പ്രശ്‌നങ്ങള്‍ പരിഹരിക്കാം, ഡിസൈന്‍ തിങ്കിംഗിലൂടെ

ഉല്‍പ്പാദന രംഗത്തെ ഒരു വന്‍കിട കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം ഈയിടെ എന്നെ ക്ഷണിച്ചു. വിവാഹ ബന്ധങ്ങളുടെ തകര്‍ച്ച സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ വെബ്‌സൈറ്റില്‍ (www.buildandsoar.com) എഴുതിയ ഒരു കണ്ടെത്തലിനെക്കുറിച്ച് സംസാരിക്കാന്‍ വേിയായിരുന്നു അത്.

വിവാഹത്തിന് മുന്‍പ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന യുവാക്കള്‍ വിവാഹത്തിന് ശേഷം പെര്‍ഫോമന്‍സില്‍ വളരെയേറെ പിന്നോക്കം പോയി എന്നതായിരുന്നു കമ്പനി നേരിട്ട പ്രശ്‌നം. ഇതിനെതുടര്‍ന്ന് ഒരു വര്‍ഷത്തിനകം വിവാഹിതരായവരുടെ ഒരു സര്‍വ്വേ നടത്തിയപ്പോള്‍ അവരുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു കണ്ടെത്തല്‍. വിവാഹത്തിന് ശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങള്‍, ഉയര്‍ന്ന ചെലവ്, ലൈംഗിക അസംതൃപ്തി, കുടുംബങ്ങള്‍ തമ്മിലുള്ള താരതമ്യം തുടങ്ങിയ നിരവധി സമ്മര്‍ദങ്ങള്‍ കാരണമാണ് അവര്‍ക്ക് ജോലിയില്‍ നന്നായി പ്രവര്‍ത്തിക്കാനാകാതെ വന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ അവരുടെ സന്തോഷത്തെ നശിപ്പിക്കുകയും ജോലിയെ ബാധിക്കുകയും ചെയ്തതിനാല്‍ കമ്പനിയുടെ ഉല്‍പ്പാദനക്ഷമതയും ലാഭവും താഴേക്ക് പോകുകയും ചെയ്തു.

മികച്ച സൊല്യൂഷന്‍ എങ്ങനെ കണ്ടെത്താം

ഈയൊരു പ്രശ്‌നത്തെ അഡ്രസ് ചെയ്യുന്നതിന് ഞാന്‍ ഡിസൈന്‍ തിങ്കിംഗ് എന്നൊരു സങ്കേതമാണ് പ്രയോഗിച്ചത്. വിവാഹ ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെന്ന് ചിന്തിക്കുകയും അവയെക്കുറിച്ച് വിശദമായി മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് ഇതിനുള്ള വ്യത്യസ്ത പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് ആലോചിച്ചപ്പോള്‍ ദമ്പതിമാര്‍ക്കിടയില്‍ ഒരു അവെയര്‍നസ് സൃഷ്ടിക്കേണ്ട ആവശ്യകത മനസിലാക്കുകയും അതിലേക്കായി ഒരു കോഴ്‌സ് ഡിസൈന്‍ ചെയ്യുകയുമുണ്ടായി. വിവാഹ ജീവിതത്തിലെ ആശയവിനിമയം, സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യേണ്ടവിധം, പരസ്പരമുള്ള വിട്ടുവീഴ്ച, ലൈംഗിക ജീവിതം, വര്‍ക്ക്-ലൈഫ് ബാലന്‍സ് തുടങ്ങിയവയൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പരിശീലനമാണ് കമ്പനിയിലെ എല്ലാ യുവാക്കള്‍ക്കും അവരുടെ ജീവിതപങ്കാളിക്കൊപ്പം നല്‍കിയത്. ഞാനും എന്റെ ഭാര്യയും ചേര്‍ന്ന് നല്‍കിയ ഈ പരിശീലന പരിപാടി കാരണം ജീവിതം സന്തോഷഭരിതമായെന്ന് ജീവനക്കാര്‍ തുറന്ന് സമ്മതിക്കുകയും തൊഴില്‍ രംഗത്തെ അവരുടെ ഉല്‍പ്പാദനക്ഷമത മുന്‍പത്തേക്കാള്‍ ഉയര്‍ന്നതായി കമ്പനി കണ്ടെത്തുകയും ചെയ്തു.

