എങ്ങനെ ഒരു ബിസിനസ്സിനെ മോഷ്ടിക്കാം?

മോഷണം തെറ്റല്ലേ? തീര്‍ച്ചയായും തെറ്റാണ്. പക്ഷെ ബിസിനസ്സില്‍ അങ്ങനെയല്ല. ബിസിനസ്സില്‍ മോഷണം ഭൂരിപക്ഷം ആളുകളും ചെയ്യാറുണ്ട്, അത് പലപ്പോഴും അനിവാര്യവുമാണ്. പൊതുവെ മൂന്ന് രീതിയിലാണ് ബിസിനസ്സ് ആശയങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

1. നിലവില്‍ മറ്റാരെങ്കിലും ചെയ്യുന്ന ബിസിനസ്സ് രീതിയെ അതേപോലെ പകര്‍ത്തുക.
2. നാട്ടില്‍ ഇതുവരെ ആരും ചെയ്യാത്ത ഒരു ബിസിനസ്സ് നടപ്പിലാക്കുക
3. നിലവിലുള്ള ബിസിനസ്സിന്റെ രൂപം മാറ്റി പുതിയ രീതിയില്‍ അവതരിപ്പിക്കുക.

ഇതില്‍ മൂന്നാമതായി സൂചിപ്പിച്ച രീതിയെ കുറിച്ച് കൂടുതല്‍ അറിയാം.
നിലവിലുള്ള ഉല്‍പ്പന്നത്തിലോ സേവനത്തിലോ പല മാറ്റങ്ങളും കൊണ്ടുവന്ന് പുതുമയോടെ എങ്ങനെ മാര്‍ക്കറ്റില്‍ അവതരിപ്പിക്കാം?
1. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുക:
നിലവിലുള്ള ഉല്‍പ്പന്നത്തേക്കാളും കൂടുതല്‍ പ്രവര്‍ത്തനക്ഷമത നല്‍കുന്ന ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ ഇറക്കി പുതുമ സൃഷ്ടിക്കുക. പൊതുവെ ടെക്ക് കമ്പനികളാണ് ഈ രീതി അവലംബിക്കാറ്. നിലവിലെ ഗാഡ്ജറ്റിനെക്കാളും കൂടുതല്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഗാഡ്ജറ്റുകള്‍ ഇറക്കി വ്യത്യസ്തത സൃഷ്ടിക്കുക. മറ്റൊരു ഉദാഹരണം നിലവില്‍ ലഭ്യമായ പെര്‍ഫ്യൂമിനേക്കാളും കൂടുതല്‍ സമയം സുഗന്ധം നിലനില്‍ക്കുന്ന പെര്‍ഫ്യൂം മാര്‍ക്കറ്റില്‍ ഇറക്കി വ്യത്യസ്തമാകുന്ന രീതി. അത്തരത്തില്‍ ഒരു ഉല്‍പ്പന്നത്തിന്റെ നിലവാരമോ പ്രവര്‍ത്തനമോ വര്‍ധിപ്പിച്ച് നമ്മുടെ ഉല്‍പ്പന്നതില്‍ പുതുമ സൃഷ്ടിക്കാന്‍ കഴിയും.
2. കൂട്ടിച്ചേര്‍ക്കലുകള്‍ കൊണ്ടുവരുക:
ഒരു ഉല്‍പ്പന്നത്തിനോടൊപ്പം മറ്റൊരുല്‍പ്പന്നം ചേര്‍ത്ത് പുതിയ ഉല്‍പ്പന്നം എന്ന രീതിയില്‍ മാര്‍ക്കറ്റില്‍ ഇറക്കുന്ന രീതി. ഉദാഹരണത്തിന് പേനയുടെ അടപ്പില്‍ സാനിറ്റൈസര്‍ ഘടിപ്പിച്ച് പുതുമ സൃഷ്ടിക്കുന്ന പോലെ. ചായപ്പൊടി ആളുകളുടെ സൗകര്യാര്‍ത്ഥം ഒരു ചെറിയ കവറില്‍ ആക്കിയപ്പോള്‍ അത് ടീ ബാഗായി മാറി. അത്തരത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ തമ്മില്‍ ചേരുമ്പോഴാണ് പുതുമയുണ്ടാകുന്നത്. നിങ്ങളുടെ ഉല്‍പ്പന്നതില്‍ മറ്റെന്ത് കൂട്ടിച്ചേര്‍ക്കലുകള്‍ ചെയ്താല്‍ വ്യത്യസ്തമായ ഉല്‍പ്പന്നമായി മാറും? ചിന്തിച്ചു നോക്കു.
