സംരംഭകരേ, മോട്ടിവേഷന്‍ പ്രസംഗങ്ങള്‍ ഏറെ കേള്‍ക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍

എല്ലാത്തിനും ഒരു പരിധിയുണ്ട് എന്ന് പറയാറുണ്ടല്ലോ. എന്നാല്‍ പലപ്പോഴും ബിസിനസ്സുകാര്‍ക്കിടയില്‍ പരിധി വിട്ടുപോകുന്ന ഒന്നായി മോട്ടിവേഷന്‍ മാറിയിരിക്കുന്നു. ഒരു പരിധിവരെ ബിസിനസ് പരാജയത്തിനുള്ള കാരണവും ഈ അമിത മോട്ടിവേഷന്‍ ആണെന്ന് പറയേണ്ടിവരും. ശാസ്ത്രീയമായി മനസിലാകുകയാണെങ്കില്‍ ചില വിഡിയോകള്‍ കാണുമ്പോള്‍, ചില ആളുകളുടെ പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍, ചില ക്ലാസ്സുകളില്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ തലച്ചോറില്‍ ഡോപാമിന്‍ എന്ന രാസവസ്തു സൃഷ്ടിക്കപ്പെടുകയും അതുവഴി നമ്മളില്‍ ആവേശം ഉണ്ടാകുകയും ചെയ്യുന്നു. ഇതുതന്നെയാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമ്പോഴും സംഭവിക്കുന്നത്. ലഹരിയില്‍ അടിമത്വം പ്രാപിക്കുന്നതുപോലെ പുറത്തുനിന്നും ലഭിക്കുന്ന മോട്ടിവേഷനുകളിലും പലരും അടിമകളാകുന്നു. ഇത്തരത്തില്‍ അമിത മോട്ടിവേഷന്‍ ഒരു സംരംഭകനില്‍ ഉണ്ടായാല്‍ ഒരുപാട് വിപത്തുകള്‍ ബിസിനെസ്സില്‍ സംഭവിക്കാം.

