ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്: ഓടിക്കയറാം, യുവ മനസുകളിലേക്ക്
സോഷ്യല്‍മീഡിയയിലെ ഇസഡ് ജനറേഷനെയും മില്ലീനിയല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവരെയും ലക്ഷ്യം വെക്കാവുന്ന ഏറ്റവും ലളിതവും പ്രയോജനകരവുമായ രീതിയാണ് ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്.
ഈ യുവ ജനങ്ങളില്‍ അധികവും കോര്‍പ്പറേറ്റുകളുടെ വാചകക്കസര്‍ത്തുകള്‍ക്കും വഞ്ചനാപരമായ പരസ്യങ്ങള്‍ക്കും എതിരാണ്. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉല്‍പ്പന്നങ്ങള്‍ ശിപാര്‍ശ ചെയ്യുന്നു, ശിപാര്‍ശ സ്വീകരിക്കുന്നു. നിരവധി ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ അവര്‍ ഫോളോ ചെയ്യുകയും മാതൃകയാക്കി വയ്ക്കുകയും ചെയ്യുന്നു. ശ്രദ്ധയോടെ ചെയ്താല്‍ ഇന്‍ഫ്‌ളുവന്‍സര്‍ ഒരു ബ്രാന്‍ഡിനെ പ്രമോട്ട് ചെയ്യുമ്പോള്‍ അതൊരു പരസ്യമായി തോന്നില്ല, മറിച്ച് വിശ്വസ്തനായ ഒരു സുഹൃത്ത് നല്‍കുന്ന ശിപാര്‍ശയായേ തോന്നൂ.
യുവജനങ്ങളുടെ ഇടയില്‍ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏതാനും
കാര്യങ്ങളുണ്ട്.
സദാ സമയവും കണക്റ്റഡ്: കൈത്തുമ്പില്‍ ടെക്‌നോളജിയുമായി വളര്‍ന്ന ഈ യുവജനങ്ങള്‍ ആഴ്ചയില്‍ ശരാശരി 25 മണിക്കൂറെങ്കിലും ഓണ്‍ലൈനായിരിക്കും. പ്രസക്തവും ആധികാരികവുമായി തോന്നുന്ന അഭിപ്രായങ്ങള്‍ അവര്‍ വിശ്വസിക്കും, പങ്കുവെക്കും. സോഷ്യല്‍ മീഡിയയില്‍ ശബ്ദമുയര്‍ത്തുകയും ചെയ്യും. ഒരു നല്ല അനുഭവമോ മോശം അനുഭവമോ ഉണ്ടായാല്‍ അത് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കും.
വില്‍ക്കാന്‍ ശ്രമിക്കേണ്ട: ആധികാരികതയ്ക്കാണ് അവര്‍ മൂല്യം കല്‍പ്പിക്കുന്നത്. ഒരു പ്രമോഷണല്‍ കോപ്പിയെക്കാളും സുഹൃത്തായ ഉപഭോക്താവില്‍ നിന്ന് നേരിട്ട് കേള്‍ക്കാനാണ് അവന്‍ ഇഷ്ടപ്പെടുന്നത്. പഴയ തലമുറ ഉല്‍പ്പന്നത്തിന്റെ സവിശേഷതകളും നേട്ടങ്ങളുമാണ് നോക്കിയിരുന്നതെങ്കില്‍ മില്ലീനിയല്‍സ് ആ സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയെന്നും അറിയാന്‍ താല്‍പ്പര്യപ്പെടുന്നു.
എന്തും ഏതും മൊബീല്‍ ഫോണില്‍: 85 ശതമാനം മില്ലീനിയല്‍സിനും സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമായി ഉണ്ട്. ഗൂഗ്ള്‍ പറയുന്നത്, 64 ശതമാനം മില്ലീനിയല്‍സും താമസത്തിനായി ഒരു ഹോട്ടല്‍ ബുക്ക് ചെയ്യുന്നത് തങ്ങളുടെ മൊബീലില്‍ തിരച്ചില്‍ നടത്തിയതിനുശേഷം മാത്രമാണ്. 35 വയസിന് മേല്‍ പ്രായമുള്ള ഭൂരിഭാഗം യാത്രികരും അതായത് 58 ശതമാനം പേരും മൊബീല്‍ ഫോണില്‍ ബുക്ക് ചെയ്യുന്നില്ല.
അപ്പപ്പോള്‍ തൃപ്തിപ്പെടണം: പെട്ടെന്ന് ആകര്‍ഷിക്കാന്‍ ഓഫറുകള്‍ നല്‍കണം. 66 ശതമാനം മില്ലിനീയല്‍സും ഏതെങ്കിലും കമ്പനിയേയോ ബ്രാന്‍ഡിനേയോ ഫോളോ ചെയ്യുന്നതും ഫേസ്ബുക്കില്‍ ഒരു കമ്പനിയെയോ ബ്രാന്‍ഡിനേയോ ലൈക്ക് ചെയ്യുന്നതും ഡിസ്‌കൗണ്ടുകള്‍ക്കോ കൂപ്പണുകള്‍ക്കോ വേണ്ടി മാത്രമാണ്. ചെലവുകള്‍ എങ്ങനെ കുറയ്ക്കാം എന്നതു സംബന്ധിച്ച് നല്ല ബോധ്യമുള്ളവരാണ് മില്ലീനിയല്‍സ്.
