സിന്തൈറ്റിന്റെ 'മാര്‍ക്കറ്റിംഗ് മാന്‍'

കോലഞ്ചേരിയിലെ കടയിരുപ്പ് എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ആഗോളതലത്തിലേ

ക്കുള്ള സിന്തൈറ്റിന്റെ വളര്‍ച്ച ആകസ്മികമായ ഒന്നായിരുന്നില്ല. വെറും പത്തു ജീവനക്കാരുമായി സി.വി ജേക്കബ് എന്ന ദീര്‍ഘദര്‍ശി തുടക്കമിട്ട സംരംഭം ഇന്ന് ലോകവിപണിയില്‍ കേരളത്തിന്റെ അഭിമാനമാണ്. 2000 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവ്.

ഗ്ലോബല്‍ ഒലിയോറെസിന്‍ വിപണിയില്‍ 30 ശതമാനത്തിന് മുകളില്‍ ആഗോള

വിപണിവിഹിതം. 95 ലോക രാജ്യങ്ങളില്‍ സാന്നിധ്യം... സിന്തൈറ്റ് ഗ്രൂപ്പ് വളര്‍ച്ചയുടെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്.

സുഗന്ധവ്യഞ്ജനങ്ങളുടെ സത്തില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ലോകോത്തര കമ്പനികളില്‍ ഒന്നാമതുള്ള സിന്തൈറ്റിന്റെ തുടക്കം 1972ല്‍ ബ്ലാക് പെപ്പര്‍ ഒലിയോറെസിന്‍ ഉല്‍പ്പാദനവുമായിട്ടായിരുന്നു. ഒറ്റ ഉല്‍പ്പന്നത്തിലായിരുന്നു തുടക്കമെങ്കില്‍ ഇന്ന് ഇവര്‍ വിപണിയിലെത്തിക്കുന്നത് 500ലേറെ ഉല്‍പ്പന്നങ്ങളാണ്.

കേരളത്തില്‍ അതുവരെ ആരും പരീക്ഷിക്കാത്തൊരു മേഖലയില്‍ സംരംഭം തുടങ്ങി കഠിനാദ്ധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും പിതാവ് സി.വി ജേക്കബ് വളര്‍ത്തിയെടുക്കുന്നത് കണ്ടാണ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്റ്ററായ

ഡോ.വിജു ജേക്കബ് വളര്‍ന്നത്. പിതാവ് തെളിച്ചുതന്ന വഴിയിലൂടെ നടക്കാന്‍ ഇഷ്ടപ്പെടുന്ന ഈ ബിസിനസ് പിന്‍ഗാമി 'ബോള്‍ഡാ'യ തന്റെ തീരുമാനങ്ങളിലൂടെ സ്ഥാപനത്തെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്നു.

2020-21 സാമ്പത്തികവര്‍ഷം 3000 കോടി രൂപയുടെ വിറ്റുവരവിലേക്ക് സ്ഥാപനത്തെ നയിക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. ആ ലക്ഷ്യം അധികം ദൂരെയല്ലെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു.

സിന്തൈറ്റിന്റെ 'മാര്‍ക്കറ്റിംഗ് മാന്‍'

2000ത്തില്‍ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ഇന്ത്യയില്‍ നിന്നുള്ള വരുമാനം നാലര കോടി രൂപ മാത്രമായിരുന്നു. അതുവരെ രാജ്യാന്തര വിപണിയിലായിരുന്നു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ സാധ്യതകളേറെയാണ്. അതുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ സജീവമാകണം എന്ന ഡോ.വിജു ജേക്കബിന്റെ അഭിപ്രായത്തെ പലരും നിരുല്‍സാഹപ്പെടുത്തി. എന്നാല്‍ സ്വന്തം തീരുമാനത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ട് അദ്ദേഹം പരിശ്രമിച്ചു. 18 വര്‍ഷങ്ങള്‍ക്കിപ്പുറം 2017-18 സാമ്പത്തികവര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വിറ്റുവരവ് 420 കോടി രൂപയാണ്.

