2022 ല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ബ്രാന്‍ഡിംഗ് പാഠങ്ങള്‍

വളരെയധികം ആളുകള്‍ കേരളത്തില്‍ ബിസിനസ്സ് രംഗത്തേക്ക് കടന്നുവന്ന ഒരു വര്‍ഷമായിരിന്നു 2021. പഠിച്ചിറങ്ങിയ യുവാക്കള്‍, വീട്ടമ്മമാര്‍, കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ തുടങ്ങി ഒട്ടനവധി ആളുകള്‍ ഈ മേഖലയില്‍ പിച്ചവച്ചുതുടങ്ങി. ചിലര്‍ ലോകനിലവാരത്തില്‍ തന്റെ സംരംഭത്തെ ഉയര്‍ത്തികൊണ്ടുവരണം എന്ന ലക്ഷ്യം മുന്നില്‍കണ്ട് ഈ മേഖലയിലേക്ക് കടന്നുവന്നു മറ്റു ചിലര്‍ ഉപജീവനത്തിനുള്ള വരുമാനം ലക്ഷ്യംവച്ച് കടന്നുവന്നു. ഈ ഒരു പ്രവണത 2022 ലും തുടരുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ പല ബിസിനസ്സ് മേഖലയിലും മത്സരം കടുക്കുന്നതിനാല്‍ എല്ലാര്‍ക്കും അറിയുന്ന ഉല്‍പ്പന്നമാണെങ്കിലും വളരെ വ്യത്യസ്തമായി അത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സംരംഭകര്‍ നിര്‍ബന്ധിതരാവുകതന്നെ ചെയ്യും. അതായത് ബ്രാന്‍ഡിംഗില്‍ സംരംഭകര്‍ കൂടുതല്‍ സമയവും പണവും നിക്ഷേപിക്കും.

2022 ല്‍ ബിസിനസ്സ് ബ്രാന്‍ഡിംഗില്‍ എന്തെല്ലാം പുതിയ പ്രവണതകളായിരിക്കും വരാന്‍ പോകുന്നത്? പരിശോധിക്കാം.
1. നിയമ ലംഘനം: നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ പാക്കിങ്ങിലോ, പരസ്യ ബോര്‍ഡിലോ ഒരു വാചകം എഴുത്തുന്നതായി സങ്കല്‍പ്പിക്കുക. ആ വാചകം കൃത്യമായ നിയമങ്ങള്‍ പാലിച്ചുകൊണ്ടാകുമല്ലോ എഴുതുന്നത്. അതായത് നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യം ആ വാചകത്തിലൂടെ വളരെ വ്യക്തതയോടെ ആളുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്നായിരിക്കുമല്ലോ ചിന്തിക്കുന്നത്. അതിനായി പല ബ്രാന്റുകളിലും ഉപയോഗിക്കുന്നതുപോലെയുള്ള നല്ല ഒഴുക്കുള്ള വാചകങ്ങളായിരിക്കും തിരഞ്ഞെടുക്കുക. ഒപ്പം വാചകം എഴുതുമ്പോള്‍ നമ്മള്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ഫോണ്ടുകളാവും തിരഞ്ഞെടുക്കുക. കൂടാതെ അക്ഷരങ്ങള്‍ തമ്മിലുള്ള അകലങ്ങളെല്ലാം വളരെ കൃത്യമായിരികണം എന്ന നിര്‍ബന്ധവും ഉണ്ടാകും. ഈ രീതിയിലുള്ള വാചകങ്ങള്‍ നമ്മള്‍ തിരഞ്ഞെടുക്കാന്‍ കാരണം ഇതു നമുക്ക് കണ്ടുപരിചയമുള്ളതാണ് എന്നതുകൊണ്ടാണ്. നമുക്ക് കണ്ടുപരിചയമുള്ളത് എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്, ജനങ്ങളും കണ്ടുപരിചയിച്ചവയാണ്. കണ്ടുപരിചയമുള്ളതിലേക്കണോ അതോ പുതുമയുള്ളതിലേക്കണോ ആളുകളുടെ ശ്രദ്ധ പതിയുന്നത്? പുതുമതന്നെയാണ്. അതിനാല്‍ നിലവിലുള്ള എഴുത്തുനിയമങ്ങളെ അപ്പാടെ അവഗണിച്ചാവും പല സംരംഭങ്ങളും ഇനി ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നത് എന്നാണ് ലോകത്തിലെ മികച്ച ബ്രാന്‍ഡിംഗ് സ്ഥാപനങ്ങള്‍ അനുമാനിക്കുന്നത്. ഭംഗിയിലല്ല, ആളുകളുടെ ശ്രദ്ധ പതിയുന്നരീതിയില്‍ ആളുകളുടെ നിലവിലെ ചിന്തയേയും, ധാരണയേയും പൊളിച്ചെഴുത്തുന്ന രീതിയില്‍ ഉല്‍പന്നങ്ങളുടെ എഴുത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ പുതിയ സ്ഥാപനങ്ങള്‍ ശ്രമിക്കും.

