'പെയിന്‍ കില്ലറി'ല്‍ തീരില്ല ചില തലവേദനകള്‍

തലവേദന ഒരു രോഗമല്ലെന്നും ശരീരത്തിലുണ്ടാകുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണമാണതെന്നുമുള്ള വിവരം മിക്കവര്‍ക്കും അറിയാമെങ്കിലും ഇതു മറന്ന് തലവേദനയുണ്ടാകുമ്പോള്‍ തന്നെ വേദനാസംഹാരികളെ അഭയം പ്രാപിക്കുകയാണ് പൊതുവേയുള്ള ശീലം. താല്‍ക്കാലിക ശമനം ലഭിക്കുന്നതോടെ വിഷയം മറക്കുകയും ചെയ്യുന്നു.

എന്നാല്‍ എന്താണ് ഈ വേദനയ്ക്ക് പിന്നിലെ യഥാര്‍ഥ കാരണം എന്ന് കണ്ടെത്താന്‍ ശ്രദ്ധിക്കാറേയില്ല. അത്യന്തം ദോഷകരമാകാവുന്ന വ്യാധികള്‍ ഇങ്ങനെ അവര്‍ അറിയാതെ തന്നെ വര്‍ധിക്കാന്‍ കാരണമാകുകയും, യഥാര്‍ഥ രോഗം കണ്ടെത്തുമ്പോഴേക്കും ചികിത്സ കൊണ്ട് ശമിപ്പിക്കാന്‍ കഴിയാത്ത ദുരവസ്ഥ വന്നുപെടുകയും ചെയ്യുന്നു.

കാരണങ്ങളറിയണം

അമിത മാനസിക സമ്മര്‍ദം, ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുക, ആഹാരം സമയം തെറ്റി കഴിക്കുക, ആഹാരം ഒഴിവാക്കുക, ശരീരത്തില്‍ ആവശ്യത്തിനു ഗ്ലൂക്കോസ് ഇല്ലാതെ വരിക, വിവിധ തരം അണുബാധകള്‍, അമിത രക്തസമ്മര്‍ദം, കണ്ണിന് കൂടുതല്‍ ആയാസം ഉണ്ടാകുന്ന ജോലികള്‍, തലച്ചോറില്‍ ഉണ്ടാകുന്ന മുഴകള്‍, തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍, സൈനസൈറ്റിസ്, തലയ്ക്കുണ്ടാകുന്ന ആഘാതം തുടങ്ങിയ പല കാരണങ്ങള്‍കൊണ്ടും തലവേദനയുണ്ടാകാം.ചില സ്ത്രീകളില്‍ ആര്‍ത്തവം ഉണ്ടാകാന്‍ പോകുന്നതിന്റെയും ആര്‍ത്തവവിരാമം സംഭവിക്കുന്നതിന്റെയും മുന്നോടിയായി ഹോര്‍മോണുകള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങള്‍ തലവേദനയ്ക്കു കാരണമാകാറുണ്ട്.

മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകാതെ വെറും തലവേദന മാത്രം കാണുന്ന അവസ്ഥയില്‍ പ്രത്യേകിച്ച് ചികില്‍സകള്‍ ഒന്നും ആവശ്യമില്ല . ഇത്തരം വേദനകള്‍ അല്‍പം വിശ്രമിച്ചാല്‍ താനേ മാറും.എന്നാല്‍ തലവേദനയോടൊപ്പം പനി, കാഴ്ചയ്ക്കു വ്യത്യാസം, കഴുത്തിനു വേദന, തലകറക്കം, ബോധക്ഷയം, ചെവിയില്‍വേദന, ഛര്‍ദി മുതലായ ലക്ഷണങ്ങള്‍ കൂടി കാണുന്നുണ്ടെങ്കില്‍ വിശദമായ പരിശോധനകള്‍ വഴി രോഗനിര്‍ണയം നടത്തേണ്ടതായിവരും.തലവേദനകളെ വസ്‌കുലാര്‍, മസ്‌കുലാര്‍, സെര്‍വികോജനിക്, ട്രാക്ഷന്‍, ഇന്‍ഫല്‍മറ്ററി എന്നിങ്ങനെ 5 പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു.