സിന്തൈറ്റിന്റെ 'മാര്‍ക്കറ്റിംഗ് മാന്‍' എന്ന് വിളിക്കാവുന്ന വിജു ജേക്കബ് തന്റെ മാര്‍ക്കറ്റിംഗ് വൈദഗ്ധ്യം ആഭ്യന്തരവിപണിയില്‍ മാത്രമല്ല തെളിയിച്ചത്. അദ്ദേഹത്തിന്റെ വിപണി ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു. അറിയാത്ത ഭാഷകള്‍ സംസാരിക്കുന്ന, അറിയാത്ത സംസ്‌കാരങ്ങളുള്ള വിവിധ രാജ്യങ്ങള്‍ സഞ്ചരിച്ച് കേരളത്തിലെ കൊച്ചുഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന തന്റെ സ്ഥാപനത്തിന് വേണ്ടി അദ്ദേഹം വിപണി കണ്ടെത്തി. ആഗോളതലത്തില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങളെ തന്റെ ഉപഭോക്താക്കളാക്കി.

പുതിയ ഉല്‍പ്പന്നങ്ങള്‍, പുതിയ മേഖലകള്‍, കൂടുതല്‍ ഉല്‍പ്പാദനം, പുതിയ വിപണികള്‍... ഇതിലൂടെ വളര്‍ച്ചയുടെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് വിജു ജേക്കബ് ലക്ഷ്യമിടുന്നത്. മാര്‍ക്കറ്റിംഗ് മേഖലയിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യവും ഗ്രൂപ്പിന്റെ ഡയറക്റ്ററായ അജു ജേക്കബിന്റെ ഓപ്പറേഷന്‍സ് വൈദഗ്ധ്യവും ഗ്രൂപ്പിന്റെ കുതിപ്പിന് തുണയാകുന്നു. മാനേജിംഗ് ഡയറക്റ്റര്‍ എന്ന നിലയില്‍ കമ്പനിയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടെങ്കിലും വിജു ജേക്കബിന്റെ ഇഷ്ടമേഖല മാര്‍ക്കറ്റിംഗാണ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്രയും വലിയൊരു സ്ഥാപനത്തിന്റെ മാനേജിംഗ്

ഡയറക്റ്ററായി സാരഥ്യം ഏറ്റെടുക്കുമ്പോള്‍ അതിന് പിന്നിലെ വെല്ലുവിളികളെക്കുറിച്ചും വിജു ജേക്കബിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എത്ര വലിയ പ്രശ്‌നങ്ങള്‍ക്കിടയിലും തുണയാകുന്നത് ഡാഡിയുടെ മാര്‍ഗനിര്‍ദ്ദേശമാണെന്ന് വിജു ജേക്കബ് പറയുന്നു. എന്തു കാര്യം ചെയ്യുമ്പോഴും അതില്‍ കൃത്യമായ ഫോക്കസ് ഉണ്ടായിരിക്കണം എന്ന പിതാവ് സി.വി ജേക്കബിന്റെ ഉപദേശം അക്ഷരംപ്രതി വിജു പാലിക്കുന്നു. തികഞ്ഞ ദൈവവിശ്വാസി കൂടിയാണ് ഇദ്ദേഹം.

95 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സിന്തൈറ്റിന് ചൈന, യു.എസ്, ബ്രസീല്‍, ശ്രീലങ്ക, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ സജീവ സാന്നിധ്യമുണ്ട്. ഇതില്‍ ഇന്ത്യയ്ക്ക് പുറത്ത് ബ്രസീലിലും ചൈനയിലും ഫാക്ടറികള്‍ ആരംഭിച്ചു. ചൈനയിലെ ഫാക്ടറിയില്‍ പൂര്‍ണ്ണമായും ചൈനീസ് പൗരന്മാര്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

പ്രത്യക്ഷ മായി 2600 പേരും ആയിരക്കണക്കിന് പേര്‍ പരോക്ഷമായും സിന്തൈറ്റില്‍ ജോലി ചെയ്യുന്നു. സിന്തൈറ്റിെന ആശ്രയിച്ചുജീവിക്കുന്ന കര്‍ഷകരുടെ എണ്ണമെടുത്താല്‍ തന്നെ അത് വലിയൊരു സംഖ്യയാണ്.

പുതിയ മേഖലകളിലേക്ക്

ലോക ഭക്ഷ്യവിപണിയില്‍ അതിവേഗത്തിലുള്ള മാറ്റങ്ങളാണ് വരുന്നത്. പുതിയ ട്രെന്‍ഡിന് അനുസരിച്ച് പുതിയ ഫ്‌ളേവറുകള്‍ കണ്ടെത്തി, ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഇവിടത്തെ റിസര്‍ച്ച് & ഡെവലപ്‌മെന്റ് വിഭാഗത്തെ കൂടുതല്‍ ശാക്തീകരിച്ചു. ഇതിനായി 17 ഏക്കറില്‍ സിന്തൈറ്റ് ടേസ്റ്റ് പാര്‍ക് ആരംഭിച്ചിട്ടുണ്ട്. ഇന്നവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനായി സിവിജെ ക്രിയേറ്റീവ് സെന്റര്‍ പ്രവര്‍ത്തിക്കുന്നു.

