പരസ്യരംഗത്തെ പുതിയ നിയമം അറിഞ്ഞില്ലെങ്കില്‍ വെട്ടിലാകും!

2020 ജൂലൈ മുതല്‍ പരസ്യ രംഗത്ത് ഒരു പുതിയ നിയമം നടപ്പിലായിട്ടുണ്ട്. ഈ നിയമം വ്യക്തമായി അറിയാതെ ബിസിനസുകാരും പരസ്യ കമ്പനികളും പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികളും മുന്നോട്ട് പോയാല്‍ അത് ആത്മഹത്യാപരമാകും.

ഉപഭോക്തൃസംരംക്ഷണ നിയന്ത്രണ നിയമം 2019 (The Consumer Protection Regulation Act 2019) ആണ് ബിസിനസ് മേഖലയില്‍ ഇപ്പോള്‍ ഏറ്റവും വലിയ ഡിസ്്റപ്റ്റര്‍ ആയിരിക്കുന്നത്. പരസ്യമേഖലയുടെ രീതികളെ തന്നെ ഈ നിയമം കീഴ്മേല്‍ മറിച്ചിരിക്കുന്നു എന്നുതന്നെ പറയാം.
ഉല്‍പ്പന്നമോ സേവനമോ എന്തുമാകട്ടേ, അത് ഉപഭോക്താക്കള്‍ വാങ്ങിയാല്‍ മാത്രമേ ബിസിനസുകള്‍ക്ക് നിലനില്‍പ്പുള്ളൂ. വിപണിയിലാണെങ്കില്‍ ഒരേ ഗണത്തില്‍ പെട്ട ഒട്ടനവധി ബ്രാന്‍ഡുകളിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യവുമാണ്. അപ്പോള്‍ വിപണിയില്‍ വേറിട്ട് നില്‍ക്കാന്‍ ആകര്‍ഷകമായ പരസ്യങ്ങള്‍ ബിസിനസ് സാരഥികള്‍ നല്‍കും. ഇത്തരം പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കില്‍, ഇനി അതുമതി വലിയ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാന്‍.

ഭൂമിയുടെ അറ്റത്തെ കോടതി വെക്കാന്‍ പറ്റില്ല!

പൊതുവേ ഉപഭോക്തൃപരാതികളില്‍ നിന്ന് രക്ഷനേടാന്‍ കമ്പനികള്‍ ഏതെങ്കിലും വിദൂര ദേശത്തെ കോടതികളുടെ പരിധിയിലാകും വരികയെന്ന കുറിപ്പ് എഴുതിവെയ്ക്കാറുണ്ട്. ഇത്തരം കുറിപ്പുകള്‍ കൊണ്ടൊന്നും ഇനി ഉപഭോക്താക്കളുടെ പരാതികളെ അകറ്റി നിര്‍ത്താനാവില്ല. ആര്‍ക്കും പരാതികള്‍ ഇ ഫയലിംഗ് നടത്താം. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരാതി പരിഹാര നടപടികള്‍ സ്വീകരിക്കുകയുമാകാം.
ഇതുവരെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ) എന്ന ഏക റെഗുലേറ്ററാണ് ഉണ്ടാ
യിരുന്നത്. അതിനാണെങ്കില്‍ കുറ്റം ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരവും ഇല്ലായിരുന്നു. സര്‍ക്കാര്‍ നിയമിക്കുന്ന ചീഫ് കമ്മിഷണറുടെ സാരഥ്യത്തില്‍ ഡല്‍ഹിയില്‍ വരുന്ന കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുക, ന്യായരഹിതമായ വാണിജ്യ കീഴ്വഴക്കങ്ങള്‍, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വഴി തെറ്റിക്കുന്നതായോ ആയ പരസ്യങ്ങള്‍ എന്നീ കാര്യങ്ങളില്‍ ഇടപെടാനും നിയന്ത്രിക്കാനുമുള്ള അധികാരം ഉണ്ടായിരിക്കും. ഈ പുതിയ നിയമം പരമ്പരാഗത മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്ക് മാത്രമല്ല ബാധകം. പുതുതലമുറ മീഡിയയായ ഡിജിറ്റലും ഇതിന്റെ പരിധിയില്‍ വരും.