2. പ്രകൃതി സംരക്ഷണവും, നിറവും: Eco-friendly ഉല്‍പ്പന്നങ്ങള്‍ ഇന്ന് ധാരാളം മാര്‍ക്കറ്റില്‍ ഇറങ്ങുന്നുണ്ട്. അത് ഭക്ഷ്യ വസ്തുക്കളായികൊള്ളട്ടെ, ശുചീകരണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളായിക്കൊള്ളട്ടെ. ഒന്ന് ചിന്തിക്കു, നിങ്ങളാണ് ഒരു ഓര്‍ഗാനിക്, അല്ലെങ്കില്‍ eco-friendly ഉത്പന്നം വിപണിയില്‍ ഇറക്കുന്നത് എന്ന്. ആ ഉത്പന്നത്തിന് നിങ്ങള്‍ നല്‍കുന്ന നിറം എന്തായിരിക്കും? പച്ച, അല്ലെ? അല്ലെങ്കില്‍ മരത്തിന്റെ നിറം. ലോകമെമ്പാടുമുള്ള ഇത്തരം ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന നിറം മേല്‍ സൂചിപ്പിച്ചത് തന്നെയാണ്. അതുകൊണ്ടുതന്നെ, നമ്മുടെ ഉല്‍പ്പന്നത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കാന്‍ നമുക്ക് കഴിയാറില്ല. ഇതില്‍ ഒരു മാറ്റം വരുമെന്നാണ് അനുമാനിക്കുന്നത്. ഉല്‍പ്പന്നത്തിന്റെ നിറത്തിലല്ല, സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിലും സംസ്‌കാരത്തിലും eco-friendly എന്ന രീതി കൊണ്ടുവരും. അതുതന്നെയാണ് ബ്രാന്‍ഡിംഗിന് കാരണമാകുന്നത്; അല്ലാതെ പക്കറ്റിന്റെ ഡിസൈനില്‍ അല്ല. അപ്പോള്‍ പിന്നെ പച്ച അല്ലെങ്കില്‍ മറ്റേത് നിറം ഉപയോഗിക്കും? അത് സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള സംസ്‌കാരത്തെയും തന്ത്രത്തെയും ആശ്രയിച്ച് ബ്രാന്‍ഡ് തന്ത്രജ്ഞന്‍ തീരുമാനിക്കേണ്ടതാണ്.

3. നൊസ്റ്റാള്‍ജിയ: മിന്നല്‍ മുരളി സിനിമയുടെ യഥാര്‍ത്ഥ ഭംഗി, അതില്‍ ബേസില്‍ ജോസഫ് കൊണ്ടുവന്നിട്ടുള്ള ഒരു 20 വര്‍ഷം മുമ്പത്തെ കേരളത്തിന്റെ കവലയുടെ ഭംഗിയായിരുന്നു. നമ്മള്‍ നമ്മുടെ കുട്ടികാലത്ത് കണ്ടുവളര്‍ന്നിട്ടുള്ള പലതിനെയും ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട്. വീണ്ടും ആ കാലം വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകാറുമുണ്ട്. അതിനാല്‍തന്നെ അന്നത്തെ ഉല്‍പ്പന്നങ്ങള്‍ ഇന്ന് ലഭിച്ചാല്‍ അത് നമ്മള്‍ വാങ്ങും. നോക്കിയ 3310 ഇന്ന് ഇറക്കിയപ്പോഴും വാങ്ങുവാന്‍ ആളുകള്‍ ഉണ്ട് എന്നത് നമ്മള്‍ നോസ്റ്റാല്‍ജിക് ആണ് എന്നതിന് തെളിവാണ്. നോസ്റ്റാല്‍ജിക് ബ്രാന്‍ഡിംഗിന് ഒരു ഭാവി കാണുന്നുണ്ട്. പഴയ ആ കാലത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള പാക്കിങ്ങും, അക്ഷരങ്ങളും, നിറങ്ങളും, പരസ്യ വാചകങ്ങളുമെല്ലാം ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.