റിയല്‍റ്റി, ഹോസ്പിറ്റാലിറ്റി, വിന്‍ഡ് എനര്‍ജി തുടങ്ങിയ മേഖലകളിലും സജീവമാണ് ഗ്രൂപ്പ്. കിച്ചണ്‍ ട്രഷേഴ്‌സ്, സ്പ്രിഗ് എന്നീ രണ്ട് റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ ഇവര്‍ക്കുണ്ട്.

ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന റമദ റിസോ

ര്‍ട്ട്, റിവേറ എന്ന അപ്പാര്‍ട്ട്‌മെന്റ് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളാണുള്ളത്.

വളര്‍ച്ചയുടെ ഭാഗമായി നെസ്ലെ, യുണിലിവര്‍, പെപ്‌സി തുടങ്ങിയ കമ്പനികളുമായി ബിസിനസ് കരാറുകളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. പ്രധാന ബിസിനസായ ബയോ ഇന്‍ഗ്രീഡിയന്‍സ് മേഖലയില്‍ നിന്നുള്ള മല്‍സരത്തെ അതിജീവിക്കാന്‍ പുതിയ മേഖലകളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പ്.

വിജയത്തിന് ഈ വഴികള്‍

ബിസിനസ് സ്ഥാപകന്റെ രീതികളും അവരുടെ കഠിനാധ്വാനത്തിന്റെ ആഴവും കണ്ടുവളരാന്‍ അവസരം ലഭിക്കുന്നവരാണ് രണ്ടാം തലമുറയിലുള്ളവര്‍. എന്നാല്‍ കുടുംബ ബിസിനസിന്റെ മുന്നാം തലമുറയിലുള്ളവര്‍ സൗഭാഗ്യങ്ങളിലേക്കാണ് ജനിച്ചുവീഴുന്നത്. അവരെ സ്‌നേഹത്തിന്റെ വഴിയിലൂടെ കമ്പനി പിന്തുടരുന്ന മൂല്യങ്ങള്‍ പറഞ്ഞുകൊടുത്ത് വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്തം രണ്ടാം തലമുറയ്ക്കുണ്ടെന്ന് വിജു ജേക്കബ് പറയുന്നു. കുടുംബ ബിസിനസിന്റെ വിജയത്തിന് ഡോ.വിജു ജേക്കബിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

  • നമ്മുടെ മുമ്പിലിരിക്കുന്നവര്‍ നമ്മെക്കാള്‍ മികച്ചവരാണെന്ന് ചിന്തിക്കുക. എങ്കില്‍ ഈഗോ ഉണ്ടാകില്ല.
  • സ്ഥാപനത്തെ ഒരു കുടുംബമായി കാണുക. ഉടമ-ജീവനക്കാരന്‍ വ്യത്യാസം പാടില്ല.
  • കുടുംബ ബിസിനസിലുള്ളവര്‍ പുതിയ തലമുറയെ നയിക്കേണ്ടത്

    സ്‌നേഹത്തോടെയും കരുതലോടെയും വേണം. അവരുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കാതെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം.

  • പുതിയ ആശയങ്ങള്‍ സ്ഥാപനത്തിലേക്ക് കൊണ്ടുവരാനും പുതിയ സാങ്കേതികവിദ്യകള്‍ കണ്ടെത്താനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുചെയ്യാനും ബിസിനസിലേക്കെത്തുന്ന പുതുതലമുറ തയാറാകണം.
  • പുതിയ തലമുറ പെട്ടെന്ന് പണമുണ്ടാക്കണം എന്ന മനോഭാവം മാറ്റിവെച്ച് അതിനായി കഠിനാദ്ധ്വാനം ചെയ്യാന്‍ തയാറാകണം.

