പ്രചോദനമാക്കാം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ ശ്രദ്ധേയമായ ഈ വിജയങ്ങള്‍
ട്യൂബും വാട്ട്‌സ്ആപ്പും ഉപയോഗിച്ചുള്ള വീഡിയോ മാര്‍ക്കറ്റിഗിലൂടെ വില്‍പ്പനയില്‍ അല്‍ഭുതം സൃഷ്ടിച്ച കമ്പനികളുണ്ട്. ജനപ്രിയ സമൂഹ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ലിങ്ക്ഡ്ഇന്നും ട്വിറ്ററും വഴിയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ വ്യത്യസ്തമായ കഥകള്‍ പങ്കുവച്ചുകൊണ്ട് ബ്രാന്‍ഡ് വാല്യൂ ഉയര്‍ത്തിയവരുണ്ട്. അത്തരം വിജയത്തിന്റെ അപൂര്‍വ കഥകള്‍
വിപണി വിഹിതവും വില്‍പ്പനയും വര്‍ധിപ്പിക്കുന്നതിലേക്കായി നിരവധി ചെറുകിട ഇടത്തരം കമ്പനികള്‍ സോഷ്യല്‍ മീഡിയയെ വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അടുത്തകാലത്ത് ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയ ഏതാനും കമ്പനികളുടെ വിജയകഥകള്‍ പരിശോധിക്കാം.
വീഡിയോ മാര്‍ക്കറ്റിംഗിലൂടെ
കന്നടയിലെ റാപ് ഗായകനായ ചന്ദന്‍ ഷെട്ടി പാടിയ 'ത്രീ പെഗ് സോംഗ്' എന്ന ഗാനം യൂട്യൂബില്‍ വൈറലായിത്തീര്‍ന്ന ഒരു വീഡിയോ ആല്‍ബമാണ്. മുപ്പത് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.
ഒരു ബ്രാന്‍ഡ് പ്രൊമോഷന്‍ തന്ത്രത്തിന്റെ ഭാഗമായി ഈ ഗാനത്തെ ഹെര്‍ക്കുലീസ് റമ്മം സ്‌പോണ്‍സര്‍ ചെയ്തു. ഇതിലൂടെ ഹെര്‍ക്കുലീസ് റമ്മിന്റെ വില്‍പ്പന പ്രതിമാസം 15 ശതമാനം വര്‍ധിച്ചെന്ന് ഹെര്‍ക്കുലീസ് ബ്രാന്‍ഡിന്റെ ഉടമസ്ഥതയുള്ള ഖോഡെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്റ്റര്‍ ആദിത്യ ഖോഡെ അഭിപ്രായപ്പെട്ടു. പാട്ടിലെ ത്രീ പെഗ്‌സ് എന്ന വരികളാണ് ഈയൊരു മാജിക് സൃഷ്ടിച്ചതെന്നത് വളരെയേറെ വ്യക്തമാണ്.
വീഡിയോ മാര്‍ക്കറ്റിംഗ് എന്നത് അതിശക്തമായൊരു ഉപകരണമാണ്. പാന്‍ ബഹര്‍ ഗുട്കയുടെ പരസ്യം അടുത്തകാലത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വീഡിയോയാണ്. ജെയിംസ് ബോണ്ടിന്റെ വേഷങ്ങളിലൂടെ പ്രശസ്തനായ പിയേഴ്‌സ് ബ്രോസ്‌നന്‍ പാന്‍ ബഹാറിന്റെ ഒരു പായ്ക്കറ്റ് കൈയ്യിലെടുത്തുകൊണ്ട് 'Class never goes out of style' എന്നുപറയുന്നതോടൊപ്പം അദ്ദേഹത്തിന്റെ കൈയ്യൊപ്പും സ്‌ക്രീനില്‍ തെളിയുന്ന വിധത്തിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ജെയിംസ് ബോണ്ടിനെ അനുകരിച്ചുകൊണ്ടുള്ള ഈ പരസ്യം ഒട്ടേറെ ഇന്ത്യക്കാരെ അല്‍ഭുതപ്പെടുത്തുകയും വൈറലായിത്തീരുകയും ചെയ്തു.
