കെ എഫ് സിയില്‍ നിന്നും ആരും പഠിപ്പിക്കാത്ത 2 ബിസിനസ് പാഠങ്ങള്‍

പല മോട്ടിവേഷന്‍ ക്ലാസ്സുകളിലും ട്രയ്‌നര്‍മാരും ബിസിനസ് കോച്ചുകളും ഉപയോഗിക്കുന്ന ഒരു സ്ഥാപനമാണ് KFC . KFC യുടെയും സ്ഥാപകന്‍ കേര്‍ണല്‍ സാണ്ടേഴ്‌സിന്റെയും കഥ യൂട്യൂബില്‍ ധാരാളം ഉണ്ട്. പലരും ബിസിനസ്സില്‍ പ്രായത്തെയും നിശ്ചയധാര്‍ഢ്യത്തെയും കുറിച്ച് സംസാരിക്കനാണ് KFC യെ ഉദാഹരിക്കുന്നത്. എന്നാല്‍ ഇതിനപ്പുറം ചെറിയ രീതിയില്‍ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മാസിലാക്കേണ്ട 2 കാര്യങ്ങള്‍ KFC യില്‍ ഉണ്ട്. അതിന് മുമ്പ് കേര്‍ണല്‍ സാണ്ടേഴ്‌സിന്റെ കഥയിലെ പ്രധാന സംഭവങ്ങള്‍ മാത്രം സൂചിപ്പിക്കാം.

അഞ്ചാം വയസ്സില്‍ അദ്ദേഹത്തിന്റെ പിതാവ് നഷ്ടപെട്ടു, ദാരിദ്ര്യം മൂലം പതിനാറാം വയസ്സില്‍ തന്റെ പഠനം അവസാനിക്കേണ്ടിവന്നു. പതിനെട്ടാം വയസ്സില്‍ വിവാഹിതനാവുകയും പത്തൊന്‍പതാം വയസ്സില്‍ അദ്ദേഹം ഒരു പിതാവാകുകയും ചെയ്തു. ഇരുപതാം വയസ്സില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉപേക്ഷിച്ച് പോയി. പതിനെട്ട് വയസിനും ഇരുപത്തിരണ്ട് വയസിനും ഇടയില്‍ അദ്ദേഹം റെയില്‍ റോഡ് കണ്ടക്ടറായി ജോലി ചെയ്തുവെങ്കിലും തുടരാന്‍ കഴിഞ്ഞില്ല. ആര്‍മിയില്‍ ചേരാന്‍ നോക്കി, ഒപ്പം നിയമം പഠിക്കാനായും ശ്രമിച്ചു, ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി നോക്കി. എല്ലാം പരാജയത്തില്‍ അവസാനിച്ചു. പിന്നീട് ഒരു ഭക്ഷണശാലയിലെ ക്ലീനറായി ജോലി നോക്കി, കുറെ കാലം കഴിഞ്ഞപ്പോള്‍ സ്ഥാനകയറ്റം ലഭിച്ചു. ഭക്ഷണശാലയിലെ ഒഴിവ് സമയങ്ങളില്‍ അവിടത്തെ അടുക്കളയില്‍ ചിക്കന്‍ വച്ചുള്ള ഒരു പ്രത്യേക വിഭവം പരീക്ഷിക്കുകയും സഹപ്രവര്‍ത്തകര്‍ക്ക് അത് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു. അറുപത്തിയഞ്ചാം വയസ്സില്‍ അദ്ദേഹത്തെ ഭക്ഷണശാലയില്‍ നിന്നും പുറത്താക്കി. കാരണം ഇനിയും തുടര്‍ന്നാല്‍ അത് ഭക്ഷണശാലക്ക് ഒരു ബാധ്യത ആകും എന്നതുകൊണ്ട്.

