ജോലിയിലെ സ്‌ട്രെസ് തിരിച്ചറിയാതെ പോകരുത്; പരിഹരിക്കാം ഈ മാര്‍ഗങ്ങളിലൂടെ

പലരും പറയുന്ന പരാതിയാണ് സ്‌ട്രെസ് ആണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പിന്നിലെന്ന്. എന്നാല്‍ സ്‌ട്രെസ് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയല്ലാതെ 'റൂട്ട് കോസ്' അഥവാ സ്‌ട്രെസ് വരാനിടയായ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. സ്‌ട്രെസ് പലപ്പോഴും ജോലിയിലെ നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയെ സാരമായി ബാധിച്ചേക്കാം. അതിനാല്‍ തന്നെ സ്‌ട്രെസ് തിരിച്ചറിയുക എന്നതാണ് ഇതിനുള്ള പ്രാഥമിക പോംവഴി. പിന്നീട് സ്‌ട്രെസ് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ പരിശീലിക്കണം. ഇതാ സ്‌ട്രെസ് മാറ്റാനുള്ള വഴികള്‍.

സ്‌ട്രെസ് തിരിച്ചറിയുക

സ്‌ട്രെസ് ഒഴിവാക്കാനുള്ള ആദ്യപടി അത് തിരിച്ചറിയുക എന്നത് തന്നെയാണ്. ഉദാഹരണത്തിന് നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ നിങ്ങള്‍ക്ക് ആസ്വാദനം കണ്ടെത്താന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉത്കണ്ഠ, വിരസത എന്നിവയാണ് കണ്ടെത്താന്‍ കഴിയുന്നതെങ്കില്‍ നിങ്ങള്‍ സ്‌ട്രെസ് അനുഭവിക്കുന്നു എന്നതാണ് അതിനര്‍ത്ഥം. സ്‌ട്രെസ്സിനെ ജോലിയില്‍ നിന്നു മാത്രമല്ല ജീവിതത്തില്‍ നിന്നും ഒഴിവാക്കി വിടണമെങ്കില്‍ ജീവിതത്തില്‍ നിത്യേന നാം ചെയ്യുന്ന കാര്യങ്ങളിലെ ഈ വിരസത തിരിച്ചറിഞ്ഞാല്‍ മതി. ആസ്വദിച്ചു ചെയ്യാന്‍ കഴിയാത്ത പ്രവൃത്തികള്‍ അത്തരത്തില്‍ ചെയ്യാന്‍ കഴിയാത്തവ കണ്ടെത്തുക. എന്നിട്ട് ആസ്വദിച്ച് ചെയ്യാന്‍ കഴിയാത്തവയില്‍ ജോലി പോലെ നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അനിവാര്യമായ കാര്യങ്ങളെ തരം തിരിക്കുക. ജോലിയില്‍ എങ്ങനെ ആസ്വാദനം കണ്ടെത്താന്‍ കഴിയുമെന്നത് സ്വയം പരിശോധിക്കുക.

ശക്തി തിരിച്ചറിയുക

ഓരോ വ്യക്തിക്കും സ്‌ട്രെങ്തും ബലഹീനതകളുമുണ്ടായിരിക്കും. അവ തിരിച്ചറിയേണ്ടതാണ്. വീക്ക്‌നെസുകളില്‍ കുടുങ്ങിക്കിടക്കുകയും സ്‌ട്രെങ്ത് എന്താണന്ന് തിരിച്ചറിയുകയും ചെയ്യാത്തതാണ് പലപ്പോഴും സ്‌ട്രെസ് വരുത്തിവയ്ക്കുന്നത്. നിങ്ങളുടെ ശക്തികളില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരിക്കണം. അവ ഉള്ളില്‍ നിന്നും പുറത്തെ പ്രായോഗിക തലങ്ങളിലേക്ക് കൊണ്ട് വരണം.

ഇക്കിഗായ് കണ്ടെത്തുക

എന്താണ് 'ഇക്കിഗായ്' എന്നല്ലേ. ഇതൊരു ജാപ്പനീസ് നാമമാണ്. ' ഇക്കിഗായ്' എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളുടെ ലക്ഷ്യം തിരിച്ചറിയുക എന്നതാണ്. ഇക്കി, അതിനര്‍ത്ഥം ജീവിതം, ഒപ്പം ഗായ്, അത് മൂല്യത്തെയോ യോഗ്യതയെയോ വിവരിക്കുന്നു. നിങ്ങളുടെ ജോലിക്കൊരു മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ സ്‌ട്രെസ് ഒഴിവാക്കാം. വര്‍ക്ക് പ്ലേസ് സ്‌ട്രെസ് എന്ന ഓമന പേരില്‍ വിളിക്കുന്ന ജോലിയിലെ സ്‌ട്രെസ് പരിഹരിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം നമ്മള്‍ ചെയ്യുന്ന ജോലിയുടെ ലക്ഷ്യം തിരിച്ചറിയുക എന്നതാണ്. അത് വ്യക്തിപരമായ ലക്ഷ്യങ്ങളാകാം, ചിലപ്പോള്‍ സ്ഥാപനത്തിന്റെ ലക്ഷ്യമാകാം. എന്നാലും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ വേണ്ട പരിശ്രമവും അവ ലക്ഷ്യപ്രാപ്തിയിലെത്തേണ്ട ആവശ്യകതയും തിരിച്ചറിയുക.

ജേണല്‍ തയ്യാറാക്കുക

ചെയ്യുന്ന കാര്യങ്ങള്‍, ജോലിയിലെ തെറ്റുകള്‍ എന്നിവയെല്ലാം ജേണല്‍ ആയി എഴുതി സൂക്ഷിക്കുക. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ ജേണല്‍ നിങ്ങളെ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it