ഭയപ്പെടേണ്ട, സാമ്പത്തിക മാന്ദ്യത്തിനെതിരെ തയാറെടുക്കാം

സാമ്പത്തികമാന്ദ്യത്തിന്റെ സൂചനകള്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. ആഗോള സാമ്പത്തികമേഖല ചുരുങ്ങുന്നു. രാജ്യത്തെ വിവിധ മേഖലകളിലുള്ള ബിസിനസുകള്‍ അതിജീവനത്തിനുള്ള ശ്രമങ്ങളിലാണ്. വരും നാളുകളില്‍ എന്ത് സംഭവിക്കുമെന്ന് സാമ്പത്തികവിദഗ്ധര്‍ക്കുപോലും പ്രവചിക്കാനാകുന്നില്ല. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന മോശം നാളുകള്‍ക്കുവേണ്ടി തയാറെടുക്കുക.

ചില നിര്‍ദ്ദേശങ്ങള്‍

1. എമര്‍ജന്‍സി ഫണ്ട് കരുതിവെക്കുക

സാമ്പത്തികമാന്ദ്യം വരുന്നു എന്നതുകൊണ്ടു മാത്രമല്ല, എപ്പോഴും നമ്മുടെ പക്കല്‍ ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാകണം. എത്ര തുകയാണ് ഇത്തരത്തില്‍ കരുതിവെക്കേണ്ടത്? നമ്മുടെ മൂന്ന് മുതല്‍ ആറ് മാസത്തെ ചെലവ് സേവിംഗ്‌സ് എക്കൗണ്ടില്‍ കരുതണമെന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്. തൊഴില്‍ നഷ്ടപ്പെട്ടാല്‍ മറ്റൊരു ജോലി കണ്ടെത്തുന്നതുവരെ കഴിയാന്‍ പറ്റണം. ഈ തുക അത്രത്തോളം അടിയന്തര സാഹചര്യത്തിലല്ലാതെ എടുത്ത് ഉപയോഗിക്കരുത്.

2. വലിയ ബാധ്യതകള്‍ ഒഴിവാക്കുക

വരാനിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് അനിശ്ചിതത്വം നിലവിലുള്ളപ്പോള്‍ ഒരിക്കലും വലിയ ബാധ്യതകള്‍ ഏറ്റെടുക്കാതിരിക്കുക. ആഡംബര കാര്‍ വായ്പ പോലെ നിങ്ങള്‍ക്ക് താങ്ങാനാകാത്ത പുതിയ വായ്പകള്‍ എടുത്തുകൂട്ടിയാല്‍ വരുമാനമാര്‍ഗം നിലച്ചാല്‍ എന്തു ചെയ്യുമെന്ന് ആലോചിക്കുക.

3. ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ അടച്ചുതീര്‍ക്കുക

ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, പെഴ്‌സണല്‍ ലോണ്‍ തുടങ്ങിയവയൊക്കെ കനത്ത പലിശയുള്ള വായ്പകളാണ്. ഇവ നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് അടച്ചുതീര്‍ക്കുന്നതിന് മുന്‍ഗണന കൊടുക്കുക.

4. വരുമാനത്തില്‍ ഒതുങ്ങി ജീവിക്കുക

ആഡംബര ചെലവുകള്‍ നടത്തേണ്ട സമയമല്ലിത്. ഇപ്പോഴേ ചെലവുകള്‍ ചുരുക്കുക. അനാവശ്യചെലവുകള്‍ക്ക് പണം മുടക്കും മുമ്പ് രണ്ട് പ്രാവശ്യം ചിന്തിക്കുക. സാഹചര്യം കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ പിന്തുണയോടെ ചെലവുചുരുക്കല്‍ നടത്തുക.

5. വരുമാനം ഉയര്‍ത്താനുള്ള വഴികള്‍ കണ്ടെത്തുക

ചെലവ്ചുരുക്കലിന് ഒരു പരിധിയുണ്ട്. ഇനിയുള്ള വഴി അധികവരുമാനം കണ്ടെത്തുക മാര്‍ഗ്ഗമാണ്. ജോലിയിലെ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുക. ഈ വരുമാനമാര്‍ഗ്ഗം ഇല്ലാതായാല്‍ എന്തു ചെയ്യണമെന്ന് കൃത്യമായി ഒരു പ്ലാന്‍ ഉണ്ടാക്കുക. ജോലിയോ ബിസിനസോ ഇല്ലാതാകുമ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരിക്കും നിങ്ങളെത്തുന്നത്. ആ സാഹചര്യത്തില്‍ പുതിയ നല്ല ആശയങ്ങളെക്കുറിച്ച് മനസില്‍ വരണമെന്നില്ല. അതിനാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ഒരുങ്ങിയിരിക്കുക.
ReplyReply AllForwardEdit as new

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it