കഫേ കോഫി ഡേയ്ക്ക് സംഭവിച്ചതെന്ത്?
ടിനി ഫിലിപ്പ്
കഫേ കോഫി ഡേ ഗ്രൂപ്പ് സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തെ തുടര്‍ന്ന്, പല സംരംഭകരുടെയും മനസില്‍ പ്രൈവറ്റ് ഇക്വിറ്റി (പിഇ) ഫണ്ടിംഗിലെ അപകടത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പല സംരംഭകരും എന്നോട് തന്നെ ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം ഈ കോളത്തിലൂടെ പങ്കുവെക്കുന്നു.
കഫേ കോഫി ഡേയുടെ പ്രശ്‌നങ്ങള്‍ക്കപ്പുറം പിഇ ഫണ്ടിംഗിനെ കുറിച്ച് മിക്ക സംരംഭകര്‍ക്കുമുള്ള തെറ്റിദ്ധാരണ തിരുത്താന്‍ കൂടിയാണ് ശ്രമിക്കുന്നത്. അതിനായി ഒരു സാങ്കല്‍പ്പിക കമ്പനിയെ ഉദാഹരണമായി എടുക്കാം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയപ്പെടുന്നൊരു കമ്പനിക്ക് പ്രശസ്തമായ ഒരു
പിഇ സ്ഥാപനത്തില്‍ നിന്ന് നല്ലൊരു തുക പിഇ ഫണ്ടിംഗായി ലഭിച്ചു. 20,000 കോടി രൂപ ആസ്തിയുള്ള കമ്പനിയുടെ അഞ്ചു ശതമാനം ഓഹരി, അതായത് ആയിരം കോടി രൂപ ഇത്തരത്തില്‍ സ്വീകരിച്ചുവെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.
ആ ഇടപാടു സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ താഴെ കൊടുക്കുന്നു.
പി ഇ സ്ഥാപനത്തില്‍ നിന്ന് ആയിരം കോടി രൂപയാണ് കമ്പനി സ്വീകരിച്ചത്. എന്നാല്‍ അഞ്ചു ശതമാനം ഓഹരിക്കായി നിക്ഷേപിച്ചത് 200 കോടി രൂപ മാത്രമാണ്. 4000 കോടി രൂപ മാത്രമാണ് കമ്പനിയുടെ മൂല്യം കല്‍പ്പിച്ചിരുന്നത് എന്നതിനാലാണത്. ബാക്കിയുള്ള 800 കോടി രൂപ കംപല്‍സറി കണ്‍വെര്‍ട്ടബ്ള്‍ ഡിബെഞ്ചേഴ്‌സ് (സിസിഡി) ആയി ഒന്‍പത് ശതമാനം പലിശയ്ക്ക് നല്‍കുകയായിരുന്നു. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ 20,000 കോടി മൂല്യം എന്നു പറഞ്ഞത്?
പത്രത്തിനുള്ള അഭിമുഖത്തില്‍ കമ്പനിയുടെ പ്രൊമോട്ടര്‍ പറഞ്ഞത്, പിഇ സ്ഥാപനത്തില്‍ നിന്ന് ആയിരം കോടി രൂപ നിക്ഷേപം സ്വീകരിച്ചുവെന്നും അഞ്ച് ശതമാനം ഓഹരി നല്‍കിയെന്നും മാത്രമാണ്. ഇതു സംബന്ധിച്ച് മറ്റൊന്നും പറഞ്ഞിരുന്നില്ല. ഇടപാടു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ മാധ്യമങ്ങള്‍, ലഭ്യമായ കണക്കുകള്‍ വെച്ച് കമ്പനിയുടെ മൂല്യം 20,000 കോടി രൂപയാണെന്ന് കണക്കു കൂട്ടി. പ്രൈവറ്റ് ഇക്വിറ്റി ഇടപാടുകളിലെ സത്യം പരിശോധിച്ചാല്‍, കമ്പനി പ്രൊമോട്ടര്‍ക്ക് തീരെ ആകര്‍ഷകമല്ല ഈ ഇടപാട് എന്നു കാണാം. 20,000 കോടി രൂപയ്ക്ക് പകരം നാലായിരം കോടി രൂപയുടെ മൂല്യം മാത്രമേ കമ്പനിക്ക് ലഭിച്ചുള്ളൂ എന്നു മാത്രമല്ല, ലഭിച്ച ഫണ്ടില്‍ ഭൂരിഭാഗവും ഒന്‍പത് ശതമാനം എന്ന പലിശ ഭാരം പേറുന്നതായിരുന്നു.
പിഇ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഏഴു വര്‍ഷത്തിനു ശേഷം കമ്പനി ഒരു നിശ്ചിത വിറ്റുവരവും ലാഭവും നേടുകയാണെങ്കില്‍ സിസിഡിയായി നിക്ഷേപിച്ച 800 കോടി രൂപ കമ്പനിയിലെ 15 ശതമാനം ഓഹരിയായി പരിഗണിക്കപ്പെടുമായിരുന്നു.