ഡിസൈന്‍ തിങ്കിംഗ് എന്നത് ഒരു നൂതന ആശയമാണ്. അടിസ്ഥാനപരമായി ഇതിലൂടെ ഒരു പരിസ്ഥിതിയെയാണ് നമ്മള്‍ മാറ്റുന്നത്. ഡിസൈന്‍ തിങ്കിംഗിലൂടെ ഒരു വ്യക്തിയെയോ ഒരു സംരംഭത്തെയോ അല്ലെങ്കില്‍ ഒരു സമൂഹത്തെയോ തന്നെ മാറ്റാനാകും. ചുരുക്കത്തില്‍ ഏതൊരു മേഖലയിലും അപ്ലൈ ചെയ്യാവുന്നൊരു ആശയമാണ് ഡിസൈന്‍ തിങ്കിംഗ്.

നമ്മുടെ ചിന്താശേഷിയിലേക്ക് പെര്‍ഫോമന്‍സിനെ ബന്ധിപ്പിക്കുകയെന്നതാണ് ഡിസൈന്‍ തിങ്കിംഗിനാവശ്യം. അതിനായി എന്‍ക്വയറിയും ഇന്റലിജന്‍സും ഇന്നവേഷനും പ്രയോജനപ്പെടുത്തണം. മറ്റൊരു ഉദാഹരണം പരിശോധിക്കാം. ഒരു കമ്പനിയില്‍ പുതുതായി ചേരുന്നവരൊക്കെ ആറ് മാസത്തിനകം പിരിഞ്ഞുപോകുന്നുവെന്നതായിരുന്നു അവിടത്തെ പ്രശ്‌നം. ഡിസൈന്‍ തിങ്കിംഗിലൂടെയാണ് കമ്പനി അതിന് പരിഹാരം കണ്ടെത്തിയത്. പുതുതായി ജോയിന്‍ ചെയ്യുന്നവര്‍ ഉയര്‍ന്ന പ്രതീക്ഷയോടെയാണ് കമ്പനിലേക്ക് വരുന്നതെങ്കിലും അവരുടെ പ്രതീക്ഷയും അവിടത്തെ സാഹചര്യങ്ങളും തമ്മില്‍ യാതൊരു പൊരുത്തവും ഇല്ലായിരുന്നു. വിസിറ്റിംഗ് കാര്‍ഡ് ഉള്‍പ്പടെ ഒരോ ആവശ്യങ്ങളും എച്ച്.ആറിനോട് പത്ത് പ്രാവശ്യമെങ്കിലും പറഞ്ഞാലേ കാര്യങ്ങള്‍ നടക്കുമായിരുന്നുള്ളൂ. കൂടാതെ കമ്പനിയുടെ ടോപ് മാനേജ്‌മെന്റിനെ കാണാന്‍പോ

ലും അവര്‍ക്ക് സാധിച്ചിരുന്നില്ല. കമ്പനിയുടെ ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഉള്‍പ്പടെ എല്ലാം ഡിസൈന്‍ തിങ്കിംഗ് മുഖേന മാറ്റിയതോടെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് വലിയ

തോതില്‍ കുറയ്ക്കാനായി.