ഈയിടെ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ട ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ ഒരു ഫ്‌ളാഷ് മോബാണ് സമീപകാലത്ത് കേരളത്തില്‍ വൈറലായിത്തീര്‍ന്ന മറ്റൊരു വീഡിയോ. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരു വ്യക്തിയുടെ തൊണ്ടയില്‍ കുടുങ്ങിയാല്‍ എങ്ങനെ അയാളുടെ ജീവന്‍ രക്ഷപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഒരു ബോധവല്‍ക്കരണമായിരുന്നു ഈ വീഡിയോയുടെ ഉള്ളടക്കം.
ഫെയ്‌സ്ബുക്കിലൂടെ
നിങ്ങളുടെ ബ്രാന്‍ഡിന് വേണ്ടത്ര ജനശ്രദ്ധ കെട്ടിപ്പടുക്കാന്‍ അനുയോജ്യമായൊരു ഉപകരണമാണ് ജനപ്രിയ സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്ക്. ലൈക്കുകള്‍ സൃഷ്ടിക്കുന്നതിന് പുറമേ നിങ്ങളുടെ ബ്രാന്‍ഡിനെക്കുറിച്ച് നല്ല കഥകള്‍ പറയാനും മല്‍സരങ്ങള്‍ ഒരുക്കുന്നതിനുമുള്ള മികച്ചൊരു വേദിയാണിത്. അര്‍ബന്‍ക്ലാപ് (UrbanClap) എന്നൊരു ആപ് ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രചരണം ഇതിനൊരു ഉദാഹരണമാണ്. ഉപഭോക്താക്കളെയും സര്‍വീസ്
പ്രൊഫഷണലുകളെയും പരസ്പരം ബന്ധിപ്പിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ സവിശേഷത. നിങ്ങളുടെ വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു പ്രൊഫഷണലിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന നേട്ടത്തിന്റെ കഥകളാണ് ഇതിലൂടെ വിശദമാക്കപ്പെട്ടത്. യഥാര്‍ത്ഥ ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യം ഉണ്ടാകുന്ന വിധത്തില്‍ അവതരിപ്പിച്ചതോടെ അവരുമായി മികച്ച ബന്ധം സൃഷ്ടിച്ച കമ്പനി ആപ്പിന്റെ 5 ലക്ഷത്തോളം ഡൗണ്‍ ലോഡുകളാണ് നേടിയെടുത്തത്.
ഇന്‍സ്റ്റഗ്രാമിലൂടെ
'One day without shoes' എന്ന പേരില്‍ അമേരിക്കന്‍ കമ്പനിയായ ടോം ഷൂസ് ഇന്‍സ്റ്റഗ്രാമില്‍ ഒരു പ്രചരണപരിപാടി സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കുന്നവര്‍ശവേീൗെേവീല െ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ അവരുടെ നഗ്നപാദങ്ങളുടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യണമായിരുന്നു. സവിശേഷമായ ഓരോ ഫോട്ടോക്കും പകരമായി ഷൂസ് ഇല്ലാത്ത കുട്ടികള്‍ക്ക് ഓരോ ജോഡി പുതിയ ഷൂസ് നല്‍കുമെന്നതായിരുന്നു കമ്പനിയുടെ വാഗ്ദാനം. മുപ്പതില്‍ അധികം രാജ്യങ്ങളില്‍ നിന്ന് 3,38,280 നഗ്നപാദങ്ങളുടെ ചിത്രങ്ങളാണ് withoutshoes എന്ന ടാഗോടെ കമ്പനിക്ക് ലഭിച്ചത്.
ജീവിതസാഹചര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി 2,96,243 ഷൂസുകള്‍ നല്‍കിക്കൊണ്ടാണ് ടോം ഷൂസ് എന്ന കമ്പനി അവരുടെ മനുഷ്യസ്‌നേഹം പ്രകടിപ്പിച്ചത്. കമ്പനിയുടെ ആവശ്യപ്രകാരം ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത എല്ലാവര്‍ക്കും സൗജന്യമായി ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ ഒരു ബ്രാന്‍ഡിന് സാധിക്കുകയില്ലെങ്കിലും ഉപഭോക്താക്കളുടെ മനസ്സിനെ സ്പര്‍ശിക്കത്തക്ക വിധത്തിലുള്ള ഒരു സംഗതിയുമായി നിങ്ങളുടെ ബ്രാന്‍ഡിനെ ബന്ധിപ്പിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ഉപഭോക്താക്കളിലും അല്ലാത്തവരിലുമൊക്കെ ആഗോളതലത്തില്‍ തന്നെ വലിയൊരു അവബോധം സൃഷ്ടിക്കാന്‍ ടോം ഷൂസിന് സാധിച്ചുവെന്നതാണ് ഇതിന്റെ നേട്ടം.