അറുപത്തിയഞ്ചു വയസ്സുവരെ എങ്ങനെയെല്ലാമോ ജീവിച്ചു. ഇപ്പോള്‍ ജോലി നഷ്ടപ്പെട്ടു. ഇനി എങ്ങനെ ജീവിക്കുമെന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടി. അദ്ദേഹം തന്റെ ജീവിത്തിലേക്ക് തിരിഞ്ഞുനോക്കി. ഇതുവരെ താന്‍ ചെയ്തതില്‍ എന്തെങ്കിലും വിജയിച്ചിട്ടുണ്ടോ, താന്‍ ചെയ്ത ഏതെങ്കിലും കാര്യം ആര്‍ക്കെങ്കിലും ഇഷ്ടപെട്ടിട്ടുണ്ടോ. ഉത്തരം കണ്ടെത്താന്‍ ഒത്തിരി ബുദ്ധിമുട്ടി എങ്കിലും അവസാനം അദ്ദേഹത്തിന് മനസിലായി താന്‍ ജീവിതത്തില്‍ ചെയ്ത ഒരു കാര്യവും വിജയിച്ചിട്ടില്ല മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തിട്ടില്ല, ചിക്കന്‍ വറുത്തത് ഒഴിച്ച്. എന്തുകൊണ്ട് തന്റെ പെന്‍ഷന്‍ തുകയായ നൂറ് ഡോളറില്‍ നിന്നും ഒരു തുക മാറ്റി ചിക്കന്‍ വറുത്തത് ഉണ്ടാക്കി വീടുകളില്‍ വിറ്റുകൂടാ എന്ന് ചിന്തിച്ചു. തരക്കേടില്ലാത്ത പ്രതികരണമാണ് ആളുകളുടെ ഇടയില്‍ നിന്നും ഉണ്ടായത്. പിന്നീട് ഭക്ഷണ ശാലകള്‍ വഴി ഇത് വില്‍ക്കാനുള്ള തീരുമാനമെടുത്ത് മുന്നോട്ട് ചെന്നു എങ്കിലും ഒരു ഭക്ഷണശാല ഒഴിച്ച് മറ്റാരും ഉല്‍പ്പന്നം എടുക്കാന്‍ തയാറായില്ല. തയ്യാറായ ഭക്ഷണശാല ഒരു നിബന്ധനയും വച്ചു. ഉല്‍പ്പന്നം വിറ്റാല്‍ മാത്രമേ കാശ് തരു എന്ന്. കേര്‍ണലിന് അത് സമ്മതിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. രാവിലെ വീട്ടില്‍ നിന്നും ചിക്കന്‍ ഉണ്ടാക്കി കടയില്‍ ഏല്‍പ്പിക്കും രാത്രി വില്‍ക്കാത്ത ചിക്കന്‍ നശിപ്പിച്ചു കളയും. ദിവസങ്ങള്‍ കഴിയുംതോറും നശിപ്പിക്കുന്ന ചിക്കന്റെ അളവില്‍ കുറവ് വരാന്‍ തുടങ്ങി. കൂടുതല്‍ ആളുകള്‍ ചിക്കന്‍ ആവശ്യപ്പെട്ട് തുടങ്ങി, മറ്റ് ഭക്ഷണ ശാലകളില്‍ നിന്നും വന്‍തോതില്‍ ഓര്‍ഡറുകള്‍ വരാന്‍ ആരംഭിച്ചു. എന്തുകൊണ്ട് സ്വന്തമായി ഒരു സ്ഥാപനം ആരംഭിച്ചുകൂടാ എന്ന് കേര്‍ണല്‍ സാന്‍ഡേര്‍സ് ചിന്തിച്ചു.

ബാക്കി ചരിത്രം! അദ്ദേഹം മരിക്കുമ്പോള്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു.

