ബിസിനസ് മികച്ചതാക്കാന്‍ 80-20 നിയമം പ്രയോജനകരമോ?

കഴിഞ്ഞ ലക്കത്തിലെ ലേഖനത്തില്‍ ഫിഗര്‍ ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ, സ്റ്റാര്‍ട്ടപ്പ് ബിസിനസ്, എസ്റ്റാബ്ലിഷ്ഡ് ബിസിനസ്, സക്സസ്ഫുള്‍ ബിസിനസ്, ഗ്രേറ്റ് ബിസിനസ് എന്നിങ്ങനെ ബിസിനസ് ജീവിതചക്രത്തിലെ നാല് തരം ഘട്ടങ്ങളെ കുറിച്ച് വിവരിച്ചിരുന്നു.ബിസിനസ് ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലുള്ള സംരംഭങ്ങളെ അതിന്റെ സംരംഭകര്‍ തികച്ചും വ്യത്യസ്മായ രീതികളിലാണ് നടത്തിക്കൊണ്ടു പോകുന്നതെന്ന് ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഏതൊരു ബിസിനസും കൈകാര്യം ചെയ്യുമ്പോള്‍ അവയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളുണ്ടെന്ന് വ്യക്തമാണ്.
സമയത്തിന്റെയും പണത്തിന്റെയും വിഭങ്ങളുടെയും അഭാവം കൊണ്ട് ഗുണപരമായ എല്ലാ പ്രവര്‍ത്തനങ്ങളും ഒരേസമയം നടപ്പിലാക്കാന്‍ നമുക്ക് കഴിയില്ല എന്ന സത്യം നിലനില്‍ക്കേ തന്നെ പരമാവധി ഗുണം ലഭിക്കുന്നതിനായി കഴിയുന്നത്ര കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കണമെന്ന് മിക്ക സംരംഭകരും വിശ്വസിക്കുന്നു.
അത്തരം സംരംഭകര്‍ അപൂര്‍വമായി വിജയിക്കുകയും ഫിഗര്‍ രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ ജോലി കുറേയുണ്ടെന്നും സമയം കുറവാണെന്നും എപ്പോഴും പരാതിപ്പെട്ടുക്കൊണ്ടിരിക്കും.

വികലമായ ഈ വീക്ഷണത്തെ പാരറ്റോ തന്റെ 80-20 നിയമം അഥവാ പാരറ്റോ തത്വ(Pareto Principle) ത്തിലൂടെ തകര്‍ത്തുകളഞ്ഞു. പല വിജയികളായ സംരംഭകരും പാരറ്റോ തത്വത്തില്‍ വിശ്വസിക്കുകയും ബിസിനസില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു.
അപ്പോള്‍ എന്താണ് പാരറ്റോ തത്വം? ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ വില്‍ഫ്രെഡോ പാരറ്റോ വികസിപ്പിച്ചെടുത്ത ഒരു തത്വമാണിത്. ചെറിയൊരു ശതമാനം വരുന്ന കൂട്ടം ശക്തമായ സ്വാധീനം ഉണ്ടാകുന്നുവെന്നാണ് ഇത് സമര്‍ത്ഥിക്കുന്നത്.
ഉദാഹരണത്തിന്, സാധാരണയായി 20 ശതമാനം വരുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന മൂല്യത്തിന്റെ 80 ശതമാനം സംഭാവന ചെയ്യുന്നു, അല്ലെങ്കില്‍ 20 ശതമാനം ഉപഭോക്താക്കള്‍ വില്‍പ്പന മൂല്യത്തിന്റെ 80 ശതമാനം സംഭാവന ചെയ്യുന്നു, അല്ലെങ്കില്‍ 20 ശതമാനം വരുന്ന ചരക്കിനങ്ങള്‍ 80 ശതമാനം ചരക്കു മൂല്യം സംഭാവന ചെയ്യുന്നു.
ഫിഗര്‍ മൂന്നില്‍ കാണിച്ചിരിക്കുന്നതു പോലെ 20 ശതമാനം വരുന്ന ഘടകങ്ങള്‍ 80 ശതമാനം പ്രഭാവം സൃഷ്ടിക്കുന്നു.

അതുകൊണ്ട്, ഒരു ബിസിനസ് കൈകാര്യം ചെയ്യുമ്പോള്‍ ആവശ്യമായ എല്ലാ ഗുണപരമായ പ്രവര്‍ത്തനങ്ങളും ഒരേസമയം നടപ്പിലാക്കാന്‍ കഴിയാത്തതിനാല്‍, വിജയികളായ സംരംഭകര്‍ പരമാവധി പ്രയോജനം നല്‍കുന്ന കുറച്ചു കാര്യങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് 80-20 നിയമം ഉപയോഗിക്കുന്നു.
എന്നിരുന്നാലും പാരറ്റോ തന്നെ ചൂണ്ടിക്കാണിച്ചിരിക്കുന്നതു പോലെ, 80-20 നിയമം ശരിയാകുന്നത് ബിസിനസിലെ ഘടകങ്ങള്‍ പരസ്പരാശ്രയത്വം ഇല്ലാതിരിക്കുമ്പോള്‍ മാത്രമാണ്. അതായത് എല്ലാ ഘടകങ്ങളും സ്വതന്ത്രമായിരിക്കുമ്പോള്‍. സത്യത്തില്‍ പരസ്പരാശ്രയത്വവും വന്‍ വ്യതിയാനങ്ങളും സ്ഥിതി കൂടുതല്‍ കടുത്തതാക്കുന്നു.
എല്ലാ ബിസിനസുകളിലും പരസ്പരാശ്രയങ്ങളായ നിരവധി കാര്യങ്ങളും താരതമ്യേന ഉയര്‍ന്ന വ്യതിയാനങ്ങളുമുണ്ട്. ഇത് സിസ്റ്റത്തിന്റെ പ്രകടനത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യങ്ങളിലേക്ക് നയിക്കുന്നു.
പാരറ്റോയുടെ ഭാഷയില്‍ പറയുകയാണെങ്കില്‍, ഒരു ശതമാനം ഘടകങ്ങള്‍ ഫലത്തിന്റെ 99 ശതമാനത്തെ സ്വാധീനിക്കുന്നു. 1-99 നിയമം. ഇത്, ഒരു ബിസിനസ് നടത്തുമ്പോള്‍ ഫോക്കസ് എന്ന വാക്കിന് പുതിയ അര്‍ത്ഥം നല്‍കുന്നു.
'ഗ്രേറ്റ് ബിസിനസ്' നടത്തുന്ന സംരംഭകര്‍ ഈ സങ്കല്‍പ്പം നന്നായി മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കാണാനാകും. തങ്ങളുടെ ബിസിനസ് 'ഗ്രേറ്റ്' ആകണമെന്ന് ആഗ്രഹിക്കുന്ന സംരഭകര്‍ ഇന്‍വെന്ററി മാനേജ്മെന്റ്, കസ്റ്റമര്‍ മാനേജ്മെന്റ് തുടങ്ങിയ ഉചിതമായ സാഹചര്യങ്ങളില്‍ 80-20 നിയമം ഉപയോഗിക്കുകയും വലിയ പ്രഭാവം സൃഷ്ടിക്കുന്ന വളരെ കുറച്ച് നിര്‍ണായക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തങ്ങളുടെ ബിസിനസ് നടത്തിക്കൊണ്ടു പോകാന്‍ 1-99 നിയമം ഉപയോഗിക്കുകയും വേണം.
Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles

Next Story

Videos

Share it