Begin typing your search above and press return to search.
ജീവനക്കാരനും ബിസിനസില്‍ പങ്കാളിയാകാം; ഇതാ ഒരു കുറുക്കുവഴി
നിങ്ങള്‍ ഒരു ബിസിനസിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തിയാണോ? അതായത് ഒരു സ്ഥാപനത്തിലെ സാധാരണ ജീവനക്കാരനാകും മിഡില്‍ ലെവല്‍ മാനേജരാകാം, സെയ്ല്‍സ് - മാര്‍ക്കറ്റിംഗ് ടീം അംഗമാകാം... അങ്ങനെ ആരുമാകാം.
നിങ്ങളിലുള്ളത് അവകാശബോധത്തിലൂന്നിയ മനോഭാവമാണോ?
ചോദ്യം വ്യക്തമായില്ലെങ്കില്‍ ലളിതമായ ചിലകാര്യങ്ങളിലൂടെ അത് പരിശോധിക്കാം.
1. ബിസിനസ് തകര്‍ന്നാലും കുഴപ്പമില്ല എനിക്ക് സാലറി കൃത്യമായി ലഭിക്കണം.
2. സമ്പദ് വ്യവസ്ഥയില്‍ ദീര്‍ഘകാല മാന്ദ്യമാണെങ്കിലും എന്റെ വാര്‍ഷിക വേതന വര്‍ധന കൃത്യസമയത്ത് നടക്കണം.
3. എന്റെ കമ്പനി എന്നില്‍ എന്തായാലും നിക്ഷേപം നടത്തിയിരിക്കണം.
4. എന്റെ കമ്പനി എന്റെ ഭാവി തീര്‍ച്ചയായും സുരക്ഷിതമാക്കിയിരിക്കണം.
5. എന്റെ കമ്പനി എനിക്ക് സുരക്ഷിത്വം, ഉറപ്പ്, മുന്‍കൂട്ടി കാര്യങ്ങള്‍ തീരുമാനിക്കാന്‍ പറ്റുന്ന വിധമുള്ള പിന്തുണ എന്നിവ നല്‍കിയിരിക്കണം.
ശമ്പളം സമയത്ത് കിട്ടണമെന്ന് പറയുന്നതിലോ വേതന പരിഷ്‌കരണം കൃത്യസമയത്ത് നടത്തണമെന്ന് ആവശ്യപ്പെടുന്നതിലോ വല്ല തെറ്റുമുണ്ടോ?
ഒരിക്കലുമില്ല സുഹൃത്തേ. ആവശ്യങ്ങളില്‍ തെറ്റില്ല. കുഴപ്പം മനോഭാവത്തിലാണ്.
നിരന്തരം പ്രക്ഷുബ്ധമായൊരു ലോകമാണിതെന്ന യാഥാര്‍ത്ഥ്യം ഈ മനോഭാവമുള്ളവര്‍ അംഗീകരിക്കുന്നില്ല. ഓരോ ബിസിനസും ഒന്നിനുപിറകെ മറ്റൊന്നായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് സാമ്പത്തിക മാന്ദ്യമാകാം പ്രകൃതിക്ഷോഭങ്ങളാകാം യുദ്ധങ്ങളാകാം അല്ലെങ്കില്‍ മഹാമാരിയാകാം.
ഇക്കാലഘട്ടത്തില്‍ ഒരു ജീവനക്കാരന്‍ എന്റെ കമ്പനി എനിക്കെന്ത് ചെയ്തുതരുന്നുവെന്നതിനെ കുറിച്ച് ചിന്തിക്കാതെ ' എന്റെ കമ്പനിക്കുവേണ്ടി എനിക്കെന്ത് ചെയ്യാനാകുമെന്ന്' ചിന്തിക്കണം. ജോലി ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ഭാവി വളര്‍ച്ചയ്ക്കുവേണ്ടി ജീവനക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്ന സന്ദര്‍ഭമാണിപ്പോള്‍. ജീവനക്കാര്‍ ഇപ്പോള്‍ ചിന്തിക്കേണ്ടത്, സ്വന്തം പ്രസ്ഥാനത്തിനോട് ചേര്‍ന്ന് നിന്ന് വളരാനാണ്.