ലിങ്ക്ഡ്ഇന്നിലൂടെ
സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി എന്തിന് വേണ്ടിയായിരിക്കും ഒരു പ്രൊഫഷണല്‍ മാധ്യമമായ ലിങ്ക്ഡ് ഇന്നിനെ ഉപയോഗിക്കുന്നതെന്ന് എല്ലാവരും ചിന്തിച്ചേക്കാം. എന്നാല്‍ കോസ്‌മെറ്റിക് ഭീമനായ ലോറിയലിന്റെ (L' Oreal) ചിന്ത നേരെ മറിച്ചായിരുന്നു. തൊഴില്‍ മേഖലകളില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ലിങ്ക്ഡ് ഇന്നിലൂടെ തൊഴില്‍ മാര്‍ഗനിര്‍ദേശവും കൂടാതെ ബിസിനസിനെ കുറിച്ചുള്ള വിശദാംശങ്ങളും ലഭ്യമാക്കുകയാണ് ലോറിയല്‍ ചെയ്തത്. ഇത്തരത്തില്‍ സ്ത്രീകളായ ബിസിനസുകാരെയും എക്‌സിക്യൂട്ടിവുകളെയും ആകര്‍ഷിക്കാനായതിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യവും മികച്ചതുമാണെന്ന ധാരണ സൃഷ്ടിക്കാന്‍ ലോറിയലിന് കഴിഞ്ഞു.
ട്വിറ്ററിലൂടെ
മഹീന്ദ്ര ടു വീലേഴ്‌സ് പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഓട്ടോമാറ്റിക് സ്‌കൂട്ടറായ ഗസ്‌റ്റോക്ക് വിപണിയില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. അതിനാല്‍ വില്‍പ്പന ഉയര്‍ത്തുന്നതിനായി ട്വിറ്ററിലൂടെ Go Gusto Rides എന്നൊരു പ്രചരണ പരിപാടിക്ക് മഹീന്ദ്ര തുടക്കം കുറിച്ചു. ഭക്ഷണപ്രേമികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഫുഡ് റൈഡായിരുന്നു ഇത്. മല്‍സരത്തിന്റെ ഒരു പ്രധാന ഭാഗം ഫുഡായിരുന്നതിനാല്‍ റൈഡില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ അവരുടെ ഇഷ്ടപ്പെട്ട ഭക്ഷണ കേന്ദ്രവും ഇഷ്ട ഭക്ഷണവുമൊക്കെ വ്യക്തമാക്കണമായിരുന്നു. പ്രശസ്ത ഫുഡ് ബ്ലോഗര്‍മാരായ അമൃത റാണ, കല്യാണ്‍ കര്‍മാക്കര്‍ എന്നിവരെ മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു മഹീന്ദ്ര ഫുഡ് റൈഡ് സംഘടിപ്പിച്ചത്.
ട്വിറ്ററില്‍ നടത്തിയ ഒരു മല്‍സരത്തിലൂടെയാണ് റൈഡില്‍ പങ്കെടുക്കാനുള്ളവരെ കമ്പനി തെരെഞ്ഞെടുത്തത്. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ ഗസ്റ്റോയുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും മനസിലാക്കി. കൂടാതെ ഗസ്റ്റോയുടെ അനേകം സവിശേഷതകളും ഉപഭോക്താക്കളുടെ അനുഭവങ്ങളും ട്വീറ്റ്‌സിലൂടെയും പങ്കുവെക്കപ്പെട്ടതിനാല്‍ അതും ബ്രാന്‍ഡ് അവബോധം ഉയര്‍ത്താനിടയാക്കി. വളരെ വ്യത്യസ്തവും സവിശേഷവുമായ രീതിയില്‍ സംഘടിപ്പിക്കപ്പെട്ട രസകരമായ ഈ റൈഡ് കാരണം ഗസ്റ്റോ എന്ന ബ്രാന്‍ഡ് അതിവേഗം ശ്രദ്ധേയമായിത്തീര്‍ന്നു.