ഇനി പ്രായം മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ ബിസിനസ്സില്‍ നിന്നും നമ്മള്‍ ബിസിനസുകാര്‍ പഠിക്കേണ്ട പ്രധാനപെട്ട 2 കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1 . അദ്ദേഹം ഏതു രീതിയിലുള്ള ബിസിനസ്സാണ് ചെയ്തത്? അദ്ദേഹത്തിന് ഏറ്റവുമധികം അറിയുന്ന, മറ്റുള്ളവര്‍ക്ക് ഇഷ്ടപെട്ടിട്ടുള്ള ഒരു ഉല്‍പ്പന്നമാണ് ബിസിനസ്സിനായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് പരിചയമില്ലാത്ത ഒരു മേഖലയല്ല തിരഞ്ഞെടുത്തത്. ഉത്പാദിപ്പിക്കുന്നതും, മാര്‍ക്കറ്റിംഗ് ചെയ്യുന്നതും, ഡെലിവറി ചെയ്യുന്നതും, കണക്ക് നോക്കുന്നതും എല്ലാം അദ്ദേഹം തനിച്ചായിരുന്നു. ചുരുങ്ങിയ മുതല്‍മുടക്കില്‍ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും അറിയുന്ന ഒരു കാര്യത്തെ ബിസിനസ്സാക്കി മാറ്റുക. നിങ്ങളുടെ നൈപുണ്യം എന്താണ്, മറ്റുള്ളവര്‍ നിങ്ങളില്‍ അംഗീകരിച്ചിട്ടുള്ളത് എന്താണ്, നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ചെയ്യാന്‍ അറിയുന്നത് എന്താണ് എന്നുനോക്കി ബിസിനസ് തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം, ആ ജോലി അറിയുന്ന ഒരാളെ നിയമിക്കേണ്ടിവരും, അത് കൂടുതല്‍ ചെലവ് ക്ഷണിച്ചുവരുത്തും.

2 . ഒരു ഉല്‍പ്പന്നം ഉണ്ടാക്കാന്‍ എളുപ്പമാണ്, അത് തുടക്കത്തില്‍ വില്‍ക്കാനും എളുപ്പമാണ്. എന്നാല്‍ കേര്‍ണലിന് ആത്മവിശ്വാസം വന്നത് എപ്പോഴാണ്? ആളുകള്‍ വീണ്ടും വീണ്ടും ആ ഉല്‍പ്പന്നം വാങ്ങാന്‍ തുടങ്ങിയപ്പോള്‍. Repurchase . ഒരു ബിസിനസ്സിന്റെ വിജയമിരിക്കുന്നത് ആളുകള്‍ വീണ്ടും ആ ഉല്‍പ്പന്നം വാങ്ങുമ്പോഴാണ്. നമ്മുടെ നാട്ടിലെ ചില ഭക്ഷണശാലകള്‍ കണ്ടിട്ടില്ലേ, ആദ്യ ദിവസങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെടും, പക്ഷെ പിന്നീട് ആളുകള്‍ കയറാത്ത അവസ്ഥ വരും. ആളുകള്‍ എന്തുകൊണ്ട് വീണ്ടും വീണ്ടും ചില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു? ഒന്ന്, ഏറ്റവും മികച്ച ഉല്‍പ്പന്നം ആയതുകൊണ്ട്; രണ്ട്, ഉല്‍പ്പന്നത്തിന് വലിയ പ്രത്യേകത ഇല്ലെങ്കിലും അവിടത്തെ ആളുകളുടെ പെരുമാറ്റം മികച്ചതായതുകൊണ്ട്. മൂന്ന്, ഉല്‍പ്പന്നത്തിന് വില കൂടുതലാണെങ്കിലും മികച്ച after sales support ഉള്ളതുകൊണ്ട്. നിങ്ങളുടെ ഉല്‍പ്പന്നം ആളുകള്‍ വീണ്ടും വീണ്ടും വാങ്ങുവാനുള്ള കാരണം എന്തായിരിക്കണം?

അപ്പോള്‍ ചെറിയ മുതല്‍മുടക്കില്‍ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ KFC ല്‍ നിന്നുള്ള ഈ പാഠങ്ങള്‍ ഉള്‍കൊള്ളുമല്ലോ.

( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com
+91 8281868299 )


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story
Share it