Explained : സാമ്പത്തിക നൊബേൽ; ബാങ്കുകളും സമ്പദ് വ്യവസ്ഥയുടെ തകർച്ചയും

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കക്കാരായ മൂന്ന് പേര്‍ക്കാണ് ലഭിച്ചത്. ബെന്‍ എസ് ബെര്‍നേക്ക് (Ben S. Bernanke), ഡഗ്ലസ് ഡബ്ല്യൂ ഡയ്മണ്ട് (Douglas Diamond), ഫിലിപ് എച്ച് ഡിബ് വിഗ് (Philip H. Dybvig) എന്നിവരാണ് ഈ മൂന്ന് പേര്‍. ബാങ്കുകളെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള പഠനത്തിനാണ് ഇവര്‍ക്ക് നൊബേല്‍ ലഭിച്ചതെന്ന് നിങ്ങള്‍ പത്ര-മാധ്യമങ്ങളില്‍ വായിച്ചോ കേട്ടോ അറിഞ്ഞുകാണും. ഈ മൂന്ന് സാമ്പത്തിക ശാസ്ത്രഞ്ജരേയും നൊബേല്‍ നേട്ടത്തിലേക്ക് എത്തിച്ച ഗവേഷണം ലളിതമായി വിവരിക്കുകയാണ് ഈ എക്‌സ്‌പ്ലെയ്‌നറിലൂടെ.

സ്വീഡന്റെ കേന്ദ്രബാങ്ക് നല്‍കുന്ന പുരസ്‌കാരം

1901 മുതലാണ് നൊബേല്‍ സമ്മാനങ്ങള്‍ നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ സാമ്പത്തിക ശാസ്ത്രത്തിന് ആദ്യമായി നൊബേല്‍ സമ്മാനം നല്‍കുന്നത് 1969ല്‍ ആണ്. Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel എന്നാണ് സ്വീഡന്റെ സെന്‍ട്രല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം ഔദ്യോഗികമായി അറിയപ്പെടുന്നത്.

ബാങ്കുകളെ കുറിച്ചുള്ള ധാരണകള്‍ തിരുത്തിയ പഠനം

ഒരിക്കലെങ്കിലും ബാങ്കില്‍ പോവാത്ത ആരും തന്നെ ഉണ്ടാവില്ല. യുപിഐ ഇടപാടുകൾ വ്യാപകമായ ഇക്കാലത്ത് ദിവസേന നിരവധി തവണയാണ് നമ്മൾ ബാങ്കിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ ബാങ്കുകള്‍ക്കുള്ള പങ്കാണ് തങ്ങളുടെ പഠനങ്ങളിലൂടെ ബെന്‍ എസ് ബെര്‍നേക്ക്, ഡഗ്ലസ് ഡബ്ല്യൂ ഡയ്മണ്ട്, ഫിലിപ് എച്ച് ഡിബ് വിഗ് എന്നീ ഗവേഷകര്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്.

ബാങ്കുകളുടെ നിലനില്‍പ്പ്, തകര്‍ച്ച, എങ്ങനെ തകര്‍ച്ച ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ പഠനവിധേയമാക്കിയത്. ഈ പഠനങ്ങള്‍, സാമ്പത്തിക പ്രതിസന്ധിയിൽ ബാങ്കുകളുടെ പങ്ക് തിരിച്ചറിയാനും മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാനും ലോകത്തെ സഹായിച്ചെന്നാണ് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത്. 1929ലെ സാമ്പത്തിക മാന്ദ്യത്തില്‍ (Greate Depression) ബാങ്കുകളുടെ തകര്‍ച്ച വഹിച്ച പങ്കിനെക്കുറിച്ചാണ് ബെന്‍ എസ് ബെര്‍നേക്ക് പറയുന്നത്. ഗ്രേറ്റ് ഡിപ്രഷന്റെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് സേവിംഗ്‌സിനെ പ്രൊഡക്റ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ആക്കി മാറ്റുന്നതില്‍ ബാങ്കുകള്‍ക്കുണ്ടായ പരാജയമാണ്. 1929ല്‍ ചെറിയൊരു പ്രതിസന്ധിയായി ആരംഭിച്ച്, 1930ന്റെ തുടക്കത്തില്‍ ബാങ്കുകള്‍ തകരാന്‍ തുടങ്ങിയതാണ് ഗ്രേറ്റ് ഡിപ്രഷനായി മാറിയത്. നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതായിരുന്നു ബാങ്കുകളെ തകർച്ചയിലേക്ക് നയിച്ചത്.

സാമ്പത്തിക പ്രതിസന്ധി ബാങ്കുകളെ ബാധിക്കുമെന്ന ധാരണയില്‍ ആയിരുന്നു ജനം നിക്ഷേപങ്ങള്‍ പിന്‍വലിച്ചത്. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. നിക്ഷേപകര്‍ പണം ആവശ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് ഇക്കാലയളവില്‍ ബാങ്കുകള്‍ വായ്പ നല്‍കാതെയായി. ബാങ്കുകള്‍ തകരുമെന്ന ഭയത്താല്‍ നിക്ഷേപവും കുറഞ്ഞു. ഇതോടെ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപത്തിനുള്ള വായ്പകള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നു. സാധരക്കാരെയും കര്‍ഷകരെയും ഇത് ബാധിച്ചു. ഈ ഒരു പ്രശ്‌നമാണ് ഗ്രേറ്റ് ഡിപ്രഷനിലേക്ക് നയിച്ചതെന്നാണ് ബെര്‍നേക്ക് പറയുന്നത്. അദ്ദേഹത്തിന്റെ പഠനം വരുന്നതിന് മുമ്പുവരെ സമ്പദ് വ്യവസ്ഥ തകരുന്നതിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നായി മാത്രമാണ് ബാങ്കുകളുടെ തകര്‍ച്ചയെ വിലയിരുത്തപ്പെട്ടിരുന്നത്.