എട്ടാമത്തെ വര്‍ഷം കമ്പനി ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) യ്ക്ക് തയാറാവുകയും പിഇ സ്ഥാപനത്തിന്റെ കൈവശമുള്ള ഓഹരികള്‍ മികച്ച വിലയ്ക്ക് വിറ്റഴിക്കുകയും ചെയ്യും.
കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്നതിനായി 1000 കോടി രൂപ ബാങ്ക് വായ്പ കൂടി എടുക്കാന്‍ പിഇ സ്ഥാപനം നിര്‍ദേശിച്ചു.
ഓഹരി എന്ന നിലയില്‍ തന്നെയുള്ള സിസിഡിയായി പരിഗണിക്കും എന്നതിനാല്‍ ഈ തുക നല്‍കുന്നതില്‍ ബാങ്കിനും സന്തോഷം തന്നെയായിരുന്നു.
പിഇ ഫണ്ടിംഗില്‍ ഒളിഞ്ഞിരിക്കുന്നതെന്ത്?
ദൗര്‍ഭാഗ്യവശാല്‍ ഏഴു വര്‍ഷത്തിനു ശേഷം, പിഇ കരാറില്‍ പറഞ്ഞിരിക്കുന്നതു പോലെ വിറ്റുവരവിന്റെയും ലാഭത്തിന്റെയും കാര്യത്തില്‍ ലക്ഷ്യത്തിലെത്താന്‍ കമ്പനിക്കായില്ല.
ഐപിഒ നടത്തുന്നത് കമ്പനി നീട്ടിവെച്ചു. പത്തു വര്‍ഷത്തിനു ശേഷം വിറ്റുവരവ് ലക്ഷ്യമിട്ടിരുന്നത് നേടാന്‍ കഴിഞ്ഞെങ്കിലും ലാഭം ലക്ഷ്യമിട്ടതു പോലെ നേടാനായില്ല.
പിഇ കരാര്‍ പ്രകാരം, കമ്പനിയുടെ ഐപിഒ നീളുകയോ ലക്ഷ്യമിട്ടിരുന്ന വിറ്റുവരവും ലാഭവും നേടാനാകാതെ വരികയോ ആയാല്‍ പിഇ സ്ഥാപനത്തിന് അവരുടെ 800 കോടി രൂപയുടെ സിസിഡി ഉയര്‍ന്ന ഓഹരിയായി മാറ്റാനാകുമായിരുന്നു. പദ്ധതിയിട്ടതു പോലുള്ള നേട്ടം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണിത്.
ഈയൊരു ഉപാധിയുടെ അടിസ്ഥാനത്തില്‍, പിഇ കരാര്‍ അനുസരിച്ച് പത്താം വര്‍ഷത്തില്‍ പിഇ സ്ഥാപനം അവരുടെ 800 കോടി രൂപയുടെ സിസിഡി 40 ശതമാനം ഓഹരിയാക്കി മാറ്റി. ഇതിനര്‍ത്ഥം, പി ഇ സ്ഥാപനത്തിന് ആയിരം കോടി രൂപയ്ക്ക് കമ്പനിയുടെ 50 ശതമാനം ഓഹരി കൈവശപ്പെടുത്താന്‍ കഴിഞ്ഞു. അതായത് കമ്പനിയുടെ മൂല്യം 2000 കോടി രൂപ.
അതോടെ കമ്പനി ഐപിഒ പ്രഖ്യാപിച്ചു. എന്നാല്‍ വിപണിയിലെ സാഹചര്യങ്ങള്‍ ആ സമയത്ത് മോശമായതിനാല്‍ ഐപിഒ പരാജയപ്പെട്ടു. ഒരുപാട് കടം എടുത്തിട്ടുള്ളതിനാലും വിപണി വളരെ മോശമായതിനാലും കമ്പനി നെഗറ്റീവ് കാഷ് ഫ്‌ളോയിലേക്ക് നീങ്ങി. പിഇ കരാര്‍ അനുസരിച്ച് ഐപിഒ പരാജയപ്പെടുകയാണെങ്കില്‍ കമ്പനിയുടെ പ്രൊമോട്ടര്‍, കൂടിയ വിലയ്ക്ക് പിഇ സ്ഥാപനത്തില്‍ നിന്ന് ഓഹരികള്‍ തിരികെ വാങ്ങണം. ഐപിഒ പരാജയപ്പെട്ടതിനാല്‍ കരാറിലെ ഉപാധിയിന്മേല്‍, 50 ശതമാനം ഓഹരി 9000 കോടി രൂപയ്ക്ക് തിരികെ വാങ്ങാന്‍ പ്രൊമോട്ടറോട് ആവശ്യപ്പെട്ടു.
ആവശ്യത്തിന് പണം കണ്ടെത്താനാവാത്തതിനാല്‍ പ്രൊമോട്ടര്‍ക്ക് പിഇ സ്ഥാപനത്തില്‍ നിന്ന് ഓഹരികള്‍ തിരികെ വാങ്ങാനായില്ല.
പിഇ സ്ഥാപനം ആവശ്യപ്പെട്ട തുകയില്‍ പല തവണ കുറവു വരുത്തിയെങ്കിലും കുറഞ്ഞ തുക പോലും നല്‍കാനുള്ള സാഹചര്യത്തിലായിരുന്നില്ല പ്രൊമോട്ടര്‍. പിഇ കരാറിലെ വ്യവസ്ഥയനുസരിച്ച് പിഇ സ്ഥാപനത്തിന്റെ കൈവശമുള്ള ഓഹരികള്‍ പ്രൊമോട്ടര്‍ക്ക് വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരാള്‍ക്ക് അത് വില്‍ക്കാന്‍ കഴിയും. ഈയൊരു ഉപാധിയുടെ അടിസ്ഥാനത്തില്‍ പിഇ സ്ഥാപനം അവരുടെ കൈവശമുള്ള കമ്പനിയുടെ 50 ശതമാനം ഓഹരി മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമം തുടങ്ങി. കമ്പനിയുടെ ഏറ്റവും വലിയ എതിരാളി തന്നെ കമ്പനിയെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും പിഇ സ്ഥാപനവുമായി കൂടിയാലോചന തുടങ്ങുകയും ചെയ്തു.
സൂക്ഷിച്ച് തെരഞ്ഞെടുക്കുക
പിഇ സ്ഥാപനത്തിന്റെ കൈവശമുള്ള 50 ശതമാനം ഓഹരി മാത്രമല്ല, കമ്പനിയുടെ പൂര്‍ണ ഉടമസ്ഥാവകാശം തന്നെ ലഭിക്കണമെന്നതായിരുന്നു പുതുതായി വാങ്ങാനെത്തിയവര്‍ മുന്നോട്ട് വെച്ച ആവശ്യം.
പിഇ കരാറിലെ വ്യവസ്ഥയനുസരിച്ച്, പി ഇ സ്ഥാപനത്തിന്റെ കൈവശമുള്ള ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് പ്രമോട്ടറുടെ കൈയിലുള്ള ഓഹരികളും വില്‍ക്കണമെന്ന് ആവശ്യമെങ്കില്‍ നിര്‍ബന്ധം പിടിക്കാം. അതനുസരിച്ച്, ആയിരം കോടി രൂപയ്ക്ക് കമ്പനിയുടെ മുഴുവന്‍ ഓഹരികളും വാങ്ങുന്നതു സംബന്ധിച്ച് വാങ്ങാനെത്തിയ കമ്പനി ഒരു പ്രാഥമിക കരാറിലെത്തി. ഇതനുസരിച്ച് പിഇ സ്ഥാപനത്തിനും പ്രൊമോട്ടര്‍ക്കും അവരുടെ 50 ശതമാനം ഓഹരിക്ക് 500 കോടി രൂപ വീതം ലഭിക്കും.
ദൗര്‍ഭാഗ്യവശാല്‍ വിപണി സാഹചര്യം കൂടുതല്‍ മോശമായി തുടരുകയും ഇടപാട് പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ കമ്പനി തകരുകയും ചെയ്തു. കമ്പനി തകര്‍ന്നതിനെ തുടര്‍ന്ന്, ബാങ്കുകളില്‍ ഈടായി നല്‍കിയിരുന്ന എല്ലാ ആസ്തികളും പ്രൊമോട്ടര്‍ക്ക് നഷ്ടമാകുകയും ചെയ്തു.
പിഇ ഇടപാടില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവേണ്ടതിനു പകരം പ്രൊമോട്ടര്‍ക്ക് കൈവശമുണ്ടായിരുന്നതെല്ലാം നഷ്ടപ്പെടുകയാണ് ചെയ്തത്. മുകളിലെ അനുഭവപാഠത്തില്‍ നിന്ന് പഠിക്കാന്‍ സംരംഭകര്‍ക്ക് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. ഇനി, പിഇ ഫണ്ടിംഗിനായി തയാറെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള വിഷമയമായ പി ഇ ഫണ്ടിംഗിനെ ഒഴിവാക്കാന്‍ കഴിയുമെന്ന് ഉറപ്പു വരുത്തണം.
ഇന്ത്യയിലും ജി.സി.സി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിസിനസ് അഡൈ്വസറാണ് ലേഖകന്‍.
1992ല്‍ IIM (L) നിന്ന് PGDM എടുത്തതിനു ശേഷം ബിസിനസ് അഡൈ്വസറായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ്. website: www.we-deliver-results.com, email: tinyphilip@gmail.com