‍ഷിക ഫ്രീലാന്‍സിംഗ് ഇന്‍ അമേരിക്ക പഠനം വ്യക്തമാക്കുന്നു.  എന്നാല്‍ നേരത്തെ ഫ്രീലാന്‍സിംഗ് എന്നത് പണമുണ്ടാക്കാനുള്ള താല്‍ക്കാലിക മാര്‍ഗ്ഗമായിരുന്നു.

അമേരിക്കയിലെ 6001 ഫ്രീലാന്‍സിംഗ്, ഫുള്‍ടൈം പ്രൊഫഷണലുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത് 50 ശതമാനം ഫ്രീലാന്‍സേഴ്‌സും ഫ്രീലാന്‍സിംഗ് അവരുടെ സ്ഥിരമായ കരിയര്‍ ഓപ്ഷനായി തെരഞ്ഞെടുത്തിരിക്കുന്നുവെന്നതാണ്. അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലായി 10 ദശലക്ഷം പേര്‍ ഫ്രീലാന്‍സിംഗ് തങ്ങളുടെ സ്ഥിരമായ ജോലിയായി തെരഞ്ഞെടുത്തു കഴിഞ്ഞു. സമൂഹത്തിന്റെ ചിന്താധാരയിലും ഇക്കാര്യത്തില്‍ മാറ്റമുണ്ടായിട്ടുണ്ടത്രെ.

ഈ ട്രെന്‍ഡ് യുവാക്കള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍. 18-22 വയസുള്ള ജനറേഷന്‍ Z  വിഭാഗത്തില്‍പ്പെടുന്നവരാണ് ഫ്രീലാന്‍സിംഗിനോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നതത്രെ. സ്‌കില്‍്ഡ് സര്‍വീസുകളിലാണ് ഫ്രീലാന്‍സിംഗ് കൂടുതലായുള്ളത്. ഫ്രീലാന്‍സേഴ്‌സില്‍ 45 ശതമാനം പേരും പ്രോഗ്രാമിംഗ്, മാര്‍ക്കറ്റിംഗ്, ഐറ്റി, ബിസിനസ് കണ്‍സള്‍ട്ടിംഗ് മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.

അമേരിക്കയില്‍ നടന്ന പഠനമാണെങ്കിലും ആഗോളതലത്തില്‍ ഈ ട്രെന്‍ഡുണ്ടെന്ന് കരിയര്‍ വിദഗ്ധര്‍ പറയുന്നു. വിവിധ മേഖലകളില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്നവരും ഇത് തെരഞ്ഞെടുക്കുന്നു. ഫ്രീലാന്‍സിംഗ് തരുന്ന സ്വാതന്ത്ര്യവും ഫ്‌ളെക്‌സിബിലിറ്റിയുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. സാങ്കേതികവിദ്യ ഫ്രീലാന്‍സിംഗ് ജോലി ലഭിക്കുന്നത് എളുപ്പമാക്കി മാറ്റുകയും ഇതിനെക്കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വന്നതുമൊക്കെ കാരണങ്ങളായി പഠനം ചൂണ്ടിക്കാട്ടുന്നു. ഫ്രീലാന്‍സിംഗിന് അനുകൂലമായ നാളുകളാണ് വരാനിരിക്കുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനവും പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here