'ലോക്ഡൗൺ കാലത്ത് നിങ്ങൾ പുതിയ വ്യക്തിയായി മാറിയിരിക്കണം'' ബിസിനസ് കോച്ച് സന്തോഷ് നായർ

ഇതുവരെ നിങ്ങള്‍ പോയിക്കൊണ്ടിരുന്ന രീതിയില്‍ തന്നെയാണോ ലോക്ഡൗണ്‍ കഴിഞ്ഞിട്ടും മുന്നോട്ടുപോകാനിരിക്കുന്നത്? സംരംഭകരോടും പ്രൊഫഷണലുകളോടും എനിക്ക് ചോദിക്കാനുള്ള ആദ്യത്തെ ചോദ്യമാണിത്.

നിങ്ങള്‍ ആരായിരുന്നു, നിങ്ങളെന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നത് ഇനി പ്രസക്തമല്ല. ഈ ലോക്ഡൗണ്‍ ഒരു മികച്ച സമയമായി എടുക്കുക, അടിമുടി മാറി പുതിയൊരു വ്യക്തിയായിത്തീരാന്‍. ഇതൊരു ഡിസ്രപ്ഷന്റെ അതായത് കീഴ്‌മേല്‍ മറിക്കലിന്റെ കാലമാണ്. ഇത്തരം കീഴ്‌മേല്‍ മറിക്കുന്ന മാറ്റങ്ങള്‍ ആദ്യമായൊന്നുമല്ല ഉണ്ടാകുന്നത്. എന്നാല്‍ ഇവ ഇത്രത്തോളം വേഗത്തിലായിരുന്നില്ല. ഇപ്പോഴത്തെ കീഴ്‌മേല്‍ മറിക്കല്‍ കടന്നുവന്നിരിക്കുന്നത് അപ്രതീക്ഷിതമായാണ്, ഞെട്ടിപ്പിച്ചുകൊണ്ടാണ്, അതിവേഗത്തിലാണ്. പക്ഷെ ഇത് പുതിയതല്ല. ഇന്റര്‍നെറ്റ് വന്നപ്പോള്‍ എത്രത്തോളം ബിസിനസുകള്‍ കാലഹരണപ്പെട്ടു. യൂബര്‍ വന്നപ്പോള്‍ പരമ്പരാഗത ടാക്‌സികള്‍ കാലഹരണപ്പെട്ടു. ചരിത്രത്തിലേക്ക് നോക്കിയാല്‍ ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. പക്ഷെ ഇതൊന്നും ഇത്രത്തോളം വേഗത്തിലായിരുന്നില്ല.

എങ്ങനെ മാറാനാകും?

അതെ ഈ സമയം നമുക്ക് എത്തരത്തില്‍ മാറാനാകുമെന്ന് ചിന്തിക്കുക. ലോക്ഡൗണിന് ശേഷമുള്ള പുതിയ ലോകത്ത് നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എന്നതിന് വളരെ പ്രാധാന്യമുണ്ട്. നിങ്ങള്‍ പഴയതുതന്നെ ചെയ്തുകൊണ്ടിരുന്നാല്‍ നിങ്ങള്‍ ബിസിനസിലുണ്ടാകുമെന്ന് ഒരു ഉറപ്പും നല്‍കാനാകില്ല. ഉദാഹരണത്തിന് ഞാന്‍ എന്റെ തന്നെ പ്രവര്‍ത്തനശൈലി മാറ്റേണ്ടിയിരിക്കുന്നു. ലോക്ഡൗണ്‍ കഴിയുന്നതോടെ സന്തോഷ് നായര്‍ പഴയസന്തോഷ് നായര്‍ ആയിരിക്കില്ല. പുതിയ ലോകത്തിന് ആവശ്യമുള്ള രീതിയിലുള്ള സേവനങ്ങള്‍ കൊടുക്കുന്ന വ്യക്തിയായിരിക്കും. ഞാന്‍ മാത്രമല്ല എന്റെ ടീമും ഞങ്ങളുടെ പ്രവര്‍ത്തനരീതികളുമെല്ലാം പൂര്‍ണ്ണമായി മാറും.

