സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ ചെയ്യേണ്ടത് ഇവയാണ്; മുഹമ്മദ് മദനി പറയുന്നു

കൊവിഡിന് ശേഷമുള്ള ലോകത്ത് മുന്നേറ്റം സാധ്യമാകാന്‍ സംരംഭകര്‍ അടിമുടി മാറേണ്ടതുണ്ടെന്ന് എബിസി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ മുഹമ്മദ് മദനി. പെട്ടെന്ന് കടന്നു പോകുന്നതല്ല കൊവിഡ് എന്ന മഹാമാരിയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും അത് നമ്മോടൊപ്പമുണ്ടാകും. പുതിയ ലോകക്രമമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വ്യാപാര വ്യവസായ മേഖലകളും അത്തരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകണം. നോട്ട് പിന്‍വലിക്കലും പ്രളയവും പോലുള്ള പ്രതിസന്ധികളെ അതിജീവിച്ചവര്‍ക്ക് കൊവിഡിനെയും അതിജീവിക്കാനാവും.

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക

എന്നാല്‍ ഇതുവരെയുള്ള പ്രവര്‍ത്തന രീതിയുമായി മുന്നോട്ട് പോകാനാവില്ല. പ്രവര്‍ത്തന ചെലവ്, ലിക്വിഡിറ്റി, അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ ധാരണയും നിയന്ത്രണവും സംരംഭകര്‍ക്കുണ്ടാവണം. പുതിയ കാര്യങ്ങള്‍ സ്വീകരിക്കാനും അത് പ്രയോഗത്തില്‍ വരുത്താനുമുള്ള മനസ്സുണ്ടാവണം. കാലത്തിനനുസരിച്ച് മാറാനുള്ള വൈദഗ്ധ്യമുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെയും സംരംഭത്തിന്റെയും നാളെ എങ്ങനെയെന്ന് നിര്‍ണയിക്കുക. കൊവിഡിന് മുമ്പ് വിപണിയില്‍ സപ്ലൈ കൂടുതലും ഡിമാന്‍ഡ് കുറവുമായിരുന്നുവെങ്കില്‍, രണ്ടും കുറഞ്ഞിരിക്കുന്ന കാലത്താണ് നമ്മളിപ്പോള്‍. ഉല്‍പ്പാദനം നില്‍ക്കുകയും ആളുകള്‍ വാങ്ങാന്‍ മടിക്കുകയും ചെയ്യുന്നു. ഇന്‍വെന്ററി മാനേജ്‌മെന്റില്‍ ശ്രദ്ധ പുലര്‍ത്തണം. സ്റ്റോക്ക് ടേണോവര്‍ റേഷ്യോ, കോസ്റ്റ് മാനേജ്‌മെന്റ് എന്നിവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

നിര്‍മാണ മേഖല കുതിക്കും

ലോക്ക് ഡൗണിനെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ശീലമായതോടെ വീടിന്റെ പ്രാധാന്യം വര്‍ധിച്ചു. വര്‍ക്ക് ഫ്രം ഹോം, ലേണ്‍ ഫ്രം ഹോം തുടങ്ങിയവ പ്രാമുഖ്യം നേടിയതോടെ ഇത് ഫൈനല്‍ ഡെസ്റ്റിനേഷന്‍ ആണെന്ന ചിന്ത ആളുകളിലുണ്ടായിരിക്കുന്നു. അതുകൊണ്ടു തന്നെ വീട് പുതുക്കിപ്പണിയാനും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും ആളുകള്‍ തയാറാവും. മുപ്പത് ലക്ഷത്തിലേറെ വരുന്ന മറുനാടന്‍ മലയാളികള്‍ ജീവിക്കാന്‍ പറ്റിയ ഇടയമായി കേരളത്തെ കാണുകയും തിരിച്ച് വന്ന് ഇവിടെ സ്ഥിര താമസമാക്കാനും തുടങ്ങും.

ഇത് നിര്‍മാണ മേഖലയില്‍ വിപ്ലവമുണ്ടാക്കുമെന്നാണ് വിശ്വാസം. ജിസിസി രാഷ്ട്രങ്ങളിലടക്കമുള്ളവര്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന സമയമാണിത്. ആരോഗ്യ മേഖലയിലും മറ്റും നമ്മള്‍ കാട്ടിയ കരുത്ത് ലോകം കണ്ടു കഴിഞ്ഞു. വിദേശത്ത് വീട് സ്വന്തമാക്കി കുറേകാലം കഴിയണമെന്ന മോഹങ്ങള്‍ ഉപേക്ഷിച്ച്ാണ് അവര്‍ മടങ്ങുന്നത്. ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്തും സാധ്യതകള്‍ തുറക്കുന്നുണ്ട്.

