Begin typing your search above and press return to search.
നീരയുടെ പരാജയത്തില്‍ സംരംഭകര്‍ പഠിക്കേണ്ടത് എന്തെല്ലാം?
വര്‍ഷം 50000 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിച്ച് നീര ഉല്‍പാദിപ്പിക്കാന്‍ 29 കമ്പനികള്‍ കേരളത്തില്‍ മുന്നോട്ടുവന്നു. ആകെ മുതല്‍മുടക്ക് 103 കോടി രൂപ, അതില്‍ 53 കോടി രൂപ കര്‍ഷകരില്‍ നിന്നും സമാഹരിച്ചു. കേരളത്തിന്റെ ദേശീയ പാനീയമാകും എന്നു സ്വപ്നം കണ്ട് 10000 മുതല്‍ 50000 ലിറ്റര്‍ വരെ സംഭരണശേഷിയുള്ള പ്ലാന്റുകള്‍ സ്ഥാപിച്ചു, എന്നാല്‍ അതിന്റെ 10 ശതമാനം പോലും ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞില്ല. 2014 മാര്‍ച്ചിലാണ് നീര ഉല്‍പാദന പദ്ധതിക്ക് നമ്മള്‍ തുടക്കമിട്ടത്. പദ്ധതി ആരംഭിച്ച് അധികം വൈകാതെതന്നെ കേരളത്തിന്റെ സ്വപ്നപദ്ധതി കര്‍ഷകരുടെ കണ്ണീരുമാത്രം മിച്ചമാക്കി പരാജയത്തിലേക്ക് കൂപ്പുകുത്തി. ഇതിന് പല കാരണങ്ങളും വിദഗ്ധര്‍ ചുണ്ടികാട്ടുന്നുണ്ടെങ്കിലും രണ്ട് പ്രധാന കാരണങ്ങളെകുറിച്ച് പുതുതലമുറ സംരംഭകര്‍ മനസ്സിലാക്കേണ്ടതുണ്ട്.
1. മാര്‍ക്കറ്റ് പഠനത്തിന്റെ പോരായ്മ: കേരളം വളരെ അധികം വൈവിധ്യമാര്‍ന്ന ഒരു സംസ്ഥാനമാണ്. ആ വൈവിധ്യത ജീവിത ശൈലിയില്‍ പ്രകടവുമാണ്. ഒരു ചെറിയ ഉദാഹരണം, നമ്മുടെ സദ്യയുടെ ഭാഗമായ അവിയല്‍ എടുത്താല്‍ അത് ഓരോ ജില്ലയിലും പല രീതിയിലാണ് ഉണ്ടാക്കുന്നത്. അതിന്റെ രുചിയിലും രൂപത്തിലും മാറ്റം വീക്ഷിക്കാന്‍ കഴിയും. വസ്ത്രധാരണത്തിലും ഈ വൈവിധ്യം പ്രകടമായി കാണുവാന്‍ കഴിയും. മലപ്പുറം ഭാഗത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്ത്രത്തിന്റെ നിറങ്ങളല്ല തൊട്ടടുത്ത ജില്ലയായ തൃശ്ശൂരിലെ സ്ത്രീകള്‍ ഉപയോഗിക്കുന്നത്. ആളുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ജില്ലക്കകത്തുതന്നെ വ്യത്യസ്തമാണ്. അതിനാല്‍ 100 കോടി മുതല്‍മുടക്കി ഭക്ഷ്യമേഖലയില്‍ ഒരു സംരംഭം ആരംഭിക്കുമ്പോള്‍ അത് കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഇഷ്ടപ്പെടുന്ന രുചിയിലായിരിക്കണം ഉല്‍പ്പാദിപ്പിക്കേണ്ടത്. നീരയുടെ രുചി പലര്‍ക്കും ഇഷ്ടമായിരുന്നില്ല. ആരോഗ്യത്തിന് മികച്ച ഉത്പന്നമാണ് നീര എങ്കിലും രുചിയില്ലാത്ത ഉല്‍പ്പന്നമാണെങ്കില്‍ നമ്മുടെ പൊതുസമൂഹം ഏറ്റെടുക്കില്ല. മാത്രമല്ല പാലക്കാടില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും നിങ്ങള്‍ നീര കുടിച്ചാല്‍ അതിന്റെ രുചി വ്യത്യസ്തമായിരിക്കും. കാരണം ഓരോരുത്തരും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പലതായതുകൊണ്ടുതന്നെ രുചിക്ക് ഒരു ഏകരൂപമുണ്ടായതുമില്ല. രുചിയില്‍ സ്ഥിരതയുണ്ടാകണമെങ്കില്‍ എല്ലാരും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും, അസംസ്‌കൃത വസ്തുക്കളും, ഉപയോഗിക്കുന്ന അളവും കൃത്യമായിരിക്കണം. ആ ഒരു standard procedure നീര ഉല്‍പാദനത്തില്‍ ഉണ്ടായിരുന്നില്ല. മറ്റൊന്ന് മാര്‍ക്കറ്റില്‍ നിലവിലുള്ള മറ്റ് ദാഹശമനികളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള വിലയിലെ വ്യത്യാസം വലിയ രീതിയില്‍ നീരയുടെ വില്‍പ്പനയെ ബാധിച്ചിരുന്നു. ലിറ്ററിന് 160 രൂപ. ഒരു ചെറിയ ഗ്ലാസ് നിരക്ക് 40 രൂപക്കടുത്ത് വില. price sensitive ആയ സാധാരണകാരന്‍ സ്വഭാവികമായും തിരഞ്ഞെടുക്കുക താരതമ്യേന വില കുറവുള്ള 'ബഹുരാഷ്ട്ര' 'കുത്തക' കമ്പനികളുടെ പാനീയമായിരിക്കും. അവിടെ ആരോഗ്യസംരക്ഷണമോ, കേരളത്തിലെ കര്‍ഷകരുടെ വിലാപമോ ഒന്നുമല്ല വില്‍പ്പനക്ക് കാരണമാവുക. ചുരുക്കി പറഞ്ഞാല്‍ കൃത്യമായ ആസൂത്രണമോ, ആളുകളുടെ സാമ്പത്തിക നിലവാരമോ, ഇഷ്ടാനിഷ്ടങ്ങളോ പരിഗണിക്കാതെയുള്ള പദ്ധതികള്‍ അധികകാലം വാഴില്ല
