ROI അധിഷ്ഠിത വളര്‍ച്ചാതന്ത്രം അനിവാര്യമാകുന്നത് എന്തുകൊണ്ട്?
ബിസിനസില്‍ വിജയിക്കാനാണ് എല്ലാ സംരംഭകരും ആഗ്രഹിക്കുന്നത്. ബിസിനസില്‍ വിജയം നേടിയെടുക്കാന്‍ പല മാര്‍ഗങ്ങള്‍ ഉണ്ടാകുമെങ്കിലും അടിസ്ഥാനപരമായി രണ്ട് മൗലിക സമീപനങ്ങള്‍ മാത്രമേ അതിനുള്ളൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ജനപ്രിയ സമീപനമെന്ന് ഞാന്‍ വിളിക്കുന്നതാണ് ഇതില്‍ ആദ്യത്തേത്. ഭൂരിഭാഗം സംരംഭകരും ഇത് പിന്തുടരുന്നുവെന്ന് മാത്രമല്ല മാഗസിനുകളും പുസ്തകങ്ങളും ഇതിനെ ജനങ്ങളിലേക്ക് എത്തിക്കുകയും ഒട്ടേറെ മാനേജ്‌മെന്റ് വിദഗ്ധര്‍ ഇത് പരിശീലിക്കുകയും ചെയ്യുന്നുണ്ട്. കോണ്‍ട്രേറിയന്‍ സമീപനമെന്ന് ഞാന്‍ വിളിക്കുന്നതാണ് മറ്റൊന്ന്. ഏതാനും സംരംഭകര്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുള്ളൂ. കോണ്‍ട്രേറിയന്‍ സംരംഭകര്‍ വിജയം കൈവരിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു സുപ്രധാന രീതിയാണ് ROI (Return On Investment) അധിഷ്ഠിത വളര്‍ച്ചാ തന്ത്രത്തെ പിന്തുടരുകയെന്നത്.
ROI അധിഷ്ഠിത വളര്‍ച്ചാതന്ത്രത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് മുന്‍പ് ബിസിനസ് വിജയം എന്നതുകൊണ്ട് നമ്മള്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്ന് നോക്കാം. വിജയത്തെ നിര്‍വ്വചിക്കുക എളുപ്പമല്ല. ബിസിനസ് വിജയമെന്നത് വിവിധ ആളുകളെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ കാര്യങ്ങളാണ്.
ഒരു A+ ഗ്രേഡ് കിട്ടുന്നതുപോലെ ആയിരിക്കണം ബിസിനസ് വിജയമെന്നത്. ബിസിനസില്‍ A+ ഗ്രേഡ് കിട്ടുന്നതിനെ എങ്ങനെയാണ് നമുക്ക് നിര്‍വചിക്കാനാകുക?
വിജയത്തെ നിര്‍വ്വചിക്കുന്നതിന്റെ ആദ്യപടിയായി എന്താണ് വിജയം അല്ലാത്തതെന്ന് നമുക്ക് നോക്കാം.
പരാജയ നിരക്ക് കൂടുതല്‍
ബിസിനസിലെ പരാജയമെന്നത് തീര്‍ച്ചയായും ഒരു വിജയമല്ല. അതൊരു F ഗ്രേഡ് കിട്ടുന്നതിന് തുല്യമാണ്.
ബിസിനസിലെ പരാജയത്തിന്റെ നിരക്ക് നമുക്കൊന്ന് പരിശോധിക്കാം.
ചാര്‍ട്ട് -1ല്‍ നിന്നും കാണാന്‍ കഴിയുന്നതുപോലെ ബിസിനസിലെ പരാജയത്തിന്റെ നിരക്ക് അവിശ്വസിനീയമായ തരത്തില്‍ ഉയര്‍ന്നതാണ്.
യു.എസ്. ഗവണ്‍മെന്റിന്റെ കണക്ക് പ്രകാരം 1994ല്‍ ആരംഭിച്ച ബിസിനസുകളില്‍ 80 ശതമാനത്തിലധികവും 21 വര്‍ഷത്തിനുള്ളില്‍ പരാജയപ്പെട്ടു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചാര്‍ട്ട്-1ല്‍ കാണാന്‍ കഴിയുന്നതുപോലെ 1994ല്‍ ആരംഭിച്ച ബിസിനസുകളില്‍ 20 ശതമാനത്തില്‍ താഴെ മാത്രമേ 2015ല്‍ നിലനില്‍ക്കുന്നുള്ളൂ. 1994ന് പുറമേ മറ്റ് വര്‍ഷങ്ങളില്‍ ആരംഭിച്ച ബിസിനസുകളുടെ കാര്യത്തിലും ഇതേ പ്രവണതയാണ് നിലനില്‍ക്കുന്നത്. ഇന്ത്യയിലെ കണക്കുകള്‍ ഇതിലും മോശമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ബിസിനസിലെ പരാജയത്തിന്റെ നിരക്ക് എന്തുകൊണ്ടാണ് ഇത്രയധികം ഉയരുന്നത്?