എല്ലാവരും സ്വയം മാര്‍ക്കറ്റ് ചെയ്യേണ്ട ഒരു സമയം കൂടിയാണ്. സ്ഥിരമായി ഒരിടത്തുതന്നെ ജോലി എന്ന രീതി തന്നെ പലയിടത്തും മാറിക്കഴിഞ്ഞു. ഉദാഹരണത്തിന് എന്റെ സ്ഥാപനത്തില്‍ എക്കൗണ്ട്‌സ് നോക്കുന്ന വ്യക്തി എന്റെ സ്ഥാപനത്തിലെ മാത്രം ജീവനക്കാരനാകണമെന്നില്ല. ഇതുപോലെ 10 കമ്പനികള്‍ക്ക് സേവനം നല്‍കുന്നുണ്ടാകാം. അതുപോലെ മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ മറ്റു കമ്പനികള്‍ക്കും സേവനം നല്‍കുന്നുണ്ടാകും. ഇത്തരത്തില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തുക.

ഇമോഷണല്‍ ചില്‍ഡ്രന്‍ ആകരുത്

കമ്പനിയോട് 'എന്റെ കാര്യം നോക്കൂ' എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന മനോഭാവം പ്രൊഫഷണലുകള്‍ക്ക് പാടില്ല. പകരം നിങ്ങളുടെ സ്ഥാപനത്തിന് പുതിയ ലോകത്ത് വളരാനായി നിങ്ങള്‍ക്ക് എന്ത് സംഭാവന ചെയ്യാനാകുമെന്ന് ഓരോരുത്തരും സ്വയം ചോദിക്കുക. അതിന് പകരം കമ്പനി എന്റെ കാര്യം നോക്കണം എന്ന് പ്രൊഫഷണലുകളും സര്‍ക്കാര്‍ ഞങ്ങളുടെ കാര്യം പരിഗണിക്കണം എന്ന് സംരംഭകരും പരാതിപ്പെട്ടുകൊണ്ടിരിക്കുന്നത് കാണാറുണ്ട്. അത്തരത്തില്‍ 'ഇമോഷണല്‍ ചില്‍ഡ്രന്‍' ആയി മാറാതെ നിങ്ങള്‍ക്കെന്ത് കമ്പനിക്കുവേണ്ടി, സമൂഹത്തിന് വേണ്ടി, സര്‍ക്കാരിന് വേണ്ടി ചെയ്യാന്‍ പറ്റുമെന്ന് ചിന്തിക്കുക.

'വിപത്തി മേ ശക്തി' എന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. അതായത് ഈ വിപത്തിന്റെ സമയത്ത് നമുക്ക് ശക്തി നാം തന്നെ കൊടുക്കണം. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകാം, വ്യക്തിഗത പ്രശ്‌നങ്ങളാകാം, കുട്ടികളെ സംബന്ധിക്കുന്നവയാകാം, സാമ്പത്തിക പ്രശ്‌നങ്ങളാകാം, സ്ഥാപനത്തെ സംബന്ധിക്കുന്ന ഒരു കൂട്ടം പ്രശ്‌നങ്ങളാകാം... ഈ എല്ലാ പ്രശ്‌നങ്ങള്‍ക്കിടയിലും നിങ്ങള്‍ക്കുള്ള ശക്തി നിങ്ങള്‍ തന്നെ കൊടുക്കണം. ആദ്യം സ്വയം ശക്തി കൊടുക്കുക, പിന്നീട് നമ്മോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് കൊടുക്കുക. കുടുംബത്തിന്, ടീം അംഗങ്ങള്‍ക്ക്, സ്ഥാപനത്തിന്, ഉപഭോക്താക്കള്‍ക്ക്, സപ്ലയര്‍മാര്‍ക്ക്, സര്‍ക്കാരിന്... ഇങ്ങനെ നമ്മുക്ക് ചുറ്റുമുള്ളവര്‍ക്കെല്ലാം ശക്തി പകരുക.

അന്ധകാരം മാറും

നിങ്ങള്‍ക്ക് അതിജീവിക്കണമെങ്കില്‍ ഒരു വഴിയേയുള്ളു, അടിമുടി മാറുക. ഒരു ടണലിലൂടെ ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥയായാണ് ഞാനിതിനെ കാണുന്നത്. ടണലിന്റെ അങ്ങേയറ്റത്ത് പുതിയൊരു ലോകമാണ്. ഇപ്പോള്‍ നാം ടണലിന്റെ ഉള്ളിലാണ്. ചുറ്റും അന്ധകാരം മാത്രം. അതുമാറി പ്രത്യാശയുടെയും അവസരത്തിന്റെയും കിരണങ്ങള്‍ തെളിയും. പക്ഷെ നാം തയാറെടുത്തിരുന്നാല്‍ മാത്രമേ ആ അവസരങ്ങള്‍ പ്രയോനപ്പെടുത്താനാകൂ.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story
Share it