ഒരു പുതിയ സംരംഭത്തിന്റെ തുടക്കകാലത്ത് എത്ര ഉല്‍പ്പന്നം വേണം?

ഒരു സംരംഭം ആരംഭിക്കുമ്പോള്‍ എത്ര ഉല്‍പ്പന്നം തുടക്കത്തില്‍ മാര്‍ക്കറ്റില്‍ ഇറക്കണം? പല നവ സംരംഭകര്‍ക്കും ഉണ്ടാകുന്ന സംശയമാണിത്. കുറച്ച് ഉല്‍പ്പന്നം വച്ച് തുടങ്ങണോ അതോ ധാരാളം ഉല്‍പ്പന്നങ്ങള്‍ വച്ച് വിപണി കണ്ടെത്തണോ? ഇതിനുള്ള ഉത്തരം പ്രത്യക്ഷത്തില്‍ പറയുവാന്‍ കഴിയുകയില്ല. ഓരോ ബിസിനസ്സിന്റെ സ്വഭാവമനുസരിച്ച് തീരുമാനിക്കേണ്ടതാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ആ പഠനങ്ങളെ കുറിച്ച് പഠിക്കുന്നത് നിങ്ങളുടെ ബിസിനസിനെ സഹായിച്ചേയ്ക്കാം.

ഉപഭോക്തൃത്വം(consumerism ) എന്ന ആശയത്തെ മുറുകെപ്പിടിച്ചാണ് ഇന്ന് ബിസിനസ് ലോകം മുന്നോട്ട് പോകുന്നത്. അതായത് ആളുകളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി അതിനുള്ള പരിഹാരം ഒരു ഉല്‍പ്പന്ന രൂപത്തിലോ സേവന രൂപത്തിലോ നല്‍കുന്ന രീതിയാണ് ഇന്ന് പല ബിസിനസ്സുകളും പിന്തുടരുന്നത്. അതായത് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് (Consumer centric ) ബിസിനസ് ചെയ്യുന്നത്. ഈ ഉപഭോക്തൃത്വം(consumerism ) എന്ന ആശയം ഉണ്ടാകുന്നത് 1700 കളിലാണ്. വ്യവസായ വിപ്ലവം ഇതിനെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അന്നത്തെ കാലത്ത് യുദ്ധങ്ങളുടെ പ്രധാന കാരണം സ്വാതന്ത്രം നേടിയെടുക്കുക എന്നതായിരുന്നു. ഓരോ തീരുമാനത്തിന്റെ പുറകിലുള്ള ലക്ഷ്യവും സ്വാതന്ത്രം നേടുക അല്ലെങ്കില്‍ നല്‍കുക എന്നതായിരുന്നു. ആ ഒരു പ്രത്യയശാസ്ത്രം ബിസിനസ്സിലും കടന്നുകൂടി. സ്വാതന്ത്രം ഉപഭോക്താക്കള്‍ക്ക് നല്‍കുക, ധാരാളം ഓപ്ഷനുകള്‍ നല്‍കികൊണ്ട്. അതായത് ഉപഭോക്താക്കള്‍ക്ക് ധാരാളം ഉല്‍പ്പന്നങ്ങള്‍ നല്‍കി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം നല്‍കുക. അതുകൊണ്ടുതന്നെയാണ് ഇന്ന് കമ്പോളത്തില്‍ വളരെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഉണ്ടായതും. ഇതിനെകുറിച്ച് പഠിക്കാനാരംഭിച്ചത് 2000 മുതലായിരുന്നു. കൊളംബിയ സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റായ ഷീലയും, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റായ മാര്‍ക്കും ചേര്‍ന്ന് ഒരു പഠനം നടത്തുകയുണ്ടായി. ജാം പാരഡോക്‌സ് (Jam Paradox ) എന്നാണ് ആ പഠനത്തെ അറിയപ്പെടുന്നത്.