ബിസിനസിനോടുള്ള മികച്ച കോണ്‍ട്രേറിയന്‍ സമീപനത്തെക്കാള്‍ ഭൂരിഭാഗം സംരംഭകരും തെറ്റായ ജനപ്രിയ സമീപനത്തെ പിന്തുടരുന്നതിനാലാണ് ബിസിനസില്‍ ഉയര്‍ന്ന പരാജയ നിരക്ക് ഉണ്ടാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ബിസിനസ് വിജയത്തിന്റെ നിര്‍വ്വചനത്തിലേക്ക് നമുക്ക് മടങ്ങിവരാം.
ബിസിനസില്‍ ഒരു A+ ഗ്രേഡ് സ്‌കോര്‍ എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
ഓരോ വര്‍ഷവും ന്യായമായൊരു വില്‍പ്പന വളര്‍ച്ച കൈവരിക്കുന്നതും ദീര്‍ഘകാലയളവില്‍ ഓരോ വര്‍ഷവും ന്യായമായ ROI നേടുന്നതുമായ ഒരു ബിസിനസിനെ വിജയമായി പരിഗണിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു- ഇത്തരം ബിസിനസുകളായിരിക്കും A+ സ്‌കോറുള്ളവ.
ഇന്ത്യയിലെ മികച്ച കമ്പനികള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ള വില്‍പ്പന വളര്‍ച്ചയും ഞഛകയും എത് തരത്തിലുള്ളതാണെന്ന് നമുക്ക് നോക്കാം.
ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളെന്ന് ഭൂരിഭാഗം പേരും കരുതുന്ന ലിസ്റ്റഡ് കമ്പനികളുടെ കാര്യം തന്നെ നമുക്ക് പരിശോധിക്കാം. ഇന്ത്യയില്‍ ഏകദേശം 5000 ഓളം ലിസ്റ്റ് ചെയ്ത കമ്പനികളുണ്ട്.
വിജയിക്കുന്ന ബിസിനസുകള്‍
കുറഞ്ഞ വിപണി മൂലധനമുള്ള കമ്പനികളെക്കാള്‍ ഉയര്‍ന്ന വിപണി മൂലധനമുള്ള കമ്പനികളാണ് പൊതുവെ മികച്ചതായി കണക്കാക്കപ്പെടുന്നത്. നമ്മുടെ വിശകലനത്തിനായി 100 കോടി രൂപയിലധികം വിപണി മൂലധനമുള്ള ലിസ്റ്റഡ് കമ്പനികളെ പരിശോധിക്കാം.
ഇന്ത്യയിലെ 5000ഓളം ലിസ്റ്റഡ് കമ്പനികളില്‍ ഏകദേശം 1500 എണ്ണത്തിന് 100 കോടിയിലധികം വിപണി മൂലധനമുള്ളതായി നമുക്ക് കാണാം.
ഈ ലിസ്റ്റില്‍ നിന്നും ബാങ്കിംഗ്, ഫിനാന്‍സ് കമ്പനികളെ നമുക്ക് ഒഴിവാക്കാം. കാരണം അവ കടം എടുക്കുകയും വായ്പ നല്‍കുകയും ചെയ്യുന്നതിലൂടെ പലിശയും ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍കം നേടുകയും ചെയ്യുന്നു.
അതിനാല്‍ 100 കോടിയിലധികം വിപണി മൂലധനമുള്ള ലിസ്റ്റഡ് നോണ്‍-ബാങ്കിംഗ്, ഫിനാന്‍സ് കമ്പനികളെ നമുക്ക് പരിശോധിക്കാം.
ഇന്ത്യയില്‍ ഡാറ്റ ലഭിക്കുന്നത് വളരെയേറെ പ്രയാസകരമായതിനാല്‍ 1500 കമ്പനികളുടെ കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനം നമുക്ക് പരിശോധിക്കാം. ഇതിലേക്കായി കുതിപ്പും മാന്ദ്യവുമൊക്കെ ഉള്‍പ്പെട്ടിട്ടുള്ള 2005 മുതല്‍ 2015 വരെയുള്ള കാലയളവാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
2006 മുതല്‍ 2011 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 15.7 ശതമാനം ജി.ഡി.പി വര്‍ധനയോടെ ഇന്ത്യക്ക് ശക്തമായൊരു വളര്‍ച്ചയുണ്ടായി. എന്നാല്‍ 2012 മുതല്‍ 2015 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 12.8 ശതമാനം ജി.ഡി.പിയോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമായിത്തീര്‍ന്നു.
