സ്ഥാപനത്തിന്റെ 'ടോൺ ഓഫ് വോയിസ്'

ഒരു ഗ്ലാസ് പായസം കുടിച്ചിട്ട് അതിന്റെ രുചി നമ്മൾ പ്രകടിപ്പിക്കാനായി ഉപയോഗിക്കുന്ന വാക്കുകൾ എന്തെല്ലാമാണ്? ചിലർ 'നല്ലത്' എന്ന് പറയും, ചിലർ 'കേമം' എന്ന് പറയും, ചിലർ 'അസ്സലായിട്ടുണ്ട്' എന്ന് പറയും, മറ്റുചിലർ 'അടിപൊളി' എന്ന് പറയും. എല്ലാത്തിന്റെയും അർഥം ഒന്നുതന്നെ ആണെങ്കിലും അവ നൽകുന്ന വികാരം പലതാണ്. ഓരോ വാക്ക്‌കേൾക്കുമ്പോഴും അവ ഉപോയോഗിക്കുന്ന ആളുകൾ ഏതുരീതിയിലുള്ളവരാണെന്ന് നമുക്ക് മനസിലാക്കാൻ കഴിയും. 'അടിപൊളി' എന്ന പ്രയോഗം ഉപയോഗിക്കുന്ന ആളെക്കുറിച്ച് നമ്മുടെ മനസ്സിൽ വരുന്ന ചിത്രമാവില്ല 'കേമം' എന്ന പ്രയോഗം ഉപയോഗിക്കുന്ന ആളെക്കുറിച്ചു നമ്മുടെ മനസ്സിൽ വരുന്നത്. അതായത് ഒരാളുടെ സ്വഭാവത്തെ മറ്റുള്ളവർ വിലയിരുത്തുന്നത് അയാൾ ഉപയോഗിക്കുന്ന വാക്കുകളുടെയും അടിസ്ഥാനത്തിലാണ്. അപ്പോൾ ഒരു ഉത്പന്നത്തെ കുറിച്ച് ജനങ്ങൾ വിലയിരുത്തുന്നത് ആ ഉത്പന്നം ഉപയോഗിക്കുന്ന വാക്കുകളുടെയും അടിസ്ഥാനത്തിലാവില്ലേ? ഇവിടെയാണ് നമ്മുടെ ഉത്പന്നത്തിന്റെയോ കമ്പനിയുടെയോ ടോൺ ഓഫ് വോയ്‌സിന് പ്രാധാന്യം വരുന്നത്.

എന്താണ് ടോൺ ഓഫ് വോയിസ്?
നമ്മുടെ സ്ഥാപനം ജനങ്ങളുമായി സംവദിക്കാനുപയോഗിക്കുന്ന വാക്കുകളുടെ പ്രയോഗമാണ് ടോൺ ഓഫ് വോയിസ്. 'നമ്മൾ എന്ത് പറയുന്നു', 'എങ്ങനെ പറയുന്നു' ഇവ രണ്ടുമാണ് ടോൺ ഓഫ് വോയ്‌സിന്റെ അടിസ്ഥാനം. എഴുതുന്നതും സംസാരിക്കുന്നതുമായ നിങ്ങളുടെ വാക്കുകളിൽ നിങ്ങളുടെ ബിസിനസ്സിന്റെ സ്വഭാവം എങ്ങനെ കടന്നുവരുന്നു എന്നതാണ് ടോൺ ഓഫ് വോയിസ്. ഇത് നിങ്ങൾ എന്ത് പറയന്നു എന്നതിനെ കുറിച്ചല്ല, മറിച്ച് നിങ്ങൾ പറയുന്ന രീതിയും നിങ്ങളുടെ പ്രേക്ഷകർ ഏതു രീതിയിൽ അത് മനസിലാക്കുന്നു എന്നതുമാണ്.‌ എഴുതുന്ന എല്ലാ ഉള്ളടക്കത്തിനും ഒരേ ടോൺ ആയിരിക്കണം. എല്ലായിപ്പോഴും ഒരേ പോലെ സംസാരിക്കുമ്പോൾ ഒരേ വ്യക്തിയാണ് തങ്ങളോട് സംസാരിക്കുന്നത് എന്ന തോന്നൽ ജനങ്ങൾക്ക് വരും. അപ്പോൾ നമ്മുടെ സ്ഥാപനം സ്ഥിരതയുള്ളതും വിശ്വസനീയവുമാണെന്ന് ജങ്ങൾക്ക് ബോധ്യം വരും. ഇത് തന്നെയല്ലേ ബ്രാൻഡിംഗ്?