4. പരസ്യങ്ങള്‍: പരസ്യങ്ങള്‍ എന്നും നമ്മുടെ ആസ്വാദനത്തിന് തടസ്സം സൃഷ്ടിക്കുന്നവയാണ്. പണ്ട് ചാനലില്‍ പരസ്യം വന്നാല്‍ ഉടനെ ചാനല്‍ മാറ്റുന്ന സ്വഭാവം നമ്മളില്‍ പലര്‍ക്കും ഉണ്ടായിരുന്നു. ഇന്നാണെങ്കില്‍ യൂട്യൂബില്‍ പരസ്യം വന്നാല്‍ 5 സെക്കന്റ് പോലും കാത്തിരിക്കാന്‍ നമ്മള്‍ തയ്യാറാവാറില്ല. പക്ഷെ ചില പരസ്യങ്ങള്‍ പരസ്യങ്ങളാണെന്നുപോലും ഓര്‍ക്കാതെ നമ്മള്‍ കണ്ടിരിക്കാറുണ്ട്. ചില സ്വര്‍ണാഭരണ ശാലകളുടെ പരസ്യവും, ഫഹദ് ഫാസില്‍ അഭിനയിച്ച മില്‍മയുടെ പരസ്യവുമെല്ലാം. കാരണം അവര്‍ അതില്‍ അവരുടെ ഉല്‍പ്പന്നത്തെ കുറിച്ച് വാതോരാതെ പറയുകയല്ല ചെയുന്നത്. നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നരീതിയില്‍ ഒരു കഥാ രൂപത്തില്‍ പരസ്യത്തെ അവതരിപ്പിക്കുന്നു. കൂടാതെ ആളുകളുടെ ചിന്തയെ സ്വാധീനിക്കുന്നതരം വിഷയങ്ങളും അവര്‍ പരസ്യത്തില്‍ അവതരിപ്പിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയവുമായി ബന്ധപെട്ട് ഭീമയുടെ പരസ്യം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. അത്തരത്തില്‍ ആളുകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയത്തെ തിരഞ്ഞെടുത്ത് അതില്‍ സ്ഥാപനത്തേയും ഉല്‍പ്പന്നത്തെയും ഉള്‍ക്കൊള്ളിച്ച് അവതരിപ്പിച്ച് ആളുകള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യിപ്പിക്കുമ്പോഴാണ് പരസ്യം വിജയിക്കുന്നത്, ഒപ്പം ഉല്‍പ്പന്നവും, സ്ഥാപനവും. ഈ രീതിയില്‍ സാമൂഹികപ്രസക്തമായ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് ബ്രാന്‍ഡ് വളര്‍ത്താന്‍ വരുന്ന വര്‍ഷങ്ങളില്‍ പല വന്‍ സ്ഥാപനങ്ങളും ശ്രമിക്കും.

വലിയ മാറ്റങ്ങള്‍ ആഗോളതലത്തില്‍ ബ്രാന്‍ഡിംഗില്‍ സംഭവിക്കുമെങ്കിലും കേരളത്തില്‍ എത്രകണ്ട് ഈ മാറ്റത്തിനനുസരിച്ച് മാറും എന്നതില്‍ സംശയമുണ്ട്. കാരണം കേരളത്തില്‍ വലിയൊരു ശതമാനം സംരംഭകരും followers ആണ്; Creators അല്ല. മറ്റുള്ള വിജയിച്ച സ്ഥാപനങ്ങളെ അതേപോലെ അനുകരിക്കാനാണ് പല സംരംഭകരും കേരളത്തില്‍ ശ്രമിക്കുന്നത്. അവരുടെ ബ്രാന്‍ഡിംഗിലെ പരിമിതമായ അറിവ് വച്ച് പല സുപ്രധാന തീരുമാനങ്ങളും ഒട്ടും പഠിക്കാതെ ഈ മേഖലയില്‍ പരിചയമില്ലാത്തവരുടെ ഉപദേശം കേട്ട് എടുക്കുന്നു. അവിടെ പുതുമ സൃഷ്ഠിക്കാന്‍ അവര്‍ക്ക് കഴിയാതെവരുന്നു. ഒരു ബ്രാന്‍ഡായി വളരാന്‍ കഴിയാതെപോകുന്നു. ഈ സ്ഥിതിക്ക് ഒരു മാറ്റം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

എല്ലാ വായനക്കാര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.


( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com +91 8281868299)

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it