1 . യാഥാര്‍ഥ്യബോധം നഷ്ടപ്പെടുന്നു:
ബിസിനസ് നടത്തിപ്പില്‍ പ്രതിസന്ധി വരുമ്പോഴാണല്ലോ പലരും മോട്ടിവേഷന്‍ പ്രസംഗങ്ങളെയും, മോട്ടിവേഷന്‍ വാചകങ്ങളെയുമെല്ലാം ആശ്രയിക്കുന്നത്. അത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ മോട്ടിവേഷന്‍ വീഡിയോകളും പ്രസംഗങ്ങളും അവരിലുണ്ടാക്കുന്ന കോണ്‍ഫിഡന്‍സിന്റെ ഫലമായി ആ ദുര്‍ഘടമായ അവസ്ഥയെ സധൈര്യം നേരിടാന്‍ സാധിക്കുന്നു. അങ്ങനെ ആ പ്രതിസന്ധിയെ താല്‍കാലികമായി മറികടക്കുന്നു. പക്ഷെ ആ പ്രതിസന്ധിക്ക് കാരണമായ വിഷയത്തെ കണ്ടുപിടിക്കുകയോ അതിനെ പരിഹരിക്കുകയോ ചെയ്യുന്നില്ല. അതായത് ശാശ്വതമായ ഒരു പരിഹാരമല്ല ഉണ്ടാകുന്നത് എന്ന് സാരം. പ്രതിസന്ധിക്ക് ഇടയാക്കിയ കാരണത്തെ കണ്ടെത്താതെ കോണ്‍ഫിഡന്‍സ് കൊണ്ടുമാത്രം മുന്നോട്ടുപോയാല്‍ അധികം വൈകാതെ ആ പ്രശ്‌നം ഇരട്ടിക്കുകയും സംരംഭകന്റെ അകത്തെ മോട്ടിവേഷനുപോലും പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് അത് മാറുകയും ചെയ്യും.
2 . വൈകാരികമായ തീരുമാനങ്ങള്‍
മനുഷ്യന്റെ മൃദുലവികാരത്തെ സ്പര്‍ശിക്കുന്നതരത്തിലാണ് പലപ്പോഴും മോട്ടിവേഷന്‍ പ്രസംഗങ്ങള്‍. ബിസിനസ്സില്‍ വികാരങ്ങള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും ചെറുതും വലുതുമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഈ വികാരത്തെ മാത്രം ആശ്രയിച്ചാല്‍ ആ തീരുമാനങ്ങള്‍ വലിയൊരു തെറ്റായി മാറിയേക്കാം. വളരെ ലോജിക്കലായി, റാഷണലായി ഓരോ വിഷയങ്ങളെ വിശകലനം ചെയ്തു മാത്രമാവണം തീരുമാനം എടുക്കേണ്ടത്. അവിടെ ആവേശത്തിന്റെ പുറത്ത് മാത്രം തീരുമാനം എടുത്താല്‍ അത് ഒരുപക്ഷെ സ്ഥാപനത്തെ സാരമായി ബാധിച്ചേയ്ക്കാം. ഇതിന്റെയെല്ലാം പ്രതിഫലനം ഉണ്ടാകുന്നത് ഭാവിയിലായിരിക്കും. അപ്പോഴേക്കും തീരുമാനങ്ങള്‍ എടുക്കേണ്ട സമയം കഴിഞ്ഞിട്ടുണ്ടാകാം.
3 . അടിമത്വം:
മുമ്പ് സൂചിപ്പിച്ചപോലെ മനുഷ്യന്റെ മൃദുല വികാരങ്ങളെ ആര്‍ക്ക് സ്പര്‍ശിക്കാന്‍ കഴിയുന്നുവോ അവിടെ മാനസികമായ അടിമത്വം ഉണ്ടാകുന്നു. പലപ്പോഴും നമ്മളെ ആഴത്തില്‍ സാധീനിക്കുന്ന വ്യക്തികളുടെ ഓരോ വാക്കുകളും നമുക്ക് വേദവാക്യങ്ങള്‍ ആയിരിക്കും. അവര്‍ എന്ത് പറഞ്ഞാലും അതേപടി അനുസരിക്കുന്ന അടിമകളായി മാറുന്നു. നമ്മുടെ ചിന്തകളെ മറ്റൊരാളുടെ ചിന്തകളാല്‍ കടിഞ്ഞാന്‍ ഇടുന്നു. ഇതൊരു വലിയ വിപത്തല്ലേ? സ്വയം പഠിച്ച്, സ്വയം വിശകലനം ചെയ്ത് മുന്നേറുമ്പോഴല്ലേ ബിസിനസ്സില്‍ വളരാന്‍ സാധിക്കുന്നത്? ലോജിക്കലായി ചിന്തിച്ചുനോക്കു.
അപ്പോള്‍ പിന്നെ ഈ മോട്ടിവേഷന്‍ ആവശ്യമില്ല?
തീര്‍ച്ചയായും ഏതൊരു മനുഷ്യനിലും ഏത് തൊഴില്‍ മേഖലയിലും ശോഭിക്കാന്‍ മോട്ടിവേഷന്‍ വളരെ അനിവാര്യമാണ്. പക്ഷെ ആ മോട്ടിവേഷന്‍ വരേണ്ട ഉറവിടം തിരഞ്ഞെടുക്കലാണ് പ്രാധാന്യം. ബിസിനസ്സുകാരില്‍ മോട്ടിവേഷണന്‍ പുറമെ നിന്ന് ആരെങ്കിലും തരേണ്ട ഒന്നല്ല. അത് അവനവന്റെ ഉള്ളില്‍നിന്നുതന്നെ ഉണ്ടാകേണ്ട ഒന്നാണ്. അത്തരത്തില്‍ ആ മോട്ടിവേഷന് കാരണമാവേണ്ടത് 'വ്യക്തതയാണ്'(Clarity ). തന്റെ ബിസിനസിന്റെ അടുത്ത ലക്ഷ്യമെന്താണ് ആ ലക്ഷ്യത്തിലേക്കു എത്തിച്ചേരാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്, അതിനായി താന്‍ വളര്‍ത്തിയെടുക്കേണ്ട നൈപുണ്യങ്ങള്‍ എന്തെല്ലാമാണ് തുടങ്ങി എല്ലാത്തിനും ഒരു വ്യക്തത ഉണ്ട് എങ്കില്‍ അത് നേടാനുള്ള മോട്ടിവേഷന്‍ നമ്മളുടെ അകത്ത് നിന്നുതന്നെ ഉടലെടുക്കും. എന്നാല്‍, ഈ കാര്യങ്ങളൊന്നും ചെയ്യാതെ മോട്ടിവേഷനെ മാത്രം ആശ്രയിച്ച് ബിസിനസ് ചെയ്യുമ്പോഴാണ് പ്രശ്‌നം സംഭവിക്കുന്നത്.

ബിസിനസ്സുകാരില്‍ പുറമെ നിന്നുള്ള മോട്ടിവേഷന്‍ അനിവാര്യമാണ്, എന്നാല്‍ അത് മാത്രം വച്ച് ബിസിനസിനെ മുന്നോട്ടേക്ക് നയിക്കരുത്. ബിസിനസിനെ വളത്താന്‍ നമ്മളിലാവശ്യമായ നൈപുണ്യം വളത്തിയെടുക്കുന്നതില്‍ കൂടുതല്‍ സമയം ചെലവഴിക്കുക.


( BRANDisam LLP യിലെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com +91 8281868299 )


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it