ബോമാന്റെ സ്ട്രാറ്റജിക് ക്ലോക്കും നിങ്ങളുടെ പൊസിഷനിംഗും!
നിങ്ങളുടെ സേവനത്തിന്റെയോ ഉല്‍പ്പന്നത്തിന്റെയോ പോസിഷനിംഗിനുള്ള സാധ്യതകള്‍ മനസ്സിലാക്കാനുള്ള ഒരു നല്ല മോഡല്‍ ആണ് ബോമാന്റെ സ്ട്രാറ്റജിക് ക്ലോക്ക് - അതായത്, വിപണിയില്‍ ഏറ്റവും മത്സരാത്മകമായ സ്ഥാനം ഉണ്ടാക്കിയെടുക്കുന്നതിന് ഒരു ഉല്‍പ്പന്നം എങ്ങനെ പൊസിഷന്‍ ചെയ്യണം എന്ന് ഇതിലൂടെ മനസ്സിലാക്കാം.
വില, ആഗ്രഹിച്ച മൂല്യം എന്നിങ്ങനെ രണ്ട് അളവുകളെ അടിസ്ഥാനമാക്കി ഒരു ഉല്‍പ്പന്നം എങ്ങനെ പൊസിഷന്‍ ചെയ്യാം എന്നതിന് ഒരു ബിസിനസ്സിന് വിവിധ ഓപ്ഷനുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുകയാണ് ബോമാന്റെ സ്ട്രാറ്റജിക് ക്ലോക്കിന്റെ ലക്ഷ്യം. ചിത്രത്തില്‍ ഉള്ള ക്ലോക്കില്‍ പറയുന്നത് പോലെ 8 സാധ്യതകളാണ് പൊസിഷനിംഗിനുള്ളത്.
1. LOW PRICE AND LOW ADDED VALUE
ഇത് ഒരു ബിസിനസിന് ഒട്ടും മത്സരാത്മകമായ സ്ഥാനമല്ല. കുറഞ്ഞ വില മാത്രമേ ഉള്ളൂവെങ്കിലും നമ്മുടെ ഉല്‍പ്പന്നം മറ്റുള്ളവരില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. മാത്രമല്ല ഉപഭോക്താവിന് വളരെ കുറച്ച് മൂല്യം മാത്രമേ തോന്നുകയും ചെയ്യുന്നുള്ളൂ.
ഇതൊരു വിലപേശല്‍ തന്ത്രമാണ്. 'ഏറ്റവും വിലകുറഞ്ഞത്' എന്നതാണ് നിങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്. പക്ഷെ പോകേപോകെ കസ്റ്റമേഴ്‌സ് നിങ്ങളില്‍ മൂല്യം ഇല്ല എന്ന് മനസ്സിലാക്കുകയും കയ്യൊഴിയുകയും ചെയ്‌തേക്കാം.
പലയിടങ്ങളിലും കാണുന്ന ചൈന ഷോപ്പുകള്‍ ഇത്തരം പൊസിഷനിംഗിന് ഉദാഹരണം ആണ്.
2 LOW PRICE
ഈ കാറ്റഗറിയിലെ ബിസിനസുകള്‍ ഒരു വിപണിയിലെ കുറഞ്ഞ പ്രൈസ് കാറ്റഗറിയില്‍ ലീഡര്‍മാരായി കാണപ്പെടുന്നു.
ഇത് വിജയകരമാകുന്നതിന് ചെലവ് കുറയ്ക്കുന്നതിനുള്ള ഒരു തന്ത്രം ആവശ്യമാണ്, ഇത് പലപ്പോഴും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഉല്‍പ്പന്നത്തിന്റേയും ലാഭ മാര്‍ജിനുകള്‍ കുറവാണെങ്കിലും വലിയ ഉല്‍പ്പാദനം ഉണ്ടെങ്കില്‍ മൊത്തത്തിലുള്ള ലാഭം നേടാന്‍ കഴിയും. ഗുണ നിലവാരത്തിലും കാര്യമായി വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കില്‍ കുറഞ്ഞ വിലയിലുള്ള പൊസിഷനിംഗ് നന്നായി നിലനിര്‍ത്തിക്കൊണ്ട് പോകാം.
കുറഞ്ഞ വിലയുള്ള ബിസിനസുകള്‍ തമ്മിലുള്ള മത്സരം വളരെ തീവ്രമാണ് - പലപ്പോഴും വിലയുദ്ധങ്ങള്‍ കാണുന്നതും ഈ കാറ്റഗറിയില്‍ ആണ്. അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ എന്നിവയെല്ലാം ഈ പൊസിഷനിംഗ്് തന്ത്രത്തിന്റെ ഉദാഹരണങ്ങള്‍ ആണ്. ഹൈപ്പര്‍ മാര്‍ക്കറ്റ് ബ്രാന്‍ഡ് ആയ വാള്‍മാര്‍ട്ടും ഈ രീതിയില്‍ ആണ് പൊസിഷന്‍ ചെയ്യുന്നത്.