കൃത്യമായ നിയമങ്ങള്‍, അടിയുറച്ച കുടുംബമൂല്യങ്ങള്‍

കുടുംബ ബിസിനസ് സാരഥികള്‍

സി.വി ജേക്കബ് (ചെയര്‍മാന്‍), ജോര്‍ജ് പോള്‍ (വൈസ് ചെയര്‍മാന്‍), ഡോ.വിജു ജേക്കബ് (മാനേജിംഗ് ഡയറക്റ്റര്‍), അജു ജേക്കബ് (ഡയറക്റ്റര്‍), മാണി വര്‍ഗീസ് (ഫിനാന്‍സ് ഡയറക്റ്റര്‍), നൈനാന്‍ ഫിലിപ്പ് (എച്ച്.ആര്‍ ഡയറക്റ്റര്‍)

മൂന്നാം തലമുറ: ജോണ്‍ ജോഷി, നീലം വര്‍ഗീസ്, ഐസക് ജേക്കബ്, റിഷാല്‍ മാത്യു, സമിത് ജോര്‍ജ്, അശോക് മാണി, പൗലോ ജോര്‍ജ്, ജോണ്‍ ജോസഫ്

നെച്ചൂപ്പാടം കുടുംബാംഗമായ ദീര്‍ഘദര്‍ശിയായ സി.വി ജേക്കബ് സ്ഥാപിച്ച സിന്തൈറ്റ് ഗ്രൂപ്പില്‍ മൂന്നാം തലമുറയും സജീവമാണ്. സി.വി ജേക്കബ്, ഏലിയാമ്മ ദമ്പതികള്‍ക്ക് ആറ് മക്കളാണ്. ഡോ.വിജു ജേക്കബ്, അജു ജേക്കബ്, എല്‍വി നൈനാന്‍, സില്‍വി മാണി, മിന്ന ജോര്‍ജ്, മിന്നി സജീവ് എന്നിവര്‍. ഇതില്‍ ആണ്‍മക്കളായ ഡോ.വിജുവും അജുവും നേരത്തെ തന്നെ ബിസിനസില്‍ സജീവമായി.

തുടക്കം മുതലേ സി.വി ജേക്കബിനൊപ്പമുള്ള അദ്ദേഹത്തിന്റെ സഹോദരിയുടെ മകന്‍ ജോര്‍ജ് പോള്‍ കമ്പനിയുടെ വൈസ് ചെയര്‍മാനാണ്. സി.വി ജേക്കബിന്റെ മരുമക്കളായ മാണി വര്‍ഗീസും നൈനാന്‍ ഫിലിപ്പും യഥാക്രമം ഫിനാന്‍സ്, എച്ച്.ആര്‍ വകുപ്പുകളുടെ ചുമതല വഹിക്കുന്നു.

മൂന്നാം തലമുറയിലെ എട്ടുപേര്‍ ബിസിനസിലുണ്ട്. കുടുംബത്തിലെ പുതിയ തലമുറ ബിസിനസിലേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ഇവിടെ കൃത്യമാണ്. അതേക്കുറിച്ച് സൂക്ഷ്മമായി വിവരിക്കുന്ന ബ്ലൂ ബുക്ക് ഇവിടെ തയാറാക്കിയിരിക്കുന്നു. കുടുംബ ബിസിനസ് മാനേജ്‌മെന്റ് വിദഗ്ധന്റെ സഹായത്തോടെ തയാറാക്കിയിരിക്കുന്ന ഈ ഭരണഘടന ആര്‍ക്കുവേണ്ടിയും മാറില്ല. എല്ലാവരും അത് അനുസരിച്ച് മുന്നോട്ടുപോകുന്നു.

പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കി അവരെ വളര്‍ത്തുന്ന രീതിയാണ് ഇവിടെയുള്ളത്. മതിയായ യോഗ്യതകളോടെ കുടുംബ ബിസിനസിലേക്ക് പ്രവേശിക്കുന്നവര്‍ സിന്തൈറ്റിന്റെ എല്ലാ വിഭാഗങ്ങളിലും മൂന്ന് വര്‍ഷം ട്രെയ്‌നി ആയി ജോലി ചെയ്യണം. എല്ലാറ്റിനെക്കുറിച്ചും അറിവുണ്ടാകാന്‍ വേണ്ടിയാണിത്. മറ്റേതെങ്കിലും സ്ഥാപനത്തില്‍ അനുഭവസമ്പത്തുള്ളവര്‍ക്ക് ചെറിയ ഇളവുണ്ട്. ഒരു വര്‍ഷത്തെ ട്രെയ്‌നിംഗ് മതി.

മുല്യങ്ങള്‍ക്ക് അതീവപ്രാധാന്യം കൊടുക്കുന്ന നെച്ചൂപ്പാടം കുടുംബം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും മുന്നിലാണ്. ചാരിറ്റിക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സിവിജെ ഫൗണ്ടേഷന്‍. കുടുംബത്തിലെ വനിതകള്‍ക്കാണ് പ്രാധാനമായും ഈ സംഘടനയുടെ ചുമതല.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it