നിയമം എങ്ങനെ പരസ്യമേഖലയെ മാറ്റും?

രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകള്‍ വരെ തെറ്റായ അവകാശവാദങ്ങള്‍ നടത്തുന്ന കാലമാണിത്. ഭൂരിഭാഗം സെലിബ്രിറ്റികളും തങ്ങളുടെ എന്‍ഡോഴ്സ്മെന്റിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നുപോലുമില്ല. പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന വന്‍ തുകയില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. ഉദാഹരണത്തിന്, പ്രതലത്തിലെ 99 ശതമാനം അണുക്കളെയും ബാക്ടീരിയകളെയും തുടച്ചുമാറ്റുമെന്ന അവകാശവാദത്തോടെ ഒരുപാട് ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ രംഗത്തുണ്ട്. ജനങ്ങള്‍ക്കറിയാം ഈ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന്. നിരന്തരം അത്തരം പരസ്യങ്ങള്‍ കാണുന്ന ജനങ്ങള്‍ക്ക് ഇപ്പോള്‍ ഈ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് അറിയാം. എന്നിരുന്നാലും ഇപ്പോള്‍ ഇത്തരം ഉല്‍പ്പന്നം വാങ്ങുമ്പോള്‍ ഉപഭോക്താവ്, ആ ഉല്‍പ്പന്നം 99 ശതമാനം കീടാണുക്കളെ കൊല്ലുമോ അതോ 95 ശതമാനം കീടാണുക്കളെയാണോ കൊല്ലുന്നത് എന്നൊന്നും പരീക്ഷിച്ചു നോക്കാനോ പരാതിപ്പെടാനോ പോകുന്നില്ല.
പുതിയ നിയമം വരുന്നതോടെ ഇത്തരം പൊള്ളയായ അവകാശവാദങ്ങള്‍ നടത്താന്‍ പറ്റില്ല. ഒരു ഉല്‍പ്പന്നമോ സേവനമോ മാര്‍ക്കറ്റ് ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്ന പരസ്യങ്ങളുടെ ഭാഷ പോലും ഇനി മാറും. പുതിയ നിയമം ഉപഭോക്താവിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ്.
അതുകൊണ്ട് തന്നെ പുതിയ നിയമം, നല്ല പരസ്യ കോപ്പികളും മികച്ച പരസ്യ ഉള്ളടക്കവും തിരികെ കൊണ്ടുവരും. അഡ്വര്‍ടൈസിംഗ് മേഖലയില്‍ മികവുറ്റ തന്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള കുറിക്കുകൊള്ളുന്ന കാര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. പൊള്ളയായതോ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതോ ആയ കാര്യങ്ങള്‍ക്കുപരിയായി, ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ മൗലികത ആധാരമാക്കി അവയെ ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ക്രിയാത്മക ചിന്തകള്‍ ഉടലെടുക്കാന്‍ ഈ നിയമം സഹായകരമാകും. പരസ്യകമ്പനികള്‍, ബ്രാന്‍ഡിനെ സംബന്ധിച്ച അവബോധം ജനങ്ങളില്‍ എത്തിക്കാന്‍ ബ്രാന്‍ഡ് ഉടമകളുമായി ദീര്‍ഘനാള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായി വരും. ഹ്രസ്വകാലത്തേക്കുള്ള ലൗഡ് സ്പീക്കറായി പരസ്യ കമ്പനികളോ പരസ്യങ്ങളോ നിലനില്‍ക്കില്ല. ബ്രാന്‍ഡും സെലിബ്രിറ്റിയും പരസ്പരപൂരകങ്ങളായിരിക്കുമ്പോളാണ് സെലിബ്രിറ്റി എന്‍ഡോഴ്സ്മെന്റ് കൊണ്ട് ഗുണമുണ്ടാകുന്നത്. ഉപഭോക്താവിനെ ഏതു വിധേനയും സ്വാധീനിക്കാന്‍ വേണ്ടി മാത്രം സെലിബ്രിറ്റിയെ കൊണ്ടുവരുന്നതും പൊള്ളയായ വാഗ്ദാനങ്ങളും നല്‍കുന്നതും നല്ല അഡ്വര്‍ടൈസിംഗ് അല്ല.
പരസ്യത്തിലൂടെ നല്‍കുന്ന സന്ദേശത്തിന്റെ ഉത്തരവാദിത്തം ബ്രാന്‍ഡ് ഉടമകള്‍ക്കും പരസ്യ കമ്പനികള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഉണ്ട് എന്നതാണ് പുതിയ നിയമത്തിന്റെ കാതല്‍. മികച്ച വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും ബ്രാന്‍ഡിനെ ജനമനസ്സില്‍ പ്രതിഷ്ഠിക്കാന്‍ കെല്‍പ്പുള്ള യഥാര്‍ത്ഥ പ്രൊഫഷണലുകള്‍ക്ക് നല്ലൊരു കളിയിടം കൂടിയാണ് ഈ നിയമം മൂലം ഉണ്ടായിരിക്കുന്നത്.
അഡ്വര്‍ടൈസിംഗ് ഇന്‍ഡസ്ട്രിയും ബ്രാന്‍ഡ് ഉടമകളും ഈ പുതിയ മാറ്റവുമായി യോജിച്ച് പോകാന്‍ നൂതനമായ രീതികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഈ മാറ്റം നിങ്ങളുടെ ബിസിനസിനെ തന്നെ കീഴ്‌മേല്‍ മറിച്ചേക്കാം.