3 HYBRID
പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു ഹൈബ്രിഡ് സ്ഥാനത്ത് കുറഞ്ഞ വിലയുടെ ചില ഘടകങ്ങള്‍ (മത്സരവുമായി താരതമ്യപ്പെടുത്തുമ്പോള്‍) ഉള്‍പ്പെടുന്നു, മാത്രമല്ല ഉല്‍പ്പന്നത്തില്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്തതയും ഉണ്ടാകും. ന്യായമായ വിലയും സ്വീകാര്യമായ ഉല്‍പ്പന്ന വ്യത്യാസവും സംയോജിപ്പിച്ച് നല്ല മൂല്യമുണ്ടെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുകയാണ് ഹൈബ്രിഡ് പൊസിഷനിംഗിന്റെ ലക്ഷ്യം.
ഇത് വളരെ ഫലപ്രദമായ പൊസിഷനിംഗ് തന്ത്രമാണ്, പ്രത്യേകിച്ചും അധിക മൂല്യം സ്ഥിരമായി വാഗ്ദാനം ചെയ്യുന്നുവെങ്കില്‍. ഇത്തരം ഒരു പൊസിഷന്‍ സ്വീകരിക്കാന്‍ ഉല്‍പ്പന്നത്തിന്റെ കാര്യത്തില്‍ നല്ല റിസര്‍ച്ച് നടത്തുകയോ, ആദ്യം തന്നെ വലിയ ക്യാപിറ്റല്‍ ഉപയോഗിക്കുകയോ വേണ്ടി വന്നേക്കാം.
ഇത് ഏറ്റവും മനോഹരമായി ചെയ്യുന്ന ബ്രാന്‍ഡ് ആണ് ഐകിയ. വ്യത്യസ്തങ്ങളായ ഫര്‍ണിച്ചര്‍ ന്യായമായ വിലയില്‍ നല്‍കുന്ന ഈ ബ്രാന്‍ഡ് അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് പ്രിയങ്കരമാണ്.
4 DIFFERENTIATION
ഉപയോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന അധിക മൂല്യം വാഗ്ദാനം ചെയ്യുക എന്നതാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം പോലെ വ്യത്യസ്തമായ ബ്രാന്‍ഡിംഗും ഈ തന്ത്രത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ശക്തമായ ബ്രാന്‍ഡ് അവബോധവും വിശ്വസ്തതയും ഉള്ള ഉയര്‍ന്ന നിലവാരമുള്ള ഒരു ഉല്‍പ്പന്നം ഉണ്ടെങ്കില്‍ താരതമ്യേന ഉയര്‍ന്ന വിലയും ഒരു വ്യത്യസ്ത തന്ത്രത്തിന് ആവശ്യമായ അധിക മൂല്യവും നേടാം.
ആപ്പിള്‍, സ്റ്റാര്‍ബക്ക്‌സ് എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങള്‍ ആണ്. ശക്തമായ ബ്രാന്‍ഡിംഗും അതുപോലെ തന്നെ വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളും കൊണ്ടാണ് അവര്‍ ഈ പൊസിഷന്‍ നേടുന്നത്.
5 FOCUSSED DIFFERENTIATION
ഈ തന്ത്രം ഒരു ഉല്‍പ്പന്നത്തെ ഉയര്‍ന്ന വില നിലവാരത്തില്‍ പൊസിഷന്‍ ചെയ്യുന്നതിന് വേണ്ടിയാണ്. വലിയ മൂല്യം തോന്നുന്നതിനാല്‍ ഉപയോക്താക്കള്‍ ഉല്‍പ്പന്നം വാങ്ങുന്നു. പ്രീമിയം വില കൈവരിക്കാന്‍ ലക്ഷ്യമിടുന്ന ആഡംബര ബ്രാന്‍ഡുകള്‍ സ്വീകരിച്ച പൊസിഷനിംഗ് തന്ത്രമാണിത്.
വിജയകരമായി ചെയ്താല്‍, ഈ തന്ത്രം വളരെ ഉയര്‍ന്ന ലാഭവിഹിതത്തിലേക്ക് നയിച്ചേക്കാം, എന്നാല്‍ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും മാത്രമേ ദീര്‍ഘകാലത്തേക്ക് തന്ത്രം നിലനിര്‍ത്താന്‍ കഴിയൂ.
റോള്‍സ് റോയ്‌സ് കാറുകള്‍, റോളക്‌സ് വാച്ചുകള്‍ എന്നിങ്ങനെയുള്ള ലക്ഷ്വറി ബ്രാന്‍ഡുകള്‍ വലിയ മൂല്യം ഉണ്ടാക്കി, വലിയ വിലയില്‍ പൊസിഷന്‍ ചെയ്യുന്നു.
