ഇന്ന് ലോക ടൂറിസം ദിനം; പ്രതീക്ഷയുണര്‍ന്ന് കേരളം

പ്രളയ മാന്ദ്യം മറികടന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കാനും സൗകര്യമൊരുക്കാനുമുള്ള ശ്രമം പുരോഗമിക്കുന്നതിനിടെ ഇന്ന് ലോക ടൂറിസം ദിനം. സംസ്ഥാന സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദസഞ്ചാര രംഗം കെടുതികളുടെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ്.

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍,തേക്കടി, ആലപ്പുഴ,കുമരകം എന്നിവയെല്ലാം സാധാരണ നിലയിലേക്ക് തിരിച്ചു വന്നുകഴിഞ്ഞു. നിപ്പയും പ്രളയവും തുടരെ ഏല്‍പ്പിച്ച തിരിച്ചടികള്‍ മറികടക്കുകയാണ് ടൂറിസം മേഖല.

പ്രളയക്കെടുതിയിലും കാര്യമായ പരിക്കേല്‍ക്കാതെ പിടിച്ചു നിന്ന മേഖലയാണ് ആയുര്‍വേദ ടൂറിസവും ബീച്ച് ടൂറിസവും. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ തിരികെ കൊണ്ട് വരാന്‍ മികച്ച പ്രചാരണം ആവശ്യമാണെന്ന് ടൂറിസം രംഗത്തുള്ളവര്‍ പറയുന്നു.

ഇതിനിടെ കേരള ടൂറിസം വകുപ്പിന്റെ ഫേസ്ബുക്ക് പേജ് ദക്ഷിണേഷ്യയിലെ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ടൂറിസം ഫേസ്ബുക്ക് പേജായി ഉയര്‍ന്നു. മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍ഡ് ടൂറിസം ഫേസ്ബുക്ക് പേജുകള്‍ പിന്നിലാണ്.

കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജിലെ 'ലൈക്കുകളുടെ' എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്നിരട്ടിയായി 35 ലക്ഷത്തില്‍ എത്തി. മലേഷ്യയുടെ ജനപ്രിയ ടൂറിസം സോഷ്യല്‍ പ്ലാറ്റ്ഫോം (3.3 ദശലക്ഷം), വിസിറ്റ് സിംഗപ്പൂര്‍ (3.2 ദശലക്ഷം), അമേസിംഗ് തായ്‌ലന്‍ഡ് (2.6 ദശലക്ഷം) എന്നിവയാണ് ലൈക്കുകളുടെ കാര്യത്തില്‍ കേരളത്തിനു പിന്നിലുള്ളത്.

അന്താരാഷ്ട്ര തലത്തില്‍ 8.3 ദശലക്ഷമുള്ള ഓസ്ട്രേലിയ, 6.7 ദശലക്ഷവുമായി ഗോ യുഎസ്എ, 6.7 ലൈക്കുകളുള്ള വിസിറ്റ് ദുബായ് എന്നിവയാണ് കേരളത്തെക്കാള്‍ മുന്നിലുള്ളത്. ദേശീയ തലത്തില്‍ കേരളം ഒന്നാം സ്ഥാനത്തു തന്നെ. ഗുജറാത്ത് (1,336,836 ലൈക്കുകള്‍), മധ്യപ്രദേശ് (1,198,165), രാജസ്ഥാന്‍ (588,453), ഉത്തരാഖണ്ഡ് (494,992), ഒഡീഷ (238,143) എന്നിവയാണു പിന്നിലുള്ളത്.

Related Articles

Next Story

Videos

Share it