ഒരു തെരുവില്‍ ഒരു സ്റ്റാളില്‍ ജാമുകള്‍ വിറ്റായിരുന്നു പരീക്ഷണം ആരംഭിച്ചത്. ഒരു ദിവസം അവര്‍ 24 തരം ജാമുകള്‍ പ്രദര്‍ശിപ്പിച്ചു. ആളുകള്‍ക്ക് ജാമുകള്‍ രുചിച്ചുനോക്കുവാനും അവസരം നല്‍കി. മറ്റൊരു ദിവസം അതേ സ്ഥാനത്ത് 24 തരം ജാമുകള്‍ക്ക് പകരം 6 തരം ജാമുകള്‍ പ്രദര്‍ശിപ്പിച്ചു. ഈ രണ്ട് ദിവസങ്ങളിലും ഉണ്ടായ വില്‍പ്പനയായിരുന്നു അവരുടെ ഗവേഷണത്തിന്റെ പ്രധാന ഡാറ്റ. 24 തരം ജാമുകള്‍ വില്‍പ്പനക്ക് വച്ച ദിവസം ജനത്തിരക്ക് വളരെ കൂടുതലായിരുന്നു. എന്നാല്‍ അത്രത്തോളം 6 തരം ജാമുകള്‍ വച്ച ദിവസം ഉണ്ടായിരുന്നില്ല. പക്ഷെ രസകരമായ കാര്യം 24 തരം ജാമുകള്‍ വച്ച ദിവസത്തേക്കാളും കൂടുതല്‍ വില്‍പ്പന 6 തരം ജാമുകള്‍ വച്ച ദിവസം ഉണ്ടായി എന്നതാണ്. എന്തായിരിക്കും ഇതിനുള്ള കാരണം? ഓരോ ജാം രുചിച്ചു നോക്കുമ്പോഴും ഓരോന്നും ഒന്നിനൊന്ന് മെച്ചമായി തോന്നാം. അങ്ങനെ ഏതെടുക്കണം എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. അവസാനം ഒന്നും എടുക്കാതെ മടങ്ങും. കാരണം മുന്നിലെ 24 തരം ജാമുകളില്‍ 23 എണ്ണം ഒഴിവാക്കണം. കൂടുതല്‍ ചോയ്‌സ് ഉള്ളപ്പോള്‍ തീരുമാനം എടുക്കാന്‍ വളരെ ബുദ്ധിമുട്ടാകും. എന്നാല്‍ മുന്നിലുള്ള ചോയ്‌സ് കുറവായാല്‍ അധികം ചിന്തിക്കാതെ സംശയം കൂടാതെ ഏത് എടുക്കണം എന്ന തീരുമാനം എടുക്കാന്‍ കഴിയും. 6 എണ്ണം ഉള്ളപ്പോള്‍ 5 എണ്ണം മാത്രം ഒഴിവാക്കിയാല്‍ മതി. തീരുമാനം എളുപ്പത്തില്‍ എടുക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെയാണ് 6 തരം ജാം വച്ചപ്പോള്‍ കൂടുതല്‍ വില്‍പ്പന നടന്നത്.

കണ്‍സ്യൂമറിസം ഉടലെടുത്ത സമയത്ത് ആളുകള്‍ വിചാരിച്ചിരുന്നത് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചാല്‍ ആളുകള്‍ കൂടുതല്‍ സന്തുഷ്ടരാവുകയും തൃപ്തിപ്പെടുകയും ചെയ്യും എന്നായിരുന്നു. എന്നാല്‍ കൊല്ലവര്‍ഷം 2000 മുതല്‍ നടത്തിയ പല ഗവേഷണങ്ങളിലും ആ നിഗമനം തെറ്റാണ് എന്ന് തെളിഞ്ഞുവരികയാണ്. അമേരിക്കന്‍ സൈക്കോളജിസ്റ്റായ ബാരി ഷ്വാട്‌സ് 2005 ല്‍ ഇറക്കിയിട്ടുള്ള പുസ്തകമാണ് Paradox of Choice . ഉപഭോക്തൃ മനഃശാസ്ത്രവും, സാമ്പത്തിക ശാസ്ത്രവും തമ്മില്‍ യോജിപ്പിച്ച് നടത്തിയ പഠനത്തില്‍നിന്നും അദ്ദേഹം മനസിലാക്കിയത് കൂടുതല്‍ ചോയ്‌സ് ഉപഭോക്താക്കളുടെ മുന്നില്‍ വച്ചാല്‍ അവര്‍ confused ആകും, ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതാവുകയും ഉല്‍പ്പന്നം വാങ്ങാതിരിക്കുകയും ചെയ്യും എന്നായിരുന്നു. ലോകത്തിലെ പ്രമുഖമായ പല ബ്രാന്‍ഡുകളും വളരെ കുറച്ച് ഓപ്ഷന്‍സ് മാത്രമേ ജനങ്ങള്‍ക്ക് നല്‍കാറുള്ളൂ. അവര്‍ക്ക് ഉറപ്പുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് അവതരിപ്പിക്കാറ്. എന്നാല്‍ ഇതില്‍ നേരെ വിപരീതമായ പല അഭിപ്രായങ്ങളും പല ശാത്രജ്ഞരും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഉദാഹരണത്തിന് സ്റ്റാര്‍ ബക്‌സിന്റെ മെനുവില്‍ ധാരാളം ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നുണ്ട് എങ്കിലും അവര്‍ ലോകത്തിലെ പ്രമുഖ ബ്രാന്‍ഡാണ്. ഇതിനുള്ള ഉത്തരം ബാരി ഷ്വാട്‌സ് തന്നെ പറയുന്നുണ്ട്, ചോയ്‌സുകള്‍ വളരെ കുറഞ്ഞും പോകരുത് വളരെ കൂടിയും പോകരുത്, അതായത് തിരഞ്ഞെടുക്കപ്പെട്ട നമുക്ക് കോണ്‍ഫിഡന്‍സ് ഉള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം അവതരിപ്പിക്കുക. കടയില്‍ ഒരു കസ്റ്റമര്‍ വരുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ ചിന്തിക്കാനുള്ള സമയം നല്‍കരുത്. എത്രത്തോളം ചിന്തിക്കാന്‍ സമയം എടുക്കുന്നുവോ അത്രത്തോളം വില്‍പ്പന നടക്കാതിരിക്കാനുള്ള സാധ്യതയുണ്ട്.

എത്ര ഉല്‍പ്പന്നങ്ങള്‍ വച്ച് സംരംഭം ആരംഭിക്കണം എന്ന തീരുമാനം എടുക്കുമുമ്പ് ഈ പഠനങ്ങള്‍ കൂടി പരിഗണിക്കുക.


( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍.
www.sijurajan.com ഫോണ്‍: +91 8281868299 )


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it