ജനപ്രിയ സമീപനം പരാജയം
വില്‍പ്പന വളര്‍ച്ച, ROI എന്നീ അളവുകോലുകള്‍ 1500 കമ്പനികളില്‍ നമുക്ക് പ്രയോഗിക്കാം. ROIക്ക് പകരം Return on Capital Employed (ROCE) എടുക്കുക. പലിശക്കും നികുതിക്കും മുന്‍പുള്ള വരുമാനത്തെ കാപ്പിറ്റല്‍ എംപ്ലോയ്ഡ് കൊണ്ട് ഹരിക്കുന്നതാണിത്. ഒരു ബിസിനസിലെ സ്ഥിരമായുള്ള ആസ്തികളെയാണ് കാപ്പിറ്റല്‍ എംപ്ലോയ്ഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ബിസിനസിനെ മുന്നോട്ട് നയിക്കുന്ന പ്രവര്‍ത്തന മൂലധനത്തിന് പുറമേ പ്ലാന്റ്, മെഷിനറി എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
ഓരോ വര്‍ഷവും കുറഞ്ഞത് 10 ശതമാനം വില്‍പ്പന വളര്‍ച്ചയും ഓരോ വര്‍ഷവും കുറഞ്ഞത് 15 ശതമാനം ROCEയും എന്നൊരു യാഥാസ്ഥിക മാനദണ്ഡം 1500 കമ്പനികളില്‍ പ്രയോഗിച്ചാല്‍ എത്ര കമ്പനികളായിരിക്കും ഇത്തരമൊരു മാനദണ്ഡം പാലിക്കപ്പെടുന്നതെന്ന് നോക്കാം. 2005 മുതല്‍ 2015 വരെയുള്ള 10 വര്‍ഷക്കാലയളവിനുള്ളില്‍ 1500 കമ്പനികളില്‍ വെറും 8 എണ്ണം അഥവാ 0.5 ശതമാനം മാത്രമാണ് ഓരോ വര്‍ഷവും 10 ശതമാനം വില്‍പ്പന വളര്‍ച്ചയും ഓരോ വര്‍ഷവും 15 ശതമാനം ROCE ഉം എന്ന യാഥാസ്ഥിക മാനദണ്ഡം നേടിയെടുത്തത്.
ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ജിയോമെട്രിക്, ഹാവെല്‍സ്, ഇന്‍ഡ്-സ്വിഫ്റ്റ്, മുഞ്ജല്‍ ഷോവ എന്നിവയാണ് ആ 8 കമ്പനികള്‍. ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ച്ചയായും വളരെ മോശമായൊരു പ്രകടനമാണ്. ഭൂരിഭാഗം സംരംഭകരും ബിസിനസില്‍ തെളിയിക്കപ്പെട്ടൊരു കോണ്‍ട്രേറിയന്‍ സമീപനത്തെക്കാള്‍ തെറ്റായ ജനപ്രിയ സമീപനത്തെ പിന്തുടരുന്നതാണ് ഇത്തരമൊരു മോശമായ പ്രകടനത്തിന് കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ക്രെയിന്‍ വ്യവസായത്തില്‍ ഓരോ വര്‍ഷവും മികച്ച വില്‍പ്പന വളര്‍ച്ചയും ന്യായമായ ROIയും നേടിയെടുക്കുന്നതിന് എങ്ങനെ ഒരു ROI അധിഷ്ഠിതവളര്‍ച്ചാ തന്ത്രം നടപ്പാക്കാനാകുമെന്നുള്ള ഉദാഹരണം നമുക്ക് പരിശോധിക്കാം.
ക്രെയിന്‍ വ്യവസായ രംഗത്തെബിസിനസില്‍ ജനപ്രിയ സമീപനവും കോണ്‍ട്രേറിയന്‍ സമീപനവും തമ്മിലുള്ള വ്യത്യാസം ടേബിള്‍ 1ല്‍ വ്യക്തമാക്കിയിരിക്കുന്നു.
ഇന്ത്യയിലും ജി.സി.സി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിസിനസ് അഡൈ്വസറാണ് ലേഖകന്‍.