മാറ്റിനിര്‍ത്താം ഇവയെ, ജോലിസമയം പാഴാക്കുന്ന 3 വില്ലന്മാര്‍

രാവിലെ മുതല്‍ വൈകിട്ട് വരെ ജോലിക്കായി സമയം ചെലവഴിക്കുന്നു. എന്നിട്ടും അവശ്യമായ ഉല്‍പ്പാദനക്ഷമത ലഭിക്കുന്നില്ല. അതിന് പ്രധാന കാരണം ഈ വില്ലന്മാരാണ്. നിങ്ങളുടെ ജോലിസമയം 51 ശതമാനത്തോളം പാഴാക്കുന്ന ഇവയെ തിരിച്ചറിഞ്ഞ് അകറ്റിനിര്‍ത്താം. തൊഴില്‍ദാതാക്കള്‍ സാഹചര്യം മനസിലാക്കി വേണ്ടത് ചെയ്ത് നിങ്ങളുടെ സ്ഥാപനത്തിലെ ഉല്‍പ്പാദനക്ഷമത കൂട്ടുക.

ജോലിസമയം പകുതിയോളം പാഴാക്കുന്നവ:

1. അനാവശ്യ യാത്രകള്‍

13 ശതമാനം സമയം നഷ്ടപ്പെടുത്തുന്നു

സാധാരണയായി ജീവനക്കാര്‍ ശരാശരി ഒരു മണിക്കൂറോളം സമയം ഒരു വശത്തേക്ക് മാത്രമായി ചെലവഴിക്കുന്നു. രാവിലെയും വൈകിട്ടുമാകുമ്പോള്‍ അത് ഇരട്ടിയാകുന്നു. ഒടുവില്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ നിങ്ങള്‍ ആറ് വര്‍ഷത്തില്‍ കൂടുതല്‍ ഓഫീസിലേക്കുള്ള യാത്രയ്ക്കായി ചെലവഴിച്ചിട്ടുണ്ടാകും. ഇതിന് പരിഹാരം ഹോം ഓഫീസ് കെട്ടിപ്പടുക്കുകയെന്നതാണ്. എന്നാല്‍ എല്ലാ ജോലികളിലും ഇത് പ്രാവര്‍ത്തികമല്ല. ഓഫീസിലേക്ക് എല്ലാ ദിവസവും വരേണ്ടവര്‍ അതിനടുത്തേക്ക് താമസസ്ഥലം മാറ്റുകയാണ് വഴി.

2. അനാവശ്യ മീറ്റിംഗുകള്‍

16 ശതമാനം സമയം നഷ്ടപ്പെടുത്തുന്നു

എംഐറ്റിയില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത് 45 വര്‍ഷത്തെ കരിയറില്‍ ഒരാള്‍ ശരാശരി 22 വര്‍ഷം മീറ്റിംഗിനായി ചെലവഴിക്കുന്നു. ഇതിന്റെ മൂന്നിലൊന്ന് സമയം പ്രത്യേകിച്ച് മൂല്യമൊന്നുമില്ലാതെ പാഴാകുകയാണെന്നാണ് കണക്ക്. ജീവിതത്തിന്റെ 16 ശതമാനത്തോളം മീറ്റിംഗുകള്‍ക്കായി ശരാശരി ഒരു എംപ്ലോയി ചെലവഴിക്കുന്നുവത്രെ. മീറ്റിംഗുകള്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം വിളിക്കുകയും അവ കാര്യമാത്ര പ്രസക്തമാക്കുകയും ചെയ്യുകയാണ് പോംവഴി.

3. അനാവശ്യ ഇ-മെയ്‌ലുകള്‍

(23 ശതമാനത്തോളം)

ഫോര്‍ബ്‌സിന്റെ കണക്കുപ്രകാരം ഒരു ജീവനക്കാരന്‍ ശരാശരി രണ്ടര മണിക്കൂറോളം ഇ-മെയ്‌ലുകള്‍ വായിക്കാനും അതിന് മറുപടി അയയ്ക്കാനുമായി ചെലവഴിക്കുന്നു. തിരക്കേറിയ ഒരു പ്രൊഫഷണലിന് 200ഓളം ഇ-മെയ്‌ലുകള്‍ വരുന്നുണ്ടെങ്കില്‍ അതില്‍ 144 എണ്ണവും അയാള്‍ക്ക് ആവശ്യമുള്ളതായിരിക്കില്ല. സിസി, ബിസിസി എന്നിങ്ങനെ വരുന്നതായിരിക്കും. ഇങ്ങനെ അനാവശ്യ ഇ-മെയ്‌ലുകള്‍ വായിക്കാന്‍ രണ്ടര മണിക്കൂറില്‍ 1.8 മണിക്കൂര്‍ ചെലവഴിക്കുന്നു. ഇത് വലിയൊരു സമയനഷ്ടം തന്നെയായിരിക്കും. ഇത് ഒഴിവാക്കാനുള്ള മാര്‍ഗ്ഗം മെയ്‌ലുകള്‍ ആവശ്യമുള്ളവര്‍ക്ക് മാത്രം അയയ്ക്കുകയെന്നതാണ്. ഇക്കാര്യത്തില്‍ സ്ഥാപനങ്ങള്‍ തങ്ങളുടേതായ നയമുണ്ടാക്കുക. കൂടാതെ എപ്പോഴും ഇ-മെയ്‌ലും വാട്ട്‌സാപ്പും നോക്കിക്കൊണ്ടിരിക്കുന്ന സ്വഭാവം മാറ്റുക. കൃത്യമായ ഇടവേളകളില്‍ മാത്രം അവ പരിശോധിക്കുക.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it