ഇത് പുതിയ വഴികള്‍ തേടാനുള്ള സമയമാണ്, നൂതന ആശയങ്ങള്‍ നടപ്പാക്കാനുള്ള സമയമാണ്, പഠിക്കാനുള്ള സമയമാണ്, അപ്‌ഗ്രേഡ് ചെയ്യാനുള്ള സമയമാണ്, മാനേജ് ചെയ്യപ്പെടുന്നതിനേക്കാല്‍ ലീഡ് ചെയ്യാനുള്ള സമയമാണ്, കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ വേണ്ടി മുന്‍കൈയെടുക്കാനുള്ള സമയമാണ്, വ്യക്തിഗതമായ ഉത്തരവാദിത്തങ്ങള്‍ എടുക്കാനുള്ള സമയമാണ്.
ഇപ്പോള്‍ നിങ്ങള്‍ക്കുള്ളില്‍ ഒരു ചോദ്യമുണ്ടാകും: ഒരു ജോലിക്കാരന്‍ ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് അയാള്‍ക്കെന്ത് മെച്ചം? എങ്ങനെ ഇതിനൊക്കെ പ്രതിഫലം കിട്ടും? ആ ജീവനക്കാരന്റെ സഹായത്തോടെയൊക്കെ കൂടി സംരംഭം വളര്‍ന്നാല്‍ ആ വളര്‍ച്ചയുടെ മെച്ചം അയാളുമായി പങ്കുവെയ്ക്കാന്‍ ഓര്‍ഗനൈസേഷന്‍ തയ്യാറാകുമോ?
അത് വിശദമാക്കാം.
ഒരു ജീവനക്കാരന്‍ അയാളുടെ കാര്യപ്രാപ്തി താഴെത്തട്ടിലുള്ളതില്‍ നിന്ന് മുകള്‍തട്ടിലേക്ക് ഉയര്‍ത്തുമ്പോള്‍, അയാളുടെ റോള്‍ താഴെ തട്ടിലുള്ളതില്‍ നിന്ന് മുകള്‍തട്ടിലുള്ളതിനേതിന് സമാനമാക്കുമ്പോള്‍, അയാളുടെ കെപിഐ താഴെതട്ടിലുള്ളതില്‍ നിന്ന് മുകള്‍തട്ടിലുള്ളതിലേതിന് സമാനമാക്കുമ്പോള്‍, അയാള്‍ ഒരു എന്‍ട്രപ്രണേറിയല്‍ ഷിഫ്റ്റാണ് നടത്തുന്നത്.
ആ ഘട്ടത്തിലും അയാള്‍ ഒരു ജീവനക്കാരന്‍ തന്നെയാണ്. പക്ഷേ ഒരു എന്‍ട്രപ്രണറെ പോലെയാണ് ജോലി ചെയ്യുന്നത്. അതോടെ ഒരു വ്യക്തിയിലുണ്ടാകേണ്ട അനിതരസാധാരണമായ വൈശിഷ്ട്യങ്ങളായ സത്യനിഷ്ഠ, ആത്മനിയന്ത്രണം എന്നിവ അയാള്‍ പിന്തുടരാന്‍ തുടങ്ങും.
ഏത് സംരംഭകനും ഏത് ഓര്‍ഗനൈസേഷനും ഇത്തരത്തിലുള്ള, സംരംഭത്തിന്റെ വളര്‍ച്ചയാണ് തന്റെ വ്യക്തിഗത താല്‍പ്പര്യത്തേക്കാള്‍ വലുതെന്ന് ചിന്തിക്കുന്ന, ജീവനക്കാരെ ആവശ്യമാണ്.
എന്റര്‍പ്രണേറിയല്‍ ഷിഫ്റ്റ്, ജീവനക്കാരെ കൂടുതല്‍ വൈകാരിക സ്ഥിരതയുള്ളവരാക്കും. ജോലിയില്‍ ശ്രദ്ധയൂന്നുന്നവരാക്കും. സംഘര്‍ഷങ്ങള്‍, ആശയക്കുഴപ്പങ്ങള്‍, ഗോസിപ്പുകള്‍ എന്നിവയെല്ലാം ജീവിതത്തില്‍ നിന്നൊഴിഞ്ഞുപോകും. ജീവിതത്തിലേക്ക് ഒരു വ്യക്തത കടന്നുവരും.
ആ ജീവനക്കാരന്‍ ഇപ്പോള്‍ ജീവിക്കുന്നത് ഓര്‍ഗനൈസേഷന്റെ പര്‍പ്പസിനുവേണ്ടിയാണ്. അയാളുടെ ഗോളുകളെല്ലാം തന്നെ അയാള്‍ ജോലി ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ഗോളുകളുമായി ചേര്‍ന്നുള്ളതാണ്. ഏതൊരു സംരംഭകനും പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന 'ഡ്രീം ടീം' മില്‍ ഇടം നേടാന്‍ കഴിവുള്ളവനായി ആ ജീവനക്കാരന്‍ മാറി.