ടോൺ ഓഫ് വോയിസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1.ഉപഭോക്താവിന്റെ മൃദുലവികാരം:
നമ്മുടെ സ്ഥാപനത്തിന്റെ ടോൺ ഓഫ് വോയിസ് നിശ്ചയിക്കുമ്പോൾ ഏറ്റവും പ്രധാനമായി ലക്‌ഷ്യം വയ്‌ക്കേണ്ടത് നമ്മുടെ ഉപഭോക്താക്കൾ ആരാണ് എന്നതാണ്. ഉദാഹരണത്തിന് നമ്മൾ വിൽക്കുന്നത് ചെറിയ കുട്ടികൾക്കുള്ള ഉല്പന്നമാണെങ്കിൽ നമ്മുടെ ടോൺ ഓഫ് വോയിസ് എന്നത് മാതൃത്വം തുളുമ്പുന്നതാവണം. അവിടെ നമ്മൾ ലക്ഷ്യമിടേണ്ടത് അമ്മമാരെയാണ്. കുറച്ചുകൂടെ ആഴത്തിൽ പറഞ്ഞാൽ അമ്മമാർക്ക് തന്റെ കുഞ്ഞുങ്ങളോടുള്ള വാലാത്സല്യമെന്ന വികാരത്തെയാണ് നമ്മൾ ലക്ഷ്യമിടേണ്ടത്. അവിടെ നമ്മൾ ഉപയോഗിക്കുന്ന വാക്കുകളിലും ആ ഒരു വികാരം വരണം. അതുപോലെ Boost എന്ന ബ്രാൻഡ് ഉപയോഗിക്കുന്ന വാക്കുകൾ എടുത്തു പരിശോധിച്ചാൽ അതിൽ കൂടുതലും ശക്തം, കായികം തുടങ്ങിയ അർഥം വരുന്ന വാക്കുകളാണ് കാണാൻ കഴിയുക. കാരണം അവർ ലക്ഷ്യമിടുന്നത് യുവാക്കളുടെ ശക്തി എന്ന വികാരത്തെയാണ്. അതായത് ഇവിടെ നമ്മൾ ലക്ഷ്യമിടേടേത് ഉപഭോക്താക്കളുടെ മൃദുല വികാരങ്ങളായ മാതൃത്വം, അന്തസ്സ്, ഭയം, പ്രണയം തുടങ്ങിയവയാണ്. കാരണം ആളുകളുടെ മനസ്സിൽ ഉത്പന്നം സ്ഥാനംപിടിക്കുന്നത് ആ ഉത്പന്നം അവരുടെ മൃദുല വികാരത്തെ സ്പർശിക്കുമ്പോഴാണ്.
2. വ്യത്യസ്തത:
മറ്റ് ഉത്പന്നത്തെ നമ്മുടെ ഉത്പന്നത്തിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്താണോ അതാണ് ബ്രാൻഡിന്റെ പ്രധാന ഘടകം. നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾക്ക് പിറകിലെ വികാരമെന്താണോ അത് മറ്റ് ഉത്പന്നത്തിൽ നിന്നും വ്യത്യസ്തമാവണം. അല്ലാത്തപക്ഷം ഒരു വ്യക്തിത്വം സൃഷ്ടിക്കാൻ നമുക്ക് കഴിയില്ല. I'M LOVIN IT എന്ന് കേൾക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്ന ഉത്പന്നം McDonald's ആണ്. കാരണം ആ വാചകം McDonald's മാത്രമേ ഉപയോഗിച്ചിട്ടുള്ളു. മാത്രമല്ല വളരെ സാധാരണ ഭാഷയിൽ കൃത്യമായ ആഴത്തിലാണ് ആ വാചകം അവർ അവതരിപ്പിക്കുന്നത്. അതിനാൽത്തന്നെയാണ് ആ വാചകം നമ്മുടെ മനസ്സിൽ കയറിയതും.
