വിശ്വാസം അതല്ലേ എല്ലാം!
തൃശിവപേരൂര്‍ ആസ്ഥാനമായുള്ള കല്യാണ്‍ ജൂവല്‍റിയുടെ ബ്രാന്‍ഡ് ഇമേജ് ഇന്ത്യ മുഴുവന്‍ നെഞ്ചിലേറ്റിയ പരസ്യവാചകമാണ് മുകളില്‍. ഈ പരസ്യവാചകം എഴുതിയ ശ്രീകുമാര്‍ മേനോന്റെ 'ഒടിയന്‍' സിനിമ കണ്ടിറങ്ങുമ്പോള്‍ അനുവാചകര്‍ക്ക് അത്ര നല്ല അനുഭവമായി തോന്നിയില്ല. അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികള്‍ക്കും മനസിലായി സോഷ്യല്‍ മീഡിയ വഴി ആരൊക്കെയോ മേനോന് ഒടിവെക്കാന്‍ ശ്രമിച്ചു എന്ന്.
അലങ്കാരങ്ങള്‍ കാണുമ്പോള്‍ നാട്ടില്‍ ആഘോഷങ്ങള്‍ വരുന്നതറിയുന്നു, പാതി തുണിയുടുത്തു പെണ്‍കുട്ടിയുടെ പടങ്ങള്‍ കാണുമ്പോള്‍ പുതിയ സിനിമ വരുന്നതറിയുന്നു, മനുഷ്യന് നല്ലകാലം വരുന്നതറിയാന്‍ എന്താണ് മാര്‍ഗമെന്ന് ശങ്കിച്ചിരിക്കുന്ന നമുക്കിടയിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി ജയ് വിളിച്ച്, ഹര്‍ത്താല്‍ നടത്തി, കൊടി തോരണങ്ങള്‍ നിരത്തി ഇലക്ഷന്റെ വരവറിയിക്കുന്നു.
ഒരു വയാഗ്ര ഇഫക്ട്
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു. 543 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രക്രിയ, കൂടെ ചില സംസ്ഥാന ഇലക്ഷനുകളും. 2014 ലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാംകൂടി ഏകദേശം 30,000 കോടി രൂപ ചെലവായതായി കണക്കാക്കപ്പെടുന്നു. സര്‍ക്കാരിന്റെ 4000 കോടി രൂപ കൂടിയാകുമ്പോള്‍ ആകെ തെരഞ്ഞെടുപ്പ് ചെലവ് 34,000 കോടി രൂപ.
ഇലക്ഷന്‍ കമ്മീഷന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെങ്കില്‍കൂടി ഇക്കുറി ഈ മാമാങ്കം ഒരു 45,000 കോടി രൂപയോളം എത്തുമെന്നാണ് അനുമാനം. ഈ പണമെല്ലാം നാട്ടില്‍ നോട്ടീസും, ഫ്‌ളക്‌സും, പാരടിയും, പദയാത്രയുമായി ചെലവഴിക്കുമ്പോള്‍ GSTയും നോട്ടുനിരോധനവും കഴിഞ്ഞ് നടുവൊടിഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഒരു വയാഗ്ര ഇഫക്ട് വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അടക്കം പറയുന്നു
ഇക്കുറി ഇലക്ഷനിലെ താരം സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് (SMM) ആണ്. വലിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഇതിന്റെ ചാകര മണത്തു തങ്ങളുടെ തന്ത്രങ്ങള്‍ തയാറാക്കുന്ന തിരക്കിലാണ്. 2008 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിലാണ് ആദ്യമായി സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് പരീക്ഷണങ്ങള്‍ അരങ്ങേറിയത്. പിന്നീടങ്ങോട്ട് എല്ലാ തെരഞ്ഞെടുപ്പുകളും ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ട് ബോധ്യപ്പെട്ടതാണ്.
