ബിസിനസ് വളര്‍ത്തണോ, ബ്രാന്‍ഡിനെ ഇങ്ങനെയൊന്നു പുതുക്കിയാലോ?

ബ്രാന്‍ഡിങ്ങിലെ ഏറ്റവും കാതലായ ഭാഗമാണ് പൊസിഷനിങ്. ഉപഭോക്താക്കളുടെ മനസ്സില്‍ നമ്മുടെ ഉല്‍പ്പന്നത്തിന്റെ സ്ഥാനം എന്താണ് എന്നതാണ് ബ്രാന്‍ഡ് പൊസിഷന്‍. എന്ത് സ്ഥാനമാണ് ജനങ്ങളുടെ മനസ്സില്‍ നേടേണ്ടത് എന്ന് തീരുമാനിച്ച് അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നതിനെയാണ് ബ്രാന്‍ഡ് പൊസിഷനിങ് എന്ന് പറയുന്നത്.

എളുപ്പത്തില്‍ മനസിലാക്കാന്‍ ഒരു ഉദാഹരണം നോക്കാം. നമ്മുടെ മാര്‍ക്കറ്റില്‍ ലഭ്യമായ 3 പ്രധാന health drinks ആണ് Horlicks, Boost, Complan. ഇവ മൂന്നും healthdrinks എന്ന വിഭാഗത്തില്‍ പെടുന്നതാണെങ്കിലും നമ്മുടെ മനസ്സിലുള്ള സ്ഥാനങ്ങള്‍ വെവേറെയാണ്. Horlicks നമ്മുടെ മനസ്സില്‍ ആരോഗ്യം
സംരക്ഷിക്കുന്ന ന്യൂട്രിഷന്‍ അടങ്ങിയ പാനീയം എന്ന തലത്തിലാണെങ്കില്‍ Boost ഒരു എനര്‍ജി drink എന്ന തലത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കോംപ്ലാന്‍ ആണെങ്കില്‍ കുട്ടികളുടെ വളര്‍ച്ചയുമായി ബന്ധപ്പെടുന്ന ഗണത്തിലാണ്. ഏതു രീതിയിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ടത് എന്ന് മനസിലാക്കി അതിനായുള്ള തന്ത്രങ്ങള്‍ നടപ്പിലാക്കുന്ന പ്രക്രിയയാണ് ബ്രാന്‍ഡ് പൊസിഷനിങ്. ഇനി എന്താണ് റീപൊസിഷനിങ് എന്ന് നോക്കാം. നിലവില്‍ ജനങ്ങളുടെ മനസ്സില്‍ നമ്മുടെ ഉല്‍പ്പന്നത്തെ കുറിച്ചുള്ള ചിന്തയില്‍ നിന്നും മാറ്റി മറ്റൊരു ചിന്ത പ്രതിഷ്ഠിക്കുന്ന പ്രക്രിയയാണ് റീപൊസിഷനിങ്. ഉദാഹരണത്തിന് Boost നിലവില്‍ എല്ലാ പ്രായക്കാരെയും ഉദ്ദേശിച്ചുള്ള ഉല്‍പ്പന്നമാണെങ്കില്‍ ഇനി അവര്‍ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നമായി അതിനെ മാറ്റാന്‍ തീരുമാനിച്ചാല്‍ അതിനെയാണ് റീ പൊസിഷനിങ് എന്ന് പറയുന്നത്. അത്തരത്തില്‍ ചെയ്യുമ്പോള്‍ അവര്‍ മാര്‍ക്കറ്റിങിന്റെ ഭാഗമായി ചെയ്യുന്ന എല്ലാ പ്രവര്‍ത്തനത്തിലും മാറ്റം കൊണ്ടുവരണം.

ബ്രാന്‍ഡ് റീപൊസിഷനിങ് എന്നത് സ്ഥാപനത്തിന്റെ ഐഡന്റിറ്റിയെ പൂര്‍ണമായി രൂപാന്തരപ്പെടുത്തുക എന്നതല്ല. ആ പ്രക്രിയയെ റീബ്രാന്‍ഡിംഗ് എന്നു പറയാം. ഇവിടെ കൃത്യമായ ലക്ഷ്യത്തോടുകൂടി ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ട് വ്യക്തിത്വത്തെയോ, ബ്രാന്‍ഡ് നല്‍കുന്ന സന്ദേശത്തെയോ, നിലവാരത്തെയോ മാറ്റം വരുത്തുന്നു.ഏതെല്ലാം സാഹചര്യത്തിലാണ് റീപൊസിഷനിങ് ആവശ്യം വരുക എന്ന് നോക്കാം.