6 RISKY HIGH MARGINS
ഇത് ഉയര്‍ന്ന റിസ്‌ക് പൊസിഷനിംഗ് തന്ത്രമാണ്. ഈ തന്ത്രം ഉപയോഗിച്ച്, ആഗ്രഹിച്ച മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അധികമായി ഒന്നും നല്‍കാതെ ബിസിനസ് ഉയര്‍ന്ന വില നിശ്ചയിക്കുന്നു. ഈ ഉയര്‍ന്ന വിലയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങുന്നത് തുടരുകയാണെങ്കില്‍, ലാഭം ഉയര്‍ന്നതായിരിക്കും. എന്നാല്‍, ഒടുവില്‍ ഉപഭോക്താക്കള്‍ക്ക് സമാനമായ അല്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ആഗ്രഹിച്ച മൂല്യം വാഗ്ദാനം ചെയ്യുന്ന മികച്ച സ്ഥാനമുള്ള ഉല്‍പ്പന്നം കണ്ടെത്തും. അതോടെ നമ്മുടെ ഉല്‍പ്പന്നത്തിന്റെ കാര്യം അധോഗതി.
ഒരു സാധാരണ മത്സര വിപണിയിലും ന്യായീകരണമില്ലാത്ത വിലയില്‍ വില്‍ക്കുന്നത് അത്ര ആരോഗ്യകരമല്ല.പല മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിറ്റ് ചെറിയ സമയം കൊണ്ട് വലിയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ആണ്. അത്തരം കമ്പനികള്‍ക്ക് അധിക കാലം നില നില്‍പ്പില്ല.
7 MONOPOLY PRICING
ഒരു മാര്‍ക്കറ്റില്‍ ഒരു കുത്തക ഉള്ളിടത്ത്, ഉല്‍പ്പന്നം വാഗ്ദാനം ചെയ്യുന്ന ഒരു ബിസിനസ് മാത്രമേയുള്ളൂ എങ്കില്‍ ഈ പ്രൈസിങ്ങ് സാധ്യമാണ്. ഉല്‍പ്പന്നത്തില്‍ ഉപഭോക്താവ് എന്ത് മൂല്യമാണ് ആഗ്രഹിക്കുന്നതെന്ന് കമ്പനിക്ക് വളരെയധികം ആശങ്കപ്പെടേണ്ടതില്ല ഉപഭോക്താവിന് ഉള്ള ഒരേയൊരു തിരഞ്ഞെടുപ്പ് വാങ്ങണോ വേണ്ടയോ എന്നതാണ്. ബദലുകളൊന്നുമില്ല. തത്വത്തില്‍ കുത്തകയ്ക്ക് അവര്‍ ആഗ്രഹിക്കുന്ന വില നിശ്ചയിക്കാന്‍ കഴിയും. ഭാഗ്യവശാല്‍, മിക്ക രാജ്യങ്ങളിലും, കുത്തകകള്‍ ആവശ്യാനുസരണം വില നിശ്ചയിക്കുന്നതില്‍ നിന്ന് തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ട്.
തൊണ്ണൂറുകളില്‍ കമ്പ്യൂട്ടറുകളില്‍ ഓപറേറ്റിംഗ് സിസ്റ്റം ആയി ആകെ ഉണ്ടായിരുന്നത് വിന്‍ഡോസ് മാത്രമാണ്. അതിനാല്‍ തന്നെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ലൈസന്‍സിനായി വലിയ തുക ഈടാക്കിയിരുന്നു. ഇതിന്റെ പേരില്‍ പിന്നീട് മൈക്രോസോഫ്റ്റിന് ഫൈന്‍ അടയ്‌ക്കേണ്ടതായും വന്നു!
8 LOSS OF MARKET SHARE
ഏതൊരു വിപണിയിലും ഇത്തരം ഒരു പൊസിഷനിംഗ് പരാജയത്തിനു കാരണമായേക്കാം. സാധാരണ മൂല്യമുള്ള ഒരു ഉല്‍പ്പന്നത്തിനായി ഒരു സ്റ്റാന്‍ഡേര്‍ഡ് വില സജ്ജമാക്കുന്നത് ഉപഭോക്താവിനെ കൂടുതല്‍ മൂല്യം ഉള്ള, സമാന വിലയുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും.
ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് തങ്ങളുടെ വിപണി നഷ്ടമായത് ഈ പൊസിഷനിംഗ് തന്ത്രം സ്വീകരിച്ചത് കൊണ്ടാണ്.
ബോമാന്റെ ക്ലോക്ക് നോക്കുമ്പോള്‍, മൂന്ന് സ്ഥാനങ്ങള്‍ (6, 7, 8) അത്ര മത്സരയോഗ്യമല്ലെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഉപഭോക്തൃ മൂല്യത്തേക്കാള്‍ വില കൂടുതലുള്ളവ ഇവയാണ്. നല്ല രീതിയില്‍ പൊസിഷന്‍ ചെയ്ത് മാര്‍ക്കറ്റില്‍ വിജയം കൊയ്യാന്‍ ഇതില്‍ ഏത് സ്ട്രാറ്റജി സ്വീകരിക്കണം എന്നത് ഇനി നിങ്ങളുടെ കയ്യിലാണ്. ഇപ്പോള്‍ നിങ്ങളുടെ സേവനം അല്ലെങ്കില്‍ ഉല്‍പ്പന്നം ഏത് പൊസിഷനില്‍ ആണെന്ന് ഈ ക്ലോക്ക് ഉപയോഗിച്ച് അനലൈസ് ചെയ്തു നോക്കൂ...