രാജ്യത്ത് അനുകൂലാവസ്ഥ

വ്യവസായ മേഖലയില്‍ പുതിയ ഡെസ്റ്റിനേഷനായി ഇന്ത്യ മാറുമെന്നാണ് സൂചനകള്‍. ചൈനയ്‌ക്കെതിരായ ലോക വികാരമാണ് ഇപ്പോളുയരുന്നത്. അമേരിക്ക, ജപ്പാന്‍, കൊറിയ, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങള്‍ ഉല്‍പ്പാദനയൂണിറ്റുകള്‍ ആരംഭിക്കാന്‍ പറ്റിയ ഇടമായി ഇന്ത്യയെ പരിഗണിക്കുന്നു. ആമസോണ്‍ പോലുള്ള കമ്പനികള്‍ ഇതിനകം തന്നെ നിക്ഷേപത്തിന് തയാറായിക്കഴിഞ്ഞു. രാജ്യത്ത് വന്‍തോതിലുള്ള നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും വരും നാളുകളിലുണ്ടാകും.

പുതിയ സാമ്പത്തിക നയങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം.
പുതിയ ജോലികളും രീതികളുമാകും ഇനിയുണ്ടാവുക. അതിനനുസരിച്ച് വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. മികച്ച നൈപുണ്യവും കാര്യശേഷിയും തൊഴിലെടുക്കാന്‍ പ്രാപ്തരുമായ വിധത്തില്‍ മനുഷ്യവിഭവ ശേഷിയെ മാറ്റുന്നതിനുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുറിക്കണം. അണ്‍ സ്‌കില്‍ഡ് ആയ തൊഴിലാളികളെ ഇനി വേണ്ടി വരില്ല. ആഫ്രിക്കയില്‍ സംരംഭങ്ങളുള്ള എന്നെ സംബന്ധിച്ചിടത്തോളം സാധാരണ തൊഴിലാളികളെ ഇഷ്ടം പോലെ അവിടെ ലഭിക്കാനുണ്ട്. എന്നാല്‍ മികച്ച നേതൃശേഷിയുള്ള ധൈര്യവും ആത്മവിശ്വാസവുമുള്ള നിപുണരായ ആളുകളെ എവിടെയും ആവശ്യമുണ്ട്.

സ്വയം പര്യാപ്തമാകണം

കൊവിഡിനെ ഇത്ര മികച്ച രീതിയില്‍ പ്രതിരോധിച്ചവര്‍ കേരളത്തെ പോലെ ലോകത്ത് മറ്റാരുമില്ല. ആ സല്‍പ്പേര് പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയും. വെല്‍നെസ് മേഖലയില്‍ കേരളത്തിന് അനന്തസാധ്യതകളുണ്ട്. കേരളത്തിന്റെ ആയുര്‍വേദം പ്രചരിപ്പിക്കുകയും അത് കരുത്താക്കുകയും വേണം. ജീവിക്കാനുതകുന്ന നാടെന്ന ഖ്യാതിയോടെ മികച്ച അവസരങ്ങള്‍ കേരളത്തെ തേടിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല. നമ്മള്‍ സ്വയംപര്യാപ്തമായിരിക്കേണ്ട സാഹചര്യങ്ങളിലേക്കാണ് കൊവിഡ് എത്തിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ മുന്നേറ്റം ഉണ്ടാകണം.

നിയമങ്ങളില്‍ അനുയോജ്യമായ മാറ്റം വരുത്തേണ്ടതുണ്ട്. വന്‍തോതില്‍ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും നിലവിലുണ്ട്. അതൊക്കെ മാറി. കൃഷി വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ നടത്തുന്നതിന് ശ്രമിക്കണം. ഹൈടെക് ഫാമിംഗ്, മത്സകൃഷി, പച്ചക്കറി കൃഷി എന്നിവയ്‌ക്കൊപ്പം ഭക്ഷ്യ സംസ്‌കരണ മേഖലയിലും കേരളത്തിന് സാധ്യതകളുണ്ട്.
മികച്ച അനുഭവമാണ് കൊവിഡ് നല്‍കിയത്. ബിസിനസുകളില്‍ പുതിയ ചിന്തയും പ്രവര്‍ത്തനങ്ങളും പുതിയ ശ്രമങ്ങളുമുണ്ടായാല്‍ നമുക്ക് മുന്നേറാനാകും, മുഹമ്മദ് മദനി പറയുന്നു.

(കോഴിക്കോട് ആസ്ഥാനമായുള്ള ആഷിക് സമീര്‍ അസോസിയേറ്റ്‌സിന്റെ (കമ്പനി സെക്രട്ടറീസ് & കോര്‍പ്പറേറ്റ് അഡൈ്വസേഴസ്) മാനേജിംഗ് പാര്‍ട്ണര്‍ സിഎസ് എ എം ആഷിക് എഫ്‌സിഎസ്, മുഹമ്മദ് മദനിയുമായി നടത്തിയ സംഭാഷണത്തെ അടിസ്ഥാനമാക്കി തയാറാക്കിയത് )

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it