നിര്‍മിത ബുദ്ധിയും വോട്ടര്‍മാരുടെ ബിഹേവിയര്‍ ഡാറ്റ അനലിറ്റിക്‌സും വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയിരുന്നു എക്കാലത്തും ശത്രുപക്ഷത്തായിരുന്ന അമേരിക്കന്‍ വോട്ടര്‍മാരുടെ മനസില്‍ നുഴഞ്ഞു കയറി അവരുടെ presidential election നെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചു എന്നുള്ളത് ഇപ്പോഴും ലോകം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്.
2019 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന് ഭീമമായ പണമാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും വക കൊള്ളിച്ചിരിക്കുന്നത്. ആകെ ചെലവിന്റെ 50% ല്‍ ഏറെയും SMM ന് ആയി മാറ്റി വെക്കേണ്ടി വരുന്ന അവസ്ഥ. (facebook, twitter, instagram, whatsapp etc…) പുതിയ അല്‍ഗൊരിതത്തിന്റെ പണിപ്പുരയിലാണ്.
ഇലക്ഷന്‍ ടൂറിസം
രാഷ്ട്രീയ പ്രബുദ്ധതയും, ഭാഷാപ്രാവീണ്യവുമുള്ള ടെക്‌നോസാവിയായ മലയാളി യുവതലമുറക്ക് ഒരു കൈ നോക്കാവുന്ന മേഖലയാണിത്. സോഷ്യല്‍ influencers, content ഡെവലപ്പേഴ്‌സ്, data analyst എന്നിവര്‍ക്കെല്ലാം നല്ല ഡിമാന്‍ഡ് ആയിരിക്കും.
കേരളത്തിലെ സ്വാശ്രയ കോളെജുകളില്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗില്‍ ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സുകള്‍ തുടങ്ങാം, ട്രോള്‍ ചെയ്യാനുള്ള മലയാളിയുടെ കഴിവുകള്‍ മൂര്‍ച്ച കൂട്ടിയെടുക്കാം, അല്‍പ്പം ഹിന്ദിയും തമിഴും നിങ്ങള്‍ക്ക് വഴങ്ങുമെങ്കില്‍ ഇന്ത്യയുടെ വിരിമാറിലൂടെ നിങ്ങളുടെ ജോലി/ ബിസിനസ് സാധ്യതകള്‍ ഉയരും.
നരേന്ദ്രമോദി 64 ഓളം രാജ്യങ്ങളില്‍ കറങ്ങി ചായ കുടിച്ച് വന്നതുകൊണ്ട് അവിടങ്ങളിലെല്ലാം നമ്മുടെ ഇലക്ഷനെ കുറിച്ചറിയാന്‍ ആകാംക്ഷയേറും. ഈ സായ്പ്പന്മാരെയെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നമ്മുടെ ടൂറിസം ഡിപ്പാട്ട്‌മെന്റ് ഒരു ഇലക്ഷന്‍ ടൂറിസം പ്രോഗ്രാം ചാര്‍ട്ടര്‍ ചെയ്യാവുന്നതാണ്. ഇവിടത്തെ തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടെ കല്ലേറിലോ ലാത്തിചാര്‍ജിലോ പരിക്കേറ്റാലും നമ്മുടെ പുകള്‍പെറ്റ ആയുര്‍വേദ ഉഴിച്ചില്‍ നടത്തി സായിപ്പിന് തങ്ങളുടെ വടിവൊത്ത സൗന്ദര്യം വീണ്ടെടുത്ത് മടങ്ങാം.
നവഭാരതത്തിലെ ഏറ്റവും വലിയ crowd puller ആയ സണ്ണി ലിയോണ്‍ ഈ ഇലക്ഷനില്‍ ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയോ സ്റ്റാര്‍ ക്യാംപയിനറോ ആയാല്‍ ആരുടെയൊക്കെ മനസില്‍ ലഡു പൊട്ടും? പ്രകടനപത്രികയിലെ കോള്‍മയിര്‍കൊള്ളിക്കുന്ന വാഗ്ദാനങ്ങള്‍ കണ്ട് വോട്ടര്‍ മെഷീനില്‍ വിരലമര്‍ത്തുമ്പോള്‍ പാവം വോട്ടര്‍ ആത്മഗതം ചെയ്യും വിശ്വാസം, അതല്ലേ എല്ലാം!
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.