മൈഗ്രേന്‍ എന്നുപറയുന്ന തലവേദനയും വിവിധ തരത്തിലുള്ള വിഷാംശങ്ങള്‍ മൂലം ഉണ്ടാകുന്ന തലവേദനകളും വസ്‌കുലാര്‍ എന്ന വിഭാഗത്തില്‍ പെടുന്നു. തലയുടെ ഒരുവശത്തോ, ഇരുവശങ്ങളിലുമോ വേദന, കാഴ്ചക്കു വൈകല്യങ്ങള്‍, മനംപിരട്ടല്‍, ഛര്‍ദ്ദി എന്നിവ ഇത്തരം തലവേദനകളോടൊപ്പം ഉണ്ടായിരിക്കും. ചിലപ്പോള്‍ വേദന വളരെ ശക്തമാകുകയും രോഗി വളരെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും. തലയേയും കഴുത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ പേശികള്‍ക്ക് അധികം സമ്മര്‍ദ്ദം ഉണ്ടാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന തലവേദനയാണിത്. ഇവയെ ടെന്‍ഷന്‍ തലവേദന എന്നും പറയും.ഇവ തലയുടെ വശങ്ങളില്‍ ഉണ്ടാകുകയും കഴുത്തിലേക്കും, തോള്‍ ഭാഗത്തേയ്ക്കും വ്യാപിക്കുകയും ചെയ്യുന്നു.

കഴുത്തിന്റെ പുറകുഭാഗത്ത് നട്ടെല്ലിനോടനുബന്ധിച്ചുണ്ടാകുന്ന വൈകല്യങ്ങളുടെ ഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെര്‍വിക്കോജനിക്ക് വിഭാഗത്തില്‍പ്പെടുന്നവ. ഇതു മൂലം ആ ഭാഗത്ത് കൂടി കടന്നുപോകുന്ന നാഡികളിലും ഞരമ്പുകളിലും സമ്മര്‍ദ്ദമുണ്ടാക്കും. തത്ഫലമായി കഴുത്തു തിരിക്കുന്നതിനും, കൈകള്‍ ചലിപ്പിക്കുന്നതിനും പ്രയാസം അനുഭവപ്പെടാം .തലയോട്ടിയുടെ ഉള്ളില്‍ ഉണ്ടാകുന്ന അസാധാരണ കോശസമൂഹ വളര്‍ച്ചകളുടെയും, മുഴകളുടെയും ഫലമായി ഉണ്ടാകുന്ന തലവേദനകളാണ് ട്രാക്ഷന്‍ വിഭാഗത്തില്‍പ്പെടുന്നവ. തലച്ചോറിനകത്തും സമീപഭാഗങ്ങളിലുമുള്ള അണുബാധ, നീര്‍ക്കെട്ട് മുതലായവയുടെ ഫലമായി ഉണ്ടാകുന്ന തലവേദനകള്‍ എല്ലാം ഇന്‍ഫല്‍മറ്ററി വിഭാഗത്തില്‍പ്പെടുന്നവയാണ്. സൈനസൈറ്റിസ് എന്നറിയപ്പെടുന്ന ദുഷ്ടപീനസ രോഗവും ഈ കൂട്ടത്തില്‍ പെടും.

