ഇ-കൊമേഴ്‌സ് നിങ്ങള്‍ക്കും തുടങ്ങാം!
ഇനിയൊരു ബിസിനസ് തുടങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ അത് ഓണ്‍ലൈനില്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നതാണ് നല്ലത്. ബിസിനസ് സ്ഥാപനങ്ങള്‍ ഉള്ളവര്‍, ബ്രാന്‍ഡുകള്‍ ഉള്ളവര്‍ അതിനെ ഡിജിറ്റല്‍ പരിവര്‍ത്തനം (Digital Transformation) ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെങ്കില്‍ ഭാവിയില്‍ അവരുടെ നിലനില്‍പ്പ് ഭീഷണിനേരിടും. ചെറിയൊരു ഉദാഹരണം പറയുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാവും. വിക്‌റ്റോറിയാസ് സീക്രട്ട് എന്ന കമ്പനിക്ക് ലോകത്താകമാനം 450 ഔട്ട്‌ലെറ്റുകളുണ്ട്. ബ്രാ, പാന്റീസ് തുടങ്ങിയ സ്ത്രീ വസ്ത്രങ്ങളാണ് വിക്‌റ്റോറിയാസ് സീക്രട്ട് വില്‍ക്കുന്നത്. ഇവര്‍ക്ക് ഇതേ പേരില്‍ ഒരു വെബ്‌സൈറ്റുമുണ്ട്. പക്ഷെ, എല്ലാ ഔട്ട്‌ലെറ്റിനേക്കാളും വരുമാനം ഒരൊറ്റ വെബ്‌സൈറ്റിലെ കച്ചവടത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നതാണ് വസ്തുത. ലോകത്തെ ഏതാണ്ടെല്ലാ കമ്പനികളുടെയും നില ഇങ്ങനെതന്നെയാണ്.
യു.എസ് ഡോളറില്‍ വരെ പണം സ്വന്തമാക്കാം. നമ്മളൊരു ഉല്‍പ്പന്നം കച്ചവടത്തിന് വെക്കുമ്പോള്‍ സാധാരണ കടയെപ്പോലെ അതാത് പ്രദേശത്തുള്ളവരെ മാത്രമല്ല മുന്നില്‍ കാണുന്നത്.
നമ്മുടെ മാര്‍ക്കറ്റിംഗ് മേഖല ലോകമാണ്. നമ്മള്‍ പറഞ്ഞ 320 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍.
കുറഞ്ഞ ചെലവില്‍ ആഗോള വിപണി
വലിയ ചെലവില്‍ ഓഫീസ് കെട്ടിപ്പടുക്കേണ്ട ആവശ്യമില്ല. ഓഫീസ് നോക്കിയല്ല, ഉല്‍പ്പന്നവും അതിന്റെ ഗുണങ്ങളും നോക്കിയാണ് ഓണ്‍ലൈനില്‍ ഒരോ ഉല്‍പ്പന്നവും വിറ്റുപോവുക. നിങ്ങള്‍ എവിടെ നിന്നു വില്‍ക്കുന്നുവെന്നോ എത്രയേറെ സൗകര്യമുള്ള ഓഫീസാണ് നിങ്ങളുടേത് എന്നതൊന്നും ഉപഭോക്താവിന്റെ പരിഗണനാ വിഷയമല്ല.
ഓട്ടോമാറ്റിക്കായി എല്ലാം നിയന്ത്രിക്കാനാവും. ഉല്‍പ്പന്നത്തിന്റെ വിശേഷങ്ങള്‍ ഓരോ തവണയും പറഞ്ഞുകൊടുക്കേണ്ട, അതിന്റെ വിലയെപ്പറ്റി ചര്‍ച്ച ചെയ്യേണ്ട. ഉപഭോക്താവ് ഉല്‍പ്പന്നത്തില്‍ എത്തുന്നതു മുതല്‍ ഉപഭോക്താവിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതു വരെയുള്ള അധിക നടപടികളും ഓട്ടോമാറ്റിക്കായി നടക്കുന്നു.
മറ്റു ബിസിനസിനേക്കാള്‍ കുറച്ചു സമയവും കുറച്ച് അധ്വാനവും മതി. ഉല്‍പ്പന്നം വില്‍പ്പനയ്ക്കു വച്ചാല്‍ കട തുറന്നിടുന്നതു പോലെ കാത്തിരിക്കണമെന്നില്ല. 24ത7 സമയവും നമ്മളുടെ ഉല്‍പ്പന്നം വിപണിയിലുണ്ടാവും. അതിലേക്ക് ആളുകളെ എത്തിക്കല്‍ മാത്രമാണ് നമ്മുടെ ജോലി.
നിങ്ങളുടെ ഹോബിയും പാഷനും താല്‍പ്പര്യവും പരിചയവും പരിഗണിച്ചു തന്നെ ബിസിനസ് നടത്താം. താല്‍പ്പര്യമില്ലാത്തവയ്ക്കു മേല്‍ സമയം ചെലവഴിക്കേണ്ടതില്ല. നമ്മുടെ അറിവും താല്‍പ്പര്യവും പരിഗണിച്ചാവുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാനും അതിനുവേണ്ടി സമയം ചെലവഴിക്കാനും നമുക്കാവും. ഉദാഹരണത്തിന്, സ്‌പോര്‍ട്‌സില്‍ താല്‍പ്പര്യമുള്ള ഒരാള്‍ക്ക് എളുപ്പത്തില്‍ സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാവും. അയാള്‍ക്ക് അതേപ്പറ്റിയുള്ള വിവരങ്ങളും ആവശ്യക്കാരെപ്പറ്റിയും നല്ല ധാരണയുണ്ടാവുമല്ലോ.