3. അവതരണത്തില്‍ പുതുമ കൊണ്ടുവരുക:
ഉല്‍പ്പന്നങ്ങള്‍ ആളുകളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് വ്യത്യസ്തമാക്കി പുതുമ സൃഷ്ടിക്കാം. ഉഴുന്നുവട ഉണ്ടാക്കുന്ന മാവ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ആ പാക്കറ്റ് അമര്‍ത്തുമ്പോള്‍ ഉഴുന്നുവടയുടെ ആകൃതിയില്‍ മാവ് വീഴുന്നു എങ്കില്‍ അത് സൃഷ്ടിക്കുന്നത് ഒരു പുതുമയല്ലേ? ID fresh എന്ന ബ്രാന്‍ഡിന്റെ ആശയമാണിത്. അത്തരത്തില്‍ നിലവിലുള്ള ഉല്‍പ്പന്നത്തിന്റെ അവതരണ രീതിയില്‍ വ്യത്യസ്തത കൊണ്ടുവന്ന് പുതുമ സൃഷ്ടിക്കാം.
4. പാക്കിങ്ങില്‍ വ്യത്യസ്തത കൊണ്ടുവരിക:
Kinder joy എന്ന ഉല്‍പ്പന്നം കുട്ടികള്‍ക്ക് വളരെ പ്രിയങ്കരമാവാനുള്ള കാരണം അതിന്റെ പാക്കിങ്ങിലുള്ള വ്യത്യസ്തതയാണ്. Pringles എന്ന ചിപ്‌സ് ആളുകള്‍ സ്വീകരിക്കാന്‍ കാരണം അതിന്റെ പാക്കിങ് തന്നെയാണ്. ഇത്തരം ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന വിലക്കുള്ള കാരണവും പാക്കിങ്ങിലെ വ്യത്യസ്തതയാണ്. നമ്മള്‍ ഒരു ഉല്‍പ്പന്നം വാങ്ങാനെടുക്കുന്ന തീരുമാനത്തിന്റെ വലിയൊരു പങ്കും അതിന്റെ പാക്കിങ് ആയിരിക്കും. കാരണം വ്യത്യസ്തമായ പാക്കിങ്ങിലാണ് ആളുകള്‍ ആകൃഷ്ടരാകുന്നത്.
5. ഉല്‍പ്പന്നത്തിനോടൊപ്പം അധിക സേവനം നല്‍കുക:
ഉപഭോക്താവിന് നല്‍കുന്ന ഉല്‍പ്പന്നത്തിനോടൊപ്പം ആ ഉല്‍പ്പന്നത്തിനോട ചേര്‍ക്കാന്‍ കഴിയുന്ന എന്നാല്‍ ഉപഭോക്താവിന് ഗുണമുണ്ടാകുന്ന ഒരു സേവനം നല്‍കി മാര്‍ക്കറ്റില്‍ ശ്രദ്ധ സൃഷ്ടിക്കാം. ഒരു കാലത്ത് ഭക്ഷണശാലകള്‍ വീട്ടില്‍ ഭക്ഷണം എത്തിച്ചു നല്‍കി പുതുമ സൃഷ്ടിച്ചിരുന്നു. കോളേജ് ബാഗ് വാങ്ങുമ്പോള്‍ 2 വര്‍ഷം അധിക സര്‍വീസ് നല്‍കുന്നത് ആ ഉല്‍പ്പന്നത്തിന്റെ മൂല്യം ഉയത്തുന്നതാവും.

നമ്മള്‍ മനസിലാക്കേണ്ടത് ബിസിനസ്സ് ആശയം ആര്‍ക്കും അവകാശപ്പെട്ടതല്ല. ആര് ആദ്യം മാര്‍ക്കറ്റില്‍ ലഭ്യമാക്കുന്നുവോ അവര്‍ക്ക് വിജയസാധ്യത കൂടുതലുണ്ടാകും. നിങ്ങളുടെ മനസിലുള്ള ബിസിനസ്സ് ആശയം നിങ്ങള്‍ക്ക് ആദ്യം മാര്‍ക്കറ്റില്‍ ലഭ്യമാക്കാന്‍ കഴിയുമോ?

( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് സിജു രാജന്‍. www.sijurajan.com +91 8281868299 )


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it