3. സ്ഥിരത:
ഒരിക്കൽ ടോൺ ഓഫ് വോയിസ് നിശ്ചയിച്ചുകഴിഞ്ഞാൽ നമ്മുടെ ഉത്പന്നം എവിടെയെല്ലാം ഉപഭോക്താക്കളോട് സംസാരിക്കുന്നുവോ അവിടെയെല്ലാം ഉപയോഗിക്കണം. സാധാരണയായി ഉത്പന്നം അല്ലെങ്കിൽ സ്ഥാപനം ജനങ്ങളുമായി സംവദിക്കുന്നത് വെബ്സൈറ്റ്, പാക്കിങ്, പരസ്യങ്ങൾ, മീറ്റിംഗുകൾ, സെയിൽസ് പിച്ച് തുടങ്ങിയവയിലോടെയാണ്. അവിടെയെല്ലാം കൃത്യമായി മുന്നേ നിശ്ചയിച്ച ടോൺ ഓഫ് വോയിസ് പ്രകാരമാണ് മുന്നോട്ടുപോകേണ്ടത്. എങ്കിൽ മാത്രമേ അത് ജനങ്ങളുടെ മനസ്സിൽ പതിയുകയുള്ളു. മുന്നേ സൂചിപ്പിച്ച വാചകം I'M LOVIN IT എന്നത് നമ്മൾ ഓർക്കാനും അത് ഒരു ഉത്പന്നത്തിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കാനും കാരണം അവർ സ്ഥിരമായി എല്ലായിടത്തും അത് ഉപയോഗിച്ചു എന്നതുകൊണ്ടാണ്. ഒരു കാര്യംതന്നെ പല സ്ഥലങ്ങളിലും വച്ച് സ്ഥിരമായി കേൾക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ മനസ്സിൽ അത് കയറിപറ്റും. ബ്രാൻഡിങ്ങിലും അതുപോലെതന്നെയാണ്.
4. ക്ളീഷേ വാചകങ്ങൾ ഒഴിവാക്കുക.
No.1, Best, Trusted, Leading ഇത്തരം വാചകങ്ങളെല്ലാം നമ്മൾ കണ്ടും കേട്ടും പഴകിയതാണ്. പല ചെറുതും വലുതുമായ സ്ഥാപനങ്ങൾ ഇത് ഉപയോഗിക്കുന്നുണ്ട്. പുതുതായി തുടങ്ങിയ സ്ഥാപനങ്ങൾ പോലും 'The most trusted' എന്ന് ഉപഗോഗിച്ചുകണ്ടിട്ടുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നൽകുന്നത്? ഒരിക്കലും അത്തരം ക്ളീഷേ വാക്കുകളും വാചകങ്ങളും ഉപയോഗിക്കരുത്. സത്യസന്ധത പാലിച്ചാവണം ബിസിനസ് നടത്തേണ്ടത്. അത് നമ്മുടെ ഓരോവാക്കിലും പ്രതിഫലിക്കണം. എങ്കിലേ ജനങ്ങൾക്കിടയിൽ നമ്മുടെ സ്ഥാപനത്തിന്റെ മേലെ ഒരു വിശ്വാസം ഉണ്ടാവുകയുള്ളു.
5. വാചകങ്ങളുടെ സ്വഭാവം:
വാചകങ്ങളുടെ വലുപ്പം, വ്യക്തത, ഊന്നൽ ഇവ മൂന്നും വളരെ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ്. ഒത്തിരി വാക്കുകൾ ചേർത്ത് എഴുതിയുണ്ടാക്കുന്ന വാചകങ്ങളെക്കാളും ആളുകളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുക വളരെ ലളിതമായ വാക്കുകൾ ഉപയോഗിച്ച് ദൈർഗ്യം കുറഞ്ഞ വാചകങ്ങളാണ്. മാത്രമല്ല വാക്കുകളുടെ ഊന്നലും വലിയ ഒരു ഘടകമാണ്. സ്ത്രീകളുടെ ഫാഷൻ ഉത്പന്നങ്ങളിൽ ശക്തമായ വാക്കുകൾ ഉപയോഗിക്കുന്നത് അത്ര ഉചിതമാവുകയില്ല.
6. സ്ഥാപനത്തിന്റെ മൂല്യം:
ആപ്പിൾ കമ്പനിയുടെ മൂല്യം എന്നത് innovation, creativity എന്നിവയെല്ലാമാണ്. അവരുടെ ഏതൊരു പബ്ലിക് മീറ്റിങ്ങിലും അവർ കൂടുതലായി ഉപയോഗിക്കുന്നത് അതുമായി ബന്ധപ്പെട്ട വാക്കുളാണ്. അത്തരത്തിൽ നമ്മുടെ സ്ഥാപനത്തിന്റെ മൂല്യമെന്താണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാവണം ടോൺ ഓഫ് വോയിസ് നിശ്ചയിക്കേണ്ടത്. കാർഷിക സംബന്ധിയായ ഉത്പന്നങ്ങളാണെങ്കിൽ അവിടെ തനതായ പാര്യമ്പര്യം പ്രകടമാകുന്ന പ്രയോഗങ്ങളാണ് ഉപയോഗിക്കേണ്ടത്. എങ്കിൽ മാത്രമാണ് നമ്മുടെ സ്ഥാപനത്തിന് ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ കഴിയുക.


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it