1. പുതിയ വിഭാഗം ഉപഭോക്താക്കളെ ലക്ഷ്യമിടാന്‍: നമ്മള്‍ ലക്ഷ്യമിടുന്ന ആളുകളെ കേന്ദ്രീകരിച്ചാവണം മാര്‍ക്കറ്റിംഗ് ചെയ്യാന്‍. നിലവിലെ
വില്‍പന കുറവാണെങ്കില്‍ പലപ്പോഴും പുതിയൊരു വിഭാഗം ആളുകളെ ലക്ഷ്യമിട്ടാവണം മാര്‍ക്കറ്റിംഗ് ചെയ്യുവാന്‍. ആ സാഹചര്യത്തില്‍ ആളുകളുടെ സ്വഭാവത്തിനനുസരിച്ച് അവരിലേക്ക് എത്തിക്കേണ്ട സന്ദേശത്തിലും മാറ്റം വരണം. ഇവിടെ റീ പൊസിഷനിങ്
ആവശ്യമായിവരും. മുമ്പ് സൂചിപ്പിച്ച ഉദാഹരണത്തിലെ Boost ലക്ഷ്യമിടുന്ന ഉപഭോക്താക്കള്‍ 14 വയസ്സിന് താഴെ ആണെങ്കില്‍ അവിടെ റീപൊസിഷനിങ് ആവശ്യമായി വരും.

2. ഉല്‍പ്പന്നത്തെയോ സേവനത്തെയോ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍: പണ്ട് രൂപീകരിച്ച പല സ്ഥാപനങ്ങളും സാങ്കേതിക വിദ്യയുടെ മാറ്റം മൂലവും സംസ്‌കാരത്തിന്റെ മാറ്റം മൂലവും അവരുടെ വ്യക്തിത്വത്തിലും പ്രവര്‍ത്തനത്തിലും മാറ്റം കൊണ്ടുവരേണ്ടതായിവരും. അത്തരം
സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ആ സ്ഥാപനത്തിന്റെ മേലെയുള്ള ചിന്തയിലും മാറ്റം കൊണ്ടുവരണം. അവിടെ റീ പൊസിഷനിങ് ആവശ്യമായി വരും. ഡാബര്‍ എന്ന ഉത്പന്നം തുടക്കത്തില്‍ അവരുടെ പരസ്യങ്ങളില്‍ മറ്റും സ്ത്രീകളെ പാരമ്പര്യ രീതിയിലായിരുന്നു അവതരിപ്പിച്ചിരുന്നത്. പിന്നീടാണ് അവര്‍ റീ പൊസിഷനിങ് ചെയ്ത് ആധുനിക രീതിയില്‍ അവതരിപ്പിച്ചത്.

3. മറ്റ് സ്ഥാപനകളുമായുള്ള മത്സരത്തില്‍ വിജയിക്കാന്‍: മറ്റ് സ്ഥാപനങ്ങള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമ്പോള്‍ മാര്‍ക്കറ്റ് പിടിച്ചുപറ്റാന്‍ പല ഓഫറുകള്‍ നല്‍കുകയും വില കുറയ്ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ നമ്മുടെ ഉല്‍പ്പന്നത്തിന്റെ നിലവാരത്തിലോ, വിലയിലോ, മാര്‍ക്കറ്റിംഗ് തന്ത്രത്തിലോ മാറ്റം കൊണ്ടുവന്ന് റീപൊസിഷനിങ് ചെയ്യേണ്ടതായി വരാം. റീപൊസിഷനിങ്ങും, റീബ്രാന്റിങ്ങുമെല്ലാം വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. കൃത്യമായി ഉപഭോക്താക്കളെയും, മാര്‍ക്കറ്റിനെയും, നമ്മുടെ ലക്ഷ്യത്തേയുമെല്ലാം പഠിച്ചതിന്‌ശേഷം സമയമെടുത്ത് ചെയ്യേണ്ടതാണ്.


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it