2. ബ്രാന്‍ഡിംഗിന്റെ പോരായ്മ: 100 കോടി ചെലവിട്ട് 50000 കൂടി രൂപ വിറ്റുവരവ് പ്രതീക്ഷിച്ചു തുടങ്ങിയ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ലോഗോ നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ? നീര മത്സരിക്കേണ്ടത് ബഹുരാഷ്ട്ര കമ്പനികളുടെ പാനീയങ്ങളുമായിട്ടാണ്. എത്ര രുചിയുള്ള ഉല്പന്നമാണെങ്കിലും, എത്ര ഔഷധഗുണമുള്ളതാണെങ്കിലും ക്വാളിറ്റി തോന്നിക്കുന്ന രീതിയില്‍ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കിയില്ല എങ്കില്‍ ആളുകള്‍ വാങ്ങുകയില്ല, അതും ഉയര്‍ന്ന വിലക്ക്. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ വിപണി കണ്ടെത്താന്‍ കഴിയുന്ന തരത്തില്‍ ഇതിന്റെ പാക്കിങ്ങും, ഡിസൈനും, പരസ്യ വാചകങ്ങളും രൂപപ്പെടുത്താന്‍ കഴിയുമായിരുന്നു. കാരണം ഇത്രവലിയ തുക നിക്ഷേപിക്കുന്ന സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഇത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയാവുന്നതെയുള്ളൂ. നമ്മള്‍ കണ്ടു കണ്ടു മടുത്ത ഡിസൈനും, ലോഗോവും, പരസ്യ വാചകങ്ങളും വച്ച് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് മാത്രമല്ല കേരളാ മാര്‍ക്കറ്റ് പോലും പിടിച്ചെടുക്കാന്‍ കഴിയില്ല. ക്വാളിറ്റിയാണ് പ്രധാനം, അത് ഉല്‍പ്പന്നത്തിന്റെ മാത്രമല്ല, അതിന്റെ മൊത്തത്തിലുള്ള കാഴ്ചയിലും പാക്കിങ്ങിലും ഉണ്ടാകണം. നമ്മള്‍ ഇവിടെ മത്സരിക്കേണ്ടത് വിപണി കയ്യടക്കി വച്ചിരിക്കുന്ന കോള, പെപ്‌സി, പാര്‍ലെയുടെ ആപ്പി ഫിസ് തുടങ്ങിയവയുമായാണ്. അവയില്‍ നിന്നും വ്യത്യസ്തമായി നിരക്ക് അവകാശപ്പെടാന്‍ കഴിയുന്നത് അതിന്റെ ഔഷധഗുണം തന്നെയാണ് എന്നാല്‍ അതിനെ ആളുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ഒന്നും തന്നെ ചെയ്തിരുന്നില്ല എന്നത് ഇതിന്റെ പരാജയത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. അവസരങ്ങള്‍ ചിലപ്പോള്‍ പ്രതീക്ഷിക്കാതെയാവും കടന്നുവരിക. ടെട്രാപാക്കില്‍ നീര നല്‍കിയാല്‍ അത് ഏറ്റെടുക്കാന്‍ പാര്‍ലെ പോലുള്ള കമ്പനികള്‍ തയ്യാറായിരുന്നു. പക്ഷെ അത് നടപ്പായില്ല. ഒരുപക്ഷേ അന്ന് പാര്‍ലേക്ക് നല്‍കിയിരുന്നു എങ്കില്‍ ഇന്ന് ആപ്പി ഫിസ് പോലെ നമ്മുടെ നീരയും ആകുമായിരുന്നില്ലേ? കാരണം പാര്‍ലേക്ക് ബിസിനസ്സ് അറിയാം, ബ്രാന്‍ഡ് വളര്‍ത്തേണ്ടത് എങ്ങനെ എന്നറിയാം, ആളുകളുടെ ഇഷ്ടാനിഷ്ടങ്ങളും അറിയാം. ഏതൊരു ബിസിനസ്സുകാരനും ബിസിനസ്സ് വളര്‍ത്താന്‍ അറിയേണ്ടത് ഇവതന്നെയാണ്.
ബിസിനസ്സിന്റെ ലക്ഷ്യം പണം ഉണ്ടാക്കുക എന്നതുതന്നെയാണ്. അത് ദീര്‍ഘകാലത്തേയ്ക്ക് ആകണമെങ്കില്‍ ആളുകളെയും, കമ്പോളത്തെയും, വിപണിയിലെ എതിരാളികളെയും മനസിലാക്കി തന്ത്രപരമായി ബിസിനസ്സ് ആരംഭിക്കണം.
( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com
+91 8281868299)
Next Story
Videos