ബാങ്ക് തകര്‍ന്നാല്‍ നിക്ഷേപകരെ സംബന്ധിച്ച വിവരങ്ങള്‍ (Knowledge Capital) നഷ്ടമാവും. ഇത്തരം വിവരങ്ങള്‍ വീണ്ടും ശേഖരിക്കുന്നതിന് സമയമെടുക്കുമെന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ ബാങ്കുകള്‍ തകരാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നതുവരെ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2006-14 കാലയളവിൽ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ ചെയർമാൻ ആയിരുന്നു ബെര്‍നേക്ക്. 2008ൽ ഇദ്ദേഹം കേന്ദ്ര ബാങ്കിന്റെ തലപ്പത്ത് ഇരിക്കുമ്പോഴാണ് യുഎസിൽ സാമ്പത്തിക മാന്ദ്യം ഉണ്ടായത്.

ഡയ്മണ്ട് & ഡിബ് വിഗ്സ് മോഡൽ

പണ ലഭ്യത, ബാങ്കുകളുടെ തകര്‍ച്ചയെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളാണ് 1980കള്‍ മുതലുള്ള പഠനങ്ങളില്‍ ഡഗ്ലസ് ഡബ്ല്യൂ ഡയ്മണ്ട്, ഫിലിപ് എച്ച് ഡിബ് വിഗ് എന്നിവര്‍ വിശദീകരിച്ചത്. 1983ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ദീര്‍ഘകാല വായ്പകള്‍ നല്‍കുന്നതിനൊപ്പം നിക്ഷേപകര്‍ക്ക് എങ്ങനെയാണ് ബാങ്കുകൾ പണലഭ്യത ഉറപ്പു വരുത്തുന്നത് എന്ന് വിശദീകരിക്കുന്ന ഒരു സൈദ്ധാന്തിക മാതൃക (Theoretical Model) ഇവർ വികസിപ്പിച്ചു.

ബാങ്കുകൾ ഇല്ലെങ്കിൽ ജനങ്ങൾ നേരിട്ട് നിക്ഷേപം നടത്തേണ്ടി വരും. അത്തരം ഒരു സാഹചര്യത്തിൽ തോന്നും പോലെ പണം പിൻവലിക്കാൻ സാധിക്കില്ല. അത് വലിയ നഷ്ടം ഉണ്ടാക്കിയേക്കാം. ബാങ്കുകള്‍ സേവിംഗ്‌സ് നിക്ഷേപമാക്കി മാറ്റുന്നതിന്റെ ചെലവ് കുറയ്ക്കും. നിക്ഷേപ പ്രക്രിയയിൽ ഇടനിലക്കാർ എന്ന സ്ഥാനമാണ് ഇവർ ബാങ്കുകൾക്ക് നൽകുന്നത്. ബാങ്കുകളുടെ പ്രവർത്തനം നിക്ഷേപങ്ങൾക്ക് ആവശ്യമായ പണം വായ്പയായി നൽകുന്നതിനൊപ്പം അക്കൗണ്ട് ഉടമകൾക്ക് പണ ലഭ്യത ഉറപ്പാക്കുകയും ചെയ്യും.

ദീർഘകാല നിക്ഷേപ പദ്ധതികൾക്ക് വായ്പ നൽകുന്നതിലൂടെയാണ് ബാങ്കുകൾ പണം ഉണ്ടാക്കുന്നതെന്ന് ഇവർ പറയുന്നു. 1984ലെ ലേഖനത്തില്‍ വായ്പ വാങ്ങിയവരെ നിരീക്ഷിക്കേണ്ടത്തിന്റെ ആവശ്യകത ഡയ്മണ്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രേറ്റ് ഡിപ്രഷനിലെ പോലെ നിരവധി ബാങ്കുകള്‍ ഒരുമിച്ച് തകര്‍ന്നാല്‍ അത് നിക്ഷേപം കണ്ടെത്തുന്നതിന്റെ ചെലവ് ഉയര്‍ത്തും. ഒരു ബാങ്ക് ഇല്ലാതായല്‍ നഷ്ടമാവുന്ന ഡാറ്റകളെല്ലാം നിരീക്ഷിക്കാൻ സൗകര്യം ഉണ്ടാവണം. ഇവ വീണ്ടും ശേഖരിക്കുക പ്രയാസമാണ്. ബാങ്കുകള്‍ തകരുന്നതിന്റെ ആഘാതം ദീര്‍ഘകാലം നിലനിൽക്കാൻ കാരണം ഇത്തരം ഡാറ്റകൾ നഷ്ടപ്പെടുന്നതാണെന്നും ഇവർ പറയുന്നു.

ബാങ്കുകള്‍ തകരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാൻ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ പരിരക്ഷ ആവശ്യമണെന്ന് ഇവർ അഭിപ്രായപ്പെട്ടു. സർക്കാർ പരിരക്ഷ നൽകുകയാണെങ്കിൽ, ബാങ്കുകൾ തകർന്നെന്ന പ്രചാരം വരുമ്പോൾ ജനങ്ങൾ നിക്ഷേപം പിൻവലിക്കാനായി കുതിക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാല്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ നിയന്ത്രിക്കണം എന്ന് മൂന്നുപേരും വ്യക്തമാക്കുന്നില്ല. ആധുനിക ബാങ്കിംഗ് ചട്ടങ്ങളിലും സമ്പദ് വ്യവസ്ഥയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിലും ഇവർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നൊബേൽ അംഗീകാരം.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it