കാലവാസ്ഥയും ജീവിത രീതിയും

വെയില്‍, മഞ്ഞ്, പുക, എന്നിവയേല്‍ക്കുക, വെള്ളത്തില്‍ അധികസമയം കളിക്കുക , വളരെ ഉറങ്ങുക, തീരെ ഉറങ്ങാതിരിക്കുക, തല വിയര്‍ക്കുക, മനപ്രയാസം, കിഴക്കന്‍ കാറ്റുകൊള്ളുക, കണ്ണുനീരിനെ തടയുക, അമിതമായി കരയുക, അമിത ജലപാനം, മദ്യപാനം, തലയില്‍ കൃമികളുണ്ടാകുക, മലമൂത്രാദികളെ തടയുക, ശരിയായ രീതിയില്‍ അല്ലാതെ തലയിണ ഉപയോഗിച്ച് കിടക്കുക, ശരീര ശുദ്ധി വരുത്താതെയിരിക്കുക, എണ്ണതേച്ച്കുളിക്കാതെയിരിക്കുക, എപ്പോഴും താഴേയ്ക്ക് നോക്കിയിരിക്കുക, സുഖകരങ്ങളല്ലാത്ത ഗന്ധം ഏല്‍ക്കുക, ദഹനക്കേടുണ്ടാകുക , ഉറക്കെ സംസാരിക്കുക, എന്നിവയെല്ലാം കാരണം വാതം മുതലായ ദോഷങ്ങള്‍ ശിരസിനെ ആശ്രയിച്ച് കോപിച്ചിട്ട് തലവേദന മുതലായ ശിരോരോഗങ്ങള്‍ ഉണ്ടാകുന്നു എന്നുമാണ് ആയുര്‍വേദ ശാസ്ത്രം അഭിപ്രായപ്പെടുന്നത ്. തലവേദനകള്‍ ശിരസ്താപം എന്നും ശിരശൂലം എന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു .തലവേദന ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കാവുന്ന സ്വാഭാവികമാര്‍ഗങ്ങള്‍.കാഴ്ചയിലോ ഗന്ധത്തിലോ അരോചകമായവയെ കഴിവതും ഒഴിവാക്കുക.ഭക്ഷണം ഉറക്കം മുതലായവയില്‍ കൃത്യതപാലിക്കുക.ആഹാരം പോഷക സമൃദ്ധമായിരിക്കാന്‍ ശ്രദ്ധിക്കുക.

ആവശ്യത്തിന് വെള്ളം കുടിക്കണം

കഫീന്‍ചേര്‍ന്ന പാനിയങ്ങളും മദ്യവും ഉപയോഗിക്കാതിരിക്കുക .കൂടുതല്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ വിശ്രമിക്കാന്‍ ശ്രദ്ധിക്കുക .വായിക്കുമ്പോഴും, ടീവി, കംപ്യൂട്ടര്‍, മുതലായവ ഉപയോഗിക്കുമ്പോഴും ശരിയായ വെളിച്ചത്തിലും, സൗകര്യപ്രദമായ ഇരിപ്പിടത്തിലും ഇരുന്ന് ഉപയോഗിക്കുക.മാനസിക സന്തോഷത്തില്‍ കഴിയുന്നവരും അവ പ്രദാനം ചെയ്യാന്‍ കഴിയുന്നവരുമായി കൂടുതല്‍ ഇടപഴകുക.

ഒറ്റമൂലി പ്രയോഗങ്ങള്‍

ജാതിക്ക നന്നായി അരച്ച് തലയില്‍ പുരട്ടുക, കൊത്തമല്ലി പനിനീരില്‍ അരച്ച് നെറ്റിയില്‍ പുരട്ടുക, ചന്ദനവും ചുക്കും കൂടി അരച്ചതോ രക്തചന്ദനം അരച്ചതോ നെറ്റിയില്‍ പുരട്ടുക, പടവലത്തിന്റെ വേര് അരച്ച് നെറ്റിയില്‍ പുരട്ടുക, കുമ്പിളിന്റെ ഇല അരച്ച് നെറ്റിയില്‍ പുരട്ടുക കടുക് പച്ചവെള്ളത്തില്‍ അരച്ച് നെറ്റിയില്‍ പുരട്ടുക, കുന്നിക്കുരുവും കുന്നിവേരും അരച്ച് നെറ്റിയില്‍ പുരട്ടുക, മുക്കുറ്റി അരച്ച് നെറ്റിയില്‍ പുരട്ടുക, തുമ്പയിലയുടെ നീര് നെറ്റിയില്‍ പുരട്ടുക, മുരിങ്ങപ്പശ പശുവിന്‍ പാല്‍ ചേര്‍ത്ത് ചെന്നിയില്‍ പുരട്ടുക, ചെറുനാരങ്ങാനീരില്‍ രാസ്നാദി പൊടി ചേര്‍ത്ത് കുറുക്കി നിറുകയില്‍ തളം വയ്ക്കുക... പലവിധം മരുന്നുകളാണ് തലവേദനയ്ക്കായി ആയുര്‍വേദത്തിലുള്ളത്. വേദനയുടെ സ്വഭാവത്തിനനുസൃതമായാണ് അവ പ്രയോഗിക്കപ്പെടുന്നത്. തലയില്‍ ധാര,നസ്യം തുടങ്ങിയവയും വേണ്ടിവരാം.

Related Articles

Next Story

Videos

Share it