പ്രപഞ്ചം നല്‍കുന്നത് വലിയൊരു പാഠം

ഡിസൈന്‍ തിങ്കിംഗിനുള്ള ഏറ്റവും വലിയൊരു ഉദാഹരണമാണ് നമ്മുടെ ഈ പ്രപഞ്ചം. ഭൂമി തന്നെ ഒരു ഡിസൈന്‍ഡ് പ്ലാനറ്റാണ്. വളരെ സങ്കീര്‍ണ്ണമായൊരു ഇക്കോ സിസ്റ്റമാണ് ഭൂമിയിലുള്ളത്. ഇവിടെയുള്ള മനുഷ്യരാകട്ടെ ഒരോന്നും സ്വയം പഠിച്ചുകൊണ്ടാണ് ജീവിച്ചുപോകുന്നത്. പക്ഷെ മനുഷ്യര്‍ അവരുടെ ജീവിതം സുഗമമാക്കാനായി ഭൂമിയിലെ വിഭവങ്ങളെ കൊള്ളയടിക്കുകയും എന്നാല്‍ പിന്നീടവയെ പുനസ്ഥാപിക്കാതിരിക്കുകയും ചെയ്യുന്നു. ഉദാഹരണമായി പ്ലാസ്റ്റിക്കിന്റെ കാര്യം നോക്കാം. വെള്ളമുള്‍പ്പെടെ എല്ലാം സംഭരിക്കാന്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കാമെന്ന് പറഞ്ഞുകൊണ്ട് അതിനെയൊരു വന്‍ ബിസിനസാക്കി മാറ്റി. പക്ഷെ അതിപ്പോള്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും ദോഷകരമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാനായി രാസവളങ്ങള്‍ ഉപയോഗിക്കാനായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ നമ്മള്‍ ജൈവകൃഷിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ നമ്മള്‍ തന്നെ കണ്ടെത്തിയ സൊല്യൂഷനുകള്‍ പിന്നീട് ഒരു പ്രശ്‌നമായി മാറിയെന്നതിന് ഉദാഹരണമാണിവയൊക്കെ.

ഡിസൈന്‍ തിങ്കിംഗ് എന്നത് നമ്മള്‍ തന്നെയുണ്ടാക്കിയ ശരികളെയും തെറ്റുകളെയും പുനഃപരിശോധിക്കാന്‍ അവസരം നല്‍കുന്നതിനാല്‍ ആഗോളതലത്തില്‍ തന്നെ ഇതിപ്പോള്‍ വളരെയേറെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മള്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും സമൂഹത്തിന് ഗുണകരമാണോയെന്ന് ഡിസൈന്‍ തിങ്കിംഗ് ചെയ്യുമ്പോള്‍ പരിശോധിക്കേണ്ടതുണ്ട്. എല്ലാ മനുഷ്യര്‍ക്കും ഇതിനുള്ള ശേഷിയുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അതവരുടെ പ്രഞ്ജയില്‍ അടിഞ്ഞുകിടക്കുകയാണ്. ഇന്റലിജന്‍സ്, ഇന്നവേഷന്‍, എന്‍ക്വയറി എന്നിവയാണ് ഡിസൈന്‍ തിങ്കിംഗിന്റെ മൂന്ന് സുപ്രധാന ഘടകങ്ങള്‍. വളര്‍ച്ച എന്നത് ഉല്‍പ്പാദനക്ഷമതയും ലാഭവും മാത്രമല്ല, അടിസ്ഥാനപരമായി അതൊരു ബെറ്റര്‍ ക്വാളിറ്റിയാണ്. അത് വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്നതോടെ നമ്മുടെ സമൂഹത്തില്‍ സമ്പത്ത് താനെ സൃഷ്ടിക്കപ്പെടും. ഇതിന് പരസ്പര സഹകരണത്തില്‍ അധിഷ്ഠിതമായൊരു യൂണിവേഴ്‌സല്‍ തിങ്കിംഗാണ് നമുക്കാവശ്യം. ആഗോളതലത്തില്‍ സഹകരിച്ചുകൊണ്ടും വിഭവങ്ങള്‍ പരസ്പരം പങ്കിട്ടുകൊണ്ടും നൈപുണ്യത്തെ ഉത്തേജിപ്പിച്ചുകൊണ്ടും മാത്രമേ നമുക്ക് നിലനില്‍ക്കാനാകുവെന്നും അതിലൂടെ മാത്രമേ സാമൂഹിക പരിവര്‍ത്തനം സാധ്യമാകൂവെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

Chackochen Mathai
Chackochen Mathai  

ചെന്നൈ ആസ്ഥാനമായുള്ള ഫ്രാൻഞ്ചൈസിംഗ് റൈറ്റ് വേ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. റിലേഷൻഷിപ്പ് കോച്ചും കോർപ്പറേറ്റ് ട്രെയ്‌നറുമായ അദ്ദേഹം വ്യത്യസ്തമായ നിരവധി പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Next Story

Videos

Share it