ഇത്തരത്തിലുള്ള ജീവനക്കാര്‍ വളരെ പെട്ടെന്ന് ആ സംരംഭത്തിലെ ഡിസിഷന്‍ മേക്കര്‍ തലത്തിലേക്ക് ഉയര്‍ത്തപ്പെടും. എത്രകാലം പ്രവര്‍ത്തന പരിചയമുണ്ട് എന്നതൊന്നുമല്ല ഘടകം, മനോഭാവവും ഉദ്ദേശ്യവുമാണ് പ്രധാനം.
ഏത് കമ്പനിയും ഇത്തരത്തിലുള്ള ജീവനക്കാരെ അവരുടെ ബിസിനസ് പാര്‍ട്്ണറാക്കാന്‍ ആഗ്രഹിക്കും, അവിടെ അയാള്‍ക്ക് വേണമെങ്കില്‍ പ്രോഫിറ്റ് ഷെയറിംഗ് ധാരണ പ്രസ്ഥാനവുമായി ഉണ്ടാക്കാം.
ഇനി, നമുക്ക് പഴയകാര്യങ്ങളൊന്നു നോക്കാം. അയാള്‍ ഒരു ജീവനക്കാരനായിരുന്നു. മാസാവസാനം നിശ്ചിതമായ ശമ്പളം ലഭിക്കുകയും ചെയ്തിരുന്നു. ജോലി സുരക്ഷയ്ക്കായി നിരന്തരം പോരാടേണ്ടി വരുന്ന സാഹചര്യമായിരുന്നു. അവിടെ അയാളുടെ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു പ്ലാറ്റ്‌ഫോം ലഭിച്ചിരുന്നില്ല. അയാള്‍ ഒരു ഡിസിഷന്‍ മേയ്ക്കര്‍ ആകുമെന്ന് ചിന്തിച്ചിരുന്നുപോലുമില്ല. ഓരോ വര്‍ഷവുമുണ്ടാകുന് നിശ്ചിത വര്‍ധന ശതമാനം വേതന വര്‍ധനവിനൊത്തായിരുന്നു ജീവിതം. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും സമാനരീതിയിലുള്ള ജീവിതശൈലി തുടരാന്‍ തീരുമാനിക്കപ്പെട്ടവരായിരുന്നു.
എന്നാല്‍ ഇപ്പോഴോ, അവര്‍ ബിസിനസ് പങ്കാളിയാണ്. സംരംഭകന്‍ അയാളുടെ സേവനം ആഗ്രഹിക്കുന്നു. ഇപ്പോള്‍ ജീവനക്കാരന് സുരക്ഷയെ കുറിച്ച് ചിന്തിക്കേണ്ട. വരുമാനത്തിന് പരിധിയില്ല. സംരംഭത്തിന്റെ വിജയത്തിന് ആനുപാതികമായി വേതനം ലഭിക്കും. ഒരു ഡിസിഷന്‍ മേക്കറാണിപ്പോള്‍. കമ്പനിയുടെ ഡയറക്റ്ററോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറോ ചീഫ് ടെക്‌നോളജി ഓഫീസറോ പോലുള്ള പദവികളിലേക്ക് വരെ ഉയരാം.
അവകാശബോധത്തെ കുറിച്ച് മാത്രം ചിന്തയുള്ള ഇപ്പോഴത്തെ മനോഭാവം സംരംഭകനെയും ജീവനക്കാരനെയും പരാജയത്തിലേക്കേ നയിക്കൂ. എന്നാല്‍ അവകാശങ്ങളേക്കാള്‍, അത്തരമൊരു ചിന്തയില്ലാത്ത മനോഭാവം ഇരുകൂട്ടരെയും വിജയത്തിലേക്കും നയിക്കും.
ഇനി നിങ്ങള്‍ തീരുമാനിക്കൂ; എന്ത് തരത്തിലുള്ള മനോഭാവമാണ് സംരംഭത്തില്‍ വളര്‍ത്തേണ്ടതും അതിന്റെ ഭാഗമാക്കേണ്ടതും എന്ന്.
(മോട്ടിവേഷണല്‍ ഗുരുവും ഗ്രന്ഥകാരനും എന്റര്‍പ്രണേറിയല്‍ കോച്ചും ബിസിനസ് എക്‌സ്‌പെര്‍ട്ടും smmart ട്രെയ്‌നിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനുമാണ് ലേഖകന്‍)
Next Story
Videos