വേണം, ആധികാരികത: മില്ലീനിയല്‍സിന് നല്‍കുന്ന കണ്ടന്റ് യഥാര്‍ത്ഥമായിരിക്കണം. അത് പരസ്യം പോലെ തോന്നിക്കുകയാണെങ്കില്‍ അത് അവഗണിക്കപ്പെടും.
'സോഷ്യല്‍ പ്രൂഫ്' പ്രധാനം: ഉപഭോക്താക്കളായ യുവജനങ്ങള്‍ക്ക് നിങ്ങളുടെ ബ്രാന്‍ഡുമായി ഇടപഴകാനുള്ള അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ അവരുടെ ചിന്തയില്‍ കയറിപ്പറ്റാം. അവരില്‍ ഭൂരിഭാഗവും ഒരു കമ്പനിയോ ബ്രാന്‍ഡോ പറയുന്നതിനേക്കാളേറെ വിശ്വസിക്കുന്നത് സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ, അപരിചിതരോപോലും പറയുന്നതാണ്. നിങ്ങള്‍ മില്ലീനിയല്‍സിനിടയിലാണ് മാര്‍ക്കറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ ഭാഷയില്‍ സംസാരിക്കുക, അവര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നയിടത്ത് അവതരിപ്പിക്കുക. എന്തെങ്കിലും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവരില്‍ സ്വാധീനം ചെലുത്തിയിട്ടുള്ളവരെ ഉപയോഗിച്ചു തന്നെ ചെയ്യുക.
തെറ്റിദ്ധാരണകള്‍ പലത്
- ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് ചെലവേറിയതാണ്
സെലിബ്രിറ്റി ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെയാണ് നോക്കുന്നതെങ്കില്‍ ചെലവേറും. എന്നാല്‍ 'നീഷ്' വിഭാഗത്തിലുള്ള നൈസര്‍ഗികവും വളര്‍ന്നുവരുന്നതുമായ ഇന്‍ഫ്‌ളുവന്‍സേഴ്‌സാണെങ്കില്‍ ചെലവ് കുറയ്ക്കാം.
- ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് നിര്‍ബന്ധമായും സാമ്പത്തികമായ പ്രതിഫലം നല്‍കണം
നിങ്ങളുടെ ബ്രാന്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് എല്ലാ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനും പണമായി തന്നെ നല്‍കേണ്ടതില്ല. വിവിധ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് പ്രതിഫലക്കാര്യത്തില്‍ വിവിധ നിലപാടുകളാണ്. ചിലര്‍ക്ക് പണമായി തന്നെ നല്‍കേണ്ടി വരുമ്പോള്‍ മറ്റു ചിലര്‍ക്ക് മറ്റെന്തിലും നേട്ടങ്ങള്‍ നല്‍കിയാല്‍ മതി.
- ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഇന്‍ഫ്‌ളുവന്‍സറാണ് ഏറ്റവും നല്ലത്
എല്ലായ്‌പ്പോഴും അങ്ങനെയല്ല. കിം കര്‍ദ്ദാഷിയന്‍, ആഷ്ടണ്‍ കുച്ചര്‍ എന്നിവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉണ്ട്. എന്നാല്‍ പല ബ്രാന്‍ഡുകള്‍ക്കും യോജിച്ചവരല്ല അവര്‍. ഫോളോഴേസിന്റെ
എണ്ണത്തേക്കാളുപരി എത്രപേര്‍ സജീവമായി ഇടപഴകുന്നു എന്നത് നോക്കുക.
- ജനകീയനായ ഒരാള്‍ നല്ല ഇന്‍ഫ്‌ളുവന്‍സറായിരിക്കും.
ജനകീയത മാത്രമല്ല സ്വാധീനശക്തിയുടെ ഒരേയൊരു അളവുകോല്‍. സ്വാധീനത്തിന് ആവശ്യം വിശ്വാസവും വൈദഗ്ധ്യവുമാണ്.
- ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെ നേട്ടം കണക്ക് കൂട്ടാനാവില്ല
കൃത്യമായ കണക്കുകള്‍ വെച്ച് നിങ്ങളുടെ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് പദ്ധതി വിജയകരമാണോ പ്രായോഗികമാണോ എന്നൊക്കെ അറിയാനാകും. ബ്രാന്‍ഡിനെ കുറിച്ച് ബോധവത്കരിക്കുകയാണോ, സോഷ്യല്‍ ഷെയറിംഗ് ആണോ, ക്ലിക്ക് ത്രൂ നിരക്കും ആശയവിനിമയവുമാണോ ഈ മാര്‍ക്കറ്റിംഗിലൂടെ ലക്ഷ്യമിടുന്നത് എന്ന് നോക്കി ജയപരാജയങ്ങള്‍ വിലയിരുത്താനാകും.
- ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിന്റെ മറ്റു മാര്‍ക്കറ്റിംഗ് രൂപങ്ങളെ ഇല്ലാതാക്കും
ഇത് സത്യമല്ല. മറ്റേതൊരു മാര്‍ക്കറ്റിംഗ് രീതിയെയും പോലെ തന്നെ സാധാരണ മാര്‍ക്കറ്റിംഗിനൊപ്പം മാത്രം പ്രാവര്‍ത്തികമാക്കാവുന്നതാണിതും.