കൈലി മുണ്ടുടുത്ത് ഓഫീസിലിരിക്കാം!
ഓഫീസ് മീറ്റിംഗ്, തിരക്കിട്ട് ഓഫീസിലെത്തല്‍ ഇക്കാര്യങ്ങളൊക്കെ ഒഴിവാക്കാം. ഔട്ട്‌ലെറ്റ് പോലെ പ്രത്യേക സ്ഥലമോ, സമയമോ ആവശ്യമില്ലാത്തതിനാല്‍ മീറ്റിംഗിനു വേണ്ടി പ്രത്യേക സമയം കണ്ടെത്തേണ്ടതില്ല. മീറ്റിംഗുകള്‍ നടത്താനും ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗിക്കാം. നിയന്ത്രണം എല്ലാം ഓണ്‍ലൈനിലൂടെ ആയതിനാല്‍ ഓഫീസിലെത്തുന്നതിനെപ്പറ്റിയും ആലോചിക്കേണ്ട.
ജോലികളെല്ലാം സോഫ്റ്റ്‌വെയറുകളെ ഏല്‍പ്പിക്കാം. ഡിസ്‌പ്ലേയും പേയ്‌മെന്റും മാത്രമല്ല, സോഫ്റ്റ്‌വെയറുകള്‍ക്ക് ചെയ്യാനാവുന്ന ജോലികള്‍ എല്ലാമറിഞ്ഞ് കൃത്യമായി ഉപയോഗപ്പെടുത്തണം. ജോലിക്കാരുടെ എണ്ണം കുറച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കാമെന്നു മാത്രമല്ല, സുരക്ഷയും കൃത്യതയും ഉറപ്പുവരുത്താനുമാവും.
ബിസിനസ് നടത്തിപ്പിനു വേണ്ട തുക സാധാരണയിലും കുറവ് മതി. ജോലി ചെയ്യാന്‍ വീടു തന്നെ ധാരാളം. ഓഫീസ് സംവിധാനമില്ലാത്തതു കൊണ്ട് അത് ഫര്‍ണിഷ് ചെയ്ത് ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട. ആദ്യം തന്നെ നൂറുകണക്കിന് തൊഴിലാളികളെ റിക്രൂട്ടും ചെയ്യേണ്ടതില്ല. വില്‍പ്പനയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ക്കു പോലും അധികം ചെലവഴിക്കേണ്ട.
കൈലി മുണ്ടുടുത്തും നിങ്ങള്‍ക്ക് ബിസിനസ് നടത്താം. വില്‍പ്പനക്കാരനെയല്ല, ഉല്‍പ്പന്നങ്ങളെ മാത്രമാണ് ഉപഭോക്താവ് കാണുന്നത്.
നിങ്ങള്‍ക്കുമാകാം ബിസിനസ്
ഇതൊക്കെ നടക്കുന്നതാണോയെന്നു വിചാരിച്ചാല്‍ തെറ്റി. ഓണ്‍ലൈന്‍ രംഗത്ത് ശോഭിച്ചവരില്‍ അധികവും ചെറുതായി തുടങ്ങി കഠിനാധ്വാനം കൊണ്ട് പച്ചപിടിച്ച ചരിത്രമാണുള്ളത്. ഫെയ്‌സ്ബുക്കിനും നമ്മുടെ സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിനു പോലും ദുരിതത്തിന്റെയും ഇല്ലായ്മയുടെയും ഒരു കാലമുണ്ടായിരുന്നു. ഇന്ത്യയുടെ ഇ- കൊമേഴ്‌സ് രംഗത്ത് വിജയക്കൊടി പാറിച്ച ഫ്‌ളിപ്കാര്‍ട്ടിന്റെ കഥയും അതുപോലെയല്ലേ. 1600 കോടി യു.എസ് ഡോളറിന് വാള്‍മാര്‍ട്ടിന് 77 ശതമാനം ഷെയര്‍ കൈമാറിയ ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയിട്ട് 11 വര്‍ഷമായി. 2007 ല്‍ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും കൂടി ബംഗളൂരുവിലെ രണ്ട് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തു തുടങ്ങിയ ഫ്‌ളിപ്കാര്‍ട്ടിന്റെ പിന്നീടുള്ള തേരോട്ടം ഇപ്പോള്‍ ഇവിടെ എത്തിനില്‍ക്കുന്നു. ഇരുവരും ആമസോണില്‍ നിന്ന് രാജിവച്ച് വന്ന സുഹൃത്തുക്കളാണെന്നോര്‍ക്കണം. ആദ്യകാലങ്ങളില്‍ ഓര്‍ഡര്‍ കിട്ടിയ പുസ്തകം ഉപഭോക്താവിന് എത്തിച്ചുകൊടുക്കാന്‍ വേണ്ടി ഇരുവരും ബൈക്കില്‍ കയറി ബംഗളൂരു നഗരം ചുറ്റുകയും പ്രൊഡക്ട് കണ്ടെത്തുകയും അത് സ്വന്തമായി തന്നെ പാക്ക് ചെയ്ത് എത്തിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ 8.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്വന്തം ഓഫീസ് കെട്ടിടമാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ബംഗളൂരുവിലെ ആസ്ഥാനം.