സെലിബ്രിറ്റികള്‍, ബ്രാന്‍ഡ് ഉടമകള്‍, പരസ്യ കമ്പനികള്‍ ജാഗ്രതൈ!

ഒരു ഉല്‍പ്പന്നത്തിന്റെ മാര്‍ക്കറ്റിംഗ് മേഖലയില്‍ ഇടപെടുന്ന എല്ലാ പ്ലാറ്റ്ഫോമുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് ഈ പുതിയ നിയമം. ഡിജിറ്റല്‍ ഡെലിവറി പ്ലാറ്റ്ഫോമുകളിലോ മറ്റോ തെറ്റായ അവകാശവാദമോ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ വന്നാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അവയ്ക്കും മാറി നില്‍ക്കാന്‍ ആകില്ലെന്ന് ചുരുക്കം. ഏറ്റവും സുപ്രധാനമായ മറ്റൊരു കാര്യം പരസ്യത്തില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികളും നിയമത്തിന്റെ പരിധിയില്‍ വരുന്നുവെന്നതാണ്. ബ്രാന്‍ഡുകളുടെ അവകാശവാദങ്ങള്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് പറയും മുമ്പേ അതിന്റെ വസ്തുത തിരക്കി ബോധ്യപ്പെടാനും പരസ്യക്കരാറുകള്‍ ഒപ്പിടും മുമ്പ് രണ്ടുവട്ടം ചിന്തിക്കാനും ഇനി സെലിബ്രിറ്റികള്‍ തയ്യാറാകും.
പരസ്യങ്ങളിലെ അവകാശവാദങ്ങളോട് ഒരുതരത്തിലും നീതി പുലര്‍ത്താത്ത കുറ്റക്കാരായ നിര്‍മാതാക്കള്‍ക്കും സേവനദാതാക്കള്‍ക്കും രണ്ടു വര്‍ഷം വരെ ജയില്‍ ശിക്ഷയും പത്തുലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം. അതുപോലെ തന്നെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികള്‍ക്കും പത്തു ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാം. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ പിഴ 50 ലക്ഷം രൂപ വരെ ഉയര്‍ത്താനും ജയില്‍ ശിക്ഷ കാലാവധി അഞ്ചുവര്‍ഷം വരെ നീട്ടാനും പുതിയ അതോറിറ്റിക്ക് അധികാരമുണ്ട്. അതുപോലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികളെ പരസ്യങ്ങളില്‍ നിന്ന് ഒരു വര്‍ഷം വരെയും, തുടരെ വീഴ്ചകള്‍ വരുത്തിയാല്‍ മൂന്നുവര്‍ഷം വരെയും വിലക്ക് ഏര്‍പ്പെടുത്താനും അതോറിറ്റിക്ക് അധികാരമുണ്ട്.


Pradeep Menon M
Pradeep Menon M  

Co-founder, Branding & Strategy Head of Black Swan (India) Ideations

Related Articles
Next Story
Videos
Share it