നിങ്ങളുടെ ബിസിനസിന്റെ ലക്ഷ്യമെന്താണ്?

നമുക്കൊരു യാത്ര പോകണമെങ്കില്‍ ആദ്യം തീരുമാനിക്കുന്നത് ഏതു വാഹനത്തില്‍ പോകണം എന്നാണോ? അതോ എങ്ങോട്ട് പോകണം എന്നാണോ? നമുക്ക് ചെന്നെത്തേണ്ട സ്ഥലം ആദ്യം തന്നെ നിശ്ചയിച്ചാല്‍ അതിന് ഉചിതമായ വാഹനം തെരഞ്ഞെടുക്കാം, യാത്രക്ക് അനുയോജ്യമായ വഴിയും തെരഞ്ഞെടുക്കാം മാത്രമല്ല യാത്രക്ക് ആവശ്യമായ ചെലവും കണക്കുകൂട്ടാം. ഇതുപോലെ തന്നെയാണ് ബിസിനസ്സ് ചെയ്യേണ്ടതും. ദീഘകാല ലക്ഷ്യം ഒന്നും ഇല്ലാതെ നിലവില്‍ മാര്‍ക്കറ്റില്‍ ഡിമാന്റുള്ള ഉല്‍പ്പന്നം വിറ്റ് കാശുണ്ടാക്കുന്ന കച്ചവടങ്ങള്‍ ഭാവിയില്‍ പ്രതിസന്ധി നേരിടാനുള്ള സാധ്യത ഏറെയാണ്. കാരണം പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടു കൂടി മാത്രം ബിസിനസ്സ് ചെയ്യുമ്പോള്‍ അവിടെ പണത്തിലേക്ക് മാത്രം ശ്രദ്ധചെല്ലുകയും സ്ഥാപനത്തിന്റെ വളര്‍ച്ചയെ അത് സാരമായി ബാധിക്കുകയും ചെയ്യുന്നു. അതായത് ബിസിനസ്സിന്റെ യഥാര്‍ത്ഥവളര്‍ച്ച എന്നത ്എത്രലാഭം കിട്ടി എന്നതിലല്ല ആളുകളുടെ മനസ്സില്‍ നമ്മുടെ ബിസിനസ്സിന്റെ സ്ഥാനമെന്താണ് എന്നതിലാണ്. ലാഭം എന്നത് ബൈപ്രോഡക്റ്റാണ്. ഇന്ന് ലോകത്തില്‍ വിജയിച്ചിട്ടുള്ള ഏതൊരു സ്ഥാപനത്തെ എടുത്തു പരിശോധിച്ചാലും അവര്‍ പണത്തെ ലക്ഷ്യമിട്ടല്ല യാത്ര തുടങ്ങിയത്. പ്രശ്‌നത്തെ ലക്ഷ്യം വച്ചായിരുന്നു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ബിസിനസ്സ്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഏതൊരു ഉല്‍പ്പന്നം എടുത്തു നോക്കുകയാണെങ്കിലും ആ ഉല്‍പ്പന്നത്തിന്റെ പരമമായ ലക്ഷ്യം നമ്മുടെ ജീവിതത്തെ സുഖമമാക്കുക എന്നതാണ്. ഈ ഭാഗം ഞാന്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ അടുത്തുള്ള മേശയില്‍ ഒരു കപ്പ് കാപ്പി ഉണ്ട്. ആ കാപ്പി നിറച്ച ഗ്ലാസിന്റെ ആകൃതി കാപ്പി എളുപ്പത്തില്‍ എടുത്തുകുടിക്കാന്‍ സഹായിക്കുന്ന വിധത്തിലാണ്. അതായത് കാപ്പികുടിക്കുക എന്ന എന്റെ പ്രവര്‍ത്തിയെ എളുപ്പമാക്കാന്‍ സഹായിക്കുന്ന വസ്തുവാണ് ഗ്ലാസ്സ്. എല്ലാ ബിസിനസ്സും ഉപഭോക്താക്കളുടെ ഏതെല്ലാമോ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്.

നിങ്ങളുടെ ബിസിനസ് നീക്കങ്ങള്‍ എങ്ങനെയുള്ളതാണ്?
നമ്മള്‍ ബിസിനസില്‍ ചെയ്യുന്ന ഏതൊരു പ്രവര്‍ത്തിയും നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറക്കുന്നതാവണം. അതിനായി ആദ്യം വേണ്ടത ്‌നല്ലൊരു ലക്ഷ്യം ഉണ്ടാവുക എന്നതാണ്. ആ ലക്ഷ്യത്തെ വളരെ കൃത്യമായി ഓരോ വാക്കും സൂക്ഷിച്ചു എഴുതേണ്ടതുണ്ട്. അതിനെ വിഷന്‍ എന്നും മിഷന്‍ എന്നും വിളിക്കാം. ബിസിനസ് എങ്ങോട്ടാണ് പോകുന്നത്? എന്തിനാണ് ഈ ബിസിനസ് നിലനില്‍ക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വിഷന്‍ സ്‌റ്റേറ്റ്‌മെന്റ്. വിഷന്‍ സ്‌റ്റേറ്റ്‌മെന്റ് എപ്പോഴും ജനങ്ങളുടെ ആവശ്യങ്ങളെയാണ് ലക്ഷ്യമിടേണ്ടത്. ആവശ്യങ്ങള്‍ ഇപ്പോഴും വൈകാരികതലത്തിലാണ് സ്ഥിതികൊള്ളുന്നത്. അതിനാല്‍ വിഷന്‍ സ്‌റ്റേറ്റ്‌മെന്റില്‍ ഇപ്പോഴും വൈകാരികമായ ഒരുതലം കൂടി ഉണ്ടാവണം. ചില മോശം വിഷന്‍ സ്‌റ്റേറ്റ്‌മെന്റ് പരിചയപ്പെടുത്താം
'As a reliable partner for our customers, we count on innovation, creativtiy and consistent customer focus as well as on top performance in all area'
ഈ വിഷനില്‍ ബിസിനസിനെ വ്യത്യസ്തമാക്കുന്ന ഒന്നും തന്നെ ഇല്ല. ഏതൊരു ബസിനസിന്റെയും ലക്ഷ്യം ഉപഭോക്താക്കളെ സേവിക്കുക എന്നതാണ്. അതില്‍ എന്ത് പുതുമയാണ് കാണാന്‍ കഴിയുന്നത്. ഒപ്പം എല്ലാ ബിസിനസ്സിന്റെയും ലക്ഷ്യം innovation , creativtiy , മികച്ച പ്രവര്‍ത്തനം എന്നതൊക്കെയാണ്. ഇതല്ല ശരിക്കും പരമമായ ലക്ഷ്യം വേണ്ടത്. ഈ പറഞ്ഞവയെല്ലാം ബിസിനസിന്റെ നിലനില്‍പ്പിന് ആവശ്യമായ കാര്യങ്ങള്‍ മാത്രമാണ്. അത്തരത്തില്‍ മറ്റൊരു മോശം വിഷന്‍ സ്‌റ്റേറ്റ്‌മെന്റ് നോക്കാം.
'We will be No. 1 in our industry and strive for double digit sales and profit growth over the next 5 years'
ഈ ലക്ഷ്യം നിക്ഷേപകരെ സുഖിപ്പിക്കാം. പക്ഷെ ബിസിനസിന്റെ വളര്‍ച്ചയ്ക്കുള്ള വഴികാട്ടിയാകില്ല. ഇതില്‍ ഞാന്‍ മുന്നേ പറഞ്ഞതു പോലെയുള്ള വൈകാരികമായ തലം ഇല്ല. ധനപരമായ തലങ്ങളെ ഉള്ളു. മികച്ച ഒരു വിഷന്‍ എങ്ങനെയാകണം? ഉദാഹരണം നോക്കാം. 1970 കളില്‍ മൈക്രോസോഫ്റ്റിന്റെ വിഷനാണ് ഇത്.
'Our vision is a computer on every desktop and in every home'- Microsoft(Late 70's)
കാര്യം വളരെ എളുപ്പമാണ്. എല്ലാ വീട്ടിലും ഓരോ കമ്പ്യൂട്ടര്‍. അവര്‍ ആ ലക്ഷ്യം വളരെ വിജയകരമായി നേടുകയും ചെയ്തു. മറ്റൊരു മികച്ച വിഷന്‍ നോക്കാം.
'Imagine a world in every single person is given free access to the sum of all human knowledge'
ഈ ലോകത്തിലെ എല്ലാര്‍ക്കും സൗജന്യമായി അറിവ് നല്‍കുക. വിക്കിപീഡിയയുടെ വിഷന്‍ സ്‌റ്റേറ്റ്‌മെന്റാണിത്. മികച്ച വിഷന്‍ എന്നും ഇമോഷനുമായി ബന്ധപ്പെട്ടിരിക്കും.
വിഷന്‍ എന്നത് സ്ഥാപനത്തിന്റെ പരമമായ ലക്ഷ്യമാണെങ്കില്‍ ആ ലക്ഷ്യത്തിയിലേക്കുള്ള വഴിയാണ് മിഷന്‍. ആരാണ് നമ്മള്‍? ആരെയാണ് നമ്മള്‍ സേവിക്കുന്നത്? എന്ത് പ്രശ്‌നത്തിനുള്ള പരിഹാരമാണ് നമ്മള്‍ നല്‍കുന്നത്? എന്ത് മാറ്റമാണ് നമ്മള്‍ നല്‍കുന്നത്? ഇതിനുള്ള ഉത്തരമാണ് മിഷന്‍ സ്‌റ്റേറ്റ്‌മെന്റ്. ചില മികച്ച മിഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍:
TED: Spread ideas
Honest Tea: To create and promote great-tasting, healthy, organic beverages.
Google: To organize the world's information and make it universally accessible and useful.
LinkedIn: The mission of LinkedIn is simple: connect the world's professionals to make them more productive and successful.
ലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞാല്‍ പുതിയ വിഷന്‍ സ്‌റ്റേറ്റ്‌മെന്റും മിഷന്‍ സ്‌റ്റേറ്റ്‌മെന്റും ഉണ്ടാക്കാറുണ്ട്. ചില സ്ഥാപനങ്ങള്‍ ഈ വിഷനും മിഷനും ഒരുമിച്ചു ചേര്‍ത്ത് മിഷന്‍ സ്‌റ്റേറ്റ്‌മെന്റ് എന്ന പേരില്‍ ലക്ഷ്യത്തെ പറയാറുണ്ട്. ചെയ്യുന്നത് ചെറിയ ബിസിനസ് ആണെങ്കിലും വലിയ ബിസിനസ് ്ആണെങ്കിലും കൃത്യമായ ലക്ഷ്യം വളരെ അനിവാര്യമാണ്. ആ ലക്ഷ്യമാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